Flash News

സ്വര്‍ണ്ണം മാത്രമല്ല, വിദേശത്തുനിന്ന് തോക്കുകളും കൊണ്ടുവന്നു, കെ.ടി. റമീസിന്റെ തോക്ക് ഇടപാടുകളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുന്നു

July 29, 2020 , ഹരികുമാര്‍

ദുബായില്‍ നിന്ന് നയതന്ത്ര ബാഗു വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതിയും സൂത്രധാരനുമെന്ന് എന്‍ ഐ എ പറയുന്ന കെ.ടി. റമീസ് 2019 നവംബറില്‍ ദുബായില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി തോക്കുകളും കടത്തിക്കൊണ്ടുവന്നതായി കസ്റ്റംസ്. 13 തോക്കുകളാണ് റമീസ് കൊണ്ടുവന്നത്. കസ്റ്റംസിന്റെ പിടിയില്‍ പെട്ട ഈ തോക്കുകളുടെ ഫൊറന്‍സിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് അടുത്ത ദിവസം കസ്റ്റംസിന് കൈമാറും.

തോക്കുകള്‍ അഴിച്ച് പല ഭാഗങ്ങളായാണ് റമീസ് ബാഗില്‍ കടത്തി കൊണ്ടുവന്നത്. വിമാനത്താവളത്തിലെ സ്കാനിങില്‍ ബാഗ് കുടുങ്ങിയപ്പോള്‍ 6 എയര്‍ ഗണ്ണുകള്‍ എന്നാണ് റമീസ് മൊഴി കൊടുത്തത്. പാലക്കാട് റൈഫിള്‍ ക്ലബിനുവേണ്ടി കൊണ്ടുവന്നതാണെന്നും അന്ന് കസ്റ്റംസിനെ അറിയിക്കുകയുണ്ടായി. റൈഫിള്‍ ക്ലബ് സംഭവം നിഷേധിച്ചതോടെയാണ് റമീസ് വെട്ടിലാവുന്നത്. തുടര്‍ന്ന് കസ്റ്റംസ് കേസെടുത്തു തോക്കിന്‍റെ ഭാഗങ്ങള്‍ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഫൊറന്‍സിക് ലാബില്‍ ബാലിസ്റ്റിക് വിഭാഗത്തിനു കൈമാറുകയായിരുന്നു. തോക്കിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്തു വച്ചുള്ള പരിശോധനയില്‍ 13 തോക്കുകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കസ്റ്റംസിന് കേസില്‍ അന്ന് തുടര്‍നടപടികള്‍ എടുക്കാന്‍ കഴിഞ്ഞില്ല.

യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നതിന്റെ പേരില്‍ റമീസ് പിടിയിലാകുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് റമീസിന്‍റെ രാജ്യാന്തര ബന്ധങ്ങളുടെ ഉള്ളറകള്‍ തേടാന്‍ തുടങ്ങുന്നത്. റമീസ് 2010 മുതല്‍ സ്വര്‍ണം കടത്തുകയും കേരളത്തില്‍ ഹവാലാക്കണ്ണികളെ നിയന്ത്രിക്കുകയും ചെയ്യുന്ന ആളാണെന്നും എന്‍ഐഎക്ക് ബോധ്യമായ സാഹചര്യത്തിലാണ് റമീസിന്‍റെ പഴയ തോക്കു കടത്ത് കൂടി അന്വേഷിക്കാന്‍ എന്‍ഐഎ തീരുമാനിക്കുന്നത്. അതിന്‍റെ ഫയലുകള്‍ തേടി കസ്റ്റംസിനെ സമീപിച്ചപ്പോഴാണ് ബാലിസ്റ്റിക് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന വിവരമറിയുന്നത്. തോക്ക് പിടിച്ച കേസില്‍ ബാലിസ്റ്റിക് റിപ്പോര്‍ട്ട് എട്ടു മാസക്കാലം സംസ്ഥാന ഫൊറന്‍സിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഉന്നതങ്ങളിലെ ഇടപെടലുകളാണ് റിപ്പോര്‍ട്ട് പുറത്ത് വരാന്‍ തടസ്സമായി ഉണ്ടായിരുന്നത്. എന്‍ഐഎയും ഇടപെട്ടതോടെ 8 മാസമായി തയാറാകാതിരുന്ന റിപ്പോര്‍ട്ടിനു വേഗം വെച്ചു.

റമീസ് കൊണ്ടുവന്ന 13 തോക്കുകള്‍ ആര്‍ക്കുവേണ്ടി കൊണ്ടുവന്നുവെന്ന് എന്‍ഐഎ കസ്റ്റഡിയിലുള്ള റമീസ് പറയേണ്ടിവരും. തോക്കിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള ബാലിസ്റ്റിക് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് അന്വേഷണത്തിന്‍റെ സ്വഭാവവും ഗതിയും മാറും എന്നതും ഉറപ്പായിരിക്കുകയാണ്. നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തല്‍ ഒരു വര്‍ഷത്തിന് മുന്‍പേ തുടങ്ങി എന്നാണ് കസ്റ്റംസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ഫൈസല്‍ ഫരീദ് മാത്രമല്ല നയതന്ത്ര പാഴ്സല്‍ വഴി ആദ്യം വന്ന സ്വര്‍ണം കയറ്റിയയച്ചതെന്നും ബംഗാള്‍ സ്വദേശികളായ ചിലരായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top