Flash News

ഫൈസല്‍ ഫരീദിനെ യു എ ഇ അനൗദ്യോഗികമായി ഇന്ത്യക്ക് കൈമാറും

July 24, 2020 , ശ്രീജ

യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ സാധ്യത.

സ്വര്‍ണ്ണക്കടത്തു കേസില്‍ മൂന്നാം പ്രതിയായിട്ടാണ് ഫൈസല്‍ ഫരീദിനെതിരെ എന്‍ ഐ എ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫൈസല്‍ ഫരീദിനെ കേസ് അന്വേഷണത്തിനായി വിട്ടുകിട്ടാന്‍ എന്‍ ഐ എ ശ്രമം നടത്തിയിരുന്നു. ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന സുപ്രധാന കേസായതിനാല്‍ ഇയാളെ ഉടന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ആവശ്യം യു എ ഇ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഫൈസലിനെ പെട്ടെന്ന് തന്നെ കൈമാറാന്‍ ധാരണയായി. ഇന്ത്യയിലെ നിയമനടപടി പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ വിട്ടുനല്‍കാമെന്നും വധശിക്ഷയുണ്ടാകില്ലെന്നുമുള്ള ഉറപ്പിലാണ് ദുബായ് അധികൃതര്‍ ഫൈസലിനെ ഇന്ത്യക്കു കൈമാറുന്നത്. കൈമാറ്റം അടുത്താഴ്ച ആദ്യമുണ്ടാകും.

തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ദുബായില്‍ നിന്ന് അയച്ച ബാഗേജിലെ മുദ്രകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസില്‍ ഫൈസലിനെ പ്രതിയാക്കാനായിരുന്നു യു എ ഇ യുടെ തീരുമാനം. എന്നാല്‍, ചോദ്യം ചെയ്യല്‍ അനിവാര്യമായതിനാല്‍ ഉടന്‍ വിട്ടുകിട്ടണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെടുകയായിരുന്നു. ദുബായില്‍ കേസെടുത്താല്‍ വിചാരണയും ശിക്ഷയും കഴിഞ്ഞേ മറ്റൊരു രാജ്യത്തിന് ഫൈസലിനെ വിട്ടുകൊടുക്കാനാകൂ.

എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് എന്നീ ഏജന്‍സികള്‍ക്ക് ഫൈസലിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഫൈസലിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയതോടെ യു.എ.ഇ. വിസയും റദ്ദാക്കി. നാടുകടത്തല്‍ നടപടി സങ്കീര്‍ണമായതിനാല്‍ അനൗദ്യോഗികമായിട്ടാകും ഇന്ത്യയിലേക്കു വിമാനം കയറ്റുക. ഇപ്പോള്‍ ഫൈസല്‍ ദുബായ് പോലീസിന്‍റെ കസ്റ്റഡിയിലാണ് ഉള്ളത്. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് സ്വര്‍ണം കയറ്റിയയച്ചതു ഫൈസലാണെന്നാണ് മറ്റു പ്രതികളുടെ മൊഴി ലഭിച്ചിട്ടുള്ളത്. കോണ്‍സുലേറ്റിലെ അറ്റാഷേക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നുണ്ട്.

അറ്റാഷെയാണു ബാഗേജ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്ന് ഒന്നാം പ്രതി പി.എസ്. സരിത്തും ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യ വിട്ട അറ്റാഷെയുടെ മൊഴിയെടുക്കണമെന്ന് ദുബായ് അധികൃതരോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, വിലയ്ക്കു വാങ്ങിയ സ്വര്‍ണം ഇന്ത്യയിലേക്ക് അയച്ചത് ദുബായില്‍ വലിയ കുറ്റകൃത്യമായി കാണാന്‍ കഴിയാത്തതിനാല്‍ അറ്റാഷെയെ അവിടെ ചോദ്യം ചെയ്യാന്‍ സാധ്യത കുറവാണ്.

ഫൈസല്‍ ഫരീദിന്‍റെ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടില്‍ എന്‍.ഐ.എ. അറസ്റ്റ് വാറന്‍റ് പതിച്ചിരുന്നു. യു.എ.പി.എ. 16, 17, 18 വകുപ്പുകള്‍ പ്രകാരമാണ് എന്‍.ഐ.എ. കോടതി ഫൈസലിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റംസ് നേരത്തെ ഫൈസലിന്‍റെ വീട് റെയ്ഡ് ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top