Flash News

ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘ഹന്ന’ തെക്കന്‍ ടെക്സസിലും വടക്കുകിഴക്കന്‍ മെക്സിക്കോയിലും വീശിയടിച്ചു കടന്നുപോയി

July 26, 2020 , അജു വാരിക്കാട്

കാറ്റഗറി 1 ഹരിക്കയിന്‍ എന്ന് പുനര്‍നിര്‍ണ്ണയിച്ച ‘ഹന്ന’ ടെക്സസിന്‍റെ തെക്കു ഭാഗത്തും മെക്സിക്കോയുടെ വടക്കു കിഴക്കു ഭാഗത്തുമുള്ള തീരപ്രദേശങ്ങളില്‍ ഇന്നലെ വൈകിട്ട് 8 മണിയോടെ ശക്തമായി വീശിയടിച്ചു. കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ലാന്‍ഡ്ഫാള്‍ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് മാത്രമാണ് ഉഷ്ണമേഖലാ ന്യുനമര്‍ദ്ദമായിരുന്ന ഹന്ന ശക്തി പ്രാപിച്ചു 70 മൈലില്‍ അധികം വേഗത കൈവരിച്ചു കാറ്റഗറി 1 ഹരിക്കയിന്‍ ആയി മാറിയത്.

കോര്‍പ്പസ് ക്രിസ്റ്റിയിലും പരിസര പ്രദേശങ്ങളിലും 250000 ത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അതോടൊപ്പം പല താഴ്ന്ന ഭൂപ്രദേശങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കി. ചുഴലികൊടുങ്കാറ്റ് ലാന്‍ഡ്ഫാള്‍ ചെയ്തതോടെ കടല്‍ അടിയിലധികം ഉയര്‍ന്നു തീരപ്രദേശം വെള്ളത്തിനടിയിലായി.

കൊറോണ വൈറസിന്‍റെ ടെക്സസിലെ ഏറ്റവും പുതിയ പ്രഭവ കേന്ദ്രമായ റിയോ ഗ്രാന്‍ഡെ വാലിയിലുടനീളം ഫ്ലാഷ് ഫ്ളഡ് മുന്നറിയിപ്പുകള്‍ നല്‍കി. അടുത്തു തന്നെയുള്ള മറ്റൊരു നഗരമായ മിഷനില്‍ 10 ഇഞ്ച് വരെ മഴ പെയ്തത്തോടെ അവിടെ ഫ്ലാഷ് ഫ്ളഡ് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കയാണ്. നിരവധി ആളുകള്‍ നിരത്തുകളില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ പോലീസും മറ്റു എമര്‍ജന്‍സി ഉദ്യോഗസ്ഥരും ആളുകളോട് വാഹനവുമായി റോഡിലിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. ഹിഡാല്‍ഗോ കൗണ്ടിയിലെ യുഎസ് ഹൈവേ 83 ന് ചുറ്റുമുള്ള ഫ്രണ്ടേജ് റോഡുകളും നഗരത്തിലെ മറ്റു പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ഹന്നയുടെ കാറ്റിന്‍റെ ശക്തി ദുര്‍ബലമായിട്ടുണ്ടെങ്കിലും, കനത്ത മഴ ഇപ്പോഴും ഒരു ഭീഷണിയായി തുടരുന്നു എന്ന് ബ്രൗണ്‍സ്‌വില്ലിലുള്ള നാഷണല്‍ വെതര്‍ സര്‍വീസ് ഓഫീസിലെ കാലാവസ്ഥാ നിരീക്ഷകന്‍ ക്രിസ് ബിര്‍ച്ഫീല്‍ഡ് പറഞ്ഞു. കോര്‍പ്പസ് ക്രിസ്റ്റിയുടെ മറീന ഡെല്‍ സോളില്‍ മുന്നറിപ്പുകളെ അവഗണിച്ചുകൊണ്ട് ബോട്ടില്‍ കടലില്‍ പോയ ദമ്പതികളെ രക്ഷപ്പെടുത്താന്‍ തീരസംരക്ഷണ സേന ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായി കെഐഐഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കുകളില്ലാതെ ദമ്പതികളെ കരയിലെത്തിക്കാന്‍ സാധിച്ചതായി കോസ്റ്റ് ഗാര്‍ഡ് വക്താവ് പൈജ് ഹോസ് പറഞ്ഞു.

ഹിഡാല്‍ഗോ കൗണ്ടി, വാലി സെന്‍ട്രല്‍ എന്നിവിടങ്ങളിലും ജല രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എഡിന്‍ബര്‍ഗ്, മക്അല്ലെന്‍, മിഷന്‍, സാന്‍ ജുവാന്‍, വെസ്ലാക്കോ എന്നിവിടങ്ങളില്‍ വലിയ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രശസ്ത ബോബ് ഹാള്‍ പിയര്‍ കൊടുങ്കാറ്റിനിടെ തകര്‍ന്നതായി കോര്‍പ്പസ് ക്രിസ്റ്റി മേയര്‍ ജോ മക്കോംബ് അറിയിച്ചു. ഹാര്‍വി ചുഴലിക്കാറ്റിനേയും മറ്റ് വലിയ കൊടുങ്കാറ്റുകളേയും അതിജീവിച്ച പിയര്‍ തകര്‍ന്നത് നഗരത്തെ ആശ്ചര്യപ്പെടുത്തി.

ഹന്ന ചുഴലികൊടുംങ്കാറ്റിന്‍റെ ബാഹ്യ ബാന്‍റുകളില്‍ നിന്നും ഹ്യൂസ്റ്റണ്‍ പ്രദേശത്തും ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്നു. വരുന്ന 2 ദിവസങ്ങളിലും മഴ ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top