Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ… 1

August 3, 2020 , ഹണി സുധീര്‍

രാവിലെ ഉണരാൻ മടിച്ചു കിടന്നനേരത്തു ജനലരികിലെ മാവിൻ കൊമ്പത്തു നിന്നും കിളികളുടെ കളകളം, കൂട്ടത്തിൽ മാവിലയിൽ മഴ തുള്ളി ഇറ്റിറ്റു വീഴുന്ന ഇലത്താളവും….

ഇത്ര നേരത്തെ ഈ മഴയത്തു മിണ്ടാതിരുന്നൂടെ ഇവറ്റകളൾക്ക്. എന്നും മനസ്സിൽ പറഞ്ഞു പുതപ്പു തലവഴി മൂടി വീണ്ടും തിരിഞ്ഞു കിടന്നു.

ഉറക്കം പക്ഷെ അരികത്തൂടി വന്നില്ലാന്നു മാത്രം അല്ല, മനസ് മുഴുവൻ ആ പക്ഷികളെ ചുറ്റിപറ്റി ആയി.

കുറച്ചു നേരം കൂടി പക്ഷി കൂട്ടിൽ നിന്നു മനസ് പിന്നെ അവിടുന്നും പിന്നിലേക്ക്.

പുകമറക്കപ്പുറത്തു നിന്നും ഓർമകൾ കൈനീട്ടി വിളിക്കുന്നുണ്ടായിരുന്നു.

ഒരു കനത്ത മഴക്കാലത്താണ്

മഴകൊണ്ട് ചളി തെറിച്ച യൂണിഫോം തെറുത്തു പിടിച്ചു കൊണ്ട് ബാഗും കുടയും കൂട്ടി പിടിച്ചു ഉമ്മറ കോലായിലെക്ക് കയറി വന്നപ്പോൾ അമ്മമ്മ ഇരിക്കുന്നുണ്ടായിരുന്നു…

” അങ്ങനെ അങ്ങ് കുളിച്ചോ. ബാക്കി ഇനി എവിടേം നനയാൻ ഇല്ല”

അമ്മമ്മയുടെ അശരീരി കേട്ടു.

ബെഞ്ചിൽ ബാഗ് വച്ചു കുട വരാന്തയുടെ ഒരറ്റത്ത് വച്ചു. കിഴക്കേ പടിയിലൂടെ പിൻ വശത്തേക്കു നടന്നു. കുളിച്ചു മാറാൻ ഉള്ളത് അമ്മ ജനൽ അഴികളുടെ ഇടയിൽ എടുത്തു വച്ചിരുന്നു.

കുളി കഴിഞ്ഞു ഉടുപ്പ് മാറ്റി ഓടി അടുക്കളയിൽ അടുപ്പിന്റെ അടുത്ത് പോയി കൈ രണ്ടും ചൂടാക്കി മുഖത്തു വച്ചു നിക്കുമ്പോഴേക്കും അമ്മ ചായ ഉണ്ടാക്കി വച്ചിരുന്നു.

നാളെ കർക്കടകം തൊടങ്ങും ശീപോതികു വെക്കണം… “ഞ്യാ പലക ഒന്ന് പാറോത്തിന്റെ ഇല വച്ചു ഒന്നോരച്ചു കഴുകി വെക്ക് ”

അടുക്കളപുറത്തു ചൂടുള്ള കട്ടൻ ഊതി കുടിച്ചു നിന്ന ഞാൻ പലകകൾ എല്ലാം തന്നെ എടുത്തു ഇറയത്തു ഇട്ടു വച്ചു കുടയെടുത്തു ഇല പറക്കാൻ പോയി.

മലബാറിൽ കണ്ടിരുന്ന നല്ല ഒരം ഉള്ള ഇലകൾ ഉള്ള ഒരു മരമാണ് പാറോത്തെന്ന് പറയുന്നത്. മഴയിൽ കുതിർന്നു കിടക്കുന്ന പലകകൾ എടുത്തു ഇലവച്ചു നന്നായി ഉരച്ചു കഴുകി.മരപ്പലക പോളിഷ് ചെയ്ത പോലെ മിനുങ്ങി വന്നു. കൂട്ടത്തിൽ തൂക്കുവിളക്കും പുളിഇട്ടു കഴുകി ഉമി ഇട്ടു തൊടച്ചും വച്ചു…

എന്നാൽ ആ കിണ്ടിയും കൂടി അങ്ങ് കഴുകി തുടച്ചുടായിരുന്നോ. അമ്മമ്മ പിനേം ഓരോന്ന് തന്നോണ്ടിരുന്നു.

മഴ ഒന്ന് ചോർന്നപ്പോൾ ഉമ്മറപടിയിൽ വന്നിരുന്നു.. തൂക്കു വിളക്കിന്റെ വെളിച്ചം മാത്രം.. ഇടക്ക് വീശിയടിക്കുന്ന കൊടും കാറ്റിൽ… വിളക്കിലെ തിരികൾ കെട്ടടഞ്ഞു. ഇരുട്ട്….

അങ്ങിങ്ങായി വീടുകളിൽ നിന്നും ഉയർന്നു പൊങ്ങുന്ന പുക മാത്രം.നിർത്താതെ പെയ്യാൻ തുടങ്ങിട്ടു കുറെ ദിവസായി… ഇനി കർക്കടകത്തിലെ കഥ പറയേം വേണ്ട…

നേരം ഇരുട്ടി വെളുത്തത് അറിഞ്ഞില്ല.. പല്ലുതേച്ചു തൂക്കെടുത്തു പോയി പാൽ വാങ്ങി വന്നു. മുറ്റം അടിച്ചിട്ടെത്ര നാളായി. അതേങ്ങനെയാ കുളം പോലെ നിൽക്കുന്നുണ്ട്.

ഇന്നലത്തെ കടലാസ് തോണികൾ അങ്ങിങ്ങായി ചെടികൾകിടയിൽ കുടുങ്ങി നില്കുന്നുണ്ടായിരുന്നു. വഴുക്കി വീണാലോ. പാദം മൂടുന്ന മുറ്റത്തു കൂടി നടന്നു നടന്നു കാൽ വിരലിന്റെ ഇടയിലൊക്കെ അഴുകി വന്നിരുന്നു. ഉറവ് വെള്ളം കിഴക്കേ മതിലിൽ നിന്നും നേരെ മുറ്റത്തേക്കു വീഴുന്നത് കൊണ്ട് മഴ ചോർന്നാലും മുറ്റത്തു വെള്ളം ണ്ടാകും.

കുളി കഴിഞ്ഞു വന്നപ്പോഴേക്കും അമ്മമ്മ ശീപോതിക് വച്ചിരുന്നു പലകയിൽ ഭസ്മം തൊട്ടു തുളസിയിലയും തെച്ചിപ്പൂവും കിണ്ടിയിൽ വെള്ളവും….. കർക്കടകം ഒന്ന് മുതൽ തീരുന്ന വരെ ശീപോതി മുടക്കം വരുത്തില്ല…

അന്ന് വൈകീട്ടു തന്നെ ആയിരുന്നു കല്യനു കൊടുക്കുന്ന ചടങ്ങും…. ആർത്തലച്ചു പെയ്യുന്ന മഴ കാണുമ്പോൾ പറയും കല്യന്റെ വരവാണ്.

കുട്ടികാലത്ത് കല്യൻ എന്ന സങ്കൽപം അതി ഭീകരനായ ഒരു പുരുഷരൂപം ആയിരുന്നു.

ത്രിസന്ധ്യക്കു പടിഞ്ഞാറെ മൂലയിൽ ഉള്ള തെങ്ങിൻ തറയിൽ ആയിരുന്നു അന്ന് കല്യന് കൊടുത്തിരുന്നത് പ്ലാവില കൊണ്ട് മൂരിയെ ഉണ്ടാക്കി വക്കും. വെളിയിലയിൽ (ചേമ്പില )ചോറും കറിയും ചക്ക മാങ്ങാ തുടങ്ങി ഇത്യാദി വകകൾ വിളമ്പി വച്ചു വീട്ടിൽ നിന്നും തിരികത്തിച്ചു കൊണ്ട് വക്കും..

കുട്ടികളായ ഞങ്ങൾ വീടിനു ചുറ്റും മൂന്ന് തവണ പ്രദക്ഷിണം നടത്തും. കൂട്ടത്തിൽ ഒരു പാട്ടും

“കല്യ കല്യാ മാണിക്യ കല്യാ ചക്കേം മാങ്ങയും അരിയും നെല്ലും മൂരിയും പശുവും കൊണ്ട്തായോ കല്യാ കല്യാ”…

ഈ വക ആചാരങ്ങൾ ഇന്നോർക്കുമ്പോൾ എന്ത് അർഥം എന്നു വിചാരിക്കും…

കാർഷിക ആഘോഷങ്ങളുടെ ഒരു ഭാഗം തന്നെയായിരുന്നു അതും സമ്പൽസമൃദ്ധി ആയിരുന്നു ഉദ്ദേശശുദ്ധി…
ഒരുപാട് വർഷങ്ങൾ കല്യനെ കാത്തു നിന്നിരുന്നു. കാണാൻ കിട്ടീല… പെരും മഴ മാത്രം കണ്ടടങ്ങി ആ പൂതി. പിന്നീട് ബോധ്യം ആയി അതൊരു സങ്കല്പം ആയിരുന്നു എന്ന്.

കള്ള കർക്കിടകം എന്നോ പഞ്ഞ കർക്കിടകം എന്നൊക്കെ പഴമക്കാർ പറയുന്നത് എത്ര ശരിയയായിരുന്നു.

തോടും വയലുകളും നിറഞ്ഞു കവിഞ്ഞു നിൽകുമ്പോൾ പാടത്തും വരമ്പത്തും പണിയെടുക്കുന്നവർ വീട്ടിൽ അടുപ്പ്‌ കൂട്ടി തീകാഞ്ഞിരുന്നു.. പണിയില്ല.

ഉള്ളത് കൊണ്ട് കൂട്ടി കഴിയണം… കഞ്ഞിയും പയറും . ഇലക്കറികൾക് ഉള്ള വക പറമ്പിൽ നിന്നും കിട്ടും. ഒന്നും ചെലവാകി വാങ്ങില്ല. ഇനി ഓണം വരെ ഇങ്ങനെ ഒഴുക്കൻ പോക്ക്.

കരുതി വെക്കൽ ആയിരുന്നു അന്നത്തെ കർക്കിടകാഴ്ചകളിൽ മറ്റൊന്ന്. മഴ കൂടി പുറത്തു ഇറങ്ങാൻ പറ്റാതായാലും ധാന്യങ്ങൾക്കും മറ്റു വകകളും സൂക്ഷിച്ചു വച്ചിട്ടുണ്ടാകും.. കൂട്ടത്തിൽ ഉള്ളവർക്കു അല്പാൽപം കൊടുത്തു സഹായിക്കാനും.

ആയുർവേദവിധി പ്രകാരം സുഖചികിത്സക്കുള്ള കാലം കൂടി ആയിരുന്നു…സൂപ്പ് കുടിക്കാനും ഉഴിച്ചിൽ നടത്താനും വിധി പ്രകാരമുള്ള മറ്റു ചികിത്സകൾക്കും കർക്കടകം പ്രധാനം.

നിറഞ്ഞ പാടവരമ്പത്തു കൂടി തെന്നുന്ന വഴുക്കിൽ പാവാട പൊക്കി പിടിച്ചു കുട ചൂടി പോയി തൊഴുതലെ ദേവൻ കനിയുള്ളുച്ച പോയി തൊഴ്യ്ന്നെ….

പടിക്കെട്ടുകൾ കയറി ചെല്ലുമ്പോഴെ തെളിഞ്ഞു കാണും ശിവന്റെ പിൻവിളക്കിന്റെ പ്രകാശം.

കൂട്ടത്തിൽ നാൾപടി കിട്ടുന്ന ഗണപതിഹോമത്തിന്റെ രുചിയും.

കർക്കടകത്തിൽ കിട്ടുന്ന പത്തുവെയിൽ പ്രസിദ്ധമായിരുന്നു. ആന തോൽ ഉണക്കാൻ പറ്റുന്ന വെയിൽ എന്നു അമ്മമ്മ പറയും.

ഒരു ഇടവേള പോലെ പ്രകൃതി തന്നെ മനുഷ്യർക്കു കൊടുക്കുന്ന ദാനം.

ഇന്ന് പക്ഷെ കുറഞ്ഞ മഴയിൽ എന്നും വെയിൽ..

ഇന്നൊരു മഹാമാരി കാലം… എല്ലാ ആഘോഷങ്ങളുടെയും രുചിയും മണവും മാസ്ക് ഇട്ടു മൂടി വച്ചിരിക്കുമ്പോൾ നല്ലോർമകൾ മനസ്സിൽ നിറഞ്ഞു കത്തികൊണ്ടിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top