നരേന്ദ്ര മോദിയുടെ ഇരുപത്തെട്ടു വര്‍ഷത്തെ തപസ്യക്ക് പരിസമാപ്തിയായി, ആത്മനിര്‍‌വൃതിയോടെ രാമക്ഷേത്ര ഭൂമി പൂജയില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമി പൂജാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പങ്കെടുത്തപ്പോള്‍ അദ്ദേഹത്തിനത് 28 വര്‍ഷത്തെ തപസ്യയുടെ പരിസമാപ്തി കൂടിയായിരുന്നു. 1992 ൽ പൊളിച്ചുമാറ്റിയ, അഞ്ച് നൂറ്റാണ്ടുകളായി സ്ഥിതിചെയ്തിരുന്ന ബാബ്‌റി മസ്ജിദിന്റെ സ്ഥാനത്താണ് രാമക്ഷേത്രം പണിതുയര്‍ത്തുന്നത്.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആര്‍ എസ് എസ് മേധാവി മോഹൻ ഭഗവത്, യോഗ ഗുരുവും വ്യവസായിയുമായ രാംദേവ് എന്നിവരുൾപ്പെടെ ഭൂമി പൂജ ചടങ്ങിൽ ബിജെപിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും നിരവധി നേതാക്കൾ പങ്കെടുത്തു.

എന്നാല്‍, മോദിയെ സംബന്ധിച്ചിടത്തോളം 28 വര്‍ഷം മുന്‍പ് എടുത്ത ശപഥം സഫലമായ ദിവസമായിരുന്നു ബുധനാഴ്ച. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ താന്‍ അയോദ്ധ്യയിലേക്ക് പോകൂ എന്ന് 1992ലാണ് മോദി ശപഥമെടുത്തത്. അത് അദ്ദേഹം അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. ശപഥം ചെയ്ത് 28 വര്‍ഷത്തിനുശേഷം ഇന്നാണ് അദ്ദേഹം അയാേദ്ധ്യയില്‍ കാലുകുത്തിയത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായുളള തിരംഗ യാത്രയുടെ കണ്‍വീനറായിരിക്കുമ്പോഴാണ് മോദി അവസാനമായി അയോദ്ധ്യ സന്ദര്‍ശിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഫൈസാബാദ്-അംബേദ്കര്‍ നഗറിന്റെ അതിര്‍ത്തിവരെ എത്തിയിരുന്നെങ്കിലും അയോദ്ധ്യയിലേക്ക് അദ്ദേഹം പോയിരുന്നില്ല. ശപഥത്തെക്കുറിച്ച്‌ അറിയാമായിരുന്നിട്ടായിരിക്കണം അയോദ്ധ്യ സന്ദര്‍ശിക്കാന്‍ ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചതുമില്ല. തന്റെ തിരഞ്ഞെടുപ്പു റാലികളില്‍ വിഷയം പരാമര്‍ശിക്കുന്നതും ഒഴിവാക്കിയിരുന്നു.

രാമജന്മഭൂമി സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. രാമന്‍ നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇതെന്നും തറക്കല്ലിടലിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment