ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം റവ.ഫാ. ദാനിയേല്‍ ജോര്‍ജിനെ അനുസ്മരിച്ചു

ചിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരിയും, ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നെടുംതൂണുമായി പ്രവര്‍ത്തിച്ചിരുന്ന റവ.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ എക്യൂമെനിക്കല്‍ സമൂഹം പ്രാര്‍ത്ഥനയും അനുശോചനവും രേഖപ്പെടുത്തി.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ഹാം ജോസഫിന്റെ അധ്യക്ഷതയില്‍ ജൂലൈ 27-നു കൂടിയ വെര്‍ച്വല്‍ മീറ്റിംഗില്‍ ചിക്കാഗോയിലെ 16 ഇടവകകളില്‍ നിന്നുള്ള വൈദീകരും, കൊണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

37 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിലൂടെ എക്യൂമെനിക്കല്‍ സമൂഹത്തിനും, പൊതുവായ ജീവിതധാരയിലും മങ്ങാത്ത പൊന്‍പ്രഭ ചൊരിഞ്ഞ ദാനിയേല്‍ ജോര്‍ജ് അച്ചനെ ചിക്കാഗോയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന നേതൃത്വം നല്കിയിട്ടുള്ള അച്ചന്റെ എക്യൂമെനിക്കല്‍ ദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു.

സുശക്തമായ നേതൃപാടവം, സുവ്യക്തമായ നിലപാടുകള്‍, ജീവിതലാളിത്യം, സ്‌നേഹസമ്പന്നമായ പെരുമാറ്റം, ആഴമേറിയ ദര്‍ശനങ്ങള്‍ എന്നിവ അച്ചന്റെ മുഖമുദ്രയായിരുന്നു. അച്ചന്റെ ദേഹവിയോഗം എക്യൂമെനിക്കല്‍ സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.

ജേക്കബ് ജോര്‍ജിന്റെ (ഷാജി) പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ മാത്യു മാപ്ലേട്ട്, ഷീബാ ഷാബു മാത്യു എന്നിവര്‍ വേദപുസ്തക വായന നടത്തി. തുടര്‍ന്ന് റവ.ഡോ. മാത്യു പി ഇടിക്കുളയുടെ പ്രാര്‍ത്ഥനയ്ക്കുശേഷം എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ. ബാനു സാമുവേല്‍ ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു.

കൗണ്‍സില്‍ പ്രസിഡന്റ് റവ. ഹാം ജോസഫിന്റെ അധ്യക്ഷ പ്രസംഗത്തില്‍ പകരംവെയ്ക്കാന്‍ കഴിയാത്ത അച്ചന്റെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു. തുടര്‍ന്ന് റവ. ഷിബി വര്‍ഗീസ് (ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്), റവ. സുനീത് മാത്യു (സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, ലെംബാര്‍ഡ്), ഫാ. തോമസ് മുളവനാല്‍ (ക്‌നാനായ കത്തോലിക്കാ ചര്‍ച്ച്), റവ.ഡോ. ലോറന്‍സ് ജോണ്‍സണ്‍ (സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ചിക്കാഗോ), റവ.ഫാ. രാജു ദാനിയേല്‍ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മസ്റ്റ്), റവ. ഷിബു റെജിനോള്‍ഡ് (സി.എസ്.ഐ ചര്‍ച്ച്), റവ.ഫാ. എബി ചാക്കോ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോസ് കത്തീഡ്രല്‍ ബെല്‍വുഡ്), ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷെവലിയാര്‍ ജയ്‌മോന്‍ സ്കറിയ, ഡോ. മാത്യു സാധു, ബഞ്ചമിന്‍ തോമസ്, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോര്‍ജ് പണിക്കര്‍, സാം തോമസ് തെക്കനാല്‍, മാത്യു വി. മത്തായി (തമ്പി), ഏബ്രഹാം വര്‍ഗീസ് (ഷിബു), ഏലിയാമ്മ പുന്നൂസ് എന്നിവര്‍ ദാനിയേല്‍ ജോര്‍ജ് അച്ചനെ അനുസ്മരിച്ച് സംസാരിച്ചു.

ദാനിയേല്‍ ജോര്‍ജ് അച്ചന്റെ പുത്രന്‍ ഗ്രിഗറി ദാനിയേല്‍ എവരോടും നന്ദി അറിയിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ആന്റോ കവലയ്ക്കല്‍ മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി അറിയിച്ചു. റവ. ബാനു സാമുവേലിന്റെ സമാപന പ്രാര്‍ത്ഥനയോടെ അനുസ്മരണ യോഗം സമാപിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment