Flash News

ഫൊക്കാന തെരഞ്ഞെടുപ്പ്: സമ്പൂര്‍ണ ടീമിനെ അണിനിരത്തി ജോര്‍ജി വര്‍ഗീസ് ടീമിനെ പ്രഖ്യാപിച്ചു

July 28, 2020 , ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്സി:ഫൊക്കാന തെരെഞ്ഞെടുപ്പില്‍ 38 അംഗ ടീമിനെ അണിനിരത്തിക്കൊണ്ട് ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്‍റണി, സണ്ണി മറ്റമന എന്നിവര്‍ നേതൃത്വം നല്‍കുന്ന സമ്പൂര്‍ണ ടീമിനെ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ അണിനിരക്കുന്ന ടീമില്‍ ഒട്ടേറെ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 9 നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ തങ്ങളുടെ ടീം സര്‍വസജ്ജമായതായി ടീമിന്‍റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്‍റണി എന്നിവര്‍ അറിയിച്ചു. സണ്ണി മറ്റമനയാണ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി. ലോകം മുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ജൂലൈ 8 നു നടക്കേണ്ടിയിരുന്ന ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ജൂലൈ 9നു നടക്കാനിരുന്ന തെരെഞ്ഞെടുപ്പിലേക്കുള്ള ടീമിനു മാസങ്ങള്‍ക്കുമുമ്പ് തന്നെ രൂപം നല്‍കിയിരുന്നതാണെന്നും രെഞ്ഞെടുപ്പ് നീട്ടിവച്ചതിനാല്‍ പ്രഖ്യാപനം വൈകുകയായിരുന്നുവെന്നും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോര്‍ജി വര്‍ഗീസും സെക്രട്ടറി സ്ഥാനാര്‍ത്ഥി സജിമോന്‍ ആന്‍റണിയും അറിയിച്ചു. കഴിവും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള ഒരുകൂട്ടം യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്ന ടീമില്‍ ഏറെ പരിചയസമ്പരായവരുമുണ്ട്.

മുതിര്‍ന്ന ഫൊക്കാന നേതാക്കളും മറ്റു സംഘടനാ നേതാക്കളുമായുള്ള ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. യുവാക്കളുടെ നിരയില്‍ ഇപ്പോള്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ മേഖലകള്‍ക്കും തുല്ല്യ പ്രാതിനിധ്യവും അതിലേറെ കഴിവുകളുടെയും ജനസമ്മിതിയുടെയും ജയ സാധ്യതയുടെയും അടിസ്ഥാനത്തിലാണ് തന്‍റെ ടീമിലെ സ്ഥാനാര്‍ത്ഥികളെ തെരെഞ്ഞെടുത്തതെന്നും ജോര്‍ജി വര്‍ഗീസ് പറഞ്ഞു. ഫ്ലോറിഡ, വാഷിംഗ്ടണ്‍, മേരിലാന്‍ഡ്, വിര്‍ജീനിയ, ന്യൂ ജേര്‍സി, ന്യൂയോര്‍ക്, കണക്ടിക്കട്ട്, ചിക്കാഗോ, ഡിട്രോയിറ്റ്, കാനഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുപ്പതിലധികം സംഘടനകളെ പ്രതിനിധീകരിക്കുന്നവരാണ് ഈ സ്ഥാനാര്‍ത്ഥികള്‍.

സ്ഥാനാര്‍ത്ഥികള്‍

പ്രസിഡണ്ട്

2020-2022 തെരെഞ്ഞെടുപ്പില്‍ ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്നു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി. ഏറെ സൗമ്യനും മൃദുഭാഷിയുമായ ജോര്‍ജി വര്‍ഗീസ് എന്ന ഫ്ളോറിഡക്കാരന് ഫൊക്കാനയില്‍ ഏറെ ജനപിന്തുണയാണുള്ളത്. ഫൊക്കാനയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു വ്യക്തി എന്ന നിലയില്‍ ഉപരി ഒരു മികച്ച സംഘാടകന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകന്‍ എന്നു വേണ്ട ജോര്‍ജി വര്‍ഗീസിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഏറെയാണ്. എല്ലാവരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ജോര്‍ജി വര്‍ഗീസ് ഫൊക്കാന വേദികളില്‍ എന്നും സജീവ സാന്നിധ്യമാണ്. ഏറെ ചുറുചുറുക്കും എല്ലാവരെയും ഉള്‍കൊള്ളാന്‍ സൗമനസ്യം കാട്ടുന്ന വ്യക്തിയാണ്. എല്ലാറ്റിനുമുപരി ഒരു നല്ല മനുഷ്യസ്നേഹിയായ ജോര്‍ജി ഫൊക്കാനയെ മുന്നോട്ടു നയിക്കാന്‍ കഴിവുള്ള ബഹുമുഖ പ്രതിഭയാണ്. വാക്കുകള്‍കളേറെ പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന കര്‍മ്മോല്‍സുകനായ ജോര്‍ജി ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍, ഒരു പുതിയ ദിശാബോധം നല്‍കാന്‍ ഏറെ പ്രാപ്തിയുള്ള നേതാവാണെന്ന് അദ്ദേഹത്തിന്‍റെ കര്‍മ്മ രംഗങ്ങള്‍ വ്യക്തമാക്കുന്നു.

ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍, 2019 ലെ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ റീജിയണല്‍ കൗണ്‍സില്‍ മെംബര്‍, ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി, ഇന്‍ഡോര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തന വിജയം കൈവരിച്ച ജോര്‍ജി വര്‍ഗീസ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്ലോറിഡാ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ്. സൗത്ത് ഫ്ലോറിഡയിലെ കൈരളി ആര്‍ട്സ് ക്ലബ് നെ പ്രതിനിധീകരിക്കുന്നു.

സെക്രട്ടറി
ഫൊക്കാനയുടെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സജിമോന്‍ ആന്‍റണി. നിലവില്‍ ഫൊക്കാനയുടെ ട്രഷറര്‍ കൂടിയായ സജിമോന്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച് )യുടെ മുന്‍ പ്രസിഡണ്ടുമായിരുന്നു. ഫൊക്കാന ഭരണസമിതിയില്‍ കഴിവും പ്രഗല്‍ഭ്യവും തെളിയിച്ചിട്ടുള്ള സജിമോന്‍ മികവുറ്റ സംഘാടകന്‍, പ്രഗത്ഭനായ പ്രാസംഗികന്‍, കഴിവുറ്റ അവതാരകന്‍, അതിലുപരി ഇപ്പോഴത്തെ ഭരണസമിതിയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തി കൂടിയാണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ മഹാമാരിയില്‍ ഭവനം നഷ്ട്ടപ്പെട്ടവര്‍ക്കായി ഫൊക്കാനയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭവനം പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ കൂടിയായ സജിമോന്‍ ചുരുങ്ങിയ കാലം കൊണ്ട് ഫൊക്കാനയുടെ ദേശീയ തലത്തില്‍ ഏറ്റവും ശ്രദ്ധേയനായി മാറിയ നേതാവാണ്. ഏതു ഏതു പ്രശ്നങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സജിമോന്‍ ഒരു മികച്ച ക്രെെസിസ് മാനേജര്‍ കൂടിയാണ്. ആരെയും കൈയിലെടുക്കാന്‍ കഴിവുള്ള വാക്ചാരുതി അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. നൊവാര്‍ട്ടീസ് ഫാര്‍മസ്യുട്ടിക്കലില്‍ ഗ്ലോബല്‍ മാനേജര്‍ ആയി അമേരിക്കയിലെത്തിയ സജിമോന്‍ പിന്നീട് ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കാലെടുത്തു വെച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി(മഞ്ച്)യെ പ്രതിനിധീകരിക്കുന്നു.

ട്രഷറര്‍
കാല്‍ നൂറ്റാണ്ടില്‍ അധികമായി ഫ്ലോറിഡയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയമായ പ്രവര്‍ത്തങ്ങള്‍ കാഴ്ച വച്ചിട്ടുള്ള സണ്ണി മറ്റമനയാണ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി. ഫൊക്കാനയുടെ നിരവധി മേഖലകളില്‍ സ്തുത്യര്‍ഹ്യമായ സേവനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള സണ്ണി ഒരു മികച്ച സാമൂഹ്യപ്രവര്‍ത്തകനും സംഘടകനുമാണ്. താമ്പായിലെ മലയാളികളുടെ ഇടയില്‍ ഏറെ ആദരണീയനായ സണ്ണി മാറ്റിന്‍റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആണ്. ഫൊക്കാന ഫൌണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കൂടി ആയ സണ്ണി ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്‍റ്, അഡീഷണല്‍ ജോയിന്‍റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മലയാളി അസോസിഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോളേജ് പഠനകാലത്ത് 1983 ല്‍ കോതമംഗലം എം.എ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി CMFRI കൊച്ചിയുടെ റിസേര്‍ച്ച് സ്ക്കോളര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (മാറ്റ്)യെ പ്രതിനിധീകരിക്കുന്നു.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്
ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ജയ്ബു മാത്യു കുളങ്ങരയാണ് എക്സികൂട്ടിവ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കോട്ടയം സി എം എസ് കോളേജ് യണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി കലാലയ രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്ത് എത്തിയ ജെയ്ബു 35 വര്‍ഷമായി ചിക്കാഗോയില്‍ ടാക്സ് പ്രാക്ടീഷണര്‍ ആണ്. ചിക്കാഗോയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജെയ്ബു അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനാണ്. ഇല്ലിനോയി മലയാളി അസോസിയേഷ (ഐ.എം.എ.) നെ പ്രതിനിധീകരിക്കുന്നു.

വൈസ് പ്രസിഡണ്ട്
ഫൊക്കാനയുടെ തലമുതിര്‍ന്ന നേതാവും മലയാളി അസ്സോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് (മാസി) പ്രസിഡണ്ടുമായ തോമസ് തോമസ് ആണ് വൈസ് പ്രസിഡണ്ട്. ഫൊക്കാനയുടെ ആരംഭകാലം മുതല്‍ എല്ലാ കണ്‍വെന്‍ഷനുകളിലും സജീവ സാന്നിധ്യമായ തോമസ് തോമസ് മികച്ച വാഗ്മിയും സംഘാടകനുമാണ്. ഫൊക്കാനയുടെ പ്രഥമ ട്രഷറര്‍ ആയിരുന്ന തോമസ് തോമസ് അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ഏറെ ആദരവ് ഏറ്റുവാങ്ങിയ നേതാവാണ്. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡിന്‍റെ ആറു തവണ പ്രസിഡണ്ട് ആയിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലണ്ടിനെ പ്രതിനിധീകരിക്കുന്നു

അസോസിയേറ്റ് സെക്രട്ടറി
ഫൊക്കാനയുടെ ഡെട്രോയിറ്റില്‍ നിന്നുള്ള ഏറ്റവും സീനിയര്‍ നേതാക്കന്മാരിലൊരാളായ ഡോ. മാത്യു വര്‍ഗീസ് ആണ് അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നത്. ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയില്‍ ഏറെ ബഹുമാന്യനായ ഡോ. മാത്യു വര്‍ഗീസ് ഡിട്രോയിറ്റിലെ അമേരിക്കക്കാര്‍ക്കിടയിലും ഏറെ ആദരവുള്ള സാമൂഹ്യപ്രവര്‍ത്തകനാണ്. നിലവില്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹം കേരള ക്ലബ് മിഷിഗണിനെ പ്രതിനിധികരിക്കുന്നു.

അസോസിയേറ്റ് ട്രഷറര്‍
യൂത്ത് വിഭാഗം നാഷണല്‍ കമ്മിറ്റി അംഗമായി ഫൊക്കാനയില്‍ പ്രവര്‍ത്തനം ആരംഭിച്ച, വാഷിംഗ്ടണ്‍ ഡി.സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ വിപിന്‍ രാജ് ആണ് അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നത്. യൂത്ത് വിഭാഗത്തില്‍ ഉള്‍പ്പെടെ നാലു തവണ നാഷണല്‍ കമ്മിറ്റി അംഗവും ഒരു തവണ വാഷിംഗ്ടണ്‍ ഡി.സി. ആര്‍.വി.പി യും ഒരു തവണ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറും ആയിരുന്ന വിപിന്‍ നിലവില്‍ ഫൊക്കാനയുടെ ഫൌണ്ടേഷന്‍ സെക്രട്ടറിയാണ്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണെ പ്രതിനിധീകരിക്കുന്നു.

വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍
ഫൊക്കാന കണ്‍വെന്‍ഷനുകളുടെ കല സാംസ്കാരികവേദികളില്‍ നിറ സാന്നിധ്യമായ പ്രമുഖ നര്‍ത്തകിയും കലാകാരിയും സാമൂഹ്യപ്രവര്‍ത്തകയുയമായ ഡോ. കല ഷാഹി (വാഷിംഗ്ടണ്‍ ഡി.സി) ആണ് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍. വാഷിങ്ടണില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നു. കലയെ ഡി.സി. റീജിയണയില്‍ നിന്നുള്ള എല്ലാ സംഘടനകളും സംയുക്തമായാണ് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ.ജി.ഡബ്ള്യു) പ്രധിനിധികരിക്കുന്നു.

അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി
കാനഡ ലണ്ടന്‍ ഒന്‍റാരിയോ മലയാളി അസോസിയേഷന്‍റെ (ലോമ) പ്രസിഡണ്ട് ആയ ജോജി തോമസ് ആണ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി. ഒന്‍റാരിയോ ലണ്ടന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന വ്യവസായി ആണ്. മികച്ച സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടോമി ഒന്‍റാറിയോ മലയാളികളുടെ ഇടയില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. ജി തോമസ് (കാനഡ) കാനഡ ലണ്ടന്‍ ഒന്‍റാരിയോ മലയാളി അസോസിയേഷനെ (ലോമ) പ്രതിനിധികരിക്കുന്നു.

അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍
യോങ്കേഴ്സിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും സംഘടകനുമായ ബിജൂ ജോണ്‍(ന്യൂയോര്‍ക്ക്) ആണ് അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍. യോങ്കേഴ്സിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമാണ്. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിനെ പ്രതിനിധികരിക്കുന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം 1 :
ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയ സജി എം. പോത്തന്‍ ആണ് ട്രസ്റ്റി ബോര്‍ഡില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹഡ്സണ്‍ വാലി അസോസിയേഷന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 15 വര്‍ഷമായി ഈ സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. നേരത്തെ, ന്യൂജേഴ്സിയില്‍ ആയിരുന്നപ്പോള്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തകന്‍ ആയിരുന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം 2 :
ചിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ച് ക്നാനായ സമുദായത്തിന്‍റെയും കരുത്തനായ നേതാവായ ടോമി അമ്പേനാട്ടാണ് ട്രസ്റ്റി ബോര്‍ഡില്‍ ഒഴിവുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി. ഗോള്‍ഡന്‍ ജൂബിലി (50 വര്‍ഷം) യിലേക്കു കടക്കുന്ന അമേരിക്കയിലെ തന്നെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷ (സി.എം.എ)നു സ്വന്തമായി ഓഫീസും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിച്ചത് 5 വര്‍ഷം മുന്‍പ് ടോമി സി.എം. എയുടെ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. ചിക്കാഗോ മലയാളി അസോസിയേഷനെ (സി.എം.എ ഇല്ലിനോയി) പ്രതിനിധീകരിക്കുന്നു.

മറ്റു സ്ഥാനാര്‍ത്ഥികള്‍

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍:
മനോജ് ഇടമന നയാഗ്ര മലയാളി അസോസിയേഷന്‍ (കാനഡ), സതീശന്‍ നായര്‍ മിഡ്‌വെസ്റ് മലയാളി അസോസിയേഷന്‍ (ഇല്ലിനോയി), ജോര്‍ജ് പണിക്കര്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ (ഇല്ലിനോയി), കിഷോര്‍ പീറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ററല്‍ ഫ്ലോറിഡ (ഫ്ലോറിഡ), ഗ്രേസ് എം. ജോസഫ് ടാമ്പാ മലയാളി അസോസിയേഷന്‍ (ഫ്ലോറിഡ), ഗീത ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, മങ്ക (കാലിഫോര്‍ണിയ), ചാക്കോ കുര്യന്‍ ഒര്‍ലാണ്ടോ മലയാളി അസോസിയേഷന്‍ (ഫ്ലോറിഡ), ജോണ്‍സണ്‍ തങ്കച്ചന്‍ ഗ്രേറ്റര്‍ റിച്ച്മണ്ട് അസോസിയേഷന്‍ ഓഫ് മലയാളീസ് (വിര്‍ജീനിയ), സോണി അമ്പൂക്കന്‍ കേരള അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ട് (കണക്ടിക്കട്ട്), അപ്പുക്കുട്ടന്‍ പിള്ള കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ന്യൂയോര്‍ക്ക്).

നാഷണല്‍ കമ്മിറ്റി യൂത്ത് (യു.എസ്):
സ്റ്റാന്‍ലി എത്തുനിക്കല്‍ കെ.സി.എസ്.എം.ഡബ്ള്യു.(വാഷിംഗ്ടണ്‍ ഡി.സി), അഖില്‍ മോഹന്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചിക്കാഗോ (ഇല്ലിനോയി), അഭിജിത്ത് ഹരിശങ്കര്‍ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ, മാറ്റ് (ഫ്ലോറിഡ), ജെയ്സണ്‍ ദേവസ്യ കൈരളി ഓഫ് ബാള്‍ട്ടിമോര്‍ (വാഷിംഗ്ടണ്‍ .ഡി.സി.)

നാഷണല്‍ കമ്മിറ്റി യൂത്ത് (കാനഡ):
മഹേഷ് രവി ബ്രാംപ്ടണ്‍ മലയാളി സമാജം (ബ്രാംപ്ടണ്‍), രേഷ്മ സുനില്‍ ടോറോണ്ടോ മലയാളി സമാജം, ടി.എം.എസ്.(ടോറണ്ടോ)

റീജിയണല്‍ വൈസ് പ്രസിഡണ്ടുമാര്‍ :
ഷാജി വര്‍ഗീസ് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (ന്യൂജേഴ്സി), തോമസ് കൂവള്ളൂര്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് (ന്യൂയോര്‍ക്ക്), ഡോ. ബാബു സ്റ്റീഫന്‍ കെ.എ.ജി .ഡബ്ലിയു (വാഷിംഗ്ടണ്‍ ഡി.സി.), ഡോ. ജേക്കബ് ഈപ്പന്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, മങ്ക (കാലിഫോര്‍ണിയ), അലക്സാണ്ടര്‍ കൊച്ചുപുരക്കല്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ (ഇല്ലിനോയി), സോമോന്‍ സക്കറിയ ബ്രാംപ്ടന്‍ മലയാളി സമാജം (കാനഡ), രാജന്‍ പടവത്തില്‍ കൈരളി ആര്‍ട്സ് ക്ലബ് (ഫ്ലോറിഡ).

ഓഡിറ്റര്‍മാര്‍:
ഉലഹന്നാന്‍ വര്‍ഗീസ്, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ (ന്യൂയോര്‍ക്ക്), എറിക് മാത്യു, കൈരളി ഓഫ് ബാള്‍ട്ടിമോര്‍ (വാഷിംഗ്ടണ്‍ ഡി.സി.)

കഴിഞ്ഞ എട്ടു മാസങ്ങളിലധികമായി അമേരിക്കയിലെയും കാനഡായിലെയും എല്ലാ സംഘടനകളിലെയും പ്രവര്‍ത്തകരുമായും സംഘടനാ നേതാക്കന്മാരുമായും കൂടിയാലോചനകള്‍ നടത്തി എല്ലാ സംഘടനകള്‍ക്കും പരമാവധി പ്രാധിനിധ്യം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് തന്‍റെ ടീമിനെ തെരഞ്ഞെടുത്തതെന്ന് പ്രസിഡണ്ട് സ്ഥാനാര്‍ഥി ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി. എല്ലാ അര്‍ത്ഥത്തിലും കഴിവുള്ള ഒരു മികച്ച ടീമിനു നേതൃത്വം കൊടുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷം പ്രകടിപിച്ച ജോര്‍ജി ഇത്ര മികച്ച സ്ഥാനാര്‍ത്ഥികളെ സംഭാവന ചെയ്ത ഫൊക്കാനയിലെ എല്ലാ അംഗ സംഘടനകളിലെയും അംഗങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. സെപ്തംബര്‍ 9-ന് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ തന്‍റെ ടീമിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ടീമിന്‍റെ നായകനായ ജോര്‍ജി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top