Flash News

സൂഫിസം (ഭാഗം 9)

July 29, 2020 , ബിന്ദു ചാന്ദിനി

ദിക്ക്ര്‍ ( Zikr ), സാമ (Sama )
ആത്മാവിനെ ഉണര്‍ത്തുന്ന ആലാപന മന്ത്രങ്ങളുള്‍പ്പെട്ട സംഗീതവും നൃത്തവുമെല്ലാം സൂഫി ആരാധനാലയത്തിലേക്കുള്ള സിയാറത്തിന്റെ ഭാഗമാണ്. ആത്മനിര്‍വൃതി ഉണര്‍ത്തുവാന്‍ കഴിവുള്ള പ്രത്യേക പരിശീലനം നേടിയ സംഗീതജ്ഞര്‍ അഥവാ ഖവാലുകളാണ് ഇവ നിര്‍വഹിച്ചിരുന്നത് . ദിക്ക്ര്‍ ( zikr ദൈവനാമം) ഉരുവിടുന്നതിലൂടെയോ, സാമ (sama ശ്രവണം) യിലൂടെ ദൈവസാന്നിധ്യം സ്മരണയിലെത്തിച്ചു കൊണ്ടോ, മിസ്റ്റിക്കല്‍ സംഗീതം ആലാപിച്ചുകൊണ്ടോ ആണ് സൂഫികള്‍ ദൈവത്തെ സ്മരിക്കുന്നത്.

ദിക്ക്ര്‍ എന്നാല്‍ ഓര്‍മപ്പെടുത്തല്‍ അല്ലെങ്കില്‍ സ്മരിക്കല്‍ എന്നും, സാമ ശ്രവിക്കല്‍ അല്ലെങ്കില്‍ കേള്‍ക്കല്‍ എന്നും അര്‍ത്ഥമാക്കുന്നു. അല്ലാഹുവിൻ്റെയോ, പ്രവാചകനായ മുഹമ്മദ് നബിയുടെയോ നാമങ്ങള്‍ അല്ലെങ്കില്‍ ഖുര്‍ആനിലെ പ്രാര്‍ത്ഥനയോ ഒരു നിശ്ചിത ആവര്‍ത്തി തസ്‌ബിഹ് (ജപമാല) ഉപയോഗിച്ച് ഒറ്റക്കോ കൂട്ടമായോ ചൊല്ലുന്നതിനെയാണ് ദിക്ക്ര്‍ എന്ന് പറയുന്നത്. ജപമാല പ്രാര്‍ത്ഥനകള്‍ മറ്റു മതങ്ങളിലും പതിവാണ്.

‘സാമ’ ചിഷ്തികളെ സംബന്ധിച്ചിടത്തോളം പൂര്‍ണതയുടെ ഒരു ഘടകമായിരുന്നു. അമീര്‍ ഖുസ്രു ‘സാമ’ ക്ക് ഒരു സവിശേഷ രൂപം നല്‍കി. ഖവാലി തുടങ്ങുന്നതിനും അവസാനിക്കുന്നതിനും മുമ്പ് ഒരു പ്രാര്‍ത്ഥനാഗീതം പാടി ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു അത്. ഖവാലി ഒരു രചനാ രീതിയെന്നതില്‍ കുടുതല്‍ ഒരു ആലാപനാ സമ്പ്രദായമായാണ് അറിയപ്പെടുന്നത്. ഖവാലിയാലാപനത്തിന് ഹാര്‍മോണിയം, ധോലക്, തബല, ഖഞ്ജരി, ബുള്‍ബുള്‍ തരംഗവും പക്കമേളവാദ്യങ്ങളായി ഉപയോഗിക്കാറുണ്ട്. ഉസ്താദ് നുസ്രത് ഫാതേഹ് അലി ഖാന്‍ തുടങ്ങിയവരുടെ പൗരാണിക രീതിയിലുള്ള സുഫി ഖവാലിയാലാപനം കേള്‍ക്കുന്നൊരാള്‍ സ്ഥലകാലങ്ങള്‍ മറന്നു നിന്നുപോയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഇന്ന് ഉപഭൂഖണ്ഡത്തിലാകമാനമുള്ള സൂഫി ആരാധനാലയങ്ങളില്‍ ഖവാലി അരങ്ങേറുന്നുണ്ട്.

