Flash News

പൊതുനന്മയ്ക്കായി നിലകൊണ്ടതിന്റെ സംതൃപ്തിയിൽ പ്രവീൺ തോമസ് പടിയിറങ്ങുന്നു

August 2, 2020 , ഫ്രാന്‍സിസ് തടത്തില്‍

ഷിക്കാഗോ: ഫൊക്കാനയുടെ രണ്ടു വർഷത്തെ സാമൂഹിക സേവനപ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു സംഘടനയുടെ പൊതുനന്മയ്ക്കായി നിലയുറപ്പിക്കാനായതിന്റെ അഭിമാനത്തിൽ ജോയിന്റ് ട്രഷറർ പ്രവീൺ തോമസ്. വ്യക്തിഗതമായ അഭിപ്രായ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ സംഘടനയുടെലക്ഷ്യങ്ങൾക്കായി നിലകൊള്ളാനായതിന്റെ സംതൃപ്തിയിലുമാണ്പടിയിറങ്ങുന്നത്.

രണ്ടുവർഷം മുന്പ് സ്ഥാനമേറ്റതിനുപിന്നാലെ അയിരൂരിലെ ഹയർ സെക്കൻഡറിസ്കൂളിൽ കുട്ടികൾക്കായി നടത്തിയ പ്രഥമശുശ്രുഷാ അവബോധന ക്യാംപിൽപങ്കെടുത്തും ഫസ്റ്റ് എയ്ഡ് ബോക്സുകൾ എത്തിച്ചുമായിരുന്നു തുടക്കം. ഭവനപദ്ധതിക്കും കേരള കൺവൻഷനും പുറമെ നാട്ടിൽ പ്രളയമുണ്ടായപ്പോഴും കോവിഡ് കാലത്തുമെല്ലാം സഘടനയുടെ സന്നദ്ധ സംരംഭങ്ങളിൽ സജീവമായി.

എട്ട് വർഷം മുന്‍പാണ് ഫൊക്കാനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രതിനിധിയാണ്. പ്രാദേശികമായി മികച്ചരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ രണ്ടു വർഷം മുന്‍പാണ് ഫൊക്കാനദേശീയനിരയിലേക്ക് എത്തിയത്. വോളിബോൾ താരം കൂടിയായ പ്രവീൺ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയാണ്. വടക്കൻ അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലുള്ള മല്ലപ്പള്ളിക്കാരുടെ നിരയിലേക്ക് എത്തിയവരിൽ പുതു തലമുറയുടെ പ്രതിനിധിയാണ് പ്രവീൺ.

ഫൊക്കാനായുടെ നേതൃത്വത്തിൽ സജീവമായതിലൂടെ നല്ല സുഹൃദ്ബന്ധങ്ങൾ നേടാനായതിന്റെ സന്തോഷത്തിലുമാണ് പ്രവീൺ. സ്ഥാനമാനങ്ങൾക്ക് അതീതമായ, സംഘടനയുടെ നന്മയ്ക്കായി പ്രവർത്തിച്ചവരെ തുടർന്നും പിന്തുണയ്ക്കുമെന്നും പ്രവീൺ തോമസ് വ്യക്തമാക്കി. കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷറർ സജിമോൻ ആന്റണിയുമായി ചേർന്ന് ഒട്ടേറെ നല്ല പ്രവർത്തങ്ങൾ കാഴ്ച വെയ്ക്കാൻ കഴിഞ്ഞു. ഏതാനും ചിലരുമായി അവസാന കാലഘട്ടത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നുള്ളത് നേരാണ്. അതിൽ തനിക്ക് ഏറെ ദുഃഖം ഉണ്ട്.

കാലാവധി കഴിഞ്ഞാൽ അധികാരത്തിൽ തുടരാനുള്ള നിർബന്ധബുദ്ധി ശരിയല്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്. അതുകൊണ്ട് കാലാവധി കഴിഞ്ഞ അന്ന് മുതൽ താൻ സ്ഥാനമൊഴിയുമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്. അതുകൊണ്ട് മാത്രമാണ് അധികാരത്തിൽ കടിച്ചുതൂങ്ങാൻ മാധവൻ നായർക്കൊപ്പം നിലകൊള്ളാതിരുന്നത്.അതുവരെ അദ്ദേഹത്തിനൊപ്പം സജീവമായിരുന്നുവെങ്കിലും അവസാന കാലത്ത് അദ്ദേഹത്തെ തള്ളിപ്പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും മുണ്ടെന്നും പ്രവീൺ പറഞ്ഞു. അദ്ദേഹവും മറ്റു ഭാരവാഹികളും എന്നോടൊപ്പം സ്ഥാനമൊഴിഞ്ഞുകൊടുക്കാൻ തയാറായിരുന്നുവെങ്കിൽ മാധവൻ നായരുടെ നേതൃത്തിലുള്ള കഴിഞ്ഞ കമ്മിറ്റിയുടെ പേര് ഫൊക്കാനയുടെ ചരിതത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തുമായിരുന്നു.

പുതുതായി സ്ഥാനം ഏറ്റെടുത്ത പ്രസിഡണ്ട് ജോർജി വർഗീസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രവീൺ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top