ഓർമ്മയിലെ കർക്കിടക കാഴ്ചകൾ – 2

രാമായണത്തിന്റെ ഈരടികൾ കേട്ടുണരുന്ന പ്രഭാതങ്ങൾ.കൂട്ടത്തിൽ ആകാശവാണിയിലെ വാർത്തകളും. കട്ടപിടിച്ച മഴ ആയതുകൊണ്ട് മുറ്റവും പുറം തൊടിയും അടിച്ചു വരേണ്ട എന്ന സമാധാനത്തിൽ ആകും പലപ്പോഴും എഴുനേറ്റു വന്നിരുന്നത്.

പിന്നെ..

തണുത്തു വിറക്കുന്ന മഴയത്തു അടുപ്പിൽ ഇച്ചിരി ചൂട് വെള്ളം തിരുകി കയറ്റി അമ്മേ കൊണ്ട് ചൂടാക്കിച്ചു കുളിച്ചു തെല്ലൊരു മടിയോടെ മഴയത്ത് കുട നിവർത്തി ഒരു നടത്തം ആണ് സ്കൂളിലേക്ക്.

ക്ലാസ്സ്‌ മുറികളിൽ നനഞ്ഞ പാവാടയും ചുരുട്ടി ഒന്നും രണ്ടും പീരിയഡ്കളിൽ നനവിന്റെ ഈർഷ്യയോടെ ഇരുന്ന കാലങ്ങൾ..

ഉച്ചമഴയത്തായിരുന്നു ഏറെ രസം. ക്ലാസ്സ്‌ വരാന്തയുടെ ഇറയത്തു കാണിച്ചു കൈ കഴുകി ഊണ് കഴിച്ചു. അവസാന പീരിയഡിൽ മഴ പോകാൻ പ്രാർത്ഥിച്ചു. എന്നായാലും സ്കൂളിൽ നിന്നു ഇറങ്ങുമ്പോഴും പോകുമ്പോഴും മഴണ്ടാകും.

വീട്ടിൽ ചൂട് ചായക്ക് കൂട്ടാൻ അവിലോസു പൊടിയോ, അരി വറുത്തു പൊടിച്ചു തേങ്ങയും ശർക്കരയും കൂട്ടി ഇടിച്ചു ഉരുട്ടിയതോ ഒക്കെ ആയിരിക്കും… മഴക്കാലത്തെ വിഭവങ്ങൾ.

ഈ കൊറോണ കാലത്തെ ബലിതർപ്പണം വീടുകളിൽ മതിയെന്ന തീരുമാനം സുരക്ഷയെ മുൻനിർത്തി ആയിരുന്നല്ലൊ.

അന്നൊക്കെ കർക്കിടക വാവുബലി വീടുകളിൽ തന്നെ ആയിരുന്നു. വീട്ടിൽ അച്ഛന്റെ അമ്മാവൻ ആയിരുന്നു ബലി ഇട്ടിരുന്നത്. കുട്ട്യമ്മോൻ എന്നു എല്ലാരും വിളിക്കും. ഇളയ അമ്മാവൻ ആയതു കൊണ്ട് കുട്ടിമാമൻ എന്നത് ശോഷിച്ചു കുട്ട്യമ്മോൻ ആയി.

വാവിന്റെ തലേ ദിവസം അമ്മാവൻ വീട്ടിൽ വന്നു താമസിക്കും. തലേന്നു തന്നെ അമ്പലത്തിൽ പോയി പുണ്യഹം വാങ്ങി വരും..

അകത്തും പുറത്തും കിണറ്റിലും ഒക്കെ തളിച്ചൊന്നു ശുദ്ധം വരുത്തും. രാത്രി ഒരിക്കലൂണ് ആണ് ഉപ്പുമാവോ ചെറുപയറും നേന്ത്രകായയും കൂട്ടി പുഴുങ്ങിയതോ അങ്ങനെ എന്തേലും ഒക്കെ.

രാവിലെ കുളിച്ചു വന്നു കുട്ട്യമോനെ സഹായിക്കാൻ ഞങ്ങൾ കുട്ട്യോളും ഉണ്ടാകും കൂടെ. കിഴക്കേ മുറ്റത്തു ചാണകം മെഴുകി നാക്കില വെട്ടി വെച്ച് പവിത്രം ധരിക്കാൻ കറുകയോ ദർഭയോ പറിച്ചു വക്കും. ചെറൂളപൂക്കളും തുളസിയും എള്ളും തൽക്കാലത്തെ തട്ടികൂട്ടി അടുപ്പിൽ ബലിച്ചോറു ഉണ്ടാകുന്നുണ്ടാകും.

അമ്മാവൻ അപ്പോൾ.

ഉണക്കലരി വേവിച്ചാണ് ബലി ഇട്ടിരുന്നത്. ഈറൻ ഉടുത്തു ബലി കർമ്മങ്ങൾക്ക് ഇരിക്കുമ്പോൾ ചുറ്റിലും കാഴ്ചക്കാരായി അമ്മമ്മയും മക്കളും. പിതൃക്കളെ ധ്യാനിച്ചു അവരുടെ ആത്മാവിന് ശാന്തി നൽകാൻ പ്രാർത്ഥിച്ചു അരിയും പൂവും എറിഞ്ഞു നാക്കിലയിൽ ഉരുട്ടി വച്ച് ബലി കഴിക്കാൻ കാക്കയെ കൈകൊട്ടി വിളിക്കും. പിന്നാര്‍ക്കും കിഴക്കേ മുറ്റത്തേക്കു പ്രവേശനം ഇല്ല. ഏതെങ്കിലും ഒരു ബലി കാക്ക ഊഴം കാത്തു നാട്ടുമാവിന്റെ മുകളിൽ കാത്തിരിപ്പുണ്ടാകും.

ബലി കാക്ക വന്നു കഴിഞ്ഞാൽ പിന്നെ ആ ചടങ്ങ് അങ്ങ് കഴിഞ്ഞു. വൈകീട്ടു സ്കൂൾ വിട്ടു വരുമ്പോഴേക്കും അമ്മമ്മ നേർച്ച കൊടുക്കാൻ പലഹാരങ്ങൾ ഒക്കെ റെഡി ആക്കി വച്ചിട്ടുണ്ടാകും. നേർച്ച പ്രമാണിച്ചു അന്നത്തെ പഠിപ്പു നാളത്തേക്ക് മാറ്റി വച്ചു അതിന്റെ ഒരുക്കങ്ങളുമായി ഞാനും അനിയത്തിയും കൂടും.

ഇടിയോടു കൂടിയ മഴ ഉള്ള രാത്രികൾ ആകും കൂടുതലും തുള്ളിക്കൊരു കുടം കണക്കിൽ പെയ്തു തീർക്കും മഴ.

കലത്തപ്പം ആയിരിക്കും ഒരു വിഭവം. ഓരോ കാരണവന്മാരുടേം ഇഷ്ടവിഭവങ്ങൾ നോക്കി ആവും നേർച്ച പലഹാരങ്ങൾ ഉണ്ടാകുന്നത്. കനൽ വച്ചു അടുപ്പിൽ ഉണ്ടാക്കി എടുക്കുന്ന കലത്തപ്പം ഏറെ ഇഷ്ടമാണ്. പലപ്പോഴും നേർച്ച തീരാൻ കാത്തു നിൽക്കുന്നതും അത് കഴിക്കാൻ വേണ്ടി ആയിരിക്കും. ആവിയിൽ വേവിച്ചെടുക്കുന്ന ഇലയടയോ ഈന്തു പൊടി കൊണ്ടുണ്ടാക്കുന്ന പിടിയോ ഒക്കെ കാണും.

നടുമുറിയിൽ വിളക്ക് വച്ചു പലക ഇട്ടു ഇല വച്ചു കിണ്ടിയിൽ വെള്ളം വച്ചു വിഭവങ്ങൾ യഥാക്രമം വിളമ്പി എല്ലാവരും തൊഴുത് പ്രാർത്ഥിക്കും. അരിയും പൂവും എറിഞ്ഞു വാതിൽ അടച്ചു ഉമ്മറത്തെ വരാന്തയിൽ വന്നിരിക്കും.

“മരിച്ചു പോയൊലൊക്കെ വന്നു കഴിക്കും ഇനി നമ്മൾ അങ്ങോട്ടു പോകരുത് ”

എന്നാണ് അമ്മമ്മ പറഞ്ഞു തന്നിരുന്നത്. എന്നാൽ പിന്നെ അതൊക്കെ ഒന്ന് കണ്ട് കളയാം എന്നും വച്ചു ആരും കാണാതെ ഞാനും അനിയത്തിയും കൂടി നടുമുറിയിലെ കട്ടിലിന്റെ അടിയിൽ പോയിരുന്നു ഒരിക്കൽ.

കുറെ നേരം ശ്വാസം അടക്കി പിടിച്ചു ഇരുന്നിട്ടും ആരെയും കാണാൻ ഇല്ല. ആരും വന്നും ഇല്ല. കൂട്ടത്തിലെ ഇളയവൾക്കു ഇത്തിരി വികൃതി കൂടിയത് കൊണ്ട് അവൾ ചിരിക്കൻ തുടങ്ങി. ഇനിയും ഇവിടെ ഇരുന്നാൽ പന്തി അല്ലെന്നു കണ്ട് ഞാൻ അവളേം കൂട്ടി പതുക്കെ എഴുന്നേൽക്കുമ്പോഴേക്കും, ഞങ്ങളെ കാണാതായി അന്വേഷണം തുടങ്ങിയിരുന്നു.

കട്ടിലിന്റെ അടിയിൽ നിന്നും കയ്യോടെ പിടിക്കപ്പെട്ടതോടെ മണ്മറഞ്ഞു പോയ കാരണവന്മാരെ കാണാൻ നിക്കണ പൂതി അന്നത്തോടെ തീർന്നു.

ഇന്നും ഓരോ കർക്കിടകവാവു ദിവസങ്ങളിലും പഴയ കുരുത്തകേടുകൾ ഓർമ്മയിൽ വന്നു ചിരിപ്പിക്കാറുണ്ട്.

കർക്കിടക കഷ്ടം തീരാൻ വേണ്ടി നിത്യവും അന്ന് ക്ഷേത്രദർശനവും പതിവായിരുന്നു. സന്ധ്യക്കുള്ള നാമജപവും മുടക്കാറില്ലായിരുന്നു.

ഇടവഴികൾ ആയിരുന്നു കൂടുതലും അന്ന്. ഇടവഴികളിലെ മതിലുകളിൽ നിറയെ മഴത്തുള്ളികൾ പോലെ പുല്ലുകൾ ഉണ്ടാകും… ഓരോ വഴിയും കുഞ്ഞി പുഴകൾ പോലെ നീണ്ടു ഒഴുകും. ഉറവ് വെള്ളവും പറമ്പിലെ വെള്ളവും എല്ലാം കൂടി കലക്ക വെള്ളം….

ഇടക്ക് ഒന്ന് മഴ മാറി മാനം തെളിയുമ്പോൾഒഴുക്ക് വെള്ളവും തെളിയും. അപ്പോൾ പാടത്തു കൂടി നടക്കാൻ നല്ല രസമാണ്. ചെറിയ തെളിനീർ ചാലുകളിൽ കുട ചരിച്ചു പിടിച്ചു കൊടുക്കും തോട്ടിൽ നിന്നും കയറി വരുന്ന പരൽ മീനുകളെ പിടിക്കാൻ. വല്ലതും കിട്ടിയാൽ ഉടനെ ചോറും പാത്രത്തിൽ ഇട്ടു വീട്ടിൽ കൊണ്ട് വന്നു കിണറ്റിൽ ഇടും.

ഓർമ്മകൾ നൽകുന്ന അനുഭൂതികൾ ആണ് നാളെകളെ പ്രതീക്ഷയോടെ കാണാൻ പ്രേരിപ്പിക്കുന്നത്.

കൃത്യമായിരുന്നു ചിട്ടകൾ ഓരോന്നും അന്നൊക്കെ. ആചാരങ്ങൾ ഒന്നും അമിതമായ അന്ധാവിശ്വാസത്തിന്റെ പുറത്തായിരുന്നില്ല. അതിൽ നിന്നും ഒരു അച്ചടക്കം തന്നിരുന്നു.

ഇന്നത്തെ കുട്ടികളോട് അവരുടെ അപ്പൂപ്പൻമാരെ പറ്റി ചോദിച്ചാൽ ഒരുപക്ഷെ അറിയില്ല. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ അച്ചടക്കങ്ങൾ കുട്ടികൾക്കു പകർന്നു നൽകി വന്നിരുന്ന സൽഗുണങ്ങൾ എല്ലാം അന്യം നിന്നു പോയികൊണ്ടിരിക്കുന്നു. അണുകുടുംബങ്ങളിൽ മക്കളെ വേണ്ടത്ര ശ്രദ്ധിക്കാൻ ഇന്ന്‌ അച്ഛനമ്മമാർക്കു കഴിയാറില്ല. ജോലി ഭാരവും വീട്ടു ഭരണവും എല്ലാം കൂടി കഥകൾ കേൾക്കാനും അവരുടേത് പങ്കു വക്കാനും ഒക്കെ ആയ ഒരിടം ആണു നഷ്ടമായി പോയികൊണ്ടിരിക്കുന്നത്.

സാന്ത്വനിപ്പിക്കാനും ശിക്ഷിക്കാനും രക്ഷിക്കാനും മനുഷ്യന്റെ സാമൂഹ്യസന്തുലിതാവസ്ഥ തുലനം ചെയ്തുകൊണ്ട് പോകാനും കൂട്ടുകുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നു.

(തുടരും….)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment