Flash News

ബെയ്റൂട്ട് സ്ഫോടനം: രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു

August 8, 2020 , തസ്‌നീം

ബെയ്‌റൂട്ട്: മൂന്നു ദിവസം മുന്‍പ് ബെയ്റൂട്ട് തുറമുഖത്തു നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 149 ആയതായി അധികൃതർ പറയുന്നു.

ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ സ്ഥലം സന്ദർശിച്ചതിന്റെ പിറ്റേന്ന് വെള്ളിയാഴ്ച ഫ്രഞ്ച്, റഷ്യൻ രക്ഷാപ്രവർത്തകർ തുറമുഖ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. സഹായം വാഗ്ദാനം ചെയ്യുകയും ലെബനനിലെ ദീർഘകാല രാഷ്ട്രീയ നേതാക്കളെ മാറ്റങ്ങള്‍ക്കായി സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

സ്‌ഫോടക വസ്തുക്കൾക്കും വളങ്ങൾക്കുമായി ഉപയോഗിക്കുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് എന്ന രാസവസ്തുവാണ് പൊട്ടിത്തെറിച്ചത്. 2013 ൽ ഒരു ചരക്ക് കപ്പലിൽ നിന്ന് കണ്ടുകെട്ടിയ ഈ അമോണിയം നൈട്രേറ്റ് തുറമുഖത്തുതന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.

സ്ഫോടനം നടന്നതിനു ശേഷം ലെബനന്‍ ഭരണകൂടം നിരവധി വിമർശനങ്ങള്‍ നേരിട്ടതോടെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ലെബനൻ ജനത ഈ ദുരന്തം വന്നത് അശ്രദ്ധയും അഴിമതിയും കാരണമെന്ന് ആരോപിച്ചു.

സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താൻ നിരവധി രാജ്യങ്ങളിൽ നിന്ന് രക്ഷാപ്രവർത്തന സംഘങ്ങളെ അയച്ചിട്ടുണ്ട്.

55 ഫ്രഞ്ച് രക്ഷാപ്രവർത്തകരുടെ സംഘം വ്യാഴാഴ്ച തിരച്ചില്‍ ആരംഭിച്ചയുടനെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായി മിഷൻ ഹെഡ് കേണൽ ടിസിയർ വിൻസെന്റ് പറഞ്ഞു. പൊളിച്ചുമാറ്റിയ തുറമുഖത്ത് ലെബനൻ അഗ്നിശമന സേനാംഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവിടെ ബുൾഡോസറുകളും എക്‌സ്‌കവേറ്ററുകളും അവശിഷ്ടങ്ങൾക്കിടയില്‍ തിരച്ചില്‍ നടത്തുകയാണ്.

ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ല. തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ കുടുംബങ്ങള്‍ ബന്ധുക്കളുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

300,000 ത്തോളം ആളുകൾക്ക് (ബെയ്‌റൂട്ടിലെ ജനസംഖ്യയുടെ 12% ത്തിലധികം പേർക്ക്) വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നില്ല. കാരണം സ്ഫോടനം കാരണം നഗരത്തിലുടനീളം വാതിലുകളും ജനലുകളും തകരുകയും നിരവധി കെട്ടിടങ്ങൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. 10 ബില്യൺ മുതൽ 15 ബില്യൺ ഡോളർ വരെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

കൊറോണ വൈറസ് പാൻഡെമിക് ബാധിച്ച രോഗികളുള്ള ആശുപത്രികൾ തകര്‍ന്നതു മൂലം പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ പാടുപെടുകയാണ്.

സ്ഫോടനത്തെത്തുടര്‍ന്ന് തുറമുഖ, കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 16 ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും മറ്റുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ പല ലെബനികളും രാഷ്ട്രീയ വ്യവസ്ഥയ്ക്കു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ ഉന്നത നേതൃത്വത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.

പതിറ്റാണ്ടുകളായി, അതേ രാഷ്ട്രീയ പ്രമാണിമാരാണ് ലെബനാനിൽ ആധിപത്യം പുലർത്തുന്നത് – അവരിൽ പലരും 1975-1990 ലെ ആഭ്യന്തര യുദ്ധത്തിൽ നിന്നുള്ള മുൻ യുദ്ധപ്രഭുക്കളും മിലിറ്റിയ കമാൻഡർമാരുമാണ്. ഭരണവർഗങ്ങൾ പൊതുസ്ഥാപനങ്ങളെ ഉപയോഗിച്ച് സ്വത്ത് സമ്പാദിക്കാനും പിന്തുണയ്ക്കുന്നവർക്ക് സംരക്ഷണം നല്‍കാനും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനും ഉപയോഗിക്കുന്നു. ആഭ്യന്തരയുദ്ധം അവസാനിച്ച് മുപ്പത് വർഷങ്ങൾ പിന്നിട്ടിട്ടും, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ളം മുതലായവ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

സ്‌ഫോടനത്തിന് മുമ്പുതന്നെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം തകര്‍ന്നുകിടക്കുകയായിരുന്നു. തൊഴിലില്ലായ്മ കുതിച്ചുയരുന്നു, പ്രാദേശിക കറൻസിയുടെ തകർച്ച നിരവധി ആളുകളുടെ സമ്പാദ്യത്തെ തുടച്ചുനീക്കി. അത് സ്ഫോടനത്തിനുശേഷം പുനർനിർമിക്കാനുള്ള ചുമതല കൂടുതൽ ഭയപ്പെടുത്തുന്നതാണെന്ന് ലെബനന്‍ ജനത പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top