Flash News

ഫൊക്കാന പുതിയ ഭരണസമിതിക്ക് മുൻ പ്രസിഡണ്ടുമാരുടെ അഭിനന്ദനം; തെരഞ്ഞെടുപ്പ് നടപടികൾ നീതിയുക്തം

August 6, 2020 , ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ജോർജി വർഗീസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഫൊക്കാനയുടെ പുതിയ ഭരണസമിതിക്ക് ഫൊക്കാനയുടെ മുൻ പ്രസിഡണ്ടുമാർ അഭിനന്ദനവും പിന്തുണയും അറിയിച്ചു. ഫൊക്കാനയുടെ മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, മറിയാമ്മ പിള്ള, പോൾ കറുകപ്പള്ളിൽ, ജോൺ പി. ജോൺ കമാണ്ടർ ജോർജ് കോരുത് എന്നിവരാണ് പ്രസിഡണ്ട് ജോർജി വർഗീസിനെയും അദ്ദേഹത്തിന്റെ ടീമിലെ മുഴുവൻ അംഗങ്ങളേയും അഭിനന്ദിച്ചത്.

ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമിനെ ഉൾപ്പെടുത്തിക്കൊണ്ട് ഭരണത്തിൽ കയറിയ ജോർജി വർഗീസിനും ടീം അംഗങ്ങൾക്കും ഫൊക്കാനയെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് മുൻ പ്രസിഡണ്ടുമാർ പറഞ്ഞു. ഏറെ തർക്കങ്ങളും വിവാദങ്ങളും നില നിന്നിരുന്ന സമയത്ത് ഭരണഘടനയുടെ അന്തഃസത്ത കാത്തു കൊണ്ട് നിയമത്തിൽ നിന്ന് അണു വിട വ്യതിചലിക്കാതെ ഏറ്റവും സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനത്തെയും കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ, എന്നിവരെയും, അവർക്കു ശക്തമായ പിന്തുണയും ഉപദേശങ്ങളും നൽകിയ ഡോ. മാമ്മൻ സി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോർഡിനെയും മുൻ പ്രസിഡണ്ടുമാർ പ്രശംസിച്ചു.

കാലാവധി കഴിഞ്ഞിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ച മാധവൻ നായർക്കും അനുയായികൾക്കും പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ഒരുപാടു അവസരങ്ങൾ നൽകിയിട്ടും അവയെല്ലാം നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കാൻ നിയോഗിക്കപ്പെട്ട അനുരഞ്ജന കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, മറിയാമ്മ പിള്ള, ജോൺ പി ജോൺ എന്നിവർ ആരോപിച്ചു.

നീതിക്കു നിരക്കാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന മാധവൻ നായരുടെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിലെ ഏതാനും ആളുകൾ ചേർന്ന് ഫൊക്കാനയിൽ ഇന്നുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത അവകാശവാദങ്ങളാണ് ഉയർത്തിക്കൊണ്ടിരുന്നതെന്ന് മുൻ പ്രസിഡണ്ട് ജോൺ പി ജോൺ പറഞ്ഞു. അദ്ദേഹത്തെപ്പോലെ രണ്ടു വർഷത്തേക്ക് അധികാരത്തിൽ കയറിയ താൻ ഉൾപ്പെട്ട മുൻ പ്രസിഡണ്ടുമാരായ ആരും തന്നെ ഇത്രയും ബാലിശമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ട്രസ്റ്റി ബോർഡ് മുൻപാകെ കടുംപിടുത്തം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രസ്റ്റി ബോർഡിന് അർഹിക്കുന്ന അംഗീകാരം നൽകാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തയാറാകണം. അവരും തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന കാര്യം ഓർമ്മിക്കേണ്ടതുണ്ടെന്ന് രണ്ടു തവണ പ്രസിഡണ്ട് ആയിരുന്ന പോൾ കറുകപ്പള്ളിൽ പറഞ്ഞു.

തുടർച്ചയായി സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന മുൻ പ്രസിഡണ്ട് , സെക്രട്ടറി, കൺവെൻഷൻ ചെയർമാൻ എന്നിവരെ സംയയനത്തോടെ കേൾക്കാൻ തയാറായ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിനെ മുൻ പ്രസിഡണ്ടുമാർ പ്രത്യേകം അഭിനന്ദിച്ചു.

ഭരണഘടനാ അനുശാസിക്കുന്ന നടപടി ക്രമങ്ങളിൽ നിന്നുകൊണ്ട് അനുരഞ്ജനത്തിനു നേതൃത്വം നൽകാൻ വിശാലമനസ്കത കാട്ടിയ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷം തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമെന്നും മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള പറഞ്ഞു. കോവിഡ് 19 മൂലം മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേർ അമേരിക്കയിൽ മരണമടയുകയും അനേക ലക്ഷങ്ങൾ രോഗ ബാധിതരുമാകുമ്പോൾ അടുത്ത വര്‍ഷം ഒരു കൺവെൻഷൻ തന്നെ അവശ്യമുണ്ടോ എന്ന ചിന്തയാണ് പലർക്കുമുള്ളത്. ആളുകൾ മരിച്ചാലും കൺവെൻഷൻ നടത്തുക തന്നെ ചെയ്യുമെന്ന ദുർവാശിപോലെയാണ് അദ്ദേഹം പെരുമാറിയത്. അടുത്ത വർഷം അധികാരം നീട്ടിക്കിട്ടണമെന്നുമുള്ള കടുത്ത നിലപാടിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെ വാശി പിടിച്ച മാധവൻ നായരുടെ കടും പിടുത്തമാണ് അനുരഞ്ജന ചർച്ചകൾ കീറാമുട്ടിയായി പരിണമിച്ചതെന്നും മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി.

ഫൊക്കാന എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അന്തസിനു കളങ്കം ചാർത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തങ്ങളാണ് മാധവനും കൂട്ടരും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. ജോർജിയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി അംഗങ്ങളുടെ മാത്രം പിന്തുണകൊണ്ടാണ് മാധവൻ നായർ ഫൊക്കാനയുടെ പ്രസിഡണ്ട് ആയതു എന്ന കാര്യം ഇത്ര പെട്ടെന്ന് എങ്ങനെ മറക്കാൻ കഴിയുമെന്ന് മുൻ പ്രസിഡണ്ടുമാർ ചോദിച്ചു.

തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന സങ്കുചിത മനസ്ഥിതി മാറ്റണമെന്നും ഒരു തെരഞ്ഞെടുപ്പ് നടത്താൻ ഉള്ള സാഹചര്യം നിലനിൽക്കുമ്പോൾ അതിനായി തയാറെടുത്തിരുന്നവരുടെ അവസരം കൂടി ഇല്ലാതാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം മാധവൻ നായരുടെ നേതൃത്വത്തിലുള്ള മുൻ ഭാരവാഹികൾക്കാണെന്നും മുൻ പ്രസിഡണ്ടുമാർ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top