Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ – 3

August 6, 2020 , ഹണി സുധീര്‍

ഓർമപ്പൂക്കൾ നിറഞ്ഞു പച്ച പിടിച്ചു നിൽക്കുന്ന ആ കാലങ്ങളിൽ ഞങ്ങൾ രണ്ട് പെൺകുട്ടികൾ.

” രണ്ടും പെണ്ണാല്ലേ “?

പലരും മൂക്കത്തു കൈ വക്കും. കീശ കാലിയായവന്റെ വീട്ടിൽ പെൺമക്കൾ ഉണ്ടായാൽ വീട്ടുകാർക്ക് ഇല്ലാത്ത മനപ്രയാസം ആണ് നാട്ടുകാർക്ക്. അച്ഛൻ ഒരു പൊതുപ്രവർത്തനകനോ രാഷ്ട്രീയകാരനോ ഒക്കെ ആയിരുന്നു അന്ന് അതുകൊണ്ടാകും അത്തരം ചോദ്യങ്ങൾ.

കാഴ്ചയിൽ സമപ്രായക്കാർ പോലെ ആയിരുന്നു ഞങ്ങൾ. കഷ്ടിച്ച് മൂന്ന് വയസ്സിന്റെ വ്യത്യാസം. കൂട്ടത്തിൽ ഏറെ വികൃതി അവൾ ആയിരുന്നു. ആ പോക്കിരിത്തരത്തിനൊക്കെ ബലിയാട് ആകുന്നത് കൂടുതൽ ഞാൻ ആണെങ്കിലും, അതൊക്കെ ഒരു സന്തോഷം ആയിരുന്നു. ഒരു ചേച്ചി പലപ്പോഴും ഒരമ്മ കൂടി ആണെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്.

അച്ഛകുട്ടി ആയിരുന്നു അവൾ. അമ്മയും അവളുടെ തന്നെ. വിട്ടു കൊടുത്തു ഞാൻ മിണ്ടാതിരിക്കും. ഒടുവിൽ അച്ഛൻ പറയും ചേച്ചിയും കൂടി അച്ഛന്ന് വിളിച്ചോട്ടെ എന്ന്.

എന്റെ വേദനകളെക്കാൾ കൂടുതൽ പ്രയാസം അവൾ വേദനിക്കുമ്പോൾ ആയിരുന്നു. കൂടപിറപ്പുകളെക്കാൾ കൂടിയ വേദനയും സന്തോഷവും മറ്റൊന്നിനും ഇല്ല.

ജീവിതം പലപ്പോഴും വിപരീത സാഹചര്യങ്ങളിൽ ആയിരുന്നിട്ടും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ ഉള്ള പ്രതീക്ഷ ഞങ്ങൾ രണ്ടുപേർ തന്നെ ആയിരുന്നു.

കടന്നു വന്ന വഴികളിലൂടെ തിരിഞ്ഞു നോക്കുമ്പോൾ ഇനി മുന്നോട്ടുള്ള പാത പൂമെത്തയാണെന്നു തോന്നാറുണ്ട്. പല പ്രതിസന്ധികളും നിഷ്‌പ്രയാസം കൈകാര്യം ചെയ്യാൻ ഉള്ള മനക്കരുത്തു നേടിയെടുക്കാൻ കഴിഞ്ഞത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വല്യ പാഠവും വല്യ ഗുരുവും.

ഞങ്ങളൊന്നിച്ചാണ് സ്കൂളിൽ പോയിരുന്നത് ഞങ്ങളൊന്നിച്ചാണ് തൊടിയിലും മുറ്റത്തും കളി കളിലേർപ്പെട്ടിരുന്നത് .. ഞങ്ങളൊന്നിച്ചാണ് പുഴയിൽ കുളിക്കാൻ പോയിരുന്നത് .. മുത്തശ്ശിയുടെ കണ്ണ് എപ്പോഴും ഞങ്ങളെ പിന്തുടര്‍ന്നുണ്ടാകും. എങ്കിലും വികൃതിത്തരങ്ങൾക്കു ഒരു കുറവും ഉണ്ടായിരുന്നില്ല. ഞായറാഴ്ചകളിൽ മുടങ്ങാതെ പോയിരുന്ന ക്ഷേത്രദർശനങ്ങൾ.

കാഴ്ച്ചയിൽ എന്നേക്കാൾ സുന്ദരികുട്ടി അവളായിരുന്നു. സ്വന്തം മുഖത്തേക്കാൾ അവളുടെ മുഖം ചന്തമായിരിക്കുന്നത് കാണാൻ ആയിരുന്നു ഇഷ്ടം. അനിയത്തിക്ക് പൊട്ടു തൊടുവിക്കും. കണ്ണെഴുതി കൊടുക്കും. ഒരുക്കി കൂട്ടി ആയിരുന്നു യാത്രകൾ.

അമ്പലത്തിലേക്ക് പൂക്കൾ ഇറുത്തു കൊണ്ടുപോയ പൂത്താലം അവളുടെ കയ്യിൽ കൊടുത്തിട്ടു കുങ്കുമം തൊടുവിക്കും … അനിയത്തികുട്ട്യേ ഒന്നുകൂടി സുന്ദരിയാക്കും.

രണ്ടാൾക്കും ഒരേപാകം ഉടുപ്പുകളും വളകളും എല്ലാം. മാലകളും എല്ലാം. എന്റെ ഇഷ്ടമുള്ളതിൽ നല്ലതെന്തും അവൾക്കുള്ളത് ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. സ്‌നേഹം അളവില്ലാതെ നൽകുക. പ്രതീക്ഷകൾ വച്ചുള്ള സ്നേഹം ആകരുത് യഥാർത്ഥ സ്നേഹം.

അമ്പലത്തിൽ പോയി വരുമ്പോൾ അവൾ പ്രസാദവും ചന്ദനവും ഒന്നും കയ്യിൽ പിടിച്ച് നടക്കില്ല. ഒരോട്ടമാണ്. കർക്കിടക മാരിയിൽ പാടവും തോടും നിറഞ്ഞു നിൽക്കും. രണ്ട് തെങ്ങിൽതടികൾ കൂട്ടി ഇട്ടതായിരുന്നു തോടിന്റെ പാലം. സൂക്ഷിച്ചു പാലം കടന്നില്ലെങ്കിൽ കുത്തിയൊലിച്ചു ഒഴുകുന്ന കൈതതോട്ടിൽ കാൽ വഴുതി വീഴും. പാടവരമ്പിൽ ആണെങ്കിൽ നീർക്കോലികളുടെ അഭ്യാസങ്ങളും കാണും. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നല്ലേ ചൊല്ല്.

പാലം കടന്നു അക്കരെ ഇക്കരെ എത്തുന്നത് ഒരു സാഹസം ആണ്. വീടെത്തും വരെ ശിവന്റെ തൃക്കണ്ണു തുറന്നു വച്ചിട്ടുണ്ടാകും. അല്ലെങ്കിൽ നിലം കിട്ടാത്ത ഒഴുക്കിൽ പെട്ടു പോയിക്കാണും അന്ന്. ഇന്നോർക്കുമ്പോൾ നെഞ്ചിൽ ഒരു പടപടപ്പാണ്. റോഡ് വഴി കുറച്ചു ദൂരം കൂടുതൽ നടക്കണം. ആ വഴി പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്. പിന്നെ കുറുക്കുവഴിക്കു തോട് കടന്നു അങ്ങ് പോകും.

മത്സര പരീക്ഷകളിൽ അനിയത്തി കുട്ടി സമ്മാനം വാങ്ങുമ്പോൾ അഭിമാനത്തോടെ നിന്ന ചേച്ചി… തിരിച്ചും… അക്ഷരകൂട്ടങ്ങളിലും കൂട്ട്. പരസ്പരം പഠിപ്പിച്ചും കഥകൾ പറഞ്ഞും ഞങളുടെ ലോകം സമൃദ്ധവും സന്തോഷം ഉള്ളതും ആക്കി തീർക്കാൻ ശ്രമിച്ചിരുന്നു .

ഏറ്റവും ഒരുമ മഴക്കാലത്തായിരുന്നു ഒരു കുടകീഴിൽ പാതി നനഞ്ഞോലിച്ചു നടക്കുമ്പോൾ. കയ്യിൽ കുട വേറെ ഉണ്ടെങ്കിലും ഒന്നിച്ചു തന്നെ യാത്ര. കാരണം രണ്ട് ബാഗും തൂക്കുന്നതും കുട പിടിക്കുന്നതും ഈ ഞാൻ തന്നെ ആയതോണ്ട്. മഴ ഇല്ലങ്കിൽ രണ്ട് കയ്യും വീശി അവൾ മുന്നിലും, രണ്ട് ബാഗും തൂക്കി പിന്നിൽ ഞാനും.

മഴക്കാലത്തെ വായനശാല സന്ദർശങ്ങൾ മറ്റൊരു ഓർമ്മ മാത്രം അല്ല. ഈ അക്ഷരലോകത്തേക്കുള്ള പടികയറ്റം കൂടി ആയിരുന്നു. ചേറും ചെളിയും നിറഞ്ഞ വയിൽ റോഡ്കളിൽ കൂടി ആയിരുന്നു യാത്രകൾ. ഒരിക്കൽ പോയി തിരിച്ചു വരുമ്പോഴേക്കും കാലൊക്കെ ഉറവ് വെള്ളത്തിൽ വെറുങ്ങലിച്ചു അഴുകി നിൽക്കും.

പിന്നെ മൈലാഞ്ചി അരച്ച് അമ്മ രണ്ട് കാൽ വിരലുകളിലും പൊതിഞ്ഞു വച്ചു തരും.

ഈർക്കിലി കൊണ്ട് കയ്യിൽ മൈലാഞ്ചി വരകൾ നടത്തുന്നതും. ഇടക്കുള്ള പിണക്കത്തിൽ മൊത്തം മൈലാഞ്ചി തൊടിയിലേക്കു വലിച്ചെറിയും.

കാലം ഏറെ കഴിഞ്ഞു ഇന്ന്‌ പലപ്പോഴും പഴങ്കതകൾ പറയുന്ന കൂട്ടത്തിൽ ഈ ഓർമ്മ പുസ്തകങ്ങൾ ഞങ്ങൾ തുറന്നു വെക്കാറുണ്ട്.

ചേച്ചി അനിയത്തിയോ അതോ അമ്മേം മോളും പോലെയോ അതോ എന്തും തുറന്നു പറയാൻ ഉള്ള കൂട്ടുകാരെ പോലെയോ അങ്ങനെയങ്ങനെ..

ജന്മജന്മാന്തരങ്ങളിൽ നീ തന്നെ കൂട്ടും കൂടപ്പിറപ്പും…..

അന്നത്തെ കുസൃതികൾ ജീവിതത്തിൽ ഇന്നും കാണുന്നുണ്ട് എന്റെ പൊന്മണികളിലൂടെ ആണെന്ന് മാത്രം.

സമപ്രായകൂട്ടുകാരെ പോലെ.. രണ്ടുപേർ. അച്ഛനും അമ്മയും എപ്പോഴും പറയും നിങ്ങളുടെ കുട്ടിക്കാലം ആണ് ഇപ്പോൾ പേരകുട്ടികളിലൂടെ കാണുന്നതെന്ന്.

ഓർമ്മകളുടെ പിൻവഴികളിൽ കൂടി ഇനിയും എത്ര ദൂരം പോകാൻ ഇരിക്കുന്നു…

(തുടരും…)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top