Flash News

മലയാളി നഴ്സ് മെറിന്‍ ജോയിയുടെ കൊലപാതകം മനുഷ്യമനഃസ്സാക്ഷിയെപ്പോലും മരവിപ്പിക്കുന്ന രീതിയില്‍

July 29, 2020 , ആന്‍സി

മനുഷ്യനായി ജനിച്ച ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് ഫ്ലോറിഡയിലെ മയാമിയില്‍ മലയാളി നഴ്സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. അതും വിവാഹ വാർഷികത്തിന് രണ്ട് ദിവസം മുമ്പ്. കൂട്ടുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ മെറിന്‍ വിടവാങ്ങുന്നത്. തന്നെ അപായപ്പെടുത്താന്‍ നെവിന്‍ എത്തുമെന്നു മെറിന്‍ ഭയപ്പെട്ടിരിക്കാം. അതുകൊണ്ടാവണം സൗത്ത് ഫ്ലോറിഡയിലെ കോറല്‍ സ്‌പ്രിംഗ്സിലുള്ള ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന മെറിന്‍ അവിടത്തെ ജോലി അവസാനിപ്പിച്ചു ടാമ്പയിലേക്ക് മാറി പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചത്.

2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിന്‍ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ ഇവര്‍ വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ പിന്നീട് ചില അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. പിന്നീടത് ദോഹോപദ്രവം ഏല്‍പ്പിക്കുന്നതില്‍ വരെ എത്തി. ‘ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല അവിടെ. അതിന്‍റെ പ്രശ്നങ്ങള്‍ ഫിലിപ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. ഭാര്യയ്ക്കു തന്നേക്കാള്‍ മികച്ച ജോലിയും സമൂഹത്തില്‍ സ്ഥാനവും ലഭിക്കുന്നത് അയാളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മെറിന്‍ പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോണ്‍സിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു.

ബ്രൊവാഡ് ആശുപത്രിയില്‍ അവരുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച. അത് ജീവിതത്തിലും അവസാന ദിവസമായി. മരിക്കുതിനു മണിക്കൂറുകള്‍ക്കു മുന്‍പ് വീട്ടിലേക്കു വിഡിയോ കോള്‍ ചെയ്തിരുന്നു. അച്ഛനമ്മമാര്‍, സഹോദരി മീര എന്നിവരുമായി സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു. കോട്ടയത്തെ വീട്ടില്‍ പിന്നീടെത്തിയത് മെറിന്റെ കൊലപാതക വാര്‍ത്തയാണ്. അതും ഭര്‍ത്താവിന്‍റെ കൈകളാല്‍. രണ്ടു വയസ്സുള്ള മകള്‍ നോറ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിന്‍ എത്തിയതെന്നാണു സൂചന. മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള, ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ്പ് മാത്യു (നെവിന്‍ 34) ഇന്നലെ കോറല്‍ സ്‌പ്രിംഗ്സിലെത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 തവണയാണ് നെവിന്‍ മെറിനെ കുത്തിയത്. മരണം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തതോടെ അറസ്റ്റ് വേഗത്തിലായി.

നിലവിളി കേട്ട് ഞങ്ങൾ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്ന് ആശുപത്രിയിലെ സഹപ്രവർത്തകരിലൊരാള്‍ കണ്ണീരോടെ പറയുന്നു. ‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചു കയറ്റിയത്. പാര്‍ക്കിംഗ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.’

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വയം കുത്തി മുറിവേല്‍പിച്ച നിലയിലായിരുന്നു.

കോട്ടയം മോനിപ്പിള്ളി മരങ്ങാട്ടില്‍ ജോയി-മേഴ്സി ദമ്പതികളുടെ മൂത്തമകളാണ് കൊല്ലപ്പെട്ട മെറിന്‍. സഹോദരി മീര നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. മെറിന്‍റെ മകള്‍ 2 വയസ്സുകാരിയെ മാറോടടുക്കിപ്പിടിച്ചുള്ള മാതാവ് മേഴ്സിയുടെ നിലിവിളി ആരേയും കണ്ണീരണിയിക്കും.

കഴിഞ്ഞ ഡിസംമ്പറില്‍ പള്ളിപ്പെരന്നാളിനാണ് മെറിന്‍ മകളെയും കൂട്ടി നാട്ടിലെത്തുന്നത്. അമേരിക്കയിലായിരുന്നു പ്രസവം. ഒന്നരവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേരക്കുട്ടിയെ കാണാന്‍ ജോയിക്കും മേഴ്സിക്കും അവസരം ലഭിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ നോറയെ മാതാപിതാക്കളെ ഏല്‍പ്പിച്ചിട്ടാണ് മെറിന്‍ തിരിച്ച് മാസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.

2016 ജൂലൈ 30ന് വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയതോടെ കുടുംബ കലഹം പതിവായിരുന്നതായി മെറിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. മെറിന്‍റെ മാതാവ് മേഴ്സി പ്രസവ ശുശ്രൂയ്ക്കായി അമേരിക്കയില്‍ എത്തിയിരുന്നു. തന്‍റെ മുമ്പില്‍ വച്ചുപോലും മെറിനെ നെവിന്‍ മര്‍ദ്ദിച്ചിരുന്നതായി മേഴ്സി പറഞ്ഞു. മെറിന്‍റെ കുടുംബാംഗങ്ങളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ അനുവാദമില്ലായിരുന്നു.

തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മെറിന്‍ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തില്‍ മൂര്‍ച്ഛിച്ചതായി അറിവില്ലായിരുവെന്ന് മെറിന്റെ പിതാവ് ജോയി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ അവസാനമായി നാട്ടില്‍ എത്തിയപ്പോള്‍ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. ചെറിയ രീതിയിലുള്ള വഴക്കുകള്‍ ഇരുവരും പറഞ്ഞു തീര്‍ക്കുമെന്നാണ് കരുതിയത്.

2019 ഡിസംബര്‍ 19നാണ് കുഞ്ഞുമായി ഇവര്‍ നാട്ടിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ ഫിലിപ്പിന്‍റെ വീട്ടില്‍ മെറിനെ നെവിന്‍ ആക്രമിച്ചതായി ജോയി പറഞ്ഞു. മെറിന്‍ ഫോണ്‍ ചെയ്ത് വിവരമറിയിച്ചതനുസരിച്ച് ജോയിയും ബന്ധുക്കളും ചങ്ങനാശ്ശേരിയിലെത്തി മെറിനേയും കുഞ്ഞിനേയും കൂട്ടി മോനിപ്പള്ളിയിലേക്ക് പോന്നു. തുടര്‍ന്ന് ഇവര്‍ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി. വൈകാതെ, നെവിനും അച്ഛനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി. അന്നും തര്‍ക്കമുണ്ടായി. ഇതും പരാതിക്കിടയാക്കി. തുടര്‍ന്ന് ബന്ധം വേര്‍പിരിയുന്നതിന് മെറിന്‍ കോടതിയെ സമീപിച്ചു. 2020 ജനുവരി 12ന് ഒന്നിച്ച് അമേരിക്കയിലേക്ക് മടങ്ങാനായിരുന്നു ടിക്കറ്റ്. കോടതിയെ സമീപിച്ചതറിഞ്ഞ നെവിന്‍ ജനുവരി ഒന്നിനു തന്നെ മടങ്ങി. മകള്‍ നോറയെ മോനിപ്പള്ളിയിലെ വീട്ടിലാക്കി മെറിന്‍ ജനുവരി 29നും മടങ്ങി.

അമേരിക്കയിലെ വീട്ടില്‍ വെച്ചും നെവിന്‍ മെറിനെ ഉപദ്രവിക്കുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും പോലീസ് എത്തുകയും ഒരു പ്രാവശ്യം നെവിനെ അറസ്റ്റു ചെയ്യുകയും ചെയ്തെന്ന് അമ്മ മെഴ്സി പറയുന്നു. മെറിന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ നെവിന്‍ കതക് തുറക്കാതെ വീട്ടിനകത്തു തന്നെ ഇരിക്കും. മെറിന്‍ പോലീസിനെ വിളിച്ച് അവരെത്തുമ്പോള്‍ നെവിന്‍ കതകു തുറന്ന് ഉറക്കത്തിലായിരുന്നു എന്നു പറയും. നോറ ജനിച്ചശേഷം ഓണ്‍ലൈനില്‍ കുട്ടിയെ കാണാന്‍പോലും മെറിന്‍റെ അച്ഛന്‍ ജോയിയെ നെവിന്‍ അനുവദിച്ചിരുന്നില്ലെന്ന് മെഴ്സി പറഞ്ഞു. മോനിപ്പള്ളിയിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതും വിലക്കിയിരുന്നുവെന്നും പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top