Flash News

മെറിന്‍ ജോയ് അനുസ്മരണ സര്‍വ്വമത പ്രാര്‍ത്ഥന ഫ്‌ളോറിഡയില്‍

August 2, 2020

ഫ്‌ളോറിഡ: ഇന്ത്യന്‍ നഴ്‌സുമാരുടെ മാതൃസംഘടനയായ നൈനയുടേയും, മെറിന്‍ ജോയ് ജോലി ചെയ്തിരുന്ന ബ്രോവാര്‍ഡ് ആശുപത്രിയടങ്ങുന്ന ഫ്‌ളോറിഡയിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വികാരനിര്‍ഭരമായ സര്‍വമത പ്രാര്‍ത്ഥനയില്‍ ഫേസ്ബുക്ക് ലൈവ് വഴിയും, സൂം വഴിയും ആയിരങ്ങള്‍ പങ്കെടുത്തു.

മെറിന്‍ അതിദാരുണമായി വധിക്കപ്പെട്ട കോറല്‍ സ്പ്രിംഗ്‌സ് ആശുപത്രി മെമ്മോറിയല്‍ സൈറ്റില്‍ നടന്ന പൂഷ്പാര്‍പ്പണത്തിനു ശേഷം സൂം വഴി ആരംഭിച്ച പ്രാര്‍ത്ഥനയ്ക്ക് പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് നേതൃത്വം നല്‍കി. ലോകമെമ്പാടും ഈവര്‍ഷത്തെ നഴ്‌സുമാരുടെ വര്‍ഷമായി ആദരിക്കുമ്പോള്‍ ഇവരുടെ സ്വന്തം മാലാഖയായ മെറിന്‍ ജോയിക്ക് യൂണിഫോമില്‍ നില്‍ക്കുമ്പോള്‍ തന്നെ നേരിട്ട ദുരന്തത്തിലുള്ള അമര്‍ഷവും സങ്കടവും അലതല്ലിയ ആമുഖ പ്രസംഗത്തില്‍ പരേതയുടെ നാമത്തിലുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമിയില്‍ നിന്നു ഒന്നാം റാങ്കോടെ പാസായി അമേരിക്കയിലേക്ക് കുടിയേറിയ മെറിന്‍ ഉപരിപഠനത്തിനുള്ള ആഗ്രഹം തന്റെ കൂട്ടുകാരുമായി പങ്കുവെച്ചിരുന്നു. ഈ മെറിന്‍ ജോയ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിലൂടെ കേരളത്തില്‍ നിന്നുള്ള മാലാഖമാരെ നഴ്‌സിംഗ് ഉപരിപഠനത്തിനായി സ്‌പോണ്‍സര്‍ ചെയ്ത് മെറിന്റെ നടക്കാതെപോയ സ്വപ്നം നിറവേറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡോ. ബോബി വര്‍ഗീസ് പ്രസ്താവിച്ചു.

നൈനയുടെ പ്രസിഡന്റ് ഡോ. ആഗ്‌നസ് തേരാടിയുടെ അധ്യക്ഷ പ്രസംഗത്തില്‍ അമേരിക്കയിലുടനീളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്കുവേണ്ടി സോഷ്യല്‍ സര്‍വീസ് കേന്ദ്രങ്ങള്‍ ഉടനടി ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി അറിയിച്ചു. ഇതുപോലുള്ള നിഷ്ടൂരമായ സംഭവങ്ങള്‍ ഉരിക്കലും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള കര്‍മ്മപദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി ബ്രോവാര്‍ഡ് കൗണ്ടിയിലെ പെംബ്രോക്ക് പൈന്‍സ് വൈസ് മേയര്‍ ഐറിസ് സൈപ്പിള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. നഴ്‌സും ഗായികയുമായ വാണി സുധീഷ് “ശിവോഹം ശിവോഹം’ എന്നാരംഭിക്കുന്ന ശങ്കരാചാര്യ മന്ത്ര പ്രാര്‍ത്ഥനയാല്‍ തുടര്‍ന്ന സമാധാനയജ്ഞത്തില്‍ സര്‍വ്വ മതങ്ങളില്‍ നിന്നുമുള്ള പുരോഹിതര്‍ ആശ്വാസവചനങ്ങളും പ്രാര്‍ത്ഥനയുമായി പങ്കെടുത്തു. റ്റാമ്പാ ശ്രീ അയ്യപ്പ ടെമ്പിള്‍ മുഖ്യ കാര്‍മികന്‍ രാധാകൃഷ്ണന്‍, സൗത്ത് ഫ്‌ളോറിഡയിലെ ഇസ്ലാമിക് സെന്റര്‍ ഇമാം ഹാസന്‍ സദ്രി, ക്‌നാനായ കത്തോലിക്കാ ഫൊറോന വികാരി ഫാ. ജോസഫ് മാത്യു ആദോപ്പള്ളില്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സഭാ വികാരി റവ. ജോര്‍ജ് ജോണ്‍, മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡ വികാരി റവ. ഷിബി ഏബ്രഹാം, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പോംബെനോ ബീച്ച് സഭയിലെ റവ. ഫിലിപ്പോസ് സ്കറിയ, മാര്‍ഗേയറ്റ് സെന്റ് ലൂക്ക് മാര്‍ത്തോമാ വികാരി റവ. ഡേവിഡ് ചെറിയാന്‍, പെന്തക്കുസ്ത് സിയോണ്‍ അംസംബ്ലി സഭ മുഖ്യ കാര്‍മികന്‍ പാസ്റ്റര്‍ സാം പണിക്കര്‍, സെന്റ് ജോണ്‍സ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ റവ ഷിബു റെജിനോള്‍ഡ് പനച്ചിക്കല്‍, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വികാരി റവ. എല്‍ദോ ഏലിയാസ് എന്നിവര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കോവിഡ് 19 പ്രോട്ടോകോള്‍ നിലവിലുള്ളതുകൊണ്ട് ഓഗസ്റ്റ് മൂന്നാം തീയതി തിങ്കളാഴ്ച ഫ്‌ളോറിഡ ഡേവിയിലെ സ്കാരാനോ ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന വ്യൂവിംഗിനായി വിപുലമായ സജ്ജീകരണങ്ങള്‍ ചെയ്തതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു. ഫൊക്കാനയെ പ്രതിനിധീകരിച്ച് നവ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഫോമാ പ്രതിനിധികള്‍, വിവിധ സംസ്ഥാന നഴ്‌സിംഗ് സംഘടനാ ഭാരവാഹികള്‍, ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള സമാജം, നവകേരള, കൈരളി അസോസിയേഷന്‍ അംഗങ്ങള്‍, അമേരിക്കയിലെമ്പാടുമുള്ള വിവിധ സമൂഹിക സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ മെറിന്റെ ആത്മാവിനായി നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top