Flash News

ഓർമയിലെ കർക്കിടക കാഴ്ചകൾ.. ഭാഗം 7

August 10, 2020

ഓർമപ്പൂക്കൾ ഇന്ന്‌ മലമ്പുഴയിൽ ആണ്‌….

കുളങ്ങളും പുഴകളും പാടങ്ങളും ഡാമുകളും ആയി അനുഗ്രഹീതമായ പാലക്കാടിന്റെ മറ്റൊരു പ്രൗഢി ആണ്‌ മലമ്പുഴ ഡാം. തമിഴ്നാട് മുഖ്യമന്ത്രി കാമരാജ നാടാരുടെ കാലത്താണ് മലമ്പുഴ ഡാം നിർമിക്കുന്നത്.

മനോഹരമായ ഒരു ഭൂപ്രദേശം സഹ്യന്റെ കാവലിലെ നീലജലാശയവും സഞ്ചാരികൾക്കു വർണ്ണ വിസ്മയം തീർക്കുന്ന വൃന്ദാവനവും. കാവലായി കനായിയുടെ കരവിരുന്നിൽ പിറന്ന യക്ഷിയും..

കുട്ടിക്കാലത്തു ആണ്‌ ആദ്യമായി മലമ്പുഴ കാണുന്നത്. കൃത്യമായി പറഞ്ഞാൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടത്തിയ ഒരു സ്കൂൾ ടൂർ. ആകെ കൂടി ഒരമ്പരപ്പ് ആയിരുന്നു അന്ന്. അച്ഛന്റേം അമ്മേടേം കൂടെ അല്ലാതെ ആദ്യയാത്ര. വരിവരിയായി ഞങ്ങൾ കുട്ടികൾ ഡാമും ഗാർഡനും എല്ലാം ചുറ്റി നടന്നു കണ്ടു. യക്ഷി ആയിരുന്നു അന്ന് ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. പലർക്കും യക്ഷിയെ നേരെ നോക്കാൻ പേടി ആയിരുന്നു. ശരിക്കും മലമ്പുഴ അതുപോലെ ഒരു യക്ഷി ഉണ്ട് എന്ന് തന്നെ അന്ന് ഞങ്ങൾ കുട്ടികൾ എല്ലാവരും ധരിച്ചു വച്ചു.

കാലം പിന്നീട് നീട്ടി വച്ച ജീവിതം ഇവിടെ തന്നെ ആയതും ഒരു സൗഭാഗ്യമായി കാണുന്നു. വീണ്ടും വീണ്ടും ആ മനോഹാരിതയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണല്ലോ.

കർക്കിടക മഴക്കാലം ആണ്‌ മലമ്പുഴയുടെ രൗദ്രഭാവം ശരിക്കും പിറക്കുന്ന കാലം. ഡാമിലേക്ക് വരുന്ന കൈപുഴകളും നീർച്ചാലുകളും ആർത്തലച്ചു വരുന്ന മഴക്കു തുള്ളിക്കൊരു കുടം എന്ന് പറയുന്നതുപോലെ നിറഞ്ഞു കവിഞ്ഞിരിക്കും.
ഡാം ന്റെ പ്രധാന ജലസ്രോതസ്സുകൾ ചെറുപുഴ, മയിലാടി പുഴ, തുരുത്തി കടവ് പുഴ, വേലമ്പറ്റ പുഴ എന്നിവയാണ്, ഇന്ന്‌ കൂടുതലും ജനവാസ മേഖലയായ ഇവിടങ്ങളിൽ കൃഷി ആണ്‌ പ്രധാനമായും ഉള്ളത്. മയിലുകൾ കാഴ്ചക്ക് അതി മനോഹരം എങ്കിലും കൃഷിക്കാർക്ക് അവ തലവേദനയാണ്. കൂടാതെ കാട്ടാനകൾ ഇറങ്ങുന്ന സ്ഥലങ്ങൾ കൂടിയാണ് അകമലവാരങ്ങൾ
പാലക്കാടിന്റെ കൃഷി ആവശ്യങ്ങൾക്കും നഗരവാസികൾക്കുള്ള കുടിവെള്ളം ആയും ഉപയോഗിക്കുന്നത് മലമ്പുഴ വെള്ളമാണ്.ഈ അടുത്ത കാലത്ത് ചുരുക്കി പറഞ്ഞാൽ രണ്ട് വർഷം മുൻപ് കുഞ്ചിയോടൊപ്പം പ്ലാനറ്റോറിയം കാണാൻ സ്കൂളിൽ നിന്നും പോയപ്പോഴാണ് ഡാമിന്റെ രാത്രി സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ പറ്റിയത്.

പൗർണമിയിൽ ജലാശയം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. മഞ്ഞിന്റെ അകമ്പടി ഉള്ള ഡിസംബർ രാത്രി ആയിരുന്നു അന്ന്. സൗന്ദര്യത്തിന്റെ മൂർത്തിഭാവം പൂർണചന്ദ്രൻ തലയ്ക്കു മുകളിൽ തെളിഞ്ഞു കിടക്കുന്നു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ജലാശയം.

നല്ല മഴയിൽ ആണ്‌ പശ്ചിമഘട്ടത്തിന്റെ ഭംഗി… പാറി കളിക്കുന്ന വെൺമേഘങ്ങളും കോടമഞ്ഞും…. എങ്ങും പച്ചപ്പും പാലരുവി പോലെ പതഞ്ഞു ഒഴുകുന്ന നീർച്ചാലുകളും നയനമനോഹരം.. ചിലപ്പോൾ ഇരുട്ട് മൂടിയ വനം പോലെയും ഡാമിന്റെ അകമലവാരത്തിനാണു കൂടുതൽ വന്യസൗന്ദര്യം എന്ന് തോന്നിയിട്ടുണ്ട്.

മഴ കാത്തു നിൽക്കുന്ന പീലി വിടർത്തിയ മയിൽ കൂട്ടങ്ങൾ. നിറഞ്ഞു തുളുമ്പി അലതല്ലുന്ന തിരകൾ, അങ്ങിങ്ങായി ജലാശയത്തിൽ തലയുർത്തി നിൽക്കുന്ന കരിമ്പനകൾ.

കഴിഞ്ഞ രണ്ട് വർഷക്കാലമായി നമുക്കു തരുന്ന കർക്കിടക കാഴ്ചകൾ എല്ലാം തന്നെ ദുരന്തമാണ്. മലമ്പുഴയിൽ ഡാം തുറന്ന വെള്ളപാച്ചിലിന്റെ കൂടെ അതിശക്തമായ മഴയും കൂടി ആയപ്പോഴയിരുന്നു പാലക്കാട്‌ ആദ്യ പ്രളയം വന്നത്. നിലംപതി പുഴയും കല്പാത്തിപുഴയുമെല്ലാം കരകവിഞ്ഞു, കനാലുകളും, പാടങ്ങളും, കരകവിഞ്ഞു ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തന്നെ ആദ്യ പ്രളയത്തിന് ദുരന്തസാക്ഷിയായി മാറി നഗരം.

തുടർവർഷവും പ്രളയം എത്തി. ഇനിയൊരു പരീക്ഷണം കൂടി നേരിടാൻ സാധാരണ ജന ജീവിതത്തിനു കഴിയില്ല. മഹാമാരികൊറോണ കൊണ്ട് ലോകം മുഴുവൻ ജനജീവിതം താറുമാറായി കെടക്കുന്ന ഈ കാലത്ത് മഴ ദുരിതവും കൂടി തരുന്നത് ചില്ലറ ബുദ്ധിമുട്ടല്ല.

പതിവുപോലെ ഈ വർഷവും പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചു. മൂന്നാറിലെ ഉരുൾ പൊട്ടൽ, കരിപ്പൂരിലെ അപ്രതീക്ഷിതമായ വിമാനാപകടം എല്ലാം കൊണ്ടും കർക്കിടകരാത്രികൾ ഉറക്കം കെടുത്തുന്നതായി തന്നെ തുടരുന്നു. ഇനിയും പരീക്ഷണങ്ങൾ തരാതിരിക്കാൻ പ്രാർത്ഥിക്കാം.

നമ്മെ വിട്ട് പിരിഞ്ഞു പോയ സഹോദരങ്ങൾക്കു ആദരാഞ്ജലികൾ അർപ്പിക്കാം…. ഇനിയൊരു ദുരന്തവും വരാതിരിക്കട്ടെ…

(തുടരും..)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top