ദോഹ : കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും എയർപ്പോർട്ടിന്റെ സൗകര്യത്തെക്കുറിച്ച് ചർച്ച ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ കൾച്ചറൽ ഫോറം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് വീണ്ടും ശ്രദ്ധേയമാകുന്നു. 2015 ൽ കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് വിലക്കേർപ്പടുത്തിയ സാഹചര്യത്തിൽ പൂർണ്ണ സാങ്കേതിക വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്ന മാനദണ്ഡ പ്രകാരം 4 ഇ കാറ്റഗറിയിൽ പെടുന്ന വൈഡ് ബോഡി വിമാനങ്ങൾക്ക് സർവീസ് നടത്താൻ കരിപ്പൂർ എയർപ്പോർട്ട് സജ്ജമാണെന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ പ്രസിദ്ധീകരിച്ച എയറോഡ്രോം ഡിസൈൻ മാന്വൽ പ്രകാരം 4 ഇ ഗണത്തിൽ പെട്ട വിമാനങ്ങൾക്ക് സർവീസ് നടത്താൻ ആവശ്യമായ റൺവേയുടെ മിനിമം നീളവും വീതിയും കരിപ്പൂർ എയർപ്പോർട്ടിനുണ്ട്.
അതേസമയം വിമാനത്താവളങ്ങളിൽ റണ്‍വേയില്‍ നിന്ന് വിമാനങ്ങള്‍ തെന്നിമാറി അപകടങ്ങളുണ്ടാകുന്നത് തടയുന്ന ഇമാസ് (എഞ്ചിനീയേര്‍ഡ് മെറ്റീരിയല്‍ അറസ്റ്റിംഗ് സിസ്റ്റം) സംവിധാനം അടിയന്തിരമായി സ്ഥാപിക്കണമെന്ന് കൾച്ചറൽ ഫോറം വസ്തുതാന്വേഷണ റിപ്പോര്‍ട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇമാസ് സംവിധാനമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായുപോലൊരു അപകടം തടയാമായിരുന്നു. രാജ്യാന്തര രംഗത്ത് മിക്ക എയര്‍പോര്‍ട്ടുകളിലും ഈ സംവിധാനമുണ്ട്. കരിപ്പൂരില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് നിശ്ചയിച്ച മാനദണ്ഡ പ്രകാരം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ഇപ്പോള്‍ തന്നെ പര്യാപ്തമായ അളവിലുണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ കിഴക്കു ഭാഗത്ത് നിര്‍മിക്കാന്‍ സാധിക്കുന്നതാണ്.
2010ലെ മംഗലാപുരം ദുരന്തത്തിന് ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രൂപീകരിച്ച സുരക്ഷാ ഉപദേശക സമിതി നല്കിയ ശുപാര്‍ശയില്‍ എയര്‍ പോര്‍ട്ടുകളില്‍ ഇമാസ് സംവിധാനം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. 10 വര്‍ഷത്തിനിടയില്‍ മംഗാലപുരം അപകടത്തിന് സമാനമായ മറ്റൊരു അപകടം സംഭവിച്ചതിന് രാജ്യത്തെ വ്യോമയാന സംവിധാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളോട് വിമാനത്താവള അതോറിറ്റി പുലര്‍ത്തിയ നിസംഗതയും കാരണമാണ്.
കരിപ്പൂർ വിമാനത്താവളം ടേബിൾ ടോപ്പ് വിമാനത്താവളമാണെന്നും അവിടെ വിമാനങ്ങളുടെ ടേക് ഓഫിനും ലാന്റിംഗിനും അപകട സാധ്യത കൂടുതലാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അന്താരാഷ്ട്ര തലത്തിൽ ഒരു ഏജൻസിയും അംഗീകരിക്കാത്തതുമാണെന്നും വിവിധ വിമാനത്താവളങ്ങളെ താരതമ്യം ചെയ്ത് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
2015 ൽ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ട്രാൻസ്പോർട്ടേഷൻ എൻജിനീയറും കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറിയുമായിരുന്ന യാസർ എം അബ്ദുല്ല, മെഹർ നൗഷാദ് എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് അന്തരാഷ്ട്ര ഏവിയേഷൻ കൺസൾട്ടന്റ് ജിയോര്‍ജി സിലാഗി പരിശോധന നിർവഹിക്കുകയും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുകയും കൾച്ചറൽ ഫോറം മുൻകൈ എടുത്ത് വിമാനത്താവള അതോറിറ്റിക്കും വ്യോമയാന മന്ത്രാലയത്തിനും സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Well done Cultural Forum
Good.
സന്ദർഭോചിതമായ ഇടപെടൽ കൊണ്ട് കൾച്ചറൽ ഫോറം ശ്രദ്ധേയമാവുന്നു.