Flash News

സൂഫിസം (Sufism) ഭാഗം 10

August 4, 2020 , ബിന്ദു ചാന്ദിനി

സൂഫികളും രാഷ്ട്രവും

ലൗകിക അധികാരത്തിൽ നിന്ന് ഒരു അകലം പാലിക്കുന്നതുൾപ്പെടെയുള്ള തപോനിഷ്ഠയായിരുന്നു ചിഷ്തി പാരമ്പര്യത്തിൻ്റെ ഒരു പ്രധാന സവിശേഷത, എന്നിരുന്നാലും ഇത് രാഷ്ട്രീയാധികാരത്തിൽ നിന്ന് പരിപൂർണമായ ഒറ്റപ്പെടലിൻ്റെ ഒരു സ്ഥിതിവിശേഷമായിരുന്നില്ല. രാഷ്ട്രീയവരേണ്യ വർഗങ്ങളിൽ നിന്നും ചോദിച്ചു വാങ്ങാത്ത സഹായധനവും സംഭാവനകളും സൂഫികൾ സ്വീകരിച്ചു. സുൽത്താന്മാരാകട്ടെ ഖാൻക്വാകൾക്ക് സ്ഥിരം സംഭാവന രൂപത്തിൽ ധർമ്മസ്ഥാപനങ്ങൾ (വഖഫുകൾ) രൂപീകരിക്കുകയും നികുതിരഹിത ഭൂമി (ഇനാം) നൽകുകയും ചെയ്തു.

മുസ്ലീം ഭരണാധികാരികളോ, സമൂഹത്തിൽ നിന്നുള്ളവരോ പൊതു ഉപയോഗത്തിനായി സംഭാവന ചെയ്തതോ, നിർമ്മിച്ചതോ ആയ സ്വത്തുക്കളുടെ നടത്തിപ്പ്, പരിപാലനം, സംരക്ഷണം, വിനിയോഗം എന്നിവയുടെ ഉത്തരവാദിത്വമുള്ള നിയമ സ്ഥാപനമാണ് വഖഫ്. മുസ്ലീം രാജാക്കന്മാർ അന്യമതസ്ഥർക്കും ഭൂമിദാനമായി നൽകിയിരുന്നു. മാത്രമല്ല ഹിന്ദു, ജൈന, ബുദ്ധ,, സിഖ്, സൊറാസ്ട്രീയൻ, ജൂത, ക്രിസ്ത്യൻ മതസ്ഥാപനങ്ങൾക്ക് പലപ്പോഴും നികുതിയിളവുകളും ധനസഹായവും അനുവദിച്ചിരുന്നു. ഇത്തരത്തിൽ അന്യമതസ്ഥരോട് സഹാനുഭൂതിയും സൗഹാർദവും പുലർത്തിയ ചക്രവർത്തിമാരിൽ മതകാര്യങ്ങളിൽ കാർക്കശ്യം പിടിക്കാത്ത അക്ബർ മാത്രമല്ല മതവിശ്വാസത്തിൻ്റെ കാര്യത്തിൽ കർക്കശ്യം പുലർത്തിയ ഔറംഗസീബും പെടും.

സൗഹാർദപരമായ ഈ നയത്തിൻ്റെ വ്യക്തമായ തെളിവുകൾ താഴെ പറയുന്നു:

സ്രോതസ്സ് 1 ഖംബാട്ടിലെ ഒരു ക്രിസ്ത്യൻ പള്ളി ( A church in Khambat)

1598 – ൽ അക്ബർ പുറപ്പെടുവിച്ച ഫർമാ (രാജകീയ ഉത്തരവ്) യിൽ നിന്നുള്ള ഒരു ഉദ്ധരണിയാണ് ഹോളി സൊസൈറ്റി ഓഫ് ജീസസ്സിൻ്റെ പാതിരികൾ കംബയത്ത് (ഗുജറാത്തിലെ ഖംബാട്ട്) നഗരത്തിൽ ഒരു പ്രാർത്ഥനാലയം (ക്രിസ്ത്യൻ പള്ളി) നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നതായി നമ്മുടെ ഉൽകൃഷ്ടവും വിശുദ്ധവുമായ ശ്രദ്ധയിൽ വന്നിരിക്കുന്നു. അതിനാൽ കംബയത്ത് നഗരത്തിലെ ഉന്നതസ്ഥാനീയർ ഒരു കാരണവശാലും അവരുടെ മാർഗത്തെ തടയരുതെന്നും അവരുടേതായ ആരാധനയിൽ ഏർപ്പെടുന്നതിനായി ഒരു ക്രിസ്ത്യൻ പള്ളി നിർമ്മിക്കാൻ അനുവദിക്കണമെന്നുള്ള ഒരു ശ്രേഷ്ഠമായ ഉത്തരവ് പുറപ്പെടുവിക്കുന്നു. ചക്രവർത്തിയുടെ കൽപന എല്ലാ വിധത്തിലും അനുസരിക്കേണ്ടത് അനിവാര്യമാണ്.

സ്രോതസ്സ് 2 ജോഗിയോടുള്ള ആദരവ് (Reverence for the Jogi)

1661- 62 ൽ ഔറംഗസീബ് ഒരു ജോഗിന് എഴുതിയ കത്തിൻ്റെ ഉദ്ധരണിയാണിത്. “ശിവ മുറാത്ത എന്ന ഉദാത്ത കേന്ദ്രത്തിൻ്റെ ഉടമസ്ഥനായ ഗുരു ആനന്ദ് നാഥ് ജിയോ! അങ്ങ് ശ്രീ ശിവ് ജിയോയുടെ സംരക്ഷണത്തിൽ എന്നും സന്തോഷത്തിൽ ഇരിക്കുക !” …. പുതക്കുന്നതിനുള്ള ഒരു തുണ്ട് തുണിയും വഴിപാടായി അയക്കുന്ന ഇരുപത്തിയഞ്ചു രൂപയും (അങ്ങയുടെ തിരുസന്നിധിയിൽ) എത്തും… അങ്ങേക്കു വേണ്ടി എന്തെങ്കിലും സേവനം ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുന്ന അവസരത്തിലൊക്കെ അങ്ങ് ഞങ്ങൾക്ക് എഴുതണമേ ……..

ചിഷ്തികൾ ദാനം പണമായും വസ്തുക്കളായും സ്വീകരിച്ചിരുന്നു. പക്ഷെ അവർ പണം കുന്നുകൂട്ടി വച്ചില്ല. മറിച്ച് പൊതുവായ ആവശ്യങ്ങൾക്കായി – ആഹാരം, വസ്ത്രം, താമസസ്ഥലങ്ങൾ, ‘സാമ ‘പോലുള്ള ആചാരപരമായ മേളകൾ – ആ പണം ചെലവാക്കി. ഇത് ഷെയ്ക്കുകളുടെ ധാർമികാധികാരം വർദ്ധിപ്പിച്ചു. അവർ നാനാതുറകളിൽനിന്നും ജനങ്ങളെ ആകർഷിച്ചു. ഷെയ്ക്കുമാരുടെ ഭക്തിയും പാണ്ഡിത്യവും അവർക്ക് അത്ഭുത സിദ്ധികളുണ്ടെന്ന ജനങ്ങളുടെ വിശ്വാസവും അവർക്ക് ജനപ്രീതി നേടിക്കൊടുത്തു. അവരുടെ സഹായം രാജാക്കന്മാർ ആഗ്രഹിച്ചതിൽ അത്ഭുതപ്പെടാനില്ല.

ഒരു രാജകീയ പാരിതോഷികം നിരസിക്കൽ

1313 ലെ ഷെയ്ഖ് നിസാമുദ്ദീൻ ഔലിയായുടെ ഖാൻക്വായിലെ നടപടിക്രമങ്ങളെ കുറിച്ചു വിവരിക്കുന്ന ഒരു സൂഫി ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണിയാണിത്.

എനിക്ക് (അമീർ ഹസ്സൻ സിജ്സി) അദ്ദേഹത്തിൻ്റെ (ഷെയ്ക്ക് നിസാമുദ്ദീൻ ഔലിയ) പാദങ്ങളിൽ ചുംബിക്കാൻ ഒരവസരം ലഭിച്ചു. ആ സമയത്ത് ഒരു പ്രാദേശിക ഭരണാധികാരി, രണ്ടു പൂന്തോട്ടങ്ങളുടേയും ധാരാളം ഭൂമിയുടേയും ഉടമസ്ഥാവകാശം നൽകിക്കൊണ്ടുള്ള പ്രമാണപത്രവുമായി ഒരാളെ ഷെയ്ക്കിനടുത്തേക്കയച്ചു. ഈ പൂന്തോട്ടങ്ങളുടെയും ഭൂമിയുടേയും മേലുള്ള അവകാശങ്ങളെല്ലാം താൻ ഒഴിഞ്ഞതായും ആ ഭരണാധികാരി പറഞ്ഞയച്ചിരുന്നു. ഈ പാരിതോഷികം ഗുരു സ്വീകരിച്ചില്ല. പകരം അദ്ദേഹം പറഞ്ഞു ‘ഈ പൂന്തോട്ടങ്ങൾ കൊണ്ടും ഭൂമി കൊണ്ടും ഞാനെന്തു ചെയ്യാനാണ് ? അത്തരം പ്രവർത്തനങ്ങളിലൊന്നും നമ്മുടെ ആത്മീയാചാര്യന്മാർ ഇതുവരെ ഇടപഴകിയിട്ടില്ല !’ എന്നിട്ടദ്ദേഹം ഒരു കഥ പറഞ്ഞു. ഒരിക്കൽ സുൽത്താൻ ഗിയാസുദ്ദീൻ ബാൽബൻ ഷെയ്ക്ക് ഫരീദുദ്ദീനെ സന്ദർശിച്ചു. നാലു ഗ്രാമങ്ങളുടെ ഉടമസ്ഥാവകാശവും കുറെ പണവും അദ്ദേഹം ഷെയ്ക്കിനു നൽകാൻ സന്നദ്ധനായി. പണം സൂഫികളുടെ ആവശ്യത്തിനുപയോഗിക്കാനാണെന്നും ഭൂമി ഷെയ്ക്കിനു സ്വന്തമാണെന്നും സുൽത്താൻ അറിയിച്ചു. ചിരിച്ചുകൊണ്ടു ഷെയ്ക്ക് ഫരീദുദ്ദീൻ പറഞ്ഞു ‘പണം സൂഫികൾക്കു വേണ്ടി ഞാൻ സ്വീകരിക്കാം. ഭൂമി താങ്കളുടെ കയ്യിൽതന്നെ ഇരിക്കട്ടെ. അതാഗ്രഹിക്കുന്ന പലരുമുണ്ട്. അവർക്കാർക്കെങ്കിലും നൽകുക.’

തുർക്കികൾ ഡൽഹിസുൽത്താനേറ്റ് സ്ഥാപിച്ചപ്പോൾ ‘ഷരിയ’ രാഷ്ട്രനിയമമാക്കണമെന്നുള്ള ‘ഉലമ’ മാരുടെ നിർദ്ദേശത്തെ അനുകൂലിച്ചില്ല. കാരണം അവർ ആധിപത്യം നേടിയ നാട്ടിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നില്ല. സ്വാഭാവികമായും അവരിൽ നിന്നെതിർപ്പുണ്ടാവുമെന്ന് സുൽത്താന്മാർ കരുതി. ഒരു രക്ഷാമാർഗമായി അവർ കണ്ടത് സൂഫികളെയാണ്. സൂഫികൾ ഷരിയാ നിയമങ്ങളെ ഇന്ത്യൻ സന്ദർഭങ്ങൾക്കു അനുയോജ്യമായ രീതിയിൽ വ്യാഖ്യാനിച്ചു. അതുകൊണ്ടുതന്നെ ഷരിയത്തിനെ വ്യാഖ്യാനിക്കുന്നതിന് മറ്റു നിയമജ്ഞരെ ആശ്രയിച്ചില്ല.

രാജാക്കന്മാർക്ക് സൂഫികളുമായുള്ള തങ്ങളുടെ അടുപ്പത്തെ വെളിവാക്കുക മാത്രമായിരുന്നില്ല അവശ്യം. അവർക്ക് അതിനു നിയമസാധുതയും വേണമായിരുന്നു. ഒരു ഉദാഹരണം പറയാം.

ഏഷ്യയിലെ മുസ്ലീം രാജാക്കന്മാരിൽ പലരും ചിത്രകലയെ പ്രോത്സാഹിപ്പിച്ചവരും ചിത്രകാരന്മാരെ അതിനായി നിയോഗിച്ചവരും ആയിരുന്നു. ഇറാനിലെ ‘സഫാവിദ്’ രാജാക്കന്മാർ ഇതിനൊരുദാഹരണമായിരുന്നു. ഇറാനിൽ നിന്നും മറ്റു പല ഭാഗങ്ങളിൽ നിന്നും ധാരാളം കലാകാരന്മാർ മുഗൾ കോർട്ടിൽ എത്തിയിരുന്നു. രാജാവിൻ്റേയും അദ്ദേഹത്തിൻ്റെ കൊട്ടാരത്തിൻ്റേയും ജനങ്ങളുടേയും ചിത്രങ്ങൾ, രാജാവും ഇസ്ലാമിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ പ്രതിനിധികളും (ഉലാമ ) തമ്മിൽ നിരന്തരം സംഘർഷങ്ങൾക്കിടയാക്കി. മനുഷ്യരുടെ ചിത്രീകരണം ഇസ്ലാമിക നിയമങ്ങൾക്കെതിരാണ് എന്ന് യാഥാസ്ഥിതികർ വാദിച്ചു. ‘സൃഷ്ടി ‘ ദൈവത്തിൻ്റെ മാത്രം കർമാണെന്നും അതു മറ്റൊരാൾ ഏറ്റെടുക്കുന്നത് നിഷിദ്ധമാണ് എന്നും ആയിരുന്നു അവരുടെ വാദം. സൂഫികളുടെ നയപരമായ ഇടപ്പെടലുകൊണ്ട് ഈ എതിപ്പ് ക്രമേണ കെട്ടടങ്ങി. അക്ബർ ഇങ്ങനെ പറഞ്ഞതായി അബുൾ ഫാസൽ സാക്ഷ്യപ്പെടുത്തുന്നു.

“ചിത്രകലയെ വെറുക്കുന്ന പലരുമുണ്ട്. എന്നാൽ ഞാൻ അവരെ വെറുക്കുന്നു. ദൈവസാക്ഷാത്കാരത്തിന് കലാകാരന്മാർക്ക് ഒരു പ്രത്യേക വഴിയുണ്ടെന്ന് ഞാൻ കരുതുന്നു.”

മുഗൾ ചിത്രങ്ങൾ വലുപ്പത്തിൽ ചെറുതായിരുന്നു. അതിനാൽ അവയെ “മിനിയേച്ചർ പെയിൻ്റിംഗുകൾ” എന്ന് വിളിക്കുന്നു. ഇന്ത്യൻ, പേർഷ്യ, ഇസ്ലാമിക ശൈലിയുടെ സവിശേഷമായ ഒരു മിശ്രിതമായിരുന്നു മുഗൾ പെയിൻ്റിംഗുകൾ. ചുരുക്കത്തിൽ മുഗൾ ചിത്രകല പ്രബുദ്ധമായ ഒരു കാലഘട്ടത്തിൻ്റെ യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനം മാത്രമല്ല, കൂടാതെ തങ്ങളെ കുറിച്ചും തങ്ങളുടെ ഭരണകാലത്തെ കുറിച്ചും വിലയിരുത്തുന്നതിനായി ഭാവി തലമുറകൾക്കുവേണ്ടി അവ ഉണ്ടാവണമെന്നും മുഗൾ രാജാക്കന്മാർക്ക് ആഗ്രമുണ്ടായിരുന്നു.

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top