Flash News

2018 ൽ റോഡപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുത്ത സിബിഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

August 3, 2020 , ശ്രീജ

പ്രശസ്ത വയലിനിസ്റ്റായിരുന്ന ബാലഭാസ്കറും മകളും 2018 ൽ നടന്ന ദുരൂഹമായ വാഹനാപകടത്തിൽ മരണമടഞ്ഞ സംഭവത്തിൽ കേസ് സിബിഐ ഏറ്റെടുത്തതിനു ശേഷം അവര്‍ തയ്യാറാക്കിയ എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് എഫ് ഐ ആർ സ്വീകരിച്ചത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും, അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധമുണ്ടെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിൽ നിന്നും കേസ് സി ബി ഐ ഏറ്റെടുത്തത്.

2018 സെപ്റ്റംബർ 25ന് രാവിലെ 4.15 ന് ദേശീയ പാത 66-ല്‍ പള്ളിപ്പുറം സിആർ‌പി‌എഫ് ക്യാമ്പിന് സമീപമാണ് അവരുടെ കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്ക്കര്‍, ഭാര്യ ലക്ഷ്മി, ഒന്നര വയസ്സുള്ള മകൾ തേജസ്വിനി എന്നിവര്‍ തൃശൂരില്‍ ക്ഷേത്ര സന്ദർശനത്തിന് ശേഷം മടങ്ങുകയായിരുന്നു.

യാത്രക്കാരും പ്രദേശവാസികളും കേരള പോലീസിന്റെ ഹൈവേ പട്രോളിംഗും രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റ ബാലഭാസ്‌കർ, ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തേജസ്വിനിയെയും അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തേജസ്വിനി അവിടെയെത്തിയപ്പോഴേക്കും മരിച്ചതായി ആശുപത്രി അറിയിച്ചു. ഒക്ടോബർ രണ്ടിന് ബാലഭാസ്‌കർ മരിച്ചു.

അപകടത്തിൽ ദുരൂഹതകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ നിലപാട്. ദൃക്‌സാക്ഷികളുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് സംശയത്തിന് ഇടയാക്കിയത്. സ്വർണക്കടത്ത് കേസിൽപെട്ടവർക്ക് അപകടമരണവുമായി ബന്ധമുണ്ടെന്ന് കുടുംബം നേരത്തെ തന്നെ സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഈ വാദങ്ങൾ നിലനിൽക്കെയാണ് ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവർ സ്വർണക്കടത്ത് കേസിൽ പിടിയിലായത്.

അപകടം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടുവെന്നുള്ള കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ അന്വേഷണസംഘം ആദ്യം പരിഗണിച്ചില്ലെങ്കിലും, തുടരന്വേഷണത്തിന്റ ഭാഗമായി ഡി ആർ ഒ സോബിയെ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ അപകടസ്ഥലത്തുണ്ടായിരുന്ന ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചത് കേസിന് മറ്റൊരു വഴിത്തിരിവായി. അപകടസ്ഥലത്തുകൂടി പോയികൊണ്ടിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ പറഞ്ഞ ഒരാളിനെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബാലഭാസ്കറിന്റെ മരണവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നുള്ള നിഗമനത്തിൽ അവസാനിപ്പിച്ച അന്വേഷണമാണ് പുനരാരംഭിക്കുന്നത്. വിശദമായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നും, സത്യം പുറത്തുവരുമെന്നുമാണ് വിലയിരുത്തൽ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top