സൈന്യത്തിലാണെങ്കില്‍ സൈനികനെപ്പോലെ ജീവിക്കണം, അല്ലെങ്കില്‍ രാജി വെച്ച് പുറത്തുപോകാം; പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സൈനികര്‍ക്ക് സോഷ്യല്‍ മീഡിയകളുപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച സൈനികന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ സൈനികര്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സിന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. ഉത്തരവ് പിന്‍വലിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് കേണല്‍ പി.കെ. ചൗധരിയാണ് കോടതിയെ സമീപിച്ചത്.

സൈനികര്‍ സോഷ്യല്‍ മീഡിയകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് ജനുവരി ആറിന് ഉത്തരവ് പുറത്തിറക്കിയത്. ഫേ‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി 87 ആപ്ലിക്കേഷനുകളിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ സേനാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ചൗധരിക്ക് ഉത്തരവ് പാലിക്കുകയോ അല്ലാത്തപക്ഷം ജോലി രാജിവെക്കുകയോ ചെയ്യാമെന്ന് ജസ്റ്റിസുമാരായ രാജീവ് സഹായി എഡ്‌ലോയും ആഷ മേനോനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിലവില്‍ ജമ്മു കശ്മീരിലാണ് ചൗധരിയെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലുള്ള കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ഫേസ്ബുക്ക് വേണമെന്നായിരുന്നു ചൗധരിയുടെ വാദം. നിതാന്‍ ഫേ‌സ്ബുക്ക് സജീവമായി ഉപയോഗിക്കാറുണ്ടെന്നും വിദേശത്ത് താമസിക്കുന്ന മൂത്തമകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ബന്ധപ്പെടാന്‍ ഫേ‌സ്ബുക്കാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ ചൗധരിയുടെ അഭിഭാഷകന്‍ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൗധരി വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment