Flash News

സൂഫിസം (ഭാഗം 11)

August 8, 2020 , ബിന്ദു ചാന്ദിനി

ജീവജാലങ്ങളെ മതപരമായ കലാരൂപങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് ഇസ്ലാം വിലക്കുന്നു . ഇതു രണ്ടു കലാരൂപങ്ങൾ ആവിർഭവിക്കാൻ ഇടയാക്കി . കയ്യെഴുത്തു കലയും ( Calligraphy ) അരബെസ്ക്കും (Arabesque ജ്യാമിതീയ രൂപങ്ങൾ ) . വാസ്തുശില്പങ്ങളെ മോടിപിടിപ്പിക്കുവാൻ ചെറുതും വലുതുമായ ലിഖിതങ്ങൾ – പൊതുവെ ഖുർആനിലെ ഉദ്ധരണികൾ ഉപയോഗിച്ചു . കയ്യെഴുത്തു കല ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ എഴുതിയ ഖുർആൻ്റെ കയ്യെഴുത്തു പ്രതികളിലാണ് . കിത്താബ് അൽ അഗാനി ( Book of Songs ) , കലീല വ ദിംന (pahlavi version of the Panchtantra ), ഹരീരിയുടെ മാഖാമാത് ( Maqamat ) തുടങ്ങിയ സാഹിത്യകൃതികൾ ചിത്രീകരണങ്ങളോടു കൂടിയുള്ളവയായിരുന്നു. ഗ്രന്ഥങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാൻ പലവിധ അലങ്കാര തന്ത്രങ്ങളും (Illumination techniques) അനുവർത്തിച്ചു പോന്നിരുന്നു. ചെടികളുടേയും പുഷ്പങ്ങളുടെയും ചിത്രങ്ങൾ (Floral Designs) കെട്ടിടങ്ങളിലും പുസ്തകങ്ങളിലും നിർബാധം ഉപയോഗിച്ചിരുന്നു.

മുഗൾ ഇന്ത്യയിലെ ഗ്രന്ഥങ്ങളെല്ലാം കയ്യെഴുത്തുപ്രതി രൂപത്തിലുള്ളവയാണ്. കയ്യെഴുത്തുപ്രതികളുടെ നിർമാണം രാജകീയ ‘കിതാബ് ഖാന’യിലാണ് നടന്നത് . ‘കിതാബ് ഖാന’ എന്നാൽ ‘എഴുത്തുമുറി ‘ (Scriptorium) എന്നാണ് അർത്ഥം. രാജാവിൻ്റെ കയ്യെഴുത്തു പ്രതി ശേഖരങ്ങൾ സൂക്ഷിക്കുന്നതും പുതിയ കയ്യെഴുത്തു പ്രതികൾ നിർമിക്കുന്നതും ‘കിതാബ് ഖാന’ യിൽ വച്ചായിരുന്നു. പലരുടേയും പലതരത്തിലുള്ള പ്രവർത്തനവും ആവശ്യമുണ്ടായിരുന്ന ഒന്നായിരുന്നു കയ്യെഴുത്തുപ്രതി നിർമാണം. കയ്യെഴുത്തു പ്രതിയുടെ താളുകൾ (Folio) തയ്യാറാക്കാൻ കടലസു നിർമാണക്കാർ, എഴുതിയത് പകർത്താൻ പകർത്തിയെഴുത്തുകാരൻ (scribe), താളുകൾ മോടിവരുത്താൻ ഗിൽഡേഴ്സ് (സ്വർണ്ണം, വെള്ളി മുതലായവ പൂശുന്നവർ), ചില വിവരണങ്ങളുടെ ചിത്രീകരണം നടത്താൻ ചിത്രകാരൻ, പേജുകൾ കൂട്ടിത്തുന്നാൻ ബൈൻഡർമാർഎന്നിവരുടെ കൂട്ടായ പ്രവർത്തനം ഇതിൻ്റെ നിർമാണത്തിനാവശ്യമായിരുന്നു. മുഗളരുടെ ഔദ്യോഗിക ചരിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ‘അക്ബർനാമ’ (അബുൾ ഫാസൽ) യും ‘ബാദ്ഷാ നാമ’ (അബ്ദുൾ ഹമീദ് ലാഹോരി ) യുമാണ്. ഇതിൻ്റെ ഓരോ കയ്യെഴുത്തുപ്രതിയിലും ഏകദ്ദേശം നൂറ്റമ്പതോളം പേജുകൾ ചിത്രങ്ങളാണ്. യുദ്ധം, നായാട്ട് , കെട്ടിടനിർമാണം, കൊട്ടാര രംഗങ്ങൾ, ആഘോഷങ്ങൾ എന്നിവയാണ് ചിത്രത്തിൻ്റെ വിഷയങ്ങൾ. തയ്യാറാക്കികഴിഞ്ഞ കയ്യെഴുത്തു പ്രതിയെ ഒരമൂല്യവസ്തുവായിട്ടാണ് കണക്കാക്കിയത്. ബൗദ്ധികസമ്പന്നതയുടേയും സൗന്ദര്യത്തിൻ്റേയും മാതൃകയായിരുന്നു അത് . അത്തരം മനോഹരമായ ഒരു വസ്തു പുറത്തുകൊണ്ടുവന്ന അതിൻ്റെ രക്ഷാധികാരിയുടെ – മുഗൾ രാജാവിൻ്റെ – പ്രൗഢി അതു വിളംബരം ചെയ്യുന്നു.

