Flash News

കോവിഡും ശവദാഹവും

August 10, 2020 , ചാക്കോ കളരിക്കല്‍

ക്രിസ്തുമതം സംഘടിതമാകാനുള്ള അടിസ്ഥാനകാരണം, “എന്തെന്നാൽ, രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ. 18: 20) എന്ന യേശുവിൻറെ വചനമാണ്.

എന്നാൽ ഇന്ന് ഇന്ന് രണ്ടോ മൂന്നോ പേർ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ യേശു മാത്രമല്ല കോവിഡ്-19ഉം ഉണ്ടാകും. അത് അപകടകരമാണെന്ന് മനസിലാക്കുന്ന മനുഷ്യർ പരസ്പരം കൈകൊടുത്ത് സമാധാനം പങ്കുവയ്ക്കുന്നില്ല; ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കുന്നില്ല; പൊതുഭക്ഷണത്തിലൂടെയുള്ള സാമൂഹ്യ ചടങ്ങുകളില്ല; പൊതുമരണാനന്തര ശേഷക്രിയകളില്ല; ആരാധനാലയങ്ങളിൽ ആചാരാനുഷ്ഠാനങ്ങളില്ല. സഹജീവികളെ മരണത്തിനു വിട്ടു കൊടുക്കുന്നതിