Flash News

ബെയ്റൂട്ടിൽ വന്‍ സ്ഫോടനം; 70 പേർ കൊല്ലപ്പെട്ടു; 4,000 പേർക്ക് പരിക്കേറ്റു

August 4, 2020

ബെയ്‌റൂട്ട്: ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ പ്രകമ്പനം കൊള്ളിച്ച് വൻ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 6 മണിക്കാണ് നഗരത്തെ വിറപ്പിച്ച് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഹസ്സന്‍ സമദിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്തെ ഒന്നിലധികം വീഡിയോകളില്‍ കാണിക്കുന്നത് നഗരത്തിലെ തുറമുഖ പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആറു വർഷമായി ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഉയർന്ന സ്ഫോടകവസ്തുക്കളെയാണ് അധികൃതർ കുറ്റപ്പെടുത്തുന്നത്. 2,750 ടൺ അമോണിയം നൈട്രേറ്റ് സുരക്ഷിതമല്ലാത്ത രീതിയിൽ സംഭരിച്ചത് അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് മൈക്കൽ ഔൺ ട്വീറ്റ് ചെയ്തു.

സ്‌ഫോടനത്തിന്റെ കൃത്യമായ ഉത്ഭവം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ലെബനൻ സുപ്രീം പ്രതിരോധ സമിതി അറിയിച്ചു.

മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് വാർത്താ ഏജൻസികൾ നൽകുന്നത്. തുറമുഖമേഖലയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം 234 കി.മീ അകലെ അയല്‍രാജ്യമായ സൈപ്രസില്‍വരെ അനുഭവപ്പെടുകയുണ്ടായി.

സ്ഫോടനം നടന്ന സംഭവസ്‌ഥലത്തിനു നൂറുമീറ്റര്‍ അകലെവരെയുള്ള കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. പരുക്കേറ്റവരുടെ ചോരയൊഴുകുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മുന്‍പ്രധാനമന്ത്രി റഫീഖ്‌ ഹരീരി കൊലക്കേസിന്റെ വിധിപ്രസ്‌താവം പുറത്തുവരാനിരിക്കെയാണ്‌ സ്‌ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനത്തിനു പിന്നില്‍ തങ്ങളാണെന്ന ആരോപണം ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്.

അതേസമയം, നേരത്തെ‌ ഒരു കപ്പലില്‍നിന്നു പിടിച്ചെടുത്ത സോഡിയം നൈട്രേറ്റ്‌ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ്‌ ഗോഡൗണുകള്‍ക്ക് തീപിടിച്ചതാണ്‌ സ്‌ഫോടനത്തിനു കാരണമായതെന്ന് ടെലിഗ്രാഫ്‌ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായത്. ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകളുണ്ടെന്നും അവിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ബെയ്റൂട്ടിൽ ഇപ്പോൾ കറുത്ത പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ റോഡിലൂടെ രക്തവുംഒഴുക്കി ഓടുന്നതായും, വലിയ കെട്ടിടങ്ങളും റോഡിലൂടെ ഓടുന്ന കാറുകളുമൊക്കെ തകർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ കൂറ്റൻ സ്ഫോടനങ്ങളിൽ ലോകമൊന്നാകെ നടുങ്ങുകയായിരുന്നു. മുൻ ലബനീസ് പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം എന്ന ശ്രദ്ധേയമായ വിവരം ചില മാധ്യമങ്ങൾ പുറത്തുവിട്ടുണ്ട്. രണ്ടാമത്തെ സ്ഫോടനം ഉണ്ടായത് ഹരീരിയുടെ വീടിനു സമീപത്താണെന്നും ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഹരീരിയുമായി ഈ സ്ഫോടനത്തിന് എന്തോ ബന്ധമുണ്ടെന്ന സൂചനകളാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ നൽകുന്നത്.

2005 ഫെബ്രുവരി 14നാണ് ഹരീരി കൊല്ലപ്പെടുന്നത്. ബെയ്റൂട്ടിലെ സെൻ്റ് ജോർജ് ഹോട്ടലിനരികിലൂടെ അദ്ദേഹത്തിൻ്റെ മോട്ടോർവാഹന ജാഥ കടന്നു പോകുമ്പോൾ ഒരു മിറ്റ്സുബിഷി വാൻ പൊട്ടിത്തെറിച്ചായിരുന്നു ഹരീരി മരണപ്പെടുന്നത്. 1800 കിലോയോളം ടിഎൻടി നിറച്ച വാഹനമാണ്‌ പൊട്ടിത്തെറിക്കുന്നത്. സ്ഫോടനത്തിൽ ഹരീരിയും മറ്റ് 22 പേരും അന്ന് കൊല്ലപ്പെട്ടു. കൊല്ലപ്പട്ടവരിൽ ഹരീരിയുടെ അംഗരക്ഷകരും മുൻ മന്ത്രിയുമൊക്കെ ഉൾപ്പെടും.

2006ൽ സ്ഫോടനത്തിനു പിന്നിൽ ഒരു ചാവേർ ആവാമെന്ന് കണ്ടെത്തി. 2014ൽ സിറിയൻ സർക്കാരിന് കൊലപാതകവുമായി ബന്ധമുണ്ടാവാമെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ ഹിസ്ബുല്ലയാണ് കൊലക്ക് പിന്നിലെന്ന് ഒരു അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തങ്ങളല്ല, ഇസ്രായേലാണെന്ന് ഹിസ്ബുല്ലയുടെ ആരോപണം ഉന്നയിച്ചു. തുടർന്ന് നാല് ഹിസ്ബുല്ല അംഗങ്ങൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി. ഈ കേസിലെ വിധി വരാനിരിക്കെയാണ് ഇപ്പോൾ സ്ഫോടനം ഉണ്ടായിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ചയാണ് കേസിലെ വിധി നടക്കാനിരുന്നത്.

ആശുപത്രികളും നിരവധി കെട്ടിട സമുച്ചയങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നതായി പറയപ്പെടുന്നു. മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച പ്രസിഡന്റ് ഔൺ, 100 ബില്യൺ ലിറ (50.5 മില്യൺ ഡോളർ) അടിയന്തര സഹായമായി സർക്കാർ നല്‍കുമെന്ന് പ്രഖ്യാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top