Flash News

കൊറോണ വൈറസ് കേരളത്തില്‍ വ്യാപിക്കുന്നത് മിന്നല്‍ വേഗത്തിലാണെന്ന് റിപ്പോര്‍ട്ട്, ജനങ്ങളുടെ നിസ്സഹകരണം സമ്പര്‍ക്ക വ്യാപനത്തിന് ആക്കം കൂട്ടുന്നു

July 30, 2020 , ഹരികുമാര്‍

സംസ്ഥാനത്തെ കൊറൊണ വൈറസ് വ്യാപനം പതിന്മടങ്ങ് വര്‍ദ്ധിക്കുന്നത് ജനങ്ങളുടെ അശ്രദ്ധയും അകലം പാലിക്കല്‍, മാസ്ക് ഉപയോഗം മുതലായവയിലുള്ള നിഷേധവുമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസങ്ങളേക്കാള്‍ വന്‍ കുതിപ്പാണ് ഈ ഈ മാസം ഉണ്ടായത്. ജനുവരി മാസത്തില്‍ മുപ്പതില്‍ ഒരാള്‍ക്ക് എന്ന കണക്കിനായിരുന്നു രോഗം വന്നതെങ്കില്‍ അത് മെയ് മാസത്തില്‍ 500 ആയി. മെയ് 27ലെ കണക്കുകള്‍ പ്രകാരം അത് ആയിരത്തിലേക്ക് കടന്നു. ജൂണ്‍ 9ന് രോഗികള്‍ 2000 ആയി. ജൂലൈ 7 ന് 5000 കവിഞ്ഞു. പിന്നീടത് കുത്തനെ ഉയരുകയായിരുന്നു. ജൂലൈ 16 ന് 10,000 രോഗികളും 28 ന് 20,000 കവിയുന്ന സ്ഥിതിയിലായി.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധയുടെ വര്‍ധനയാണ് വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമായിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും വരും ദിവസങ്ങളില്‍ ഇനിയും വൈറസ് ബാധിതര്‍ വര്‍ധിക്കുമെന്ന മുറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ആറ് മാസം പൂര്‍ത്തിയാവുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് തൃശ്ശൂരില്‍ മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്കാണ് ജനുവരി 30ന്, രാജ്യത്തെ തന്നെ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 2,3 തീയതികളിലായി വുഹാനില്‍ നിന്ന് എത്തിയ മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി പോസിറ്റീവായി. ഫെബ്രുവരി ഇരുപതോടെ മൂന്നു പേരും രോഗം ഭേദമായി ആശുപത്രി വിടുകയായിരുന്നു. ഈ ആദ്യ കേസുകള്‍ക്ക് ശേഷം ഒരു മാസക്കാലം കേരളത്തില്‍ കോവിഡ് രോഗികള്‍ ഒന്നുപോലും ഉണ്ടായില്ല. മാര്‍ച്ച് 8 ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇവരുമായി സമ്പര്‍ക്കത്തിലൂടെ മറ്റു 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 24 ആയപ്പോള്‍, കേരളത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 100 കവിഞ്ഞു. 28 ന് ആദ്യ കോവിഡ് മരണം എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് കേസുകളുടെ ഗ്രാഫ് പിന്നീടാണ് ഉയര്‍ന്നു തുടങ്ങിയത്.

മെയ് 5 ന് ആകെ കോവിഡ് കേസുകളുടെ എണ്ണം 500ല്‍ എത്തിയപ്പോള്‍ മെയ് 27 ന് അത് 1000 കടന്നു. ജൂണ്‍ 9ന് 2000 ആയി. ജൂലൈ 7 ന് 5000, 16 ന് 10,000, 28 ന് 20,000 ഉം കടന്ന് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയായിരുന്നു. 21,797 പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 11,365 പേര്‍ രോഗമുക്തി നേടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 68 പേരാണ് സംസ്ഥാനത്ത് ഇതിനകം മരണപ്പെട്ടത്.

ചികിത്സ, പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയുടെ എണ്ണം കൂട്ടി സംസ്ഥാനം വൈറസിനെതിരെ ശക്തമായ നീക്കം തന്നെയാണ് നടത്തുന്നത്. ഡിസ്ചാര്‍ജ് ചെയ്യാന്‍ തുടര്‍ച്ചയായ രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ നെഗറ്റിവ് ആകണമെന്നത്, ഒരു ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മതിയെന്ന് ചുരുക്കി. ഏറ്റവും ഒടുവില്‍ കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ നടപ്പാക്കാന്‍ പോകുന്നു.

കോവിഡ്-19ന്റെ തുടക്കത്തിലും ഇടയ്ക്കു വെച്ചും ജനങ്ങളുടെ അശ്രദ്ധയാലും സര്‍ക്കാര്‍ സം‌വിധാനത്തിന്റെ പരിമിതിയാലും വൈറസ് ബാധയുടെ വ്യാപനം കൂടിയെങ്കിലു, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ സം‌ജാതമായതോടെ പൊതുജനങ്ങള്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നില്ല. അനാവശ്യ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കി. പ്രായമായവരും കുട്ടികളും വീട്ടില്‍നിന്നും ഇറങ്ങരുതെന്ന നിര്‍ദ്ദേശം ബഹുഭൂരിപക്ഷവും പാലിക്കുന്നു. ആഘോഷങ്ങള്‍ ചെറിയ രീതിയില്‍ നടത്തണമെന്ന തിരിച്ചറിവ് ഉണ്ടായി. സ്കൂളുകള്‍, ആരാധനാലയങ്ങള്‍, സിനാമ തിയറ്ററുകള്‍ എന്നിവയെല്ലാം അടഞ്ഞ് തന്നെ കിടക്കുന്നു. കോവിഡിന് കേരളത്തില്‍ 6 മാസം പൂര്‍ത്തിയാകുമ്പോള്‍ ജനം തങ്ങളുടെ ജീവിത ശൈലി മാറ്റി. ഇനിയും എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയാണ് ഏവരിലും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top