Flash News

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യത, രാജമലയില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രഖ്യാപിച്ചു

August 7, 2020 , ഹരികുമാര്‍

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ആഗസ്റ്റ് ഏഴ് എട്ട് തിയ്യതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, മൂന്നാര്‍ രാജമലയിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി പിണറായി വിജയൻ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടതിനാല്‍ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കിയാതായി മുഖ്യമന്ത്രി പറഞ്ഞു.

സബ് കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, അഗ്നിശമനസേന സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ പ്രയാസം നിറഞ്ഞതായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത ദുരന്തം മുന്നിൽ കണ്ട് ദേശീയ ദുരന്ത പ്രതികരണസേനയുടെ ഒരു യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചിരുന്നു. എന്നാൽ വാഗമണ്ണിൽ ഒരു കാർ ഒലിച്ചുപോയതിനെ തുടർന്ന് എൻഡിആർഎഫ് അവിടെ രക്ഷാപ്രവർത്തനം നടത്തി. രാവിലെയാണ് അവരെ രാജമലയിൽ നിയോഗിച്ചത്. ഇതുകൂടാതെ അഗ്നിശമന സേനയുടെ പരിശീലനം ലഭിച്ച അൻപതംഗ ടീമിനെ ഇവിടേക്ക് നിയോഗിച്ചിട്ടുടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.

ഓറഞ്ച് അലേര്‍ട്ട്:

ആഗസ്റ്റ് 7 – കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
ആഗസ്റ്റ് 8 – പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
ആഗസ്റ്റ് 9 – ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലേര്‍ട്ട്:

ആഗസ്റ്റ് 7 – തിരുവനന്തപുരം
ആഗസ്റ്റ് 8 – തിരുവനന്തപുരം, കൊല്ലം.
ആഗസ്റ്റ് 9 – ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്.
ആഗസ്റ്റ് 10 – മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
ആഗസ്റ്റ് 11 – കണ്ണൂർ, കാസറഗോഡ്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top