Flash News

ഓർമയിലെ കർക്കിടക കാഴ്ചകൾ – 5

August 8, 2020 , ഹണി സുധീര്‍

ഓർമ്മപൂക്കളുടെ മഴ കാഴ്ചകൾക്കും കർക്കിടക ചിന്തകൾക്കും ഒന്നുകൂടി നിറം കൂടിയത് പാലക്കാട്‌ വന്നതിനു ശേഷമുള്ള ജീവിതത്തിലാണ്…

മലബാറിന്റെ ചുവയുള്ള ഒരു പെണ്ണ്. പലപല സംസ്കാരങ്ങൾ കൊണ്ടും വൈവിദ്ധ്യമാർന്ന പാലക്കാടൻ മണ്ണിൽ വേരാഴ്ന്ന് പോയിരുന്നു. സംഗീതവും കലയും സാഹിത്യവും കൊണ്ടും ഒരുപോലെ പ്രശസ്‌തമായ കേരളത്തിലെ ജില്ല. ഋതുക്കൾ മാറി മാറി ചൂടും കാറ്റും മഴയും മഞ്ഞും ആയി വിവിധ മുഖങ്ങൾ കൊടുക്കാറുണ്ട് പാലക്കാടിന്.

ക്ഷേത്രസംസ്കാരങ്ങളാൽ സമ്പന്നമായ വേലകളും ഉത്സവങ്ങളും രഥോത്സങ്ങളും ആയി ഉത്സവലഹരിയിൽ നിറഞ്ഞു നിൽക്കുന്ന നാട്.

കേരളത്തിന്റെ നെല്ലറ കൂടിയായ പാലക്കാടിന്റെ ജീവനാഡി ആണ്‌ കൃഷി. കുളങ്ങളും, പാടങ്ങളും കൊക്കർണികളും ആയി സമൃദ്ധമായ പാലക്കാടൻ നാട്ടിൻ പുറങ്ങൾ മഴക്കാലത്തു പച്ചച്ചു നിൽക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്.

പൊതുവെ ഓണം വിഷു തുടങ്ങിയ ആഘോഷങ്ങൾ മാത്രം കണ്ടു വളർന്ന എനിക്ക് പാലക്കാട് നൽകിയ അനുഭവങ്ങൾ കുറെ ഏറെ പറയാനുള്ളത് കൂടി ആണ്‌.

ഓണം, ദീപാവലി, നവരാത്രി, കാർത്തിക, രഥോത്സവങ്ങള്‍, തൈപൂയം, വേലകൾ, വിഷു എന്നിങ്ങനെ നീണ്ടു പോകുന്നു ആഘോഷങ്ങളുടെ ഘോഷയാത്ര. മാനം മുട്ടി നിൽക്കുന്ന കരിമ്പനകളും സഹ്യന്റെ നീല വേലികെട്ടും ശരിക്കും ഒരു സൗന്ദര്യറാണി ആക്കി മാറ്റാറുണ്ട് പാലക്കാടിനെ. മുല്ലപ്പൂവിന്റേയും ചെണ്ടുമല്ലി പൂവിന്റേയും കർപൂരത്തിന്റെയും, ബത്തിയുടെയും ചൂട് നെയ്‌റോസ്റ്റിന്റെയും സാമ്പാറിന്റെയും ഫിൽറ്റർ കോഫിയുടെയുടെയും മണമുള്ള നാട്.

നഗര ഹൃദയത്തിലെ കോട്ടയാണ് എന്റെ പാലക്കാടൻ ഓർമപ്പൂക്കളിലെ ഏറെ പ്രിയങ്കരമായ ഇടം. ചരിത്രം ഉറങ്ങുന്ന ടിപ്പു സുൽത്താൻ പണി കഴിപ്പിച്ച ഈ കോട്ടക്ക് ചുറ്റും കിടങ്ങുകൾ ഉണ്ട്. ഇന്ന്, ചുറ്റും മനോഹരമായ നടപ്പാതയും പുൽത്തകിടികളും കോട്ടയിലെ പീരങ്കികൂടുകൾക്കു വെയിലിൽ നിഴൽ വീഴ്‌ത്തുന്ന കരിമ്പനകളും ഉണ്ട്. മഴകനത്തു പെയ്യുമ്പോൾ കിടങ്ങുകൾ നിറഞ്ഞു കവിയും.

ദോശയും ചിക്കനും മൈലാഞ്ചിയിൽ പൊതിഞ്ഞ കൈകളും പാലക്കാടൻ കർക്കിടകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌. കള്ള കർക്കിടകത്തിനെ ചങ്കരാന്തി എന്നും പാലക്കാട്ടുകാർ പറയാറുണ്ട്. പാലക്കാടൻ നാട്ടു മൊഴികളുടെ സംഭാവനയാണ്‌ സംക്രാന്തി ലോപിച്ചുണ്ടായ ചങ്കരാന്തി.

സമ്മിശ്രമായ ആളുകളുടെ ഒരു കൂട്ടം ഉണ്ടാകുന്ന സ്ഥലമാണ് കോട്ട. വെറുതെ ഒറ്റക്ക് വന്നിരിക്കുന്ന ആളുകൾ. കോട്ട കാണാൻ വരുന്ന ആളുകൾ, നടക്കാൻ വരുന്ന ആളുകൾ, കൂട്ടുകാരോടൊത്തു കഥ പറഞ്ഞിരിക്കുന്ന ആളുകൾ, പ്പൂകച്ചവടക്കാർ, കടല വിൽപനക്കാർ, കുഞ്ഞി പമ്പരങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്നവർ, തിരക്ക് ആസ്വദിക്കുന്നവർ എല്ലാം… അതിൽ ഉപരി ഹനുമാൻ ക്ഷേത്രത്തിൽ തൊഴാൻ വരുന്ന ആളുകളും. തെളിവേനലിൽ ഒരു പുസ്തകം കയ്യിൽ വച്ചു പാർക്കിന്റെ ഒരോരത്തു ചെന്നിരുന്നു വായിച്ചിരിക്കാനും പ്രിയം.

കേരളത്തിൽ ഹനുമാൻ പ്രതിഷ്‌ഠ ഉള്ള അപൂർവക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടക്കകത്തുള്ള ഹനുമാൻ ക്ഷേത്രം. എല്ലാ കർക്കിടകമാസത്തിലും രാമായണ പാരായണം ഉണ്ടാകും അവിടെ. കർക്കിടകം വന്നാൽ ഹനുമാനെ ദർശിക്കാത്ത നഗരവാസികൾ കുറവായിരിക്കും. നെയ്യൊഴിച്ചു തെളിഞ്ഞു കത്തുന്ന നിലവിളക്കുകളിൽ നിന്നും ഉയരുന്ന ഭക്തിയുടെ ഗന്ധം. വടമാലയും വെറ്റില മാലയും ഒക്കെ ആണ്‌ ഇഷ്ടവഴിപാടുകൾ…

വിസ്തരിച്ചു ഹനുമാനെ ഒന്ന് തൊഴുതു ഓറഞ്ച് നിറത്തിൽ ഉള്ള കുംങ്കുമം തൊട്ട് കോട്ടക്ക് ചുറ്റും ഒന്ന് നടന്നു വന്നാൽ ഒരു പ്രത്യേക കുളിർമ്മയാണ് മനസിന്‌. ക്ഷേത്ര ട്രസ്റ്റിന്റെ വകയായുള്ള രാപ്പാടി കദളീവനത്തിൽ കർക്കിടകം തീരും വരെ കർക്കിടകകഞ്ഞി ഉണ്ടാകും. ഏതു മഴയിലും കുട ചൂടി ഭക്തരുടെ ഒരു നീണ്ട നിര തന്നെ കാണും അവിടെ.

ആർക്കിയോളജി വകുപ്പിന് കീഴിലുള്ള കോട്ട ഇന്ന്‌ ഏകാന്തതയിൽ ആണ്‌. ആളുകളുടെ തിരക്കലും ബഹളവും ഇല്ലാതെ ഈ കോവിഡ് കാലത്ത് ശൂന്യതയിലേക്ക് കണ്ണും നട്ട്‌ പ്രധാന വാതിൽ തുറക്കുന്നതും നോക്കി ഇരിക്കുന്നു. മണിയൊച്ചകൾക്കും ആരവങ്ങൾക്കും കാതോർത്തു കൊണ്ട്.

നൂറ്റാണ്ടുകൾക്കു മുൻപ് ടിപ്പുവിന്റെയും പടയാളികളുടെയും ആത്മാവ് കണ്ടു കിടക്കുന്ന ഈ ചരിത്രസ്മാരകത്തിനു പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ കാണും. സംഗീത സാഹിത്യ കലാ ലോകത്തെ മഹാരഥന്മാരുടെ നാട്ടിൽ ഇനിയുമെത്ര ഓർമപ്പൂക്കൾ കിടക്കുന്നു…

ചിത്രീകരണം: ഈശ്വരന്‍ നമ്പൂതിരി

(തുടരും…..)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top