Flash News

ഫൊക്കാന അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി നീട്ടാന്‍ ട്രസ്റ്റി ബോര്‍ഡിന്റെ നിര്‍ദ്ദേശം

July 24, 2020 , ഫ്രാന്‍സിസ് തടത്തില്‍

ഫ്ലോറിഡ: അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചു ജൂലൈ 31 വരെ നീട്ടി നല്‍കാന്‍ ട്രസ്റ്റി ബോര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ജൂലൈ 21നു നടന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. തെരെഞ്ഞെടുപ്പു കമ്മിറ്റിയുടെ വിജ്ഞ്ജാപന പ്രകാരം ജൂലൈ 11 നു അംഗത്വം പുതുക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ അംഗത്വം പുതുക്കാനുള്ള സംഘടനകള്‍ക്ക് കൂടി അവസരം നല്‍കണമെന്നായിരുന്നു നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടത്. ഇത് തത്വത്തില്‍ അംഗീകരിച്ച ട്രസ്റ്റി ബോര്‍ഡ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കോള്ളാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചു.

തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ 9 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. ഫൊക്കാന പ്രസിഡണ്ട് മാധവന്‍ നായര്‍, സെക്രട്ടറി ടോമി കോക്കാട്, ട്രഷറര്‍ സജിമോന്‍ ആന്‍റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, മുന്‍ പ്രസിഡണ്ടുമാരായ പോള്‍ കറുകപ്പള്ളില്‍, ജോണ്‍ പി. ജോണ്‍, മറിയാമ്മ പിള്ള, ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയ് ചാക്കപ്പന്‍, ടി.എസ്. ചാക്കോ എന്നിരടങ്ങിയ കമ്മിറ്റി മൂന്ന് തവണ കൂടിയിരുന്നു.

നേരത്തെ, ജൂലൈ 11 നകം അംഗത്വം പുതുക്കണമെന്ന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് 38 അംഗസംഘടനകള്‍ അംഗത്വം പുതുക്കുകയും ഡെലിഗേറ്റ് ലിസ്റ്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്‌ഷന്‍ കമ്മിറ്റി പ്രഖ്യാപനത്തെ അവഗണിച്ചുകൊണ്ട് ഏതാനും സംഘടനകള്‍ അംഗത്വം പുതുക്കിയിരുന്നില്ല. അംഗത്വം പുതുക്കാത്ത സംഘടനകള്‍ക്ക് തെരെഞ്ഞെടുപ്പിന്‍റെ ഭാഗമാകാന്‍ കഴിയുകയില്ല. 2018 ലെ തെരെഞ്ഞെടുപ്പില്‍ 36 അംഗ സംഘടനകളാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 38 അംഗസംഘടനകള്‍ പുതുക്കിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് നടത്തുന്നതിന് പുറമെ വിജ്ഞ്ജാപനങ്ങള്‍ പുറപ്പെടുവിക്കുക, രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങുക, ഡെലിഗേറ്റ് ലിസ്റ്റ് അംഗീകരിക്കുക തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ നടത്താനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മാത്രമാണെന്ന് 21 നു ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗം ആവര്‍ത്തിച്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവില്‍ വരുന്നതിന് മുന്‍പ് അംഗ സംഘടനകളുടെ ലിസ്റ്റ് പുതുക്കാനുള്ള അവസരം സെക്രട്ടറിക്കുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ പഴയ ലിസ്റ്റ് അയച്ചുകൊടുക്കുകയാണ് സെക്രട്ടറി ചെയ്തത്. എന്നാല്‍, അംഗത്വം പുതുക്കുതിനുള്ള അവസാന തിയതിയായ ജൂലൈ 11നകം 38 അംഗസംഘടനകള്‍ അംഗത്വം പുതുക്കി കഴിഞ്ഞപ്പോള്‍ മാത്രമാണ് സെക്രട്ടറി പുതിയ അവകാശവാദവുമായി രംഗപ്രവേശം ചെയ്യുന്നത്. എന്നിട്ടും അനുരഞ്ജനത്തിന്‍റെ പാതയിലൂടെ കാലാവധി നീട്ടിക്കൊടുക്കാന്‍ ബോര്‍ഡ് തയാറാകുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ലെന്ന് ട്രസ്റ്റി ബോര്‍ഡ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ ആരംഭിച്ച ശേഷം കാലാവധി കഴിഞ്ഞ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ ഔദ്യോഗികമായിട്ടെന്നപോലെ നടത്തുന്ന ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

ഫൊക്കാനയില്‍ ആശങ്കയ്ക്ക് വക നല്‍കുന്ന യാതൊരു ആശയക്കുഴപ്പവും ഇപ്പോള്‍ നിലവിലില്ലെന്നും ഒരു വര്‍ഷം കൂടി അധികാരത്തില്‍ തുടരാന്‍ കാലാവധി കഴിഞ്ഞ ഭരണസമിതി കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ ആണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നും ട്രസ്റ്റി ബോര്‍ഡ് വ്യക്തമാക്കി.

ഫൊക്കാനയെ സ്നേഹിക്കുന്നുവെന്നു പറയുകയും സത്യവിരുദ്ധമായ പ്രസ്താവനകള്‍ ഇറക്കി സംഘടനകള്‍ക്ക് അവമതിയും പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ നിന്ന് ഇത്തരക്കാര്‍ പിന്തിരിയണമെന്നും ട്രസ്റ്റി ബോര്‍ഡ് ആവശ്യപ്പെട്ടു.

ഭരണഘടനയില്‍ നിക്ഷിപ്തമായിരിക്കുന്ന നിയമപരമായ രീതിയില്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ് ഇതുവരെ തീരുമാനമെടുക്കുന്നത്. അതനുസരച്ച് വളരെ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുകയാണ് ട്രസ്റ്റി ബോര്‍ഡിന്‍റെ ഉത്തരവാദിത്വം. കണ്‍വെന്‍ഷന്‍ നടത്തിയതിന്‍റെ കണക്കുകളും ട്രസ്റ്റി ബോര്‍ഡിന്‍റെയുള്‍പ്പെടുയുള്ള എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്ത് 2019 ഏപ്രില്‍ ആറിന് അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ നടന്ന ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചിട്ടുളളതാണ്. ഫൊക്കാനയുടെ ഭരണഘടനയുടെ അധികാര പരിധിയില്‍ നിന്നുകൊണ്ടുള്ള ഔദ്യോഗിക തീരുമാനത്തിലൂടെയായിരുന്നു ട്രസ്റ്റി ബോര്‍ഡിന്‍റെ എക്കാലത്തെയും പ്രവര്‍ത്തനം.

തെരഞ്ഞെടുപ്പ് നടത്താനുള്ള കടമകള്‍ നിര്‍വ്വഹിക്കുക മാത്രമാണ് ട്രസ്റ്റി ബോര്‍ഡ് ചെയ്തിട്ടുള്ളത്. മറിച്ചുള്ള അപവാദം തികച്ചും അടിസ്ഥാനരഹിതമാണ്. ട്രസ്റ്റി ബോര്‍ഡിനെതിരെ പ്രസ്താവനകള്‍ നടത്തി ചില തല്‍പ്പര കക്ഷികള്‍ ബോര്‍ഡിന്‍റെ അന്തസിനു കളങ്കം വരുത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യം പൊതുജനങ്ങള്‍ മനസിലാക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. അതുകൊണ്ടു ഫൊക്കാനയില്‍ മുന്‍പ് പല ഭാരവാഹിത്വം വഹിച്ചിട്ടുള്ളവര്‍ ഇത്തരം തരംതാഴ്ന്ന സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തി സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്ന് പിന്തിരിയണമെന്നും ട്രസ്റ്റി ബോര്‍ഡ് ആവശ്യപ്പെട്ടു.

സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തി ഫൊക്കാനയെ മുന്നോട്ടു നയിക്കാന്‍ 38 അംഗസംഘടനകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇനി ഏതാനും ചില അംഗസംഘടനകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനുള്ളത്. അവരെയും ഉള്‍പ്പെടുത്തികൊണ്ട്, അനുരഞ്ജന പാതയിലാണ് എന്നതിനുള്ള തെളിവാണ് അംഗത്വം പുതുക്കാനുള്ള കാലാവധി നീട്ടണമെന്ന് ട്രസ്റ്റി ബോര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഇത് ട്രസ്റ്റി ബോര്‍ഡ് ഒറ്റയ്ക്കെടുത്ത തീരുമാനമല്ല, മുന്‍ പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കന്മാരുമായി ആലോചിച്ചെടുത്ത തീരുമാനമാണ്.

21 നു നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ഒമ്പതംഗ അനുരഞ്ജന കമ്മിറ്റിയില്‍ ഫൊക്കാന മുന്‍ പ്രസിഡണ്ട് ഡോ. എം. അനിരുദ്ധനെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു. ഈ അനുരഞ്ജനക്കമ്മിറ്റിയില്‍ പ്രസിഡണ്ടും സെക്രട്ടറിയും അംഗങ്ങളായിരിക്കെ, പ്രസിഡണ്ട് മാധവന്‍ ബി. നായര്‍ തന്നെ അനുകൂലിക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു സമാന്തര കമ്മിറ്റി രൂപീകരിച്ചത് തികച്ചും നിയമവിരുദ്ധവും നീതിക്കു നിരക്കാത്തതുമാണെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി വിനോദ് കെയര്‍ക്കേ, അംഗങ്ങളായ ജോണ്‍ പി. ജോണ്‍, ഡോ. മാത്യു വര്‍ഗീസ്, തമ്പി ചാക്കോ, കുര്യന്‍ പ്രക്കാനം, ബെന്‍ പോള്‍, അലോഷ് അലക്സ് എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top