ഭാഷയും ആശയവിനിമയവും
‘സാമ’ യില്‍ മാത്രമല്ല ചിഷ്തികള്‍ പ്രാദേശിക ഭാഷ ഉപയോഗിച്ചത്. ഡല്‍ഹിയില്‍ ചിഷ്തി സില്‍സിലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ ‘ഹിന്ദാവി’ ഭാഷയിലാണ് സംസാരിച്ചത്. അന്ന് അവിടുത്തെ ദേശവാസികള്‍ സംസാരിച്ച ഭാഷയായിരുന്നു അത്. ബാബാ ഫരീദിനെ പോലുള്ള കവികളും കവിതയെഴുതിയത് പ്രാദേശിക ഭാഷയിലായിരുന്നു. ഈ കവിതകളില്‍ ചിലത് സിഖ് മതഗ്രന്ഥമായ ‘ഗുരു ഗ്രന്ഥ സാഹിബി’ ല്‍ ചേർത്തിട്ടുള്ളതായി കാണാം.

മനുഷ്യസ്നേഹത്തെ വിഷയമാക്കി ‘മസ്നാവിസ്’ (Maടanavis_നീണ്ട കവിതകള്‍) രചിച്ചവരുണ്ട്. മാലിക് മുഹമ്മദ് ജയാസിയുടെ ‘പ്രേം ആഖ്യാന്‍ പത്മാവത് ‘ അത്തരത്തിലുള്ള ഒന്നാണ്. ചിത്തോറിലെ രാജാവായിരുന്ന രതന്‍സെന്നും (Ratansen) പത്മിനിയും തമ്മിലുള്ള പ്രണയമാണ് ‘പ്രേം ആഖ്യാ’ ന്റെ ഉള്ളടക്കം. അവരുടെ പരീക്ഷണങ്ങള്‍ ദൈവികതയിലേക്കുള്ള ആത്മാവിന്റെ യാത്രയുടെ പ്രതീകമായിരുന്നു. ഇത്തരം കവിതകള്‍ ‘സാമ’ യുടെ സമയത്ത് ആലപിച്ചിരുന്നു.

മദ്ധ്യകാല ഇന്ത്യയില്‍, ഡക്കാനിലെ മുസ്ലീം രാജവംശങ്ങളായ ബീജാപ്പൂര്‍, ബീറാര്‍, ബീഡാര്‍, അഹമ്മദ്നഗര്‍, ഗോല്‍ക്കണ്ട എന്നീ സുല്‍ത്താനേറ്റുകളുടെ കാലത്ത് ‘ദാഖനി’ (Dakhani ) ഭാഷ സ്വതന്ത്ര സംസാരസാഹിത്യ ഭാഷയായി വളര്‍ന്നു വികസിച്ചു. ‘ദാഖനി ‘ (Dakhani ഉറുദുവിന്റെ ഒരു വകഭേദം) ഭാഷയില്‍ രചിക്കപ്പെട്ട ഹ്രസ്വകവിതകളാണ് മറ്റൊരു ഗണത്തില്‍ പെട്ട സൂഫി കവിതകൾ. പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളില്‍ ഇവിടെ ജീവിച്ചിരുന്ന ചിഷ്തി സൂഫികള്‍ക്ക് സമര്‍പ്പിക്കുന്നവയായിരുന്നു ഈ കവിതകൾ. ധാന്യം പൊടിക്കുമ്പോഴും നൂല്‍ നൂല്‍ക്കുമ്പോഴും സ്ത്രീകള്‍ സംഘം ചേര്‍ന്ന് പാടുന്നവയായിരുന്നു ഈ കവിതകള്‍ എന്നു കരുതപ്പെടുന്നു.

ഭക്തിനിര്‍ഭരമായ ലൂറിനാമകളും (Lullabies) ഷാദിനാമകളും (Wedding Songs) സൂഫി സംഗീതത്തിന്റെ വകഭേദകളാണ്. ഈ ഭാഗങ്ങളിലെ സൂഫികള്‍ കര്‍ണാടകത്തിലേയും മറാത്തയിലേയും ഭക്തിപാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാവാം. ഡക്കാനിലെ ഗ്രാമങ്ങളില്‍ ഇസ്ലാം സ്ഥാനമുറപ്പിച്ചത് ഈ മാധ്യമം വഴിയാകാം എന്ന് കരുതപ്പെടുന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top