Flash News

സ്വകാര്യ മേഖലകളിലെ കോവിഡ് ചികിത്സ വലിയ സാമ്പത്തിക പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

July 27, 2020 , ഹരികുമാര്‍

കോവിഡ്-19 എന്ന മഹാമാരി ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, അതൊരു മഹാവിപത്തിലേക്ക് നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുമൊരു ആരോഗ്യപ്രശ്നം മാത്രമായി ഇതിനെ കണക്കാക്കാനാവില്ല. ഇത് സാമൂഹിക സാമ്പത്തിക പ്രശ്‌നം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലും പൊതുജനാരോഗ്യ സംവിധാനം ദുര്‍ബലമായതുകൊണ്ട് ചികിത്സയ്ക്കായി സ്വകാര്യ മേഖലയെ ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍ സ്വകാര്യ മേഖല ഈടാക്കുന്ന ചികിത്സാ ഫീസിനെ സംബന്ധിച്ച് പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണമായും സൗജന്യ ചികിത്സയാണ് നല്‍കി വരുന്നത്. കൊവിഡ് ആശുപത്രികൡും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകൡും രോഗികള്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കുന്നു. സ്വകാര്യ ആശുപതികള്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത 44 ആശുപത്രികളും ഭാഗികമായി പ്രവര്‍ത്തിക്കുന്ന 42 ആശുപത്രികളും സ്വകാര്യ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശുപത്രികള്‍ ഏറ്റെടുത്ത് കൊവിഡ് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി മാറ്റുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാരണ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൊവിഡ് കാലത്ത് കൂടുതല്‍ ആശുപത്രികള്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് വരികയാണ്. കാസ്റ്റ് ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ പ്രിഫര്‍ ചെയ്യുന്ന കൊവിഡ് രോഗികള്‍ക്കും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗകര്യ ചികിത്സ ലഭിക്കും. കൊവിഡ് ചികിത്സയ്ക്ക് മാത്രമായി താല്‍ക്കാലിക എംപാനല്‍മെന്റ് സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപതികളിലെ ചികിത്സാ നിരക്ക് പ്രഖ്യാപിച്ചിരുന്നു. ജനറല്‍ വാര്‍ഡില്‍ 2300 രൂപ, ഐസിയുവില്‍ 6500 രൂപ, വെന്റിലേറ്റര്‍ ഐസിയുവില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മറ്റ് പലയിടത്തും സര്‍ക്കാര്‍ നിശ്ചയിച്ചതിലും വളരെ കൂടുതല്‍ ഫീസ് പല സ്വകാര്യ ആശുപത്രികളും ഈടാക്കി രോഗികളെ കഷ്ടപ്പെടുന്നുണ്ട്. അതേസമയം കേരളത്തിലെ സ്വകാര്യ മേഖല സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് രോഗം ഒരു മരണ കാരണമാകുമ്പോള്‍ അകാരണമായ ഭയം ജനങ്ങള്‍ കാണിക്കുന്നുണ്ട്. രോഗകാരണങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് മാനസിക, സാമൂഹിക പിന്തുണ നല്‍കുന്നതിനായി ഫെബ്രുവരി ആദ്യം തന്നെ സര്‍ക്കാര്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top