Flash News

ഫോമ 2020-22 നാഷണല്‍ കമ്മിറ്റി വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍

July 26, 2020 , ജോസഫ് ഇടിക്കുള

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ 2020-22 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയിലെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ മൂന്ന് സ്ഥാനാര്‍ഥികള്‍. ഷിക്കാഗോയില്‍ നിന്നുള്ള ജൂബി വളളിക്കളം, സാന്‍ ഹൊസെയില്‍ നിന്നുള്ള ജാസ്മിന്‍ പാരോള്‍, അറ്റ്‌ലാന്റയില്‍ നിന്നുള്ള ഷൈനി അബൂബക്കര്‍ എന്നിവര്‍ സാംസ്കാരിക സാമൂഹിക മേഖലകളില്‍ കരുത്ത് തെളിയിച്ചവരാണ്.

ജൂബി വളളിക്കളം

ഷിക്കാഗോയിലെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം പ്രൊഫഷണല്‍ സംഘടനയിലും സീറോ മലബാര്‍ ചര്‍ച്ച് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലഘട്ടത്തിലും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡംഗം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും തന്റെ നേതൃത്വപാടവം തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ വര്‍ഷം ഷിക്കാഗോയില്‍ നടന്ന ഫോമ കണ്‍വെന്‍ഷനില്‍ വെല്‍ക്കം പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത് സംഘാടകരുടെ പ്രശംസ നേടിയിരുന്നു.

തനിക്ക് വിവിധ മേഖലകളില്‍ നിന്നും ലഭിച്ചിട്ടുള്ള പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും ഫോമയുടെ വനിത പ്രതിനിധിയെന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാനത്തേക്ക് നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത്. ഫോമായില്‍ അംഗത്വമുള്ള എല്ലാ സാമൂഹിക സംഘടനകളുടെയും ഫോമയുടെ പ്രതിനിധികളുടെയും സഹകരണം പ്രതീക്ഷിക്കുകയും ഇതൊരറിയിപ്പായി സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജാസ്മിന്‍ പാരോള്‍

കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോ (KAOC), കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ജലസ് (KALA), മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA) എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച ജാസ്മിന്‍ ഫോമാ മലയാളി മങ്ക 2010 ജേതാവും കൂടിയാണ്. 2018ലെ ഫോമാ കണ്‍വന്‍ഷനില്‍ മിസ് ഫോമാ ടീമിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ജാസ്മിന്‍ ഫോമാ വെസ്റ്റേണ്‍ റീജിയണ്‍ വുമെന്‍സ് ഫോറം 2018-20 അധ്യക്ഷയായിരിക്കെ ഫോമാ നാഷണല്‍ കമ്മിറ്റിയുമായി ചേര്‍ന്ന് നഴ്‌സിംഗ് സ്കോളര്‍ഷിപ്പ് സ്ഥാപിക്കാന്‍ മുന്‍ കൈയെടുത്തിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ സാന്‍ ഹൊസെയില്‍ ഭര്‍ത്താവിനോടും മുതിര്‍ന്ന രണ്ടു മക്കളോടും കൂടെ താമസിക്കുന്ന ജാസ്മിന്‍, അധ്യാപികയും സ്വന്തമായി ഒരു പ്രീസ്കൂള്‍ നടത്തുന്നയാളുമാണ്. ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്പര്യപെടുന്ന ജാസ്മിന്‍ തന്റെ ഈ ഉദ്യമത്തിനും എന്നത്തേയും പോലെ എല്ലാവരുടെയും അനുഗ്രഹങ്ങളും പിന്തുണയും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഷൈനി അബൂബക്കര്‍

ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ) ന്റെ സജീവ പ്രവര്‍ത്തകയായ ഷൈനി അസോസിയേഷന്റെ കലാപരിപാടികളുടെ മുഖ്യ സംഘാടകയാണ്. 2018ല്‍ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ കണ്‍വന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വം ഷൈനിയായിരുന്നു.

ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് വനിതാ പ്രതിനിധി എന്ന രീതിയിലുള്ള ഷൈനി അബൂബക്കറിന്റെ കടന്നു വരവിന് ഫോമയുടെ എല്ലാ അംഗ സംഘടകളുടെയും ഫോമാ പ്രതിനിധികളുടേയും പിന്തുണ ഉണ്ടാകണമെന്ന് ഗാമാ പ്രസിഡന്റും ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റുമായ തോമസ് ഈപ്പനും ഗാമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു.

കുടുംബ സമേതം അറ്റ്‌ലാന്റയില്‍ താമസമാക്കിയ ഷൈനി സോഫ്റ്റ്വെയര്‍ പ്രൊഫഷണലായാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് – അബൂബക്കര്‍ സിദ്ദിഖ്. മക്കള്‍: ഷഹസാദ്, സെയ്ഡന്‍.

കേരളീയ സാംസ്കാരിക പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനിന്ന് വരുംതലമുറയ്ക്ക് മാതൃകയാകും വിധം ഫോമയെന്ന മഹത്തായ പ്രസ്ഥാനത്തിന് സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ അടിത്തറയേകുവാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും കാഴ്ചവെക്കുന്ന ഇവര്‍ക്ക് കഴിയുമെന്ന് വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top