Flash News

അമ്മ മനസ്സ് (കഥ)

July 26, 2020 , കാരൂര്‍ സോമന്‍

നിമ്മി നേരെ റയില്‍വേസ്റ്റേഷനില്‍നിന്നിറങ്ങി റയില്‍വേ ഓവര്‍ബ്രിഡ്ജ് കടന്ന് ബസ് സ്റ്റോപ്പിലെത്തി. അവള്‍ക്ക് എത്രയും വേഗം വീടെത്തിയാല്‍ മതിയായിരുന്നു. മുമ്പെങ്ങുമില്ലാത്ത വെപ്രാളം. വീട്ടില്‍ കുട്ടി തനിച്ചാണ്. അവള്‍ക്ക് എന്തെങ്കിലും. അതോര്‍ക്കവേ നിമ്മിയുടെ ദേഹമാസകലം വിറയല്‍ ബാധിച്ചു. അവള്‍ക്ക് പരിസരം മറന്ന് ഛര്‍ദ്ദിക്കണമെന്നും തല ചുറ്റുന്നുവെന്നും തോന്നി. എന്തു ചെയ്യണമെന്നറിയാതെ നിമ്മി അങ്കലാപ്പോടെ ചുറ്റും നോക്കി. അവള്‍ക്കു പൊടുന്നനെ കരച്ചില്‍ വന്നു.

ഓഫീസില്‍ പതിവുള്ള ഉച്ചപത്രം വായിക്കുന്നതിനിടയിലാണ് നാളെ നിങ്ങളുടെ കുട്ടിക്കും ഇത് നടന്നേക്കാം എന്ന ശീര്‍ഷകത്തില്‍ നിമ്മി ഒരു രണ്ടു കോളം വാര്‍ത്ത കണ്ടത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ സ്കൂള്‍ ബസിന്റെ ഡ്രൈവര്‍ എന്തൊക്കെയോ പരാക്രമം കാട്ടിയെന്ന്. ചോരയില്‍ കുളിച്ച് കുഞ്ഞ് ഐ.സി.യുവിലാണെന്ന്. പ്രതിയെ പോലീസ് തിരയുന്നു.

നിമ്മി മുഴുവന്‍ വാര്‍ത്തയും വായിച്ചില്ല. അവള്‍ക്കു നെഞ്ചിടിപ്പു വര്‍ദ്ധിച്ചു. അടുത്തിരുന്ന സീറ്റിലെ കെ. സി. സതീശന്‍ കാണാതെ അവള്‍ സാരി നേരെയാക്കിയിരുന്നെങ്കിലും ശരീരമാകെ വിയര്‍ക്കുന്നതുപോലെ തോന്നി. ഓഫീസിനുള്ളിലെ ഫാനിനു വേഗത കുറവാണോയെന്നു നിമ്മി ആശങ്കപ്പെട്ടു. അറ്റന്‍ഡറെ വിളിച്ചു ഫാന്‍ മാക്‌സിമത്തില്‍ ഇടാനും കുടിക്കാന്‍ ഇത്തിരി വെള്ളം വേണമെന്നും അവള്‍ ആവശ്യപ്പെട്ടു. അയാള്‍ നിമ്മിയെ ആശ്ചര്യത്തോടെ നോക്കി. അവള്‍ സാരിത്തലപ്പെടുത്തു നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പി.

ഓഫീസ് വിടാന്‍ കാത്തു നിന്നില്ല. അതിഭയങ്കരമായ തലവേദനയെന്നുപറഞ്ഞ് നേരത്തേയിറങ്ങി. സൈനസിന്റെ പ്രശ്‌നമാകാമെന്നു പറഞ്ഞ് ബോസ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. നിമ്മി അതൊന്നും കേട്ടില്ല. അവള്‍ക്ക് വല്ല വിധേനയും വീടെത്തിയാല്‍ മതിയായിരുന്നു. പതിവുള്ള ബസ് വരാന്‍ സമയം ഇനിയുമുണ്ട്. അവള്‍ ബസ് സ്റ്റോപ്പിലേക്കു ഓട്ടപ്പാച്ചിലിനിടയില്‍ അല്‍പം ഡോസ് കൂടിയ ഉറക്ക ഗുളിക വാങ്ങാന്‍ മെഡിക്കല്‍ കടയില്‍ കയറി. കടക്കാരന്‍ അവളെ നോക്കി ഗൂഢമായി ചിരിച്ചു. അതൊന്നും ശ്രദ്ധിക്കാന്‍ നിമ്മിക്കു കഴിയുമായിരുന്നില്ല. വാസ്തവത്തില്‍ മാസം തോറുമുള്ള നാപ്കിന്‍ വാങ്ങാനായിരുന്നു നിമ്മി കടയിലേക്കു കയറിയത്. പക്ഷേ, അവള്‍ ഉറക്കത്തിന്റെ ആശ്വാസം മാത്രം തെരെഞ്ഞെടുത്തു.

ബസ് സ്റ്റോപ്പില്‍ പതിവു മുഖങ്ങള്‍ ഒറ്റപ്പെട്ടും കൂട്ടത്തോടെയും ആക്രമിക്കും മുമ്പ് ബസ് വരണേയെന്ന് നിമ്മി പ്രാര്‍ത്ഥിച്ചു. അവള്‍ക്ക് അകാരണമായ മൂത്രശങ്ക അനുഭവപ്പെട്ടു. തന്റെ കുട്ടിക്ക് എന്തെങ്കിലും? അതു വീണ്ടും വീണ്ടും ഓര്‍ക്കവേ നിമ്മിക്ക് ഓക്കാനം വന്നു. നിരത്തിലെ വണ്ടികളെല്ലാം തന്റെ നേരെ പാഞ്ഞുവരുന്നതു കണ്ട് ഭയപ്പോടെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവയുടെ മുരള്‍ച്ചയ്ക്കു മുമ്പെങ്ങുമില്ലാതെ ഭായനകതയുണ്ടെന്ന് അവള്‍ക്ക് തോന്നി.

നിമ്മി ഓഫീസിലേക്ക് തിരിയും മുമ്പ് സ്കൂള്‍ ബസ് വീട്ടു പടിക്കലെത്തും. അവളും കുട്ടിയും നഗരത്തില്‍ ഒരു വീടെടുത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ഭര്‍ത്താവ് എത്തുക. അതു പതിവു തെറ്റിയാല്‍ കുട്ടിയെയും കൂട്ടി നിമ്മി അയാളുടെ ജോലി സ്ഥലത്തേയ്ക്ക് യാത്രയാവും. നിമ്മി ദാമ്പത്യം യാന്ത്രികമായി നിലനിര്‍ത്തി. തുടരേണ്ടതായ ഏതോ പ്രവൃത്തി പോലെയത്അവളെ വാരാന്ത്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

സ്കൂളില്‍ പോകാന്‍ കുട്ടിക്ക് ഭയങ്കര ഉത്സാഹം തന്നെ. നിമ്മി അടുക്കളയില്‍ കയറി ബ്രേക്ക് ഫാസ്റ്റും ഉച്ചത്തേയ്ക്കുള്ള ടിഫിന്‍ ഫ്രിഡ്ജില്‍നിന്നു ചൂടാക്കുമ്പോഴേക്കും കുട്ടി കുളിമുറിയില്‍നിന്നു വിളിക്കും. അമ്മേ, യൂണിഫോം ഐയണ്‍ ചെയ്‌തോ. ടിഫിന്‍ ഓ.കെ ആണോ, എന്റെ ടൂലൈന്‍ ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞോ, സ്‌കെച്ചസ് കണ്ടോ, അയ്യോ – വാവേടെ ഷൂ പോളീഷ് ചെയ്തില്ല. നിമ്മി എല്ലാത്തിനും ഓ.കെ എന്നു വിളിച്ചു പറയുമെങ്കിലും കുട്ടി ആവലാതി തുടര്‍ന്നു കൊണ്ടേയിരിക്കും.

സ്കൂള്‍ ബസ് വരുന്നതുവരെ അമ്മയും മോളും തമ്മില്‍ ഒരു പകല്‍പ്പൂരമാണെന്ന് നിമ്മി പലപ്പോഴും ഓഫീസില്‍ അടുത്തിരിക്കുന്ന സുനന്ദയോട് പറയാറുണ്ട്. ഓ, അതിലെന്തിരിക്കുന്നു എന്ന മട്ടില്‍ സുനന്ദ ഐഡിയ സ്റ്റാര്‍ സിംഗറിലെ പുതിയ വിശേഷങ്ങള്‍ പറയുമ്പോഴും താനിങ്ങനെ ആവര്‍ത്തിക്കുന്നതിന്റെ സുഖം നിമ്മിയെ സ്വകാര്യമായി സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍, അവളെ പലപ്പോഴും അലോരസപ്പെടുത്തിയിരുന്നത്. സ്കൂള്‍ ബസിലെ ഡ്രൈവറുടെ ചുഴിഞ്ഞ നോട്ടമായിരുന്നു. ആദ്യമൊക്കെ നിമ്മിക്ക് അത് പുകച്ചിലായിരുന്നു. തന്റെ സ്വകാര്യത പിടിക്കപ്പെട്ട കള്ളന്റെ വേവലാതി. പിന്നീട് അവള്‍ അതു കണ്ടില്ലെന്നു നടിച്ചു. കുളിമുറിയിലേക്കു ഓടുമ്പോള്‍, ഓഫീസിലേക്കുള്ള തിരക്കേറിയ ബസിന്റെ കോണിച്ചുവട്ടില്‍ നില്‍പ്പാനുള്ള വെപ്രാളത്തില്‍, വൈകിട്ട് വീട്ടിലേക്ക് എന്തൊക്കെ വാങ്ങണമെന്ന ഓര്‍മ്മകളില്‍ മുഴുകി ഈ ചെറു പ്രശ്‌നത്തെ നിമ്മി അവഗണിച്ചു.

പക്ഷേ, ഇന്നു രാവിലെ അയാള്‍ നോട്ടമാണ് നോക്കിയത്. താന്‍ വിവസ്ത്രയായതു പോലെ നിമ്മിക്കുതോന്നി. ചോര വലിച്ചുകുടിക്കുന്ന നോട്ടം. വാവലിന്റെ കണ്ണുകളാണ് അയാള്‍ക്ക്. അതു നീണ്ട ചുണ്ടിനാല്‍ ശരീരത്തെ ഓരോ രോമകൂപത്തെയും തുളച്ച് ചോര കുടിക്കുന്നു. ഹൃദയാന്തരങ്ങളിലെവിടെയോ പ്രസവവേദനയെക്കാള്‍ നൊമ്പരം. രക്തമെല്ലാം വാര്‍ന്ന് എല്ലും തോലുമായി ഒരടി നടക്കാനുള്ള ശക്തിയില്ല. കണ്ണുകള്‍ കുഴിയുന്നു.

മാറിടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന എല്ലുകള്‍ കൈകളില്‍ തടയുന്നു. നിമ്മി എല്ലാ ദിവസവും രാവിലെ അവള്‍ സ്റ്റാര്‍ മൂവിസില്‍ അറിയാതെ കണ്ട ഒരു ഇംഗ്ലീഷ് സിനിമ ഓര്‍ത്തു. ഒരിക്കലും ഓര്‍മ്മിക്കരുതെന്നുഅവള്‍ ദൃഢനിശ്ചയമെടുത്തിരുന്നെങ്കിലും അയാളുടെ ചൂഴ്ന്നുള്ള നോട്ടം കാണുമ്പൊഴൊക്കെ പെട്ടെന്ന് ഈ സിനിമയെക്കുറഇച്ചോര്‍ക്കും. ഇന്നും അവള്‍ സിനിമയെക്കുറിച്ചോര്‍ത്തു. ബസ് ഡ്രൈവര്‍ ഭീകര അന്യ ജീവിയാണ്. അയാള്‍ നാവു നീണ്ടുനനച്ചപ്പോള്‍ അതു നീളം വച്ച് ചോര കുടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നി.

അവള്‍ക്കു അലറി കരയണമെന്നു തോന്നി. ആ ചോരകുടിയന്‍ ഓടിക്കുന്ന ബസ്സിലാണ്തന്റെ മകള്‍ നിരന്തരം യാത്ര ചെയ്തിരുന്നുവെന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ നിമ്മിക്ക് താന്‍ ബസ്‌സ്റ്റോപ്പിലാണെന്നും ചുറ്റും വലിയൊരു ജനാവലി തന്നെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടെന്നുള്ള കാര്യം മറന്നു പോയി. അവള്‍ ശബ്ദമുണ്ടാക്കാതെ കരയാന്‍ ശ്രമിച്ചു. എന്നാല്‍, തൊണ്ടയ്ക്കിടയില്‍ ഒരു കൊളുത്തിപിടുത്തം. തലയില്‍ ആരോ ഭാരമുള്ള വസ്തു കമിഴ്ത്തിയതുപോലെ. അവളുടെ വയറ്റില്‍ അഗ്നിസ്‌ഫോടനം നടന്നതുപോലെ എരിച്ചില്‍ മുള പൊട്ടി. പെട്ടെന്ന് പതിവിലും നേരത്തെ ബസ് വന്നു.

നിമ്മിക്കു സീറ്റുകിട്ടിയെങ്കിലും അവള്‍ ഇരുന്നില്ല. ഇരിക്കാത്തതിന്റെ കാരണമന്വേഷിച്ചു ബസ് കണ്ടക്ടര്‍ നിമ്മിക്കരുകിലെത്തിയെങ്കിലും അവള്‍ അലക്ഷ്യമായി ചിരിച്ചതേയില്ല. ഇറങ്ങേണ്ട ബസ് സ്റ്റോപ്പെത്താന്‍ നിമ്മി കൊതിച്ചു. ബസിനു വേഗത പോരാന്ന് അവള്‍ക്കു പതിവില്ലാതെ തോന്നി. ചുറ്റുമുള്ള കാഴ്ചകളുടെ വിരസത അവളെ വല്ലാതെ വിളരി പിടിച്ചു.

ബസില്‍ നിറയെ സ്കൂള്‍ കുട്ടികളുണ്ടായിരുന്നു. അതിലൊരു കുട്ടിയെ ബസ് കണ്ടക്ടര്‍ അകാരണമായി മുട്ടിയുരുമ്മതും കുട്ടി ഈര്‍ഷ്യയോടെ നിസ്സഹായയായി നില്‍ക്കുന്നതും കണ്ടപ്പോള്‍ നിമ്മി സ്വന്തം കുട്ടിയെക്കുറിച്ചോര്‍ത്തുപോയി. അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും. ആശുപത്രി ഐ.സി.യുവില്‍ ട്രിപ്പുകള്‍ക്കു നടുവില്‍. ഓക്‌സിജന്‍ സിലിണ്ടറിന്റെ ഒരറ്റത്തെ മാസ്ക് വായിലേക്കു കുത്തിക്കയറ്റി. കരയാനും നിരങ്ങാനും പ്രതികരിക്കാനും കഴിയാത്ത അവസ്ഥയില്‍. ചുറ്റും ലേഡി ഡോക്ടര്‍മാരായിരിക്കുമോ? അതെ ഏതെങ്കിലും പുരുഷ ഡോക്ടര്‍ അയാളുടെ സ്റ്റെതസ്‌കോപ്പ് കുട്ടിയുടെ നെഞ്ചില്‍ കുത്തിയമര്‍ത്തി അവളെ വേദനിപ്പിക്കുന്നുണ്ടാവുമോ. നിമ്മി സാരിയെയും ബ്ലൗസിനെയും അടിവയറിനു മുകളിലായികൂട്ടി ബന്ധിച്ചിരുന്ന സേഫ്പിന്‍ ഊരിയെടുത്തു. അതു മൂര്‍ച്ഛയുള്ള ആയുധമായി അവളുടെ കൈയിലിരുന്നു തിളങ്ങി. രക്തം മോഹിക്കുന്ന അതിന്റെ വായ്ത്തലഅവള്‍ ചൂണ്ടാണി വിരലിനോടു ചേര്‍ത്തു പിടിച്ചു. അവള്‍ ഒരു നിമിഷം കണ്ണടച്ചു.

അള്‍ത്താരയ്ക്കു മുമ്പില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണില്‍ തെളിയാറുള്ള അതേ സൂര്യതേജസ്സ്. അത് കണ്ണിലൂടെ, തലച്ചോറിനുള്ളിലേക്കു ഒരു മിന്നായം പോലെ പടര്‍ന്നു കയറി. കൈകള്‍ക്കും കാലിനും എന്തെന്നില്ലാത്ത ഊര്‍ജം. ബസില്‍ തിരക്ക് തികട്ടി നിന്നു. നിമ്മി ഇറങ്ങാന്‍ തയ്യാറെടുത്തു. ബസ് സ്റ്റോപ്പെത്തിയതും ചെറുപ്പത്തില്‍ ബാസ്ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ എതിരാളികളെ വെട്ടിച്ചു പന്ത് ബാസ്ക്കറ്റ് ചെയ്യുന്ന അതേ ലാഞ്ചനയോടെ നിമ്മി മുന്നോട്ടു കുതിച്ചു. അവളുടെ കൈയില്‍ പന്ത് സുദര്‍ശനചക്രം പോലെ കറങ്ങി സുരക്ഷിതയായി നിന്നു.

അപ്രതീക്ഷിതമായ ആക്രമത്തില്‍ കണ്ടക്ടര്‍ വീണുപോയി. അയാള്‍ അലറിക്കഴിഞ്ഞു. നിമ്മി ഒന്നുമറിയാത്തതുപോലെ സ്റ്റോപ്പിലിറങ്ങി വേഗത്തില്‍ വീട്ടിലേക്കു നടന്നു. വീട്ടില്‍ അവളെയും പ്രതീക്ഷിച്ച് കുട്ടിയുടെ ബാഗ് ഉമ്മറത്തു അനാഥമായി കിടന്നിരുന്നു. നിമ്മിയെ കണ്ടതും അയല്‍പക്കത്തെ കുട്ടി ഓടി വന്നു.

ചേച്ചി ഇതെവിടെയായിരുന്നു. ഓഫീസില്‍ വിളിച്ചപ്പോള്‍ നേരത്തെ ഇറങ്ങിയെന്നു പറഞ്ഞു. മോള്‍ക്ക് തലചുറ്റലെന്നു പറഞ്ഞ് സ്കൂളില്‍ നിന്നു ഫോണ്‍ വന്നു. ബാഗ് ബസ്സില്‍ കൊടുത്തു വിട്ടിരുന്നു. അച്ഛന്‍ ആശുപത്രിയിലേക്കു പോയിട്ടുണ്ട്. കുഴപ്പമില്ലെന്നു പറഞ്ഞ് ദാ, ഇപ്പോള്‍ വിളിച്ചിരുന്നു. ചേച്ചി വന്നാലുടന്‍ അങ്ങോട്ടു ചെല്ലാനും കഴിഞ്ഞു.

നിമ്മിക്കു പിടിച്ചു നില്‍ക്കാനാവില്ല. അവള്‍ കുട്ടിയുടെ ബാഗിലേക്കു തല കുനിച്ചു. അതില്‍ സൂക്ഷ്മമായി നിഴലിച്ച ചോരപ്പാടില്‍ ഭൂഗോളം തിരിഞ്ഞു കറങ്ങുന്നതും അലാറം മുഴക്കി ഒരു ആംബുലന്‍സ് പടി കടന്നെത്തുന്നതും അവള്‍ കണ്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top