Flash News

സൂഫിസം (ഭാഗം 8)

July 24, 2020 , ബിന്ദു ചാന്ദിനി

പേര്‍ഷ്യന്‍ ഭാഷയുടെ വളര്‍ച്ച
സെമിറ്റിക് ഭാഷകളില്‍ ഏറ്റവും പ്രായം കുറഞ്ഞതാണ് അറബിക്. അറബിയില്‍ സാഹിത്യം എന്ന അര്‍ത്ഥത്തില്‍ ‘അദബ് ‘ (adab) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഈ വാക്കിന് ‘മര്യാദ, മാന്യത, വിശുദ്ധി, സംസ്കാരം’ എന്നൊക്കെ അര്‍ത്ഥമുണ്ട്. ഈ രണ്ട് അര്‍ത്ഥത്തിലും ഒരേ വാക്ക് ഉപയോഗിക്കുന്നത് അര്‍ത്ഥവത്താണ്. സാഹിത്യം ഒരു ജനതയുടെ സംസ്കാരവും മാന്യതയും മററും പ്രതിഫലിപ്പിക്കുന്നതാണല്ലോ? മദ്ധ്യകാല ഇസ്ലാമിക സമൂഹത്തിലെ വ്യക്തിയുടെ ഏറ്റവും അഭിനന്ദനാര്‍ഹമായ ഗുണങ്ങള്‍ നല്ല ഭാഷയും സര്‍ഗ്ഗാത്മക ഭാവനയുമാണ്. ഈ ഗുണവിശേഷങ്ങള്‍ ഒരു വ്യക്തിയുടെ വിനിമയത്തെ ‘അദബിന്‍റെ’ തലത്തിലേക്ക് അഥവാ സാംസ്കാരിക വിശുദ്ധിയിലേക്ക് ഉയര്‍ത്തുകയുണ്ടായി.
അറബികള്‍ ഇറാന്‍ കീഴ്പ്പെടുത്തിയ കാലത്ത്, പ്രാചീന ഇറാനിലെ വിശുദ്ധ ഗ്രന്ഥങ്ങള്‍ എഴുതിയ, പഹലവി (Pahlavi ) ഭാഷ ക്ഷയോന്മുഖമായിരുന്നു. പഹലവിയുടെ ഒരു പുതിയ പതിപ്പായ ‘പുതിയ പേര്‍ഷ്യന്‍’ (New Persian) താമസിയാതെ വികാസം പ്രാപിക്കുകയും ചെയ്തു. അറബിക് പദസമ്പത്തുകൊണ്ട് സമ്പന്നമായ ‘പുതിയ പേര്‍ഷ്യന്‍’ പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ ഉയര്‍ന്നു വന്ന സുല്‍ത്താനേറ്റുകളുടെ രൂപീകരണത്തോടെ ഉന്നതിയിലെത്തുകയും ചെയ്തു. അവര്‍ ഇസ്ലാമിക സംസ്കാരത്തിന്‍റെ ഭാഷയായി പേര്‍ഷ്യന്‍ ഭാഷയെ പരിപോഷിപ്പിച്ചു. സമാനി കൊട്ടാരം കവിയായ റുദാക്കി (Rudaki ) പുതിയ പേര്‍ഷ്യന്‍ ഭാഷയുടെ പിതാവായാണ് അറിയപ്പെടുന്നത്. പതിനൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടുകൂടി ഗസ്നി പേര്‍ഷ്യന്‍ സാഹിത്യ ജീവിതത്തിന്‍റെ കേന്ദ്രമായി. തങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് കലയേയും വിജ്ഞാനത്തേയും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ പ്രധാന്യം ഭരണാധികാരികള്‍ക്കും മനസ്സിലായി. മഹ്മൂദ് ഗസ്നിക്കു ചുറ്റും ഒരു സംഘം കവികളുമുണ്ടായിരുന്നു. ഇസ്ലാമിക സാഹിത്യത്തിലെ മാസ്റ്റര്‍ പീസായായ ‘ഷാഹ് നാമ’ (sahnama ) എന്ന ഇതിഹാസകാവ്യം (epic poetry ) രചിച്ച ഫിര്‍ദൗസിയായിരുന്നു അവരില്‍ ഏറ്റവും പ്രമുഖന്‍.

ഗാസ്നവി (Ghaznavid) പാരമ്പര്യത്തിലൂടെയാണ് പിന്നീട് പേര്‍ഷ്യന്‍ ഭാഷ ഇന്ത്യയുടെ സാംസ്കാരിക ഭാഷയും ഭരണഭാഷയും ആയത്. ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ കാലത്താണ് പേര്‍ഷ്യന്‍ കൊട്ടാര ഭാഷയും സാഹിത്യ ഭാഷയുമായത്. മുഗളര്‍ ഛഗ്‌ടായിടര്‍ക്‌സ് (Chaghtai Turks) വംശത്തില്‍പെട്ടവരാണ്. അവരുടെ മാതൃഭാഷ തുര്‍ക്കി ആയിരുന്നു. പ്രഥമ മുഗള്‍ രാജാവായ ബാബര്‍ കവിതയും അദ്ദേഹത്തിന്‍റെ ആത്മകഥയും (Babur Nama ) എഴുതിയത് തുര്‍ക്കിയിലായിരുന്നു. അക്കാലത്ത് സാംസ്കാരികമായും ബൗദ്ധികവുമായി ഏറ്റവും മികച്ചുനിന്ന പേര്‍ഷ്യന്‍ ഭാഷയെ അക്ബര്‍ മുഗളുരുടെ ഭരണ ഭാഷയായി തെരഞ്ഞെടുത്തു. സ്വാഭാവികമായും കണക്കെഴുത്തുകാരും, ഗുമസ്തന്മാരും, മറ്റുദ്യോഗസ്ഥരും അതു പഠിക്കാന്‍ നിര്‍ബന്ധിതരായി. പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ പേര്‍ഷ്യന്‍ സംസാരിച്ചിരുന്നവര്‍ ഈ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്നവരും മറ്റുള്ള ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരുമായിരുന്നു. അതിനാല്‍ പ്രദേശിക ശൈലികളും പദപ്രയോഗങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടു പേര്‍ഷ്യനും ഭാരതവല്‍ക്കരിക്കപ്പെട്ടു. പേര്‍ഷ്യനും ഹിന്ദാവിയും ചേര്‍ന്നുള്ള പരസ്പര ബന്ധത്തില്‍ നിന്ന് ഉര്‍ദു എന്നൊരു പുതിയ ഭാഷ രൂപപ്പെട്ടു.

അബ്ബാസിദ് കാലഘട്ടത്തിലെ കവികള്‍ അവരുടെ രക്ഷാധികാരി നേട്ടങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതിയ ഖണ്ഡകാവ്യങ്ങള്‍ (Ode ) ഏറെ പ്രസിദ്ധമാണ്. പുതിയ പേര്‍ഷ്യന്‍ ഭാഷയുടെ ആവിഭര്‍ഭാവത്തോടെ ഗസല്‍ (Ghazal), റുബായി ( Rubai ) തുടങ്ങിയ പുതിയ കാവ്യരൂപങ്ങള്‍ കാവ്യലോകത്ത് പ്രത്യക്ഷപ്പെട്ടു.

ഗസല്‍ എന്ന അറബി വാക്കിന്‍റെ അര്‍ത്ഥം ‘പ്രണയഭാജനത്തോടുള്ള സംസാരം’ എന്നാണ്. ഗസലുകളിലെ പ്രണയഭാജനം ഈശ്വരനോ, കമിതാക്കളോ ആവാം. ഗസല്‍ ഏതാനും ‘ഷേറുകള്‍ ‘ അഥവാ ഈരടികളുടെ (couplets ) സമാഹാരമാണ്. ഇന്ത്യയില്‍ ഗസലിന് തുടക്കം കുറിച്ചത് അമീര്‍ ഖുസ്രുവാണ്. ഡക്കാനിലെ സുല്‍ത്താനായിരു മുഹമ്മദ് ഖുലി കുത്തബ് ഷാ (1565-1611) യായിരുന്നു ആദ്യമായി ഉര്‍ദുവില്‍ ഗസലുകള്‍ രചിക്കാന്‍ തുടങ്ങിയത്. ഗസലിന് ഏത് ഭാഷയും ഉപയോഗിക്കാം.

റുബായി നാലു വരിയുള്ള (quatrain ) ഒരു കാവ്യഖണ്ഡമാണ്. റുബായിയുടെ പ്രമേയങ്ങള്‍ക്ക് അതിരുകളില്ല. പ്രിയപ്പെട്ടവരുടെ സൗന്ദര്യം ആവിഷ്കരിക്കാനോ, രക്ഷാധികാരിയെ പ്രശംസിക്കാനോ, ദാര്‍ശനികന്‍റെ ചിന്തകള്‍ അവതിരിപ്പിക്കാനോ അത് ഉപയോഗിക്കാറുണ്ട്. റുബായി അതിന്‍റെ ഉന്നതിയിലെത്തിയത് ഉമര്‍ ഖയ്യാമിലൂടെയാണ്.

പതിമൂന്നാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനിലെ ബല്‍വില്‍ ജനിച്ച മൗലാന ജലാലുദ്ദീന്‍ റൂമി (1207-1273) ഏറ്റവും ജനപ്രിയ സൂഫി കവിയാണ്. വിശ്വസേനഹത്തിലും ഏക ദൈവത്തിലും ജീവിച്ച അദ്ദേഹത്തിന്‍റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട മസ്നവി എന്ന മഅനവിയാണ് റൂമിയുടെ പ്രസിദ്ധ കൃതി. സംഗീതവും കവിതയും സംയോജിപ്പിച്ചുകൊണ്ടുള്ള കറങ്ങുന്ന സൂഫി ന്യത്തരൂപത്തിന് തുടക്കം കുറിച്ചത് റൂമിയാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ശിഷ്യരിലൂടെ നൃത്തരൂപം പ്രസിദ്ധമായത്. സൂഫി നര്‍ത്തകനെ ദാര്‍വിഷ് എന്നാണ് വിളിക്കുന്നത്. ധ്യാന രൂപത്തില്‍ അവതരിപ്പിക്കുന്ന നൃത്തത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ കറക്കമാണ്. റൂമിയുടെ ഭൗതീക ശരീരം അടക്കം ചെയ്ത തുര്‍ക്കിയിലെ കോന്യ പട്ടണം ലോകപ്രശസ്ത തീര്‍ത്ഥാടക കേന്ദ്രമാണ്.

മദ്ധ്യകാല ഇന്ത്യയിലെ സംഗീതം
പതിമൂന്നാം നൂറ്റാണ്ടോടുകൂടി ഉത്തരേന്ത്യയില്‍ മുസ്ലീം രാജവംശം ഏതാണ്ടു വേരുറച്ചപോലെയായി. അതോടെ നിരവധി അറബി പേര്‍ഷ്യന്‍ തത്വജ്ഞാനികളും കലാവീചക്ഷണന്മാരും ഇന്ത്യ സന്ദര്‍ശിക്കാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ ചില പ്രമുഖ സൂഫി സന്യാസിമാരും ഇന്ത്യയിലേക്ക് വന്നു.

നാശഗര്‍ത്തത്തിലേക്ക് ആണ്ടുവീണുപോയ ഉത്തരേന്ത്യന്‍ പ്രാചീന ശാസ്ത്രീയ സംഗീതം പേര്‍ഷ്യന്‍ സംഗീതജ്ഞരുടെ വരവോടെ പുഷ്ടി പ്രാപിക്കാന്‍ തുടങ്ങി. അന്നത്തെ പ്രാചീന സംഗീതം പല മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ വിവിധ ശാഖകളായി രൂപാന്തരം പ്രാപിച്ചു. പതിന്നാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടുകൂടി ഹിന്ദുസ്ഥാനി സംഗീതവും വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങുകയും ചെയ്തു. അതിന് കാരണഭൂതരായത് അക്കാലത്ത് ഉത്തരേന്ത്യ ഭരിച്ചിരുന്ന സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും അദ്ദേഹത്തിന്‍റെ ദര്‍ബാറിലെ ആസ്ഥാന കവിയും സംഗീതജ്ഞനും നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനുമായ അമീര്‍ ഖുസ്രുവുമായിരുന്നു.

അലാവുദ്ദീന്‍ ഖില്‍ജി മുതല്‍ ഗിയാസുദ്ദീന്‍ തുഗ്ലക് വരെയുള്ള സുല്‍ത്താന്മാരുടെ ആസ്ഥാന കവിയും സംഗീതജ്ഞനുമായിരുന്ന അമീര്‍ ഖുസ്രു, പ്രഗത്ഭനായ പേര്‍ഷ്യന്‍ കവി, സംഗീതജ്ഞന്‍, തത്വജ്ഞാനി, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ തത്വങ്ങളെയും മഹദ് വചനങ്ങളെയും ആശ്രയിച്ച് ദൈവസ്തുതിപരമായുടലെടുത്ത സംഗീത രൂപമാണ് ഖവാലി. ഇന്ത്യയില്‍ ഉത്ഭവിച്ച ഖവാലി സംഗീതത്തിന് ജന്മം നല്‍കിയത് അമീര്‍ ഖുസ്രുവാണ്. പിന്നീട് ഈ സംഗീത രൂപം പ്രചുരപ്രചാരം നേടുകയുണ്ടായി. ധ്രുപദ് എന്ന സംഗീത രൂപത്തിന് പേര്‍ഷ്യനിലെ ഈണവും താളവും കൂട്ടിക്കലര്‍ത്തി അമീര്‍ ഖുസ്രു എന്ന സംഗീത മാന്ത്രികന്‍ ഖയാല്‍ എന്ന ഗാന രൂപം സൃഷ്ടിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ വെച്ച് ഏറ്റവും പ്രചാരം നേടിയ സംഗീതരൂപമാണ് ഖയാല്‍. പേര്‍ഷ്യനും ഭോജ്പൂരിയും കൂട്ടിക്കലര്‍ത്തി അമീര്‍ ഖുസ്രു ഹിന്ദവി ഭാഷയുണ്ടാക്കി. ഹിന്ദുസ്ഥാനി സംഗീതോപകരണങ്ങളായ സിതാര്‍, തബല മുതലായവയെ ഹിന്ദുസ്ഥാനി വാദ്യസംഗീതത്തിനായി ഉപയുക്തമാക്കി. കൂടാതെ നിരവധി രാഗങ്ങള്‍, താളങ്ങള്‍ എന്നിവ രൂപപ്പെടുത്തിയതോടൊപ്പം ഹിന്ദ് വിയിലും പേര്‍ഷ്യനിലും നിരവധി സംഗീത ബന്ദിഷുകളും ഗസലുകളും അദ്ദേഹം രചിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ പിതാവെന്ന സ്ഥാനത്തിന് തികച്ചും അര്‍ഹനായിട്ടുളളത് അമീര്‍ ഖുസ്രു തന്നെയാണ്.

അങ്ങനെ ഇന്ത്യന്‍ സംഗീതസങ്കല്പങ്ങളും പേര്‍ഷ്യന്‍ ആലാപന സമ്പ്രദായവും ഒത്തുചേര്‍ന്ന്, അതുല്യവും അതിമനോഹരവുമായ ലയസുഖം കാഴ്ചവെക്കുന്ന ഒരു സംഗീതരൂപമായി മാറി ഹിന്ദുസ്ഥാനി സംഗീതം എന്നത് ഒരു ചരിത്ര സത്യം. സംഗീതത്തിന്‍റെ സുവര്‍ണ്ണ കാലമായിരുന്നു മുഗള്‍ കാലഘട്ടം. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പൗരാണിക രൂപമാണ് ധ്രുപദ്. ഹൈന്ദവ ക്ഷേത്ര സംഗീതമായ ധ്രുപദിനെ വളര്‍ത്തിയെടുത്തതും അത്യുന്നത പ്രശസ്തിയിലേക്കെത്തിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചിട്ടുള്ളതും ഇന്ത്യയിലെ മുസ്ലീം സംഗീത വിചക്ഷണന്മാരായിരുന്നെന്ന രുെ വസ്തുതയോര്‍ക്കുമ്പോള്‍, അക്കാലത്ത് ഇന്ത്യയില്‍ മതസഹിഷ്ണുതയ്ക്ക് എത്ര പ്രാധാന്യം കല്പിച്ചിരുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

(തുടരും…..)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top