Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ – ഭാഗം 6

August 9, 2020 , ഹണി സുധീർ

ഇന്നത്തെ ഓർമ്മ പൂക്കൾ വിടരുന്നത് അഗ്രഹാര വീഥികളിൽ ആണ്‌ പാലക്കാടൻ സംസ്കാരം സങ്കരമാണ്. കൊങ്കിണി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളുടെയും തനത് ആചാരങ്ങളുടെയും സങ്കരം. കേരളത്തിൽ തന്നെ ഉള്ള ബ്രാഹ്മണസമൂഹത്തിന്റെ കൂടുതലും പാലക്കാട്‌ ആണ്‌. അതിൽ എടുത്തു പറയാൻ ഉള്ളത് അഗ്രഹാരങ്ങളേക്കുറിച്ചും.

നഗരത്തോട് ചേർന്നു ചെമ്പൈ സംഗീതകോളേജിന് എതിർവശത്തായുള്ള താരേക്കാട്, വടക്കന്തറ, ലോകപ്രസിദ്ധമായ രഥോത്സവങ്ങളുടെ പെരുമ അറിയിക്കുന്ന കൽ‌പാത്തി , നൂർണി, കൊടുവായൂർ, തുടങ്ങിയ ഒരുപാട് അഗ്രഹാരങ്ങൾ പാലക്കാടിന്റെ മാറ്റ് കൂട്ടുന്ന പൈതൃക സമ്പത്തുക്കൾ ആണ്.

വായിച്ചും കേട്ടും മാത്രമറിഞ്ഞ അഗ്രഹാരവീഥികളിൽ കൂടി ആദ്യമായി നടന്ന ദിവസം ഇന്നും ഓർമയിൽ പച്ച പിടിച്ചു നിൽക്കുന്നുണ്ട്. വരിവരിയായ് നിൽക്കുന്ന വീടുകൾ. ഓരോ വീടുകൾക്കിടയിലും ഒരു ചുമര് കൊണ്ട് തന്നെയുള്ള വേർതിരിവെ ഉള്ളു.നെടുനീളത്തിൽ ആണ്‌ എല്ലാ അഗ്രഹാരങ്ങളുടെയും നിർമ്മാണരീതി. . മരയഴികൾ പിടിപ്പിച്ച തിണ്ണയും വരാന്തയും മച്ചിൻ മുകളിലെ മുറികളും വല്യ കോട്ടത്തളങ്ങളും എല്ലാം ഒരുപോലെ. പുറമെ നിന്നും കാണുമ്പോൾ പൂമുഖം ചെറുതാണെങ്കിലും ഉള്ളിലെ വിശാലതയിൽ എല്ലാം ഉണ്ടാകും.സ്ത്രീകൾക്കായി പിന്നാം പുറത്തു വേറെ മുറികളും കാണും.

പുലർകാലെ മുറ്റത്തു കോലമിടുന്ന കാഴ്ചകൾ ആണ്‌ മറ്റൊരു വിശേഷം.

അഗ്രഹാരങ്ങൾ എപ്പോഴും പ്രസന്നമായിരിക്കും.. സംഗീതവും മന്ത്രോച്ചാരണങ്ങളും പൂക്കളുടെയും ചന്ദനത്തിരിയുടെയും ഗന്ധവും..അങ്ങനെ . എല്ലാ അഗ്രഹാരങ്ങളുടെയും മുന്നിൽ ശുചിയാക്കി കോലം വരച്ചിട്ടുണ്ടാകും.. വെള്ള അരിപ്പൊടി കൊണ്ടും അരിച്ചാന്തുകൊണ്ടും… മനോഹര ചിത്രങ്ങൾ.. വിശേഷ ദിവസങ്ങളിൽ പല വർണങ്ങളാലും കോലമെഴുതിയത് വിസ്മയക്കാഴ്ചയാകും..ആ വഴിപോകുമ്പോൾ അന്നും ഇന്നും മുറ്റത്തെ ആ ചാരുത നോക്കി നിൽക്കാറുണ്ട്…

കോലമിടുന്നത് ഒരു കല കൂടി ആണ്‌. ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ചിഹ്നങ്ങളായി തോന്നിയിട്ടുണ്ട് ഈ കോലങ്ങൾ. തോന്നൽ അല്ല അതാണ് ശരി.

അഗ്രഹാരങ്ങളിലെ മുറ്റങ്ങളിൽ മാത്രം അല്ല കോലങ്ങൾ കണ്ടിട്ടുള്ളത് ഇതര വിഭാഗത്തിൽ പെട്ട തമിഴ് ആളുകളുടെയും വിശേഷമാണ് ഈ കോലങ്ങൾ…

ഓരോ ആഗ്രഹാരങ്ങളിക്കിടയും ക്ഷേത്രങ്ങളും ഉണ്ടാകും വിഷ്ണു, ശിവൻ, വെങ്കടാചലപതി ഗണപതി, മുരുകൻ, തുടങ്ങിയ പ്രതിഷ്ഠകൾ. പൈതൃകഗ്രാമമായി പ്രഖ്യാപിച്ച കൽ‌പാത്തി ആണ്‌ അഗ്രഹാരങ്ങളിലെ എന്റെ കാഴ്ചയിലെ പ്രിയ ഇടം. വിശാലാക്ഷിസമേതകാശിവിശ്വാനാഥനും, ലക്ഷ്മിനാരായണസ്വാമിയും മന്തക്കര ഗണപതിയും എല്ലാം പ്രിയമൊരിടം.

പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന ഭാരതപുഴയുടെ പ്രധാന ജലസ്രോതസായ കൽ‌പാത്തി പുഴയോരത്താണ് ഈ അഗ്രഹാരം.. അവിടത്തെ പ്രധാന ക്ഷേത്രമായ കാശിവിശ്വനാഥ ക്ഷേത്രം പ്രസിദ്ധമാണ്.

കർക്കിടക വാവുബലിയും പിതൃതർപ്പണവും ഈ ക്ഷേത്രകടവിൽ വച്ചു നടത്തി വരുന്നു.

കാശിയിൽ പാതി കൽ‌പാത്തി എന്നാണല്ലോ ചൊല്ല് തന്നെ. ഇവിടെ വച്ചാണ് പ്രസിദ്ധമായ രഥോല്സവം നടക്കുന്നത്. നവംബർ മാസത്തിലെ കുളിരിന്റെയും പാലക്കാടൻ കാറ്റിന്റെയും അകമ്പടിയോടെ രഥോൽസവം വരവായി. അഗ്രഹാര വീഥികളിലെ ആഘോഷതുടക്കവും. നാടിന്റെ അല്ലെങ്കിൽ ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ എല്ലാവരും തങ്ങളുടെ ഗ്രാമത്തിലേക്കു വരുന്ന നാളുകൾ കൂടി ആണ്‌ ഇത്. രാഗങ്ങളുടെ ഈരടികളും താംബൂലവും എല്ലാം കൂടി അന്തരീക്ഷം പെട്ടെന്നു ഉത്സവഛായയിലേക്ക്.

പരമ്പരാഗത ആചാരങ്ങളും വസ്ത്രധാരണരീതിയിലും പരിഷ്‌കാരങ്ങൾ വേണ്ടുവോളം വന്നു എങ്കിലും അഗ്രഹാരങ്ങളിലെ ആഘോഷങ്ങൾ പഴയപടി തന്നെയായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. കൽ‌പാത്തി രഥോത്സവത്തിനു മുന്നോടി ആയും അതിനു ശേഷവും ഉണ്ടാകുന്ന ഗ്രാമവീഥികളിലെ ചന്തകളിൽ ഉപ്പു തൊട്ടു കർപ്പൂരം വരെ കിട്ടും. നാനാഭാഗത്തു നിന്നും വരുന്ന കച്ചവടക്കാരുടെ തിരക്കുകൾ , പ്രിയമാകുന്നതെന്തും വാങ്ങിക്കാൻ വരുന്ന ആളുകളുടെ തിരക്കുകൾ നാൾപടി മാറി മറയുന്ന ഫാൻസി ഐറ്റങ്ങൾ , പാത്രങ്ങൾ കൽ ചട്ടികൾ, മൺ പാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ കരകൗശലവസ്തുക്കൾ, പൂക്കൾ, വിവിധതരം വറ്റലുകൾ, കത്തികൾ, തുണിത്തരങ്ങൾ, തുടങ്ങി വിവിധങ്ങളായ ഒട്ടനവധി വസ്തുക്കൾ വാങ്ങാൻ ഉണ്ടാകും.

നവരാത്രി ആഘോഷങ്ങളും അഗ്രഹാരങ്ങളിൽ കെങ്കെമമാണ്. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന പൂജകളും ബൊമ്മകൊലു ഒരുക്കിയ വീടുകളും ഗുഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ ആണ്‌. ഒൻപതു ദിവസത്തെ പൂജകളിൽ വീട്ടിൽ വരുന്ന എല്ലാ സുമംഗലികൾക്കും മഞ്ഞൾ കുംകുമവും പട്ടുപുടവകളും സമ്മാനമായി കൊടുക്കും. ഓരോ നവരാത്രിനാളുകളും സമാപിക്കുന്നത് ഓരോ പ്രതീക്ഷകൾ ആയിട്ടാണ്. കലകൾക്കും വിദ്യാരംഭത്തിനും തുടക്കം കുറിച്ചവരുടെ പ്രതീക്ഷകൾ.

ഏതു ദേശവും മനസ്സിനു നൽകുന്ന തിരിച്ചറിവുകൾ ഉണ്ട്. ഓരോ തവണയും കൽ‌പാത്തി നിന്നും തിരിച്ചിറങ്ങുമ്പോൾ സമാധാനവും സന്തോഷവും ആണ്‌ നൽകുക. കൂട്ടത്തിൽ ഏതോ ഒരു അദൃശ്യ ശക്തിയുടെ ചേർത്തു പിടിക്കലും വീണ്ടും വീണ്ടും തിരികെ വരാൻ ഉള്ള ഉൾവിളിയോടെ….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top