Flash News

സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

July 27, 2020 , ഹരികുമാര്‍

സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ ഐ എ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ ഐ എ മരവിപ്പിച്ചു. ലോക്കറില്‍ നിന്ന് നേരത്തെ 1.05 കോടി രൂപ കണ്ടെടുത്തതിനു ശേഷം 45 ലക്ഷം രൂപ കൂടി കണ്ടെടുത്തതോടെയാണ് സ്വപ്നയുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങളെല്ലാം മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ കസ്റ്റംസിനും എന്‍ ഐ എയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. എസ്ബിഐയുടെ ബാങ്ക് ലോക്കറില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന 45 ലക്ഷം രൂപയാണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്.

ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുകയാണ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. വന്‍ നിക്ഷേപം ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വപ്ന ശിവശങ്കറില്‍ നിന്നും പണം സ്വീകരിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കും.

അതേസമയം, സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ സ്വപ്നയെ യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെ നൂറിലധികം തവണ ഫോണില്‍ വിളിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ ഏറെ തവണ സ്വപ്നയെ വിളിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചു വെച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

സ്വപ്ന സുരേഷിനെ എങ്ങനെയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിയമിച്ചതെന്ന അന്വേഷണത്തിന്, എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണെന്ന് പ്രെെസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഐ.ടി വകുപ്പിന് മറുപടി നല്‍കി. സ്പേസ് പാര്‍ക്ക് കണ്‍സല്‍റ്റന്‍സി കരാര്‍ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി കെഎസ്ഐടിഐഎല്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് പിഡബ്ല്യുസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നോട്ടിസിലെ ആരോപണങ്ങളെല്ലാം പിഡബ്ല്യുസി നിഷേധിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുസിയുടെ നിയമവിഭാഗമാണ് കെഎസ്ഐടിഐഎല്ലിന്‍റെ അഭിഭാഷകനെ അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ കൂടിയായിരുന്ന എം. ശിവശങ്കറിന്‍റെ ശുപാര്‍ശയോടെയാണ് സ്വപ്നയെ നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പല തവണ കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതിനിടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചാല്‍ എന്‍ ഐ എ ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കും. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും നിര്‍ണ്ണായകമാകും. അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി കനത്ത പ്രതിരോധത്തിലാകും. നിലവില്‍ കാതലായ പ്രതികരണങ്ങള്‍ക്ക് മുതിരാത്ത സിപിഐ നിലപാട് കടുപ്പിക്കും. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യം ശക്തമാകും. മുഖ്യമന്ത്രിക്കും സിപിഎമ്മിനും പിന്നീട് പിടിച്ചു നില്‍ക്കല്‍ അസാദ്ധ്യമായേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top