ട്രം‌പിന്റെ മനസ്സിനെ വക്രീകരിക്കുന്ന യുക്തി, സ്കൂള്‍ വീണ്ടും തുറക്കുന്നതില്‍

ട്രംപിന്‍റെ കൊറോണ വൈറസിനോടനുബന്ധിച്ചു എടുത്ത പല തീരുമാനങ്ങളില്‍ ഏറ്റവും അപകടകാരിയും യുക്തിക്കു നിരക്കാത്തതുമായ ഒരു തീരുമാനമായിരുന്നു അദ്ദേഹത്തിന്‍റെ ബാക് ടു സ്കൂള്‍ തീരുമാനം.

തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ശക്തിപ്പെടുത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളില്‍ മാസ്ക് ധരിക്കുന്ന വിഷയത്തില്‍ തന്‍റെ നിലപാട് തിരുത്തുന്നത് നമ്മള്‍ കണ്ടു. ഫ്ലോറിഡയില്‍ ജി ഓ പി കണ്‍വെന്‍ഷന്‍ നടത്തുന്നതിലുള്ള അപകടസാധ്യതകള്‍ മനസിലാക്കി ആ നിര്‍ബ്ബന്ധ ബുദ്ധിയില്‍ നിന്നും അദ്ദേഹം പിന്മാറുന്നതും നമ്മള്‍ കണ്ടു. അങ്ങനെ എത്ര എത്ര. ഒരപവാദം സ്കൂള്‍ വീണ്ടും തുറക്കലായിരുന്നു. ഈ വരുന്ന അദ്ധ്യയന വര്‍ഷം (ഫാള്‍ സെമസ്റ്ററില്‍) വ്യക്തിപരമായി കുട്ടികള്‍ സ്കൂളുകളില്‍ എത്തണം എന്ന് ട്രംപ് നിര്‍ബന്ധം പിടിക്കുന്നു.

നിഷ്പക്ഷരുടെയും സ്ത്രീകളുടെയും മുതിര്‍ന്നവരുടേയുമിടയില്‍ കുറഞ്ഞുവരുന്ന പിന്തുണയുമായി മല്ലിടുന്ന്ന ഒരു സമയത്ത്, അവരുടെ ആരോഗ്യത്തിന് ദീര്‍ഘകാലമായി ഉണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ചും അത് എത്ര വേഗത്തില്‍ വ്യാപിക്കുമെന്നതിനെക്കുറിച്ചും കൂടുതല്‍ അറിവില്ലാതെ അല്ലെങ്കില്‍ വിദഗ്ധയുമായി കൂടിയാലോചിക്കാതെ കുട്ടികളെ ക്ലാസ് മുറിയിലേക്ക് തിരിച്ചയക്കാന്‍ അദ്ദേഹം മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. രോഗം എത്തപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ദുര്‍ബലരായ മുതിര്‍ന്ന അധ്യാപകരും ഈ അപകടത്തിലേക്ക് കടന്നു വരേണ്ടി വരും എന്നതും വിസ്മരിക്കരുത്.

ഫ്ലോറിഡയിലെ ജാക്സണ്‍വില്ലില്‍ കണ്‍വെന്‍ഷന് പോകുന്നവരുടെ സുരക്ഷയെക്കുറിച്ച് നേരത്തെ എടുത്ത തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ചു പുതിയ ആശങ്കകള്‍ പ്രകടിപ്പിച്ച ട്രംപ് അതേ ബ്രീഫിംഗില്‍ മക്കളെ തിരികെ സ്കൂളിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ കുട്ടികളെ കൊണ്ടുവരുന്നതിനെക്കുറിച്ചോ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വാദിച്ചു. യുക്തി പിന്തുടരുന്നത് ഏതാണ്ട് അസാധ്യമാണ്.

വീണ്ടും തുറക്കുന്ന സ്കൂളുകള്‍ക്ക് അടുത്ത ഉത്തേജക ബില്ലില്‍, 105 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ തന്‍റെ ഭരണകൂടം കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞു. അതേസമയം വീണ്ടും തുറക്കാത്ത സ്കൂള്‍ ജില്ലകളില്‍ പണം മാതാപിതാക്കളുടെ അടുത്തേക്ക് കൊടുത്ത്, കുട്ടികളെ സ്വകാര്യ അല്ലെങ്കില്‍ ചാര്‍ട്ടര്‍ സ്കൂളുകളിലേക്ക് അയയ്ക്കണോ വേണ്ടയോ എന്ന് അവര്‍ക്കു തീരുമാനിക്കാന്‍ കഴിയും എന്ന് പറഞ്ഞു. എന്നാല്‍, സ്കൂള്‍ ജില്ലകള്‍ വീണ്ടും തുറക്കാനുള്ള അദ്ദേഹത്തിന്‍റെ ഭീഷണിയായാണ് ഈ ധനസഹായം എന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ഇത് അടുത്ത രാഷ്ട്രീയ പോരാട്ടമായി മാറുമെന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

കുട്ടികളിലൂടെ ഈ വൈറസ് എളുപ്പത്തില്‍ പകരില്ലെന്നും അത് വീട്ടില്‍ കൊണ്ടുപോകാന്‍ സാധ്യതയില്ലെന്നും ഈ ആഴ്ചത്തെ ഒരു ബ്രീഫിംഗില്‍ യുക്തിക്കും ശാസ്ത്രവാദങ്ങള്‍ക്കും നിരക്കാത്തതാണെന്നും പഠനങ്ങളില്‍ നിന്നും വ്യക്തമായതാണ്. (അടുത്തിടെ ദക്ഷിണ കൊറിയ നടത്തിയ പഠനത്തില്‍ 10 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ തന്നെ എളുപ്പത്തില്‍ വൈറസ് പടര്‍ത്തുന്നതായി കണ്ടെത്തി). ‘സ്കൂളുകള്‍ തുറന്നു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമ്പദ്‌വ്യവസ്ഥ തുറന്നു കിടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് ട്രംപ് ബുധനാഴ്ച പറഞ്ഞത്. ‘സ്കൂളുകള്‍ തുറന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് 100% തുറക്കുക. നമുക്കത് സുരക്ഷിതമായി ചെയ്യാന്‍ കഴിയും; നമ്മള്‍ അത് ശ്രദ്ധാപൂര്‍വ്വം ചെയ്യും.’ ട്രംപ് പറഞ്ഞു.

എന്നാല്‍ ഇപ്പോഴും അജ്ഞാതമായ കൊറോണാ വൈറസിന്‍റെ കാര്യങ്ങളെക്കുറിച്ച് തന്‍റെ ഉന്നത പൊതുജനാരോഗ്യ ഉപദേഷ്ടാക്കള്‍ ഉന്നയിച്ച മുന്നറിയിപ്പുകള്‍ ട്രംപ് ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ എത്ര വേഗത്തില്‍ വൈറസ് പടര്‍ത്തുമെന്ന് ശാസ്ത്രലോകം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൌസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്‍റെ കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്സ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേപോലെ തന്നെ മരണം വരെ പിടിപെടാവുന്ന രോഗാവസ്ഥകള്‍ ഉള്ള അനേകം കുട്ടികള്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നുള്ളതും നമ്മള്‍ മറന്നു പോകരുത്. അമിതവണ്ണം, ആസ്ത്മ, ശ്വാസകോശരോഗങ്ങള്‍ ഹ്ര്യദയ സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവര്‍ വളരെ വലിയ അപകടത്തിലാണ്. അമേരിക്കയിലും യുണൈറ്റഡ് കിംഗ്ഡത്തിലും ഇന്ത്യയിലും ബ്രസീലിലും മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം എന്ന കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളുമായി കുട്ടികളെ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിച്ചതും നമ്മള്‍ വാര്‍ത്തകളിലൂടെ കണ്ടതാണ്. അതിലുപരി, കോവിഡ് 19 ബാധിച്ചവര്‍ സുഖം പ്രാപിച്ചതിനുശേഷം ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നതിന് കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്, കുട്ടികളില്‍ വൈറസിന്‍റെ ദീര്‍ഘകാല സ്വാധീനം ഇപ്പോഴും അജ്ഞാതമാണ്.

ഇത്തരം അനിശ്ചിതത്വങ്ങള്‍ക്കിടയിലും, മെഡിക്കല്‍ അല്ലെങ്കില്‍ പൊതുജനാരോഗ്യ യോഗ്യതകളില്ലാത്ത വൈറ്റ് ഹൌസിലെ ചില ഉദ്യോഗസ്ഥരെങ്കിലും ട്രംപ് പറഞ്ഞതിനെ പ്രതിധ്വനിപ്പിക്കുന്നു. കുട്ടികളെ ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്‍റെ പ്രാധാന്യം അവര്‍ ഊന്നിപ്പറയുന്നു. കാരണം വ്യക്തിഗത പഠനങ്ങള്‍ നഷ്ടപ്പെടുന്നതിന്‍റെ പ്രതികൂല ഫലങ്ങളാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ദേവോസ്, കുട്ടികള്‍ ‘രോഗം തടയുന്നവരാണ്’ എന്ന തെറ്റായ വാദം അവകാശപ്പെട്ടു. കുട്ടികളെ ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരിക എന്നാണവര്‍ പറയുന്നത്.

മുന്നോട്ടും പിന്നോട്ടും ഉള്ള പല തീരുമാനങ്ങളും മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നു. ഉല്‍പാദനക്ഷമമായ ജീവിതത്തിലേക്ക് മടങ്ങുന്നതിലുള്ള അവരുടെ സുരക്ഷാ ആശങ്കകള്‍ എങ്ങനെ സന്തുലിതമാക്കാമെന്ന് മനസ്സിലാക്കാന്‍ അവര്‍ പാടുപെടുകയാണ്. മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായവും വിദൂര പഠനത്തിലേക്ക് മാറാന്‍ ശ്രമിക്കുമ്പോള്‍ സാമ്പത്തികമായി മെച്ചപ്പെട്ടതും പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടികള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നത് മറ്റൊരു പോരായ്മയാണ്. വീട്ടില്‍ പട്ടിണി അനുഭവിക്കുന്ന നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് അഭയകേന്ദ്രമായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതൊരു യാഥാര്‍ഥ്യമാണ്. കണക്കുകള്‍ പ്രകാരം ഏകദേശം 22 ദശലക്ഷം കുട്ടികള്‍ അമേരിക്കയില്‍ സ്കൂളില്‍ നിന്ന് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആയ ഉച്ചഭക്ഷണം ലഭ്യമാക്കുന്നു. വീടുകളില്‍ ദുരുപയോഗം അനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള ഒരു മുന്‍നിര പ്രതിരോധം കൂടിയാണ് അധ്യാപകര്‍ എന്നത് വിസ്മരിച്ചു കൂടാ.

കുട്ടികള്‍ സ്കൂളില്‍ തിരിച്ചെത്തിയാല്‍ വൈറസ് പടരുമെന്ന ആശങ്കയും അതേസമയം കുട്ടികളുമായി വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള മാതാപിതാക്കളുടെ നിരാശയും കൈസര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു സര്‍വേയില്‍ പകര്‍ത്തിയിരുന്നു. ഭൂരിഭാഗം രക്ഷിതാക്കളും സ്കൂള്‍ താമസിച്ചു തുറക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും 34% രക്ഷിതാക്കള്‍ മാത്രമാണ് സ്കൂളുകള്‍ ഉടന്‍ തുറക്കുന്നതിനെ അനുകൂലിക്കുന്നത്.

പ്രസിഡണ്ട് എന്ന നിലയില്‍ ട്രംപിനെ പലരും അംഗീകരിക്കുന്നുണ്ടെങ്കിലും ഈ പാന്‍ഡമിക്കിനെ അദ്ദേഹം കൈകാര്യം ചെയ്ത രീതിയോട് പല ഭാഗത്തു നിന്നും എതിരഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. നവംബറില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് ചില അസാധാരണ അഭിപ്രായങ്ങള്‍ ട്രം‌പില്‍ നിന്നും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കുട്ടികളെ കൂടുതല്‍ അപകടത്തിലാക്കുന്ന ട്രംപിന്‍റെ നിര്‍ദ്ദേശം മാതാപിതാക്കള്‍ എങ്ങനെയാണ് സ്വാഗതം ചെയ്യുന്നതെന്ന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

Print Friendly, PDF & Email

Related News

Leave a Comment