മുഗൾ ചക്രവർത്തിമാരുടെ അധികാരം ദൈവദത്തമാണെന്നു സ്ഥാപിക്കാൻ കൊട്ടാരം ചരിത്രകാരന്മാർ പല ഉറവിടങ്ങളേയും ആശ്രയിച്ചു. ദൈവത്തിൽ നിന്നുൽഭുതമാകുന്ന പ്രകാശം സ്വീകരിക്കുന്ന വസ്തുക്കളുടെ ശ്രേണീശ്യംഖലയുടെ ഏറ്റവും ഉന്നതസ്ഥാനത്ത് ‘ മുഗൾ രാജത്വ ‘ ത്തെ അബുൾ ഫാസൽ പ്രതിഷ്ഠിച്ചു . ഇതിനദ്ദേഹത്തിന് പ്രചോദനമായത് 1191ൽ അന്തരിച്ച ഇറാനിയൻ സൂഫിവര്യൻ ഷിഹാബുദ്ദീൻ സുഹ്റവർദിയായിരുന്നു . പ്ലേറ്റോയുടെ റിപ്പബ്ലിക്കോളം പഴക്കമുണ്ട് സുഹ്റവർദി തത്വശാസ്ത്രത്തിൻ്റെ ഉത്ഭവത്തിന് . അവിടെ സൂര്യൻ്റെ ചിഹ്നമാണ് ദൈവത്തെ പ്രതിനിധീകരിക്കുന്നത് . ഇസ്ലാമിക ലോകത്തിൽ സുഹ്റവർദിയുടെ രചനകൾ സാർവത്രികമായി വായിക്കപ്പെട്ടു . ഇതാണ് അബുൾ ഫാസലിൻ്റെ ഈ ആശയത്തിൻ്റെ ഉറവിടം . ഈ ആശയമനുസരിച്ച് ‘ദിവ്യപ്രകാശം ‘ രാജാവിലേക്ക് പ്രസരിക്കുകയും രാജാവ് പ്രജകളുടെ ആത്മീയവഴിക്കാട്ടി ആയിത്തീരുകയും ചെയ്തു . ആഖ്യാനങ്ങളിലെ വിവരണങ്ങളോടൊപ്പമുള്ള ചിത്രങ്ങൾ ഈ ആശയങ്ങൾക്ക് പ്രചാരം നൽകുകയും ക്രമേണ അതു ജനങ്ങളുടെ മനസ്സിൽ മായാതെ പതിയുകയും ചെയ്തു . ക്രിസ്തുവിൻ്റേയും കന്യാമറിയത്തിൻ്റേയും യൂറോപ്യൻ ചിത്രങ്ങളിൽ കാണുന്നതുപോലെ ഒരു പ്രഭാവലയം പതിനേഴാം നൂറ്റാണ്ടു മുതൽ മുഗൾ കലാകാരന്മാർ വരച്ച മുഗൾ ചക്രവർത്തിമാരുടെ ചിത്രങ്ങളിലും കാണാം .

ഭിന്നഗണങ്ങളിലും വർഗങ്ങളിലും പെട്ട ജനങ്ങൾ അധിവസിക്കുന്ന വിസ്തൃതമായ ഒരു രാജ്യത്തിൻ്റെ നിയാമാനുസൃതമായ ഭരണാധികാരികളായിട്ടാണ് തങ്ങളെ മുഗൾ രാജാക്കന്മാർ കണ്ടത് . ഈ കാഴ്ചപ്പാട് അവർ പ്രേക്ഷണം ചെയ്തത് വംശീയ ചരിത്രരചനയിലൂടെ ആയിരുന്നു . പല വംശങ്ങളും മതസമുദായങ്ങളും ഉൾപ്പെട്ടതായിരുന്നു ആഖ്യാതാക്കൾ നമ്മുടെ മുമ്പിലവതരിപ്പിക്കുന്ന മുഗൾ സാമ്രാജ്യം . മഹത്തായ മുഗൾ സാമ്രാജ്യത്തിൻ്റെ മൂലക്കല്ല് ‘ സുൾഹി_ കുൽ (Sulh – i – Kul പൂർണ സമാധാനം) ആയിരുന്നുവെന്ന അബുൾ ഫാസൽ പ്രസ്താവിക്കുന്നു . പൂർണമായ ഈ സമാധാനാവസ്ഥയിൽ എല്ലാ മതങ്ങൾക്കും ചിന്താധാരകൾക്കും അവരുടേതായ ആശയങ്ങൾ പ്രചരിപ്പിക്കാൻ സ്വതന്ത്ര്യമുണ്ടായിരുന്നു . എന്നാൽ അത് അവർ തമ്മിലുള്ള കലഹത്തിനോ രാഷ്ട്രത്തിൻ്റെ അധികാരത്തിനു വിഘാതം സൃഷ്ടിക്കുന്നതിനോ ഇടയായിക്കൂടാ . ഭരണത്തിൽ ‘ സുൾഹി കുല്ലി ‘ ൻ്റെ അന്ത:സത്ത ക്യത്യമായി പാലിക്കണമെന്ന് അക്ബർ ഉദ്യോഗസ്ഥർക്കു കർശന നിർദ്ദേശം നൽകിയിരുന്നു .

സാധാരണ ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ വികസനത്തിന് ദൈവവുമായി മധ്യസ്ഥം വഹിക്കാൻ ‘ ഔലിയ ‘ മാർക്ക് കഴിയും എന്ന് ദൃഢമായി ജനങ്ങൾ വിശ്വസിക്കപ്പെട്ടിരുന്നു . പലപ്പോഴും രാജാക്കന്മാർ അവരുടെ ശവകുടീരം സൂഫിവര്യന്മാടെ സമാധിസ്ഥാനത്തിനു സമീപത്തായിരിക്കണം എന്ന് ആഗ്രഹിച്ചതിൻ്റെ കാരണം ഇതു വ്യക്തമാക്കുന്നു .

എന്നിരുന്നാലും സുൽത്താനും സൂഫിമാരും തമ്മിൽ സംഘർഷമുണ്ടായതിൻ്റെ ചരിത്രവുമുണ്ട് . തല കുനിക്കുക , പാദത്തിൽ നമസ്കരിക്കുക , കൈയിൽ ചുംബിക്കുക തുടങ്ങിയ ആചാരങ്ങൾ ജനങ്ങൾ അനുവർത്തിക്കണമെന്ന് ഇരു കൂട്ടരും ആഗ്രഹിച്ചിരുന്നു . ചിലപ്പോൾ സൂഫി ഷെയ്ക്കുമാരെ സ്ഥാനപ്പേരുകൾ ചേർത്താണ് അഭിസംബോധന ചെയ്തത് . നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യർ അദ്ദേഹത്തെ അഭിസംബോധന ചെയ്തത് , ‘സുൽത്താൻ – ഉൾ – മഷൈക്ക് ‘ എന്നായിരുന്നു . ‘ഷെയ്ക്കുകളിൽ സുൽത്താൻ ‘ എന്നാണിതിനർത്ഥം .

വഹാബിസം
പതിനെട്ടാം നൂറ്റാണ്ടിൽ സൗദി അറേബ്യയിലെ നജ്ദിൽ രൂപംകൊണ്ട മതപരിഷ്കരണ പ്രസ്ഥാനമാണ് വഹാബിസം . ‘ ഇസ്ലാമിക പ്രൊട്ടസ്റ്റൻ്റിസം ‘ എന്ന് അതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് . പ്രസ്ഥാന സ്ഥാപകനായ മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബിൻ്റെ അനുയായികൾ എന്ന അർത്ഥത്തിലാണ് വഹാബികൾ എന്ന പ്രയോഗം . ദൈവത്തിൻ്റെ ഏകത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരും ദൈവത്തിൽ ആർക്കും പങ്കാളിത്തം അനുവദിക്കാത്തവരും എന്ന അർത്ഥത്തിലാണ് ഈ പേര് . ഇസ്ലാം മതത്തിലെ കർമശാസ്ത്ര പദ്ധതി ( മദ്ഹബ് ) കളിൽ ഒന്നായ ഹൻബലി മാർഗത്തിൻ്റെ സ്ഥാപകൻ അഹമ്മദ് ഇബ്നു ഹൻബലി (780-855) ഉയർത്തിപ്പിടിച്ച നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചും , ഭിന്നകാലങ്ങളിൽ, ഭിന്ന ദേശങ്ങളിൽ ഇസ്ലാം മതത്തിലേക്ക് കടന്നുകൂടിയ അനാചാരങ്ങളെ ദുരീകരിച്ച് മതത്തിൻ്റെ ‘ശുദ്ധ രൂപം ‘ പുന:സ്ഥാപിക്കുക എന്നാണ് ലക്ഷ്യം .

സൂഫി ഗുരുനാഥന്മാരോടുള്ള പരിധിയില്ലാത്ത ആദരം , അവരുടെ ദിവ്യാത്ഭുതങ്ങളിൽ ( കറാമത്ത് ) ഉള്ള വിശ്വാസം , അവരുടെ ഖബറിടങ്ങളിലെ ചടങ്ങുകൾ മുതലായവയെ വഹാബികൾ ശക്തമായി എതിർത്തു .

ഇബ്നു അബ്ദിൽ വഹാബ് മധ്യ അറേബ്യയിലെ ദർഇയ്യ എന്നു പേരായ ഒരു ചെറിയ ഗ്രാമത്തിലാണ്. വ്യക്തികൾക്കോ വസ്തുകൾക്കോ ഏതെങ്കിലും തരത്തിലുള്ള ദിവ്യത്വം കല്പിക്കുന്നത് മതത്തിൻ്റെ ശുദ്ധി നശിപ്പിക്കും എന്ന തീർപ്പിൽ, പരിഷ്കരണ പ്രബോധനം ആരംഭിച്ചത് . അത് ജനങ്ങൾക്കിടയിൽ പ്രചാരം നേടി , അതൊരു ചെറിയ പ്രസ്ഥാനമായിത്തീർന്നു .ആ പ്രദേശത്തിൻ്റെ ഭരണം കയ്യാളിയിരുന്ന മുഹമ്മദ് ഇബ്നു സൗദ് പിന്തുണയ്ക്കെത്തി . മതപരിഷ്കർത്താവിൻ്റെ മകളെ രാജാവ് നിക്കാഹ് കഴിച്ചതോടെ ആ ബന്ധം സുദ്യഢമായി .

പരിഷ്കരണപ്രബോധനത്തിന് രാജാവിൻ്റെ പിന്തുണ മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബിനും രാജ്യ വിപുലനത്തിന് മതപരിഷ്കരണപ്രസ്ഥാനത്തിൻ്റെ പിന്തുണ മുഹമ്മദ് ഇബ്നു സൗദിനും കിട്ടുന്ന കാഴ്ചയാണ് പിന്നെ കാണുന്നത് . അവർ കർബല , മക്ക , മദീന തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കി മുന്നേറി . അക്കൂട്ടത്തിൽ ദിവൃത്വം കല്പിക്കപ്പെട്ട ഖബറിടങ്ങളും നശിപ്പിക്കപ്പെട്ടു . അതോടെ അറേബ്യൻ ഭൂപ്രദേശത്ത് സൂഫിസത്തിൻ്റെ തകർച്ച ആരംഭിച്ചു .

മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബിൻ്റെ സ്വാധീനം നാനാദിക്കുകളിലേക്കും പടരുകയുണ്ടായി. ഏറിയ അളവിലോ കുറഞ്ഞ അളവിലോ അതിൻ്റെ മുദ്ര ഭിന്നരാജ്യങ്ങളിലെ മുസ്ലീം സമൂഹങ്ങളിൽ കാണാനുണ്ട് . മധ്യസ്ഥ പ്രാർത്ഥന , ശവകുടീരപൂജ , വ്യക്തിപൂജ മുതലായവ തീർത്തും ‘ അനിസ്ലാമികം ‘ ആണെന്നും ഇപ്പറഞ്ഞ സ്വാധീനത്തിൻ്റെ ഉള്ളടക്കം.

1932 ലാണ് കിങ്ഡം ഓഫ് സൗദി അറേബ്യ (KSA) സ്ഥാപിക്കപ്പെട്ടത്.1938 ൽ എണ്ണയുടെ ഉറവിടം കണ്ടു പിടിക്കുന്നതോടെ സൗദി രാജകുടുംബം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. വിദേശികളുടെ ആർഭാടജീവിതവും സംസ്കാരവും അറേബ്യൻ സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു. സൗദി ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുളള പ്രവാസികളാണ്. അവരിൽ മുസ്ലീംങ്ങളും അന്യമതസ്ഥരും ഉൾപ്പെടുന്നു. മതമൂല്യങ്ങളും ആധുനികതയും സംയോജിപ്പിക്കാൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട് .

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top