നഴ്സുമാരുടെ സംഘടനയിലും സാമ്പത്തിക തിരിമറി, ദേശീയ അദ്ധ്യക്ഷനുള്‍പ്പടെ നാലു പേരെ അറസ്റ്റു ചെയ്തു

നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസ്സോസിയേഷന്റെ (യുഎന്‍‌എ) ഫണ്ടുകളില്‍ തിരിമറി നടത്തിയ കേസില്‍ സംഘടനയുടെ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ തൃശ്ശൂരിൽ അറസ്റ്റിലായി. ജാസ്മിൻ ഷാ, ഷോബി, നിതിൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ജാസ്മിൻ ഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്തിനു പിറകെയാണ് പ്രതികൾ അറസ്റ്റിലാവുന്നത്.

അസ്സോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നരക്കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്.

2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുകയുടെ ഭൂരിഭാഗവും കാണാനില്ലെന്ന് കാണിച്ചായിരുന്നു സിബി പരാതി നൽകിയിരുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നിരുന്നെങ്കിലും, അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപ മാത്രമായിരുന്നു. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപയും സംഘടനയുടെ പേരിലുള്ള അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൂന്നര കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയിട്ടുള്ളതായിട്ടാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ഈ കേസ് ആദ്യം അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകിയത് തുടർന്ന് വിവാദമായി. ഈ റിപ്പോർട്ടിനെ ചൊല്ലി ആക്ഷേപങ്ങൾ ഉയർന്നപ്പോൾ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ ഉണ്ടാവുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment