Flash News

മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു

August 7, 2020

മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലില്‍ തകര്‍ന്ന ലയങ്ങളിലുള്ളവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാല് ലയങ്ങളിലായി ഏകദേശം 78 പേര്‍ ഉണ്ടായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്തെ മഴയെത്തുടര്‍ന്ന് ഈ ലയങ്ങളെല്ലാം മണ്ണിനടിയിലായി. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി. അധികൃതര്‍ അറിയിച്ചു. 12 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവരാണു മരിച്ചത്. രക്ഷപ്പെട്ട 12 പേരിൽ 4 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 51 പേർക്കായുള്ള തിരച്ചിൽ ആണ് നടന്നുകൊണ്ടിരിക്കുന്നത്. പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തത്തിന് കാരണമായത്. ഉരുൾ പൊട്ടലിൽ ഒഴുകിയ കല്ലും ചെയ്യും മറ്റും ആറ് കിലോമീറ്ററിലധികം പ്രദേശത്തായി വ്യാപിച്ചു കിടക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്സ് ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാല് ലയങ്ങളിലെ 36 മുറികളില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും ഒൻപത് പുരുഷന്മാരുമാണ് ഉള്ളത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലേക്കാണ് ആദ്യം എത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെ അവിടെനിന്നും കോലഞ്ചേരി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ രാജമലയുടെ ഏറ്റവും മുകളില്‍ നിന്ന് ഉരുള്‍പൊട്ടി വന്ന് കുന്ന് ഇടിച്ചുകൊണ്ട് ലയങ്ങള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രാത്രി വലിയ ശബ്ദം കേട്ടെങ്കിലും വൈദ്യുതി ഇല്ലാത്തതിനാല്‍ മറ്റ് ലയങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ മാർഗ്ഗം ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ അഞ്ചു മണിയോടെ മറ്റ് കുന്നുകളിലെ ലയങ്ങളില്‍ താമസിച്ചവര്‍ വന്നു നോക്കുമ്പോഴാണ് ദുരന്തം അറിയാനായത്. റോഡ് മുഴുവന്‍ മണ്ണും മരങ്ങളും വീണതിനാല്‍ പ്രദേശവാസികള്‍ എട്ടു കിലോമീറ്ററുകളോളം നടന്ന് കണ്ണന്‍ദേവന്‍ കമ്പനിയിലും ഫോറസ്റ്റ് ഓഫീസിലും എത്തിയാണ് വിവരം അറിയിച്ചത്. ദുരന്തം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറം ലോകം പോലും അറിയുന്നത്. മണ്ണിടിഞ്ഞ് സമീപത്തുള്ള പുഴയിലേക്ക് പതിച്ചിട്ടുണ്ട്. പുഴയിലേക്ക് തെറിച്ചുവീണവര്‍ മലവെള്ള പാച്ചിലിൽ ഒഴുകിപോയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അടിയന്തര സഹായം നല്‍കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top