Flash News

2020-2022 ഫൊക്കാനാ തെരഞ്ഞെടുപ്പ് ഒരു അവലോകനം

August 6, 2020 , തോമസ് കൂവള്ളൂർ ‍

ന്യൂയോര്‍ക്ക്: ഈയിടെ നടന്ന 2020-2022 കാലയളവിലേയ്ക്കുള്ള ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനും, ജോര്‍ജി വര്‍ഗ്ഗീസിന് പൂര്‍ണ്ണ പിന്‍തുണ കൊടുക്കുന്നതിനുമുണ്ടായ കാരണം ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് (ഐ.എ.എം.സി.വൈ) എന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറിയും, പിന്നീട് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിലും, ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന സ്ഥാനം വഹിക്കുന്ന ഈ ലേഖകന്‍ തുറന്നെഴുതേണ്ടത് ആവശ്യമാണെന്നു തോന്നുന്നു.

1996 മുതല്‍ ഫൊക്കാനാ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും പ്രശസ്തരായ രാജു മൈലപ്ര, ജോയന്‍ കുമരകം, തമ്പി ആന്‍റണി, ഡോക്ടർ. മന്മഥന്‍ നായര്‍, നൈനാന്‍ ചാണ്ടി, ജെ. മാത്യു സാര്‍, സി.എം.സി തുടങ്ങി നിരവധി പേരെ പരിചയപ്പെടാന്‍ കഴിഞ്ഞതും, പില്‍ക്കാലത്ത് അവരില്‍ ചിലരുമായി ബന്ധങ്ങള്‍ വരെ സ്ഥാപിക്കാന്‍ കഴിഞ്ഞതും ഫൊക്കാനായിലൂടെയാണെന്ന് തുറന്നു പറയാതെ വയ്യ.

അങ്ങിനെ ഒടുവില്‍ വളരെ നല്ല ഉദ്ദേശത്തോടെ സമൂഹത്തിന് നന്മ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഞാന്‍ എന്‍റെ ലോക്കല്‍ ഏരിയ ആയ യോങ്കേഴ്സ് സിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മേഖലകളിലുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് പ്രസംഗ മത്സരം, സ്പെല്ലിംഗ് ബി, കള്‍ച്ചറല്‍ പ്രോഗ്രാംസ് തുടങ്ങിയവയ്ക്കെല്ലാം ഐ.എ.എം.സി.വൈ നേതൃത്വം കൊടുത്തിരുന്നു.

ഫൊക്കാന പിളര്‍ന്നതോടെ ഞാന്‍ മുന്‍പു പ്രവര്‍ത്തിച്ചിരുന്ന യോങ്കേഴ്സ് മലയാളി അസ്സോസ്സിയേഷനും പിളര്‍ന്നു. ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും യോങ്കേഴ്സിലെ മലയാളികള്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട് എന്നു തന്നെ പറയാം. കൂടുതലായി അതിലേയ്ക്ക് ഈ അവസരത്തില്‍ ഞാന്‍ കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.

2016-ല്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഐ.എ.എം.സി വൈ-ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ നാട്ടില്‍ നിന്നും ഒരു വലിയ ബിസ്സിനസ്സുകാരന്‍ ഓടിപ്പാഞ്ഞെത്തി, തനിക്ക് പ്രസിഡന്‍റായി മത്സരിക്കണമെന്നു പറഞ്ഞു. ഒടുവില്‍ അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ (ഞാന്‍ തല്‍ക്കാലം പേരു പറയുന്നില്ല, വേണ്ടി വന്നാല്‍ അവസരമുണ്ടായാല്‍ വെളിപ്പെടുത്തുന്നതാണ്) നാട്ടില്‍ പോയി നമ്മുടെ വലിയ ബിസിനസ്സുകാരനുമായി രഹസ്യമായ ആലോചന നടത്തി പ്രസ്ഥാനം പിടിച്ചെടുക്കുക എന് ഗൂഡ ലക്ഷ്യത്തോടെ വന്നതായിരുന്നു എന്ന് പിന്നീടു മനസ്സിലായി.

ഐ.എ.എം.സി.വൈ എന്ന സംഘടന യോങ്കേഴ്സില്‍ ഉണ്ടായത് സുപ്രീംകോടതിയില്‍ നിന്നുള്ള ഒരു വിധിയുടെ ഫലമാണ്. അതില്‍ ഒരു കക്ഷി ഞാനുമായിരുന്നു. യോങ്കേഴ്സില്‍ 2006 വരെ ഒറ്റ മലയാളി അസ്സോസ്സിയേഷനേ ഉണ്ടായിരുന്നുള്ളു. അതാണ് യോങ്കേഴ്സ് മലയാളി അസ്സോസ്സിയേഷന്‍. അത് രണ്ടായി പിളരാന്‍ കാരണക്കാരന്‍ ഈ പറയപ്പെടുന്ന വലിയ ബിസിനസ്സുകാരനാണ്. അയാള്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസ്സിയേഷന്‍റെ പരമോന്നത പദവി അലങ്കരിച്ചിരുന്ന മാന്യദ്ദേഹം കൂടി ആയിരുന്നു. ഫൊക്കാനാ എന്നാല്‍ അയാളാണ് നിയന്ത്രിക്കുന്നത് എന്ന് പലപ്പോഴും എന്‍റെ അയല്‍വാസി കൂടിയായി ഈ വന്‍കിട ബിസിനസ്സുകാരന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ വൈ.എം.എ (യോങ്കേഴ്സ് മലയാളി അസ്സോസ്സിയേന്‍) യിലുള്ളവര്‍ ആ വലിയ ബിസ്സിനസ്സുകാരന് മെമ്പര്‍ഷിപ്പു കൊടുക്കാതെ വന്നു. അതിന്‍റെ പേരിലാണ് യോങ്കേഴ്സ് മലയാളി അസ്സോസ്സിയേഷന്‍ രണ്ടായത് എന്നു ചുരുക്കം. പക്ഷേ, കോടതിയില്‍ പോകാന്‍ നേരം ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മാന്യദ്ദേഹം വീമ്പിളക്കി എത്ര ഡോളര്‍ ചിലവാക്കേണ്ടി വന്നാലും വിടരുതെന്ന്.

പക്ഷേ, വളരെ തന്ത്രപൂര്‍വ്വമായി ജഡ്ജി ഇടപെട്ടതുകൊണ്ട് വരും തലമുറയുടെ ഭാവിയെ ഓര്‍ത്തു നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പുകൂടി നടത്തി, അതും രണ്ടുകൂട്ടരുടെയും വക്കീലന്മാരുടെ സാന്നിദ്ധ്യത്തില്‍, ജയിക്കുന്നവര്‍ വൈ.എം.എ എന്ന സംഘടനയും തോല്‍ക്കുന്നവര്‍ പുതിയൊരു സംഘടന – അതില്‍ മലയാളി എന്ന പേര് ഉണ്ടായിരിക്കണം. പുതിയ പ്രസ്ഥാനം ഉണ്ടായിക്കഴിയുമ്പോള്‍ നിലവിലുള്ള ഫണ്ട് പകുത്ത് രണ്ടു കൂട്ടരും തുല്ല്യമായി വീതിച്ചെടുക്കുക. അങ്ങനെയാണ് ഐ.എം.എം.സി.വൈ ഉണ്ടായത്. ഇത്തരത്തില്‍ വിധി പറയുന്ന നല്ലവരായ ജഡ്ജ്മാര്‍ ഇന്നത്തെ ലോകത്തില്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ജീവിതത്തില്‍ ഒരുപക്ഷേ സമയം കിട്ടിയാല്‍ ആ ജഡ്ജിയെപ്പറ്റിയും അന്നത്തെ കോടതി നടപടികളെപ്പറ്റിയും പുറം ലോകത്തെ അറിയിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ദൈവം അനുവദിച്ചാല്‍ പിന്നീടൊരിക്കല്‍ എഴുതാമെന്നു കരുതുന്നു.

ഇനി 2016-ല്‍ എന്തു സംഭവിച്ചു എന്നറിയേണ്ടേ, കോടതിവിധിയെ തുടര്‍ന്ന് എന്‍റെ അഡ്രസ്സാണ് സംഘടനയുടെ പെര്‍മനന്‍റ് അഡ്രസ്സ്. കൂടാതെ സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും എന്‍റെ പേര്‍ക്ക്. കേരളത്തില്‍ വമ്പന്‍ ബിസിനസ് നടത്തുന്ന ഒരു കാലത്ത് ഫൊക്കാനായുടെ ട്രഷറര്‍ കൂടി ആയിരുന്ന ഈ വന്‍കിടക്കാരനെ ഒരുതവണ പ്രസിഡന്‍റ് ആക്കാന്‍ അന്നത്തെ ഫൊക്കാനാ പ്രസിഡന്‍റായിരുന്ന തമ്പി ചാക്കോയും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസ്സിയേഷന്‍റെ നെടും തൂണുകളും ഫൊക്കാനായുടെ ചുക്കാന്‍ വഹിക്കുന്ന ജനറല്‍ സെക്രട്ടറിയും, വൈസ് പ്രസിഡന്റും പറഞ്ഞപ്പോള്‍, പറയുകയല്ല അവര്‍ എന്നെ വീട്ടില്‍ വന്ന് ബലമായി ഇറക്കിക്കൊണ്ടു പോയി പ്രസിഡന്‍റ് സ്ഥാനം അയാള്‍ക്ക് വിട്ടുകൊടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. പകരം എനിക്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സ്ഥാനവും തരാമെന്നു വാഗ്ദാനം ചെയ്തു.

ഇത്രയും എഴുതിയ സ്ഥിതിക്ക് ഫൊക്കാനായുടെ നെടും തൂണുകളായിരുന്നവരുടെ പേരു കൂടി വച്ചില്ലെങ്കില്‍ ഞാനെഴുതുന്നത് പൂര്‍ത്തിയാവുകയില്ലല്ലോ. ഒരാള്‍ ജോയി ഇട്ടന്‍, മറ്റേത് ടെറന്‍സന്‍ തോമസ്. ഒരു വിധത്തില്‍ മഹാബലിക്കു പറ്റിയതു പോലെയാണ് പിന്നീട് എനിക്കു പറ്റിയതെന്നു പറയാം. ഒപ്പിടാനായി വാങ്ങിയ പേപ്പര്‍ ഞാനും ടെറന്‍സനും, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഒപ്പിട്ടു കഴിഞ്ഞപ്പോള്‍ പ്രസിഡന്‍റു സ്ഥാനം കിട്ടിയവന്‍ അതും കൊണ്ടു പോയി. പിന്നീട് അയാളെ കാണുന്നത് മറ്റൊരവസരത്തില്‍ എന്‍റെ അസ്സോസ്സിയേഷന്‍റെ പതിനായിരത്തിലധികം ഡോളര്‍ ഉപയോഗിച്ച് അയാളും അയാളുടെ ഓഫീസ് സ്റ്റാഫും ഈ കോവിഡിലും ബിസ്സിനസ്സ് ചെയ്യുന്നു. 2016-ല്‍ ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ ഫൊക്കാനായാണ് താന്‍ എന്നു പറഞ്ഞ അയാള്‍ തോറ്റു.

2018-ലും ആ മഹാന്‍ മാധവന്‍ നായര്‍ക്കെതിരെ ലീലാ മാരേട്ടിന്‍റെ പാനലില്‍ നിന്നു തോറ്റു. 2018-ല്‍ മാധവന്‍ ബി.നായര്‍ എന്ന ആമഹാനെ ജയിപ്പിക്കാന്‍ എന്‍റെ തൂലിക രണ്ടു തവണ ചലിപ്പിച്ചത് ചിലരെങ്കിലും കണ്ടുകാണുമെന്നു കരുതുന്നു. ആ മഹാനായ മാധവന്‍ നായര്‍ ജയിച്ചതിനുശേഷം എന്‍റെ അസ്സോസ്സിയേഷനിലേയ്ക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. എന്നു തന്നെയല്ല 2020-ല്‍ സംഘടനയുടെ മെമ്പര്‍ഷിപ്പ് പുതുക്കുന്നതിന് വേണ്ടതായ അപേക്ഷാ ഫോറം നല്‍കാന്‍ സെക്രട്ടറി കൊക്കാട്ടിനോടും, മാധവന്‍ ബി നായരോടും പ്രത്യേകം അപേക്ഷിച്ചിട്ടു കൂടി അവര്‍ എന്‍റെ സംഘടനയുടെ വളര്‍ച്ചയ്ക്കു വിഘാതമായ രീതിയില്‍ പണിയെടുത്തു.

ഇത്തവണ ലീലാമാരേട്ടിന് പിന്‍ തുണയ്ക്കുക എന്നുള്ളതായിരുന്നു എന്‍റെയും എന്‍റെ അസ്സോസ്സിയേഷനിലെ ഭൂരിപക്ഷം വരുന്ന ഡെലിഗേറ്റുകളുടെയും പ്ലാന്‍. അതിന്‍റെ ഭാഗമായി എന്‍റെ അസ്സോസ്സിയേഷനിലെ പ്രശ്നം ഒന്നു പറഞ്ഞു തീര്‍ത്ത് ഞങ്ങളുടെ സംഘടനയില്‍ നിന്നും 2016-ല്‍ തട്ടിക്കൊണ്ടുപോയ പണം തിരികെ കൊണ്ടുവരാന്‍ 2016-ലെ പ്രസിഡന്‍റിനോട് ആവശ്യപ്പെടാന്‍ പറഞ്ഞിട്ട് അതിനു കഴിയാത്ത ഒരു ലീഡര്‍ നാഷണല്‍ ലീഡര്‍ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലാത്തവരാണെന്ന് ഞാനും എന്‍റെ സഹപ്രവര്‍ത്തകരും തീരുമാനിച്ചു. അങ്ങിനെ ഒടുവില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ജോര്‍ജി വര്‍ഗ്ഗീസിനെ ഞങ്ങള്‍ പിന്‍തുണയ്ക്കുകയും ചെയ്തു.

വ്യക്തി താല്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് അംഗസംഘടനയില്‍പ്പെട്ട ഒരാള്‍ അതും സംഘടനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ട് മെമ്പര്‍ഷിപ്പ് ഫോം പോലും തരാന്‍ കൂട്ടാക്കാത്തയാള്‍ എങ്ങിനെ ഫൊക്കാനാ പ്രസിഡന്‍റായി ഇത്രയും കാലം തുടര്‍ന്നു എന്ന് ഞാന്‍ ഓര്‍ത്തു പോകുന്നു. അതുപോലെ ജനറല്‍ സെക്രട്ടറി ആയശേഷം ഇന്നെവരെ പുറത്തിറങ്ങി അംഗ സംഘടനകളുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ ശ്രമിക്കാത്ത ഒരു സെക്രട്ടറി വീണ്ടു അധികാരത്തില്‍ കടിച്ചു തൂങ്ങി കിടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ഫൊക്കാനാ എന്ന മഹത്തായ പ്രസ്ഥാനത്തിനു വിപത്താണെന്ന കാര്യം മറ്റ് അംഗ സംഘടനകളും അവയിലെ നേതാക്കളും മനസ്സിലാക്കേണ്ടതാണ്.

ഫൊക്കാനായില്‍ ഏറ്റവും വലിയ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് നടന്നത് മാധവന്‍ നായര്‍ പ്രസിഡന്‍റായ 2018-ല്‍ മാത്രമാണ്. അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥി ലീലാമാരേട്ടും. എത്രമാത്രം വാശിയേറിയ ഒരു മത്സരമായിരുന്നു അന്നു നടന്നതെന്ന് ഇന്നും ഞാനോര്‍ക്കുന്നു. ആ തെരഞ്ഞെടുപ്പോടു കൂടി കണ്‍വെന്‍ഷനും താറുമാറായെന്നു പറഞ്ഞാല്‍ മതി.

ഏതായാലും ഈ വര്‍ഷം ഫൊക്കാനായുടെ ട്രസ്റ്റി ബോര്‍ഡ് നിയമപ്രകാരം വളരെ ഭംഗിയായി തെരഞ്ഞെടുപ്പെന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതില്‍ ട്രസ്റ്റി ബോര്‍ഡിന്‍റെ എല്ലാ ഭാരവാഹികളെയും ഞാന്‍ അഭിനന്ദിക്കുന്നു. അങ്ങനെ അധികാര വടംവലി ഉണ്ടാകാമായിരുന്ന ഒരു വലിയ ഏറ്റുമുട്ടല്‍ ഒഴിവാക്കി ഫൊക്കാനായെ അതില്‍ നിന്നും രക്ഷിച്ച ട്രിസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ക്ക് എന്‍റെയും എന്‍റെ സംഘടനയുടെയും അഭിനന്ദനങ്ങള്‍. ഫൊക്കാനായുടെ ചരിത്രത്തില്‍ അദ്യമായി നല്ലൊരു ടീമിനെ അണിനിരത്തിക്കൊണ്ട് ഫൊക്കാനായെ പുതിയൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ ശ്രദ്ധ ചെലുത്തിയ ഇപ്പോഴത്തെ പ്രസിഡന്‍റ് ജോര്‍ജി വര്‍ഗ്ഗീസ്, സെക്രട്ടറി സജിമോന്‍ ആന്‍റണി, ട്രഷറര്‍ സണ്ണി മറ്റമന, വിമന്‍സ് ഫോറം ചെയര്‍ ഡോ.കലാ ഷാഹി അവരോടൊപ്പം നില്‍ക്കുന്ന ഫൊക്കാനയുടെ സമൂഹത്തില്‍ അറിയപ്പെടുന്ന ഡോക്ടര്‍മാര്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

എല്ലാത്തിനുമുപരി ന്യൂയോര്‍ക്കിന്‍റെ ആര്‍.വി.പി ആയി എന്നെ നിയോഗിച്ച നിങ്ങള്‍ക്കുവേണ്ടി എന്നാലാവുന്നത് ചെയ്യാമെന്നും ഞാനുറപ്പ് പറയുന്നു. ആരോടും വിരോധം വച്ചുകൊണ്ടല്ല ഞാനിത്രയും എഴുതിയത് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. അധികാരികളോടു വിധേയത്വവും സംഘടനയോടു കൂറും ഉണ്ടായിരിക്കണം. ഫൊക്കാനയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

തോമസ് കൂവള്ളൂർ ‍ (ആര്‍.വി.പി.ന്യൂയോര്‍ക്ക്)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top