അരക്ഷിതന്‍ മരണമലയില്‍ (കഥ)

കൊടുംചൂടില്‍ നെഞ്ചിലെരിയുന്ന തീക്കനലുമായി അരക്ഷിതന്‍ എന്ന വിളിപ്പേരുള്ള സാഹിത്യകാരന്‍ സേതുരാമന്‍ കിലോമീറ്ററുകള്‍ നടന്നു തളര്‍ന്ന് അവശനായിട്ടാണ് പൊന്‍പുഴയുടെ തീരത്തെത്തിയത്. തീര്‍ന്നില്ല ഇനിയും നടക്കണം. പുഴയോരത്തുകൂടി നടന്നു. താടി മീശക്കുള്ളില്‍ വീയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു. പതിവായി ആത്മഹത്യകള്‍ സംഭവിക്കുന്ന പുഴയുടെ തീരത്തുള്ള മരണമലയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഇവിടെ രണ്ട് പ്രണയ ജോഡികള്‍ ആത്മഹത്യ നടത്തിയിട്ടുണ്ട്.

ഈ വര്‍ഷം ആര്? ങേ! എഴുത്തുകാരന്‍ അരക്ഷിതന്‍ സേതുരാമനോ! ങേ! പൊള്ളിപ്പോയി. കാരണം! കാരണം! അരക്ഷിതനായതോ!

ഒന്നിലും രക്ഷപ്പെടാത്തവന്‍, എവിടെയും രക്ഷപ്പെടാത്തവന്‍, സാഹിത്യത്തില്‍ അരക്ഷിതന്‍, സാമര്‍ത്ഥ്യത്തില്‍ അരക്ഷിതന്‍, സമ്പന്നതയില്‍ അരക്ഷിതന്‍, സ്വന്തം ജീവിതത്തിലും അരക്ഷിതനായവന്‍. “മരണം രക്ഷപ്പെടാനുള്ള ഒരവസരമായിട്ടാണോ അയാള്‍ ഇവിടെ എത്തിയിരിക്കുന്നത്. ആര്‍ക്കും സംശയം തോന്നുകയില്ല. കാരണം സാഹിത്യത്തിന്‍റെ വര്‍ണ്ണോജ്ജ്വല സൗന്ദര്യം കവര്‍ന്നെടുക്കുന്നത് പൂമ്പൊടിയുടെ സൗരഭ്യമുള്ള തളിരിലകള്‍ മൂടിയ പ്രദേശങ്ങളില്‍ നിന്നല്ലേ?
പിന്നെന്തിന് മരണമല!

അരക്ഷീതന്‍ മരണ മലയിലേക്ക് നടന്നു കയറി ഒരു പാറപ്പുറത്തിരുന്നു. ചുറ്റിനും പച്ചപ്പിന്‍റെ പ്രഭകുളിരുള്ള തണുപ്പ്. ഇവിടുത്തെ എല്ലാ ജീവജാലങ്ങളും ആനന്ദലഹരിയിലാണ്. സൂര്യമിഴികള്‍ എങ്ങും പ്രകാശിച്ചു നിന്നു. അടുത്ത മരത്തിലെ പക്ഷികൂട്ടില്‍ നിന്നും പക്ഷികൂഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാം. അമ്മക്കിളിയെ കാണാത്തതിലെ കരച്ചിലാവാം.

“തന്‍റെ കരച്ചിലടക്കാന്‍ ഈ പുഴ തന്നേയും കാത്തിരിക്കുന്നു.” പുഴകള്‍ക്കപ്പുറത്തുള്ള കുന്നിന്‍റെ കൊടുമുടി തൊടാനെന്നവണ്ണം രണ്ട് പച്ചക്കിളികള്‍ പറന്നു പറന്നകന്നു.

ആകാശത്തിന്‍റെ സ്വന്തം അമ്മ മഞ്ഞില്‍ തണുത്തു വിറക്കുന്ന കുന്നുകളെ മൂടിപ്പുതപ്പിക്കാന്‍ വെള്ളയും നീലയും നിറമുള്ള മഞ്ഞുപുതപ്പുകള്‍ കൊടുത്തയക്കുന്നു.

അരക്ഷീതന്‍ താഴെയൊഴുകുന്ന പുഴയിലേക്ക് നോക്കി. അപക്വമായ ചിന്തകള്‍ മനസ്സിന്‍റെ മണിച്ചെപ്പില്‍ ചിതലരിക്കാന്‍ തുടങ്ങി. പുഴ യൗവനത്തിമര്‍പ്പോടെ കരിങ്കല്‍ പാറകളെ തല്ലിതകര്‍ത്തു അഗാധ ഗര്‍ത്തങ്ങളിലേക്ക് ഒഴുകിയൊഴുകി അകാലചരമത്തിലെത്തുന്നു. ആ ആഗാധഗര്‍ത്തങ്ങള്‍ തന്നെയും ഗാഡമായി ആലിംഗനം ചെയ്യാന്‍ കാത്തിരിക്കുന്നു. മരണത്തിന് യോഗ്യന്‍. തന്‍റെ പേരില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന വിചാരണ കുറ്റം ഒന്നല്ല രണ്ടാണ്.

ആദ്യത്തേത് ദൈവനിന്ദ. ഇല്ല…ഇല്ല…അത് സത്യമല്ല. താന്‍ നിന്ദിക്കുന്നത് ദൈവത്തയല്ല. ആ പേരില്‍ മനുഷ്യനെ അടിമയും ആന്ധനുമാക്കുന്ന മുഖംമൂടിയണിഞ്ഞെത്തുന്ന ആള്‍ ദൈവങ്ങളെയാണ്.

രണ്ടാമത്തെ മരണകാരണം ഊഹിച്ചെടുക്കാന്‍ തുടങ്ങുംമുമ്പെ ഒരലര്‍ച്ച. കണ്‍പോളകള്‍ താഴേക്ക് പതിച്ചു. അമ്പരന്നുപോയി. മഴവെള്ളപാച്ചിലില്‍ ഒഴുകിയെത്തുന്ന വന്‍മരം പോലെ കറുത്തുതടിച്ചു തിളങ്ങുന്ന ഒരു പെരുംപാമ്പ്. അതിന്‍റെ വായില്‍ പൊന്‍പുഴയുടെ സ്വര്‍ണ്ണമയൂരമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മയൂരി മത്സ്യം. മനുഷ്യന്‍റെ വലവിരിയില്‍പ്പെടാത്ത ഈ മത്സ്യം എങ്ങനെ പെരുമ്പാമ്പിന്‍റെ പല്ലുകള്‍ക്കിടയില്‍പ്പെട്ടു? മറ്റ് മത്സ്യങ്ങളെക്കാള്‍ അധികരുചി, ഔഷധ മൂല്യമുള്ള പൊള്ളുന്ന വിലയുള്ള മത്സ്യം. പെരുമ്പാമ്പിന്‍റെ പല്ലുകള്‍ക്കിടയില്‍ മയൂരിമത്സ്യം കനല്‍കുട ചൂടി.

അരക്ഷിതനെ വീഴ്ത്താന്‍ വാപിളര്‍ന്നു വന്ന സോഷ്യല്‍ മീഡിയായുടെ ദാഹവും വിശപ്പും പെരുമ്പാമ്പിലും കണ്ടു. മൂര്‍ച്ചയേറിയ നോട്ടത്തിന്‍റെ കയ്പ്പ്. മനസ്സ് അസ്വസ്ഥമായി. മണ്ണിലും ഇതുപോലെ ആരെയും വിഴുങ്ങുവാന്‍ പാഞ്ഞടുക്കുന്ന മനുഷ്യര്‍!

സോഷ്യല്‍ മീഡിയായിലെ സമ്പന്നവര്‍ഗ്ഗം എരന്നുതിന്നലും തമ്പ്രാന്‍റെ മീശ മേലോട്ട് എന്ന ഭാവമുള്ളവര്‍. മറ്റുള്ളവരുടെ ഹൃദയവ്യഥകള്‍ കണ്ട് ആഹ്ലാദിക്കുന്നവര്‍. ആരെപ്പറ്റിയും എന്തും എഴുതിവിട്ടു രസിക്കുന്ന കടലാസ് പുലികള്‍.

വെയിലിന് മങ്ങലേറ്റു. ഹൃദയം ഹൃദയത്തെ തൊട്ടുണര്‍ത്തി. കഴിഞ്ഞ നാളത്തെ ചിന്ത മനോദുഃഖത്താല്‍ തെളിഞ്ഞു. തന്‍റെ എഴുത്തുകള്‍ മലയാളത്തിലേക്ക് ടൈപ്പ് ചെയ്തു തരുന്ന ആത്മസുഹൃത്ത് പണത്തിന്‍റെ ഒരത്യാവശ്യവുമായി തന്‍റെ വീട്ടിലെത്തി. കൈകളിലുള്ള കവറില്‍നിന്ന് കുറെ കടലാസുകളെടുത്ത് മേശപ്പുറത്ത് വെച്ചു.

“ചേട്ടാ! ചേട്ടനെന്നും ഈ നോവലും കഥയുമായി ജീവിച്ചാല്‍ മതിയോ? അറിവിന്‍റെ ജാലകങ്ങള്‍കൂടി തുറക്കുന്ന പുസ്തകങ്ങളും സമൂഹത്തിന് വായിക്കാന്‍ കൊടുക്കേണ്ടെ! ഇതൊന്ന് വായിക്ക്. പണത്തിന് അത്യാവശ്യമുള്ളതുകൊണ്ടാണ് എനിക്കിത് വില്‍ക്കേണ്ടി വരുന്നത് “.

അരക്ഷിതന്‍റെ മുഖം ചുളിഞ്ഞു മുഖമുയര്‍ത്തി ചോദിച്ചു. ങേ? സാഹിത്യം വില്പനക്കോ?

“സ്വന്തമായി ഞാനെഴുതാത്തവ എന്‍റേതെന്ന് എങ്ങനെ പറയും. സോറി എനിക്കു വേണ്ട സുഹൃത്തേ”

” ചേട്ടാ! വിഡ്ഡിത്തം പറയാതിരിക്കു. ചേട്ടന്‍ ഇഷ്ടമുള്ളത് എഴുതി ചേര്‍ത്തൂടെ? ഇന്‍ഫോര്‍മെറ്റിവ് പുസ്തകങ്ങള്‍ എഴുതി അവാര്‍ഡ് വാങ്ങുന്നവര്‍ സ്വന്തമായി എഴുതുന്നു എന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്. അനുഭവസീമകള്‍ തെറ്റിക്കുന്നതില്‍ ഒരു കുറ്റബോധവും വേണ്ട. രാപകല്‍ കഷ്ടപ്പെട്ടിരുന്ന് എഴുതിയുണ്ടാക്കിയതാണ്. ഭാവി തലങ്ങള്‍ അടയാളപ്പെടുത്തുന്ന വിഷയങ്ങളാണ്. പെങ്ങളുടെ വിവാഹം, കടബാദ്ധ്യതകള്‍ ധാരാളമാണ് എന്നെ സഹായിക്കണം.” സങ്കോചലേശമെന്യെ സുഹൃത്തു പറഞ്ഞു തീര്‍ത്തു.

” ങ്ഹും… പരിചയമില്ലാത്തതാണ് വേണ്ട. ” ഒഴുവാക്കാനായി മനപൂര്‍വ്വം പറഞ്ഞു നിര്‍ത്തി.

“എന്‍റെ അത്യന്ത ദുരിതത്തില്‍ സഹായിക്കാന്‍ മനസ്സില്ലെങ്കില്‍ അതു പറയു. എന്തിനാ കണ്ണ് പൊത്തി വെച്ചു അന്ധത നടിക്കുന്നത്. കേരളത്തിലെ പ്രമുഖ പ്രസാധകര്‍ ചേട്ടന്‍റെ ചരിത്ര പുസ്തകങ്ങള്‍ ഇറക്കിയിട്ടില്ലേ? ആ ചരിത്രപാഠങ്ങള്‍ എവിടുന്നുണ്ടായി? ”

സുഹൃത്തിന്‍റെ സംഭാഷണങ്ങളില്‍ കിതപ്പനുഭവപ്പെട്ടു. ഒരു സത്യന്വേഷകന്‍റെ ധാര്‍ഷ്ഠ്യം അതിലുണ്ട്.

കണ്ണീരൊഴുക്കിയില്ലെങ്കിലും ആ മുഖത്ത് ദുഃഖവും നിരാശയുമാണ്. ഉടനടി ചോദിച്ച തുകയ്ക്കുള്ള ചെക്ക് എഴുതികൊടുത്തു. സന്തോഷത്തോടെ സുഹൃത്തുപോയി. പുതിയ അറിവുകള്‍ ഉറക്കളച്ചിരിന്നു വായിച്ചു പലതും കൂട്ടിച്ചേര്‍ത്ത് മാസങ്ങള്‍ കഴിഞ്ഞ് പ്രസാധകനെ ഏല്പിച്ചു.

“പുസ്തകം പുറത്തിറങ്ങി” സോഷ്യല്‍ മീഡിയ ഈ പുസ്തകത്തിലെ പലപേജുകളും ഇന്‍റര്‍നെറ്റില്‍ നിന്നും കോപ്പിയടിച്ചതാണ് എന്നാരോപണമുയര്‍ത്തി രംഗത്തുവന്നു. അരക്ഷിതന്‍ പരിഭ്രമത്തോടെ സുഹൃത്തിനെ വിളിച്ചു. അയാളുടെ മറുപടി ” അവര്‍ക്ക് ഭ്രാന്താണ് ചേട്ടാ!.” ഓരോരുത്തര്‍ ആക്രോശിച്ചുകൊണ്ടെഴുതിയ അടിക്കുറിപ്പുകള്‍ വായിച്ചു. ഭാഷയുടെ മഹത്വം തിരിച്ചറിയാത്ത സോഷ്യല്‍ മീഡിയ സൈബര്‍ പുലികള്‍ തെരുവിലിറങ്ങി പുലഭ്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ പുസ്തക പുലികളറിയച്ചത് “ഇന്ത്യന്‍ നിയമത്തില്‍ കോപ്പിയടി പുസ്തകത്തില്‍ നിന്നുള്ളതിനാണ് അല്ലാതെ ഇന്‍റര്‍നെറ്റ് അല്ല. ഈ വ്യക്തിഹത്യ പണം തട്ടിയെടുക്കാനുള്ള തന്ത്രമെന്ന് സംശയിക്കുന്നു.”

പിടികിട്ടാത്ത കാരണത്തെചൊല്ലി അധിക്ഷേപങ്ങളും വിഹ്വലതയും ഉറഞ്ഞുതുള്ളി. മനസ്സ് മദം പിടിച്ചു തുള്ളികുതിച്ചപ്പോള്‍ ഒരാളെഴുതി.

“ങ്ഹും ! വില്യം ഷേക്സ്പിയര്‍ മുതല്‍ കേരളത്തിലെ പല പ്രമുഖരും സാക്ഷാല്‍ നോബേല്‍ സമ്മാനം നേടിയ രവീന്ദ്രനാഥ് ടാഗോറിന്‍റെയടക്കം കോപ്പി ചെയ്തിട്ടുണ്ട്. അതുപോലും പുസ്തമാക്കിയ ധൈര്യശാലികളായ പ്രസാധകരും കേരളത്തിലുണ്ട്. പിന്നെയാണോ ഈ ഇന്‍റെര്‍നെറ്റ് കോപ്പിയടി. പാലുകുടിച്ചാല്‍ പോരായോ പശുവിന്‍റെ അകിട് ചെത്തിനോക്കണോ? പരാതിയുള്ളവര്‍ കോടതിയില്‍ പോയി നീതിതേടുകയാണ് വേണ്ടത്.”

പുരോഗമനവാദികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു പത്രം കള്ളും കാശും വാങ്ങി എഴുതിവിട്ടത്. “അരക്ഷീതന്‍റെ എല്ലാ പുസ്തകങ്ങളും കോപ്പിയടിച്ചതാണ്.” എല്ലാം പരിഭ്രമത്തോടെ അരക്ഷീതന്‍ കണ്ടു. കണ്ണുണ്ടെങ്കിലും മുന്നില്‍ ഇരുട്ട് വ്യാപിച്ചു കിടന്നു. ഹൃദയത്തിനേറ്റ മുറിവ് തോളില്‍വരെയെത്തി. മരണം തലച്ചോറിലെത്തികൊണ്ടിരിക്കുന്നു. ഊതിപ്പെരുപ്പിച്ച കഥകള്‍ ഊതികെടുത്തുകയാണ് വേണ്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

കഴിഞ്ഞ ദിവസം പ്രദേശത്തെ പുരോഗമനവാദികളായ കുറെപേര്‍ ഒരു സാംസ്കാരിക സമ്മേളനം നടത്തി. ഉദ്ഘാടനത്തിനെത്തിയത് കവി കാളിദാസ് ആണ്. സ്വന്തം പാര്‍ട്ടി വഴി കവിപട്ടം ചാര്‍ത്തിയെടുത്ത വ്യക്തി. പാര്‍ട്ടി നടത്തുന്ന എല്ലാ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കും. അലങ്കാര വസ്ത്രത്തില്‍ മാത്രമെ എവിടേയും കടന്നു ചെല്ലാറുള്ളു. നീണ്ട ജുബ്ബാ പോക്കറ്റില്‍ നിന്നും ഒരു ചില്ലിക്കാശ് ചിലവാക്കാതെ ആര്‍ക്കൊപ്പവും ചേര്‍ന്നിരുന്ന് മദ്യം കഴിക്കും. എതിര്‍ക്കുന്നവരെ കവിതയിലൂടെ ചവിട്ടിയരക്കാനും മടിക്കില്ല. കവിയുടെ അടുത്ത സുഹൃത്താണ് പാലുത്തറ പപ്പുവിന്‍റെ ഭാര്യ നോവലിസ്റ്റ് ഗംഗ ദേവി. സ്വന്തം സമുദായ പത്രത്തില്‍ മാത്രമേ ഗംഗാ ദേവിയുടെ നോവലിനെപ്പറ്റി എഴുതി കാണാറുള്ളു. നോവലിസ്റ്റ് എന്ന മകുടം ചാര്‍ത്തി കൊടുത്തത് ഈ സമുദായ പത്രവും അവരുടെ രാഷ്ട്രീയ നേതാക്കന്മാരുമാണ്. ഭാര്യക്ക് പേരുണ്ടാക്കികൊടുക്കാന്‍ പപ്പു എന്തും ചെയ്യും. കാശുകൊടുത്തു നോവല്‍ എഴുതിക്കുന്നതും നേതാക്കന്മാരെ സ്വാധിനിച്ചു നോവല്‍ ഇറക്കുന്ന ആളാണ് ഗംഗാ ദേവിയെന്ന സാഹിത്യ രംഗത്തുള്ള പലരും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. എഴുത്തും പെണ്ണും അന്യകയ്യിലകപ്പെട്ടാല്‍ തിരിച്ചുകിട്ടാന്‍ പ്രയാസമെന്ന് കാളിദാസിന് തോന്നി.

കവി സമ്മേളനം കഴിഞ്ഞ് കാളിദാസ് ഗംഗയുടെ വീട്ടില്‍ അതിഥിയായെത്തി. മദ്യ ലഹരിയില്‍ ഗംഗയുടെ ഭര്‍ത്താവ് പാലുത്തറ പപ്പു ഭാര്യയെപ്പറ്റി ഗീര്‍വാണ വീമ്പ് തുടങ്ങി. മദ്യ ലഹരിയില്‍ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. കാളിദാസ് ക്ഷമയോടെ പപ്പുവിന്‍റെ വാക്കുകള്‍ കേട്ടിരുന്നു. ഇടക്ക് ചോദിച്ചു.

“നിങ്ങടെ നാട്ടുകാരന്‍ അരക്ഷീതന്‍ കോപ്പിയടിയില്‍ വീണത് കഷ്ടമായി. എത്രയോ വര്‍ഷങ്ങളായി എഴുതുന്ന ആളാണ്.”

കോഴിക്കാലുകള്‍ കടിച്ചുമുറിച്ചു കൊണ്ടിരുന്ന പാലുത്തറ പപ്പുവിന്‍റെ കണ്ണുകള്‍ ചുവന്നു. മുഖം വലിഞ്ഞുമുറുകി. പരിഹാസച്ചിരിയോടെ പറഞ്ഞു.

“വീണതല്ല സാറെ ഈ ഞാന്‍ വീഴ്ത്തിയത. പണം കൊടുത്താല്‍ ഈ നാട്ടില്‍ നടക്കാത്ത കാര്യമുണ്ടോ? അവനങ്ങനെ എന്‍റെ ഭാര്യയുടെ മുന്നില്‍ വലിയ ആളായി ഞെളിഞ്ഞു നടക്കേണ്ട. അവനൊരു പണി കൊടുക്കാന്‍ കാത്തിരിക്കുമ്പോഴാണ് ഈ വായുവില്‍ പറക്കുന്ന പുലികളെ കണ്ടത്. അവനെ കൊറെ നാറ്റിക്കാന്‍ പറ്റിയില്ലേ? പിന്നെ എന്‍റെ ഭാര്യ നോവലൊന്നും കാശുകൊടുത്തു വാങ്ങാറില്ല. അത് കേട്ട് രാമദേവിയുടെ ഉള്ളൊന്ന് നടുങ്ങി. അല്ല സാറിന് കോപ്പിയടി ഒണ്ടോ? ”

കാളിദാസ് ആഴ്ചര്യപ്പെട്ടു നോക്കി. അരക്ഷിതന്‍ ലോകമെങ്ങും എഴുതുന്നവനാണ്. ഇത് അസൂയയാണ്. ഇപ്പോള്‍ എനിക്കിട്ടും കുത്താന്‍ നോക്കുന്നു. നിന്‍റെ ഭാര്യയെപോലെ നോവല്‍ കാശുകൊടുത്തു എഴുതിക്കുന്നവനല്ല അരക്ഷിതനന്ന് പറയണമെന്ന് തോന്നി. തന്‍റെ നരച്ചതാടിമീശയില്‍ തടവി നിമിഷങ്ങള്‍ ഇരുന്നു. ഒരതിഥിയായി വീട്ടില്‍ വന്നതല്ലേ? ദേഷ്യം ഉള്ളിലൊതുക്കി പെട്ടെന്നയാള്‍ ഒരു പെഗ് കുടി വെള്ളം ചേര്‍ക്കാതെ ഉള്ളിലാക്കി. ഒരെഴുത്തുകാരനോടെ ഇത്ര ക്രൂരത വേണോ?

മനുഷ്യ മനസ്സിന്‍റെ അടിത്തട്ടിലുറങ്ങുന്ന സങ്കുചിത ചിന്തകള്‍ എത്രമാത്രം ഉപദ്രവങ്ങളുണ്ടാക്കുന്നത് കാളിദാസിന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.

മരണമലയുടെ നെറുകയില്‍ മൊബൈയില്‍ ശബ്ദിച്ചു. അരക്ഷിതന്‍ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് സംസാരിച്ചു. അത് കാളിദാസായിരുന്നു. അദ്ദേഹത്തിന്‍റെ ആശ്വാസവാക്കുകള്‍ തലച്ചോറിലേക്ക് അരിച്ചിറങ്ങി. പൊന്‍പുഴയുടെ കുത്തൊഴുക്കിലേക്ക് കൂപ്പുകുത്തി വീഴാനിരിക്കുമ്പോഴാണ് മനസ്സില്‍ ഇഴഞ്ഞു കയറിയ മരണം ആത്മാവിനെയുണര്‍ത്തിയത്. മനസ്സ് ശാന്തമായി. തന്‍റെ ശരീരത്തിനായി കാത്തുകിടന്ന പെരുമ്പാമ്പിനെ അരക്ഷിതന്‍ ഒരിക്കല്‍ കൂടി കണ്ടു. “വീരചരമം സ്വന്തമാക്കേണ്ടത് ധീരതയ്ക്കാണ്. അല്ലാതെ ആത്മഹത്യക്കല്ല. ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്.” അരക്ഷിതന്‍ പെട്ടെന്നെഴുന്നേറ്റ് താഴ്വാരത്തേക്ക് നടന്നു. ആ യാത്ര കോടതിയിലേക്കായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment