- Malayalam Daily News - https://www.malayalamdailynews.com -

ഓർമയിലെ കർക്കിടക കാഴ്ചകൾ – 4

ഓർമ്മപ്പൂക്കളിൽ ഇന്നൊരു പൂക്കാല ഓർമ്മകൾ തന്നെയാണ് പറയാനുള്ളത്.

കർക്കിടമഴ ഒന്നു ഒതുങ്ങി കഴിയുമ്പോഴേക്കും വരുന്ന ഇളം വെയിലിനു നല്ല ഭംഗി ആണ്‌.കാറൊക്കെ മാറിപ്പോയിട്ട് ആകാശം പ്രകാശമാനമായിട്ടുണ്ടാകും. തെളിനീർ ഉറവകൾ, തെളിഞ്ഞ പുഴകൾ, പാടങ്ങൾ, വെള്ളത്തിൽ കുതിർന്ന നെൽക്കതിരുകൾ ഒക്കെ ഒന്നു തലപൊക്കി വെയിൽ നോക്കി മന്ദഹസിക്കുന്നുണ്ടാകും… പാടങ്ങളിൽ താറാവിൻ കൂട്ടങ്ങൾ നീന്തി തുടിക്കും. ആകെ ഒരു ഉണർവ്.

ഞങ്ങളുടെ പറമ്പിനോട് ചേർന്ന് വിശാലമായ ഒട്ടനവധി സ്ഥലങ്ങളുണ്ട്… ഒഴിഞ്ഞുകിടക്കുന്ന സ്ഥലം.. താഴ്വാരം പോലെ …

അകലെ കുന്നിൻ പ്രദേശം… തലയുയർത്തി നിൽക്കുന്ന ചെറുതും വലുതുമായ ചെങ്കൽ പാറകൾ … മഴ കൊണ്ട് പായൽ പിടിച്ച് ചിലവ പച്ചയാകും.. കൃഷ്ണവർണത്തിൽ ഇടക്ക് കരിങ്കൽ കൂട്ടങ്ങൾ.. കുന്നിന് താഴെ പൂക്കളുടെ വിസ്മയക്കാഴ്ച… കണ്ണെത്താ ദൂരം പരന്നങ്ങനെ കിടക്കും ..-എത്രയെത്ര പൂക്കൾ ചെറുതും വലുതുമായി … പേരറിയുന്നതും അറിയാത്തതുമായി … എത്രയെത്ര നിറങ്ങളിൽ …വയലറ്റും ചുവപ്പും മഞ്ഞയും ….

ഈ തെളിവെയിലിൽ ഞങ്ങൾ കുട്ടികൾ വരാൻ പോകുന്ന അത്തപ്പൂക്കളത്തിന്റെ മുന്നോടി ആയി പൂക്കൾ തേടി ഇറങ്ങും. മുൻകൂട്ടി സ്ഥലങ്ങൾ ഒക്കെ കണ്ട് വക്കാൻ!

പാറക്കൂട്ടങ്ങൾക്കിടയിൽ വിശാലമായി കിടക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. ഒറ്റക്കാരും ആ വഴി പോകുമായിരുന്നില്ല. നീണ്ട പച്ച മൈതാനം. അവിടെ ആയിരുന്നു തുമ്പ കൂട്ടങ്ങൾ ഉണ്ടായിരുന്നത്. കതിര് കതിരായി പൂത്തു നിൽക്കുന്ന വെൺ പൂക്കൾ. ഓണക്കാലം കയ്യെത്തും ദൂരത്തെന്ന പോലെ തോന്നും അപ്പോൾ !!.

ആ മൈതാനത്തിനു ചുറ്റും വേലിയേരി ചെടികൾ ഉണ്ടായിരുന്നു. വേലി കെട്ടുന്നതിന് പകരമായി നട്ട് വളർത്തിയിരുന്ന ഒരു തരം കുറ്റിചെടി. വയലറ്റ് നിറത്തിൽ നീണ്ട പച്ച കതിരിൽ കുഞ്ഞു പൂക്കൾ അങ്ങിങ്ങായി വിടരാൻ തുടങ്ങിയിരുന്നു.

വൈന്നേരം സ്കൂൾ വിട്ടു വന്നു ദിവസവും മലകയറും. അരിപ്പൂക്കൾ എന്നറിയപ്പെടുന്ന കൊങ്ങിണി പൂക്കൾ, കാട്ടുതെച്ചി എല്ലാം പൂത്തു തുടങ്ങിയിട്ടുണ്ടാകും. കാട്ടു തെച്ചി പൂക്കൾ അന്ന് തലയിൽ തേക്കാൻ ഉള്ള എണ്ണ കാച്ചിയെടുക്കാൻ ഉപയോഗിക്കുമായിരുന്നു. ഇത്തിരി തെച്ചി പൂവും തുളസിഇലയും…

തെച്ചി പൂക്കൾ പറക്കുമ്പോൾ എപ്പോഴും പൂതപ്പാട്ടിന്റെ ഈരടികൾ മനസ്സിൽ വരും

“തെച്ചിക്കോല് പറിച്ചു പൂതം”

പൂതങ്ങൾ മറഞ്ഞിരുന്നു നോക്കുന്നുണ്ടാകുമെന്നു കളിയായി പറഞ്ഞു ഞങ്ങൾ നടക്കും.

പൂക്കൊട്ടകൾ ഉണ്ടാകുന്നത് അമ്മമ്മയുടെ ചേച്ചി ആയിരുന്നു.അമ്മ തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗം. മറ്റയമ്മ എന്നു ഞങ്ങൾ കുട്ടികൾ വിളിക്കും. ഏതോ വിളിപ്പേര് ലോപിച്ചു കിട്ടിയതാണ് ആ പേര്.

തൂവെള്ള ഒന്നരയും മല്ലുമുണ്ടും വെള്ള നിറത്തിൽ ഉള്ള ബ്ലൗസും ആയിരുന്നു മറ്റമ്മയുടെ വേഷം. കാതിൽ ചുവന്ന കല്ല് വച്ച തോട, നീണ്ട ഭസ്മകുറിയും.

തേങ്ങയിടാൻ വരുന്ന പയ്യനെ വിളിച്ചു പിന്നിലെ തൊടിയിലെ പനയിൽ നിന്നും പൂക്കൊട്ടകൾ ഉണ്ടാക്കാൻ ഉള്ള ഓല വെട്ടിച്ചു തെക്കേ മുറ്റത്തു ഇട്ടു കാണും മറ്റമ്മ. പിച്ചാത്തി കൊണ്ട് അതി സൂക്ഷ്മമായി പനമ്പട്ട കീറിയെടുത്തു പൂക്കൊട്ടകൾ ഉണ്ടാക്കി തരും.

തറവാട് ഭാഗം വച്ചപ്പോൾ മറ്റമ്മ ഭാഗം കിട്ടിയ പറമ്പിൽ ഒരു വീട് വച്ചു അവിടെക്കു താമസം മാറി.. ആകെ രണ്ട് മുറി വീട്. ഒന്നു കിടക്കാൻ ഉള്ളത് ഒന്നടുക്കള. ഒരു കട്ടിൽ. ഒരു പത്തായം, ഒരു ബെഞ്ച്, ഒരു മരപെട്ടി, അത്യാവശ്യം പാത്രങ്ങളും, രണ്ട് ഗ്ലാസ്‌, രണ്ട് പ്ലേറ്റ്, അത്യാവശ്യം പലചരക്കു പിന്നെ ഒരു മെതിയടിയും. ഒരു മൂലയിൽ മടക്കി വച്ച പായയും കാഴ്ചയിൽ ഇത്രയൊക്കെയേ ഉള്ളു അവിടെ.

കുട്ടികൾക്ക് പായയിൽ ഇരിക്കാം. കട്ടിലിൽ കയറാൻ സമ്മതിക്കില്ല. എങ്കിലും ഒരു ചുളിവും ഇല്ലാതെ മല്ല് മുണ്ട് വിരിച്ചിട്ട ആ കിട്ടിലിൽ മറ്റമ്മ കാണാതെ ഒന്നു കിടന്നു നോക്കിട്ടെ അവിടന്നു തിരിച്ചു പോരുള്ളൂ.

ആകെയുള്ള മകൻ കോഴിക്കോട്. ജോലി സംബന്ധമായി താമസവും അവിടെ തന്നെ. സ്വന്തം നാട് വിട്ട് പോകാൻ പറ്റാതെ മറ്റമ്മ കുറച്ചു കാലം കൂടി അവിടെ കഴിഞ്ഞു. മകന്റെ നിർബന്ധത്തിന് വഴങ്ങി മറ്റമ്മ പിന്നീട് അവിടെ നിന്നും വെസ്റ്റിഹിൽലേക്ക് താമസം മാറ്റി.അതോടെ പിന്നീടുള്ള ഓണക്കാലങ്ങളിൽ പൂക്കൊട്ടകൾക്കു പകരം ഞങ്ങൾ ചേമ്പിലകൾ ആയിരുന്നു പൂ പറിക്കാൻ എടുത്തിരുന്നത്.

ഋതുക്കൾ മാറി വരുമ്പോൾ ദിനചര്യകളിലും ചിന്തകളിലും മാറ്റം വരും.

“തെളിഞ്ഞ മാനം തെളിഞ്ഞ മനം ”

എന്നു പറയുംപോലെ. ഓണത്തപ്പനെ വരവേൽക്കാൻ മനസും പറമ്പും ഒരുപോലെ ഒരുങ്ങും. പറമ്പിൽ വഴക്കുലകളുടെ പാകം നോക്കുന്ന സമയം, പുത്തരിചോറുണ്ണാൻ നെൽ കതിരുകൾ പാകമായ്, എങ്ങും ഒരു സമൃദ്ധിയുടെ തുടക്കം കാണാനാകും.

പൂമ്പാറ്റകൾ കൂട്ടം കൂട്ടം ആയി പറന്നിറങ്ങുന്ന കാഴ്ചകൾ……അങ്ങനെ അങ്ങനെ…

സംവത്സരങ്ങൾ കഴിയും തോറും ഈ കാലങ്ങൾ അത്രയും ചുരുങ്ങി ഇല്ലാതായി പോയ കാഴ്ചകളാണ് ഇന്ന്‌ കാണാൻ ഉള്ളത്. പൂക്കൊട്ടകളോ, പൂവിറുക്കുന്ന കൗമാരങ്ങളോ ഒന്നും ഇല്ല. പകരം പ്രഭാതങ്ങളിൽ ഗേറ്റിൽ എത്തുന്ന പ്ലാസ്റ്റിക് കൂടകളിലെ അന്യദേശ പൂക്കൾ മാത്രം.

നാട്ടു പൂക്കൾ കാണാമറയത്തായികഴിഞ്ഞു.

നന്മകൾക്കു പകരം തിന്മകൾ കൂടി വരുന്ന പോലെ……

ചിത്രീകരണം: ഈശ്വരന്‍ നമ്പൂതിരി

(തുടരും…..)


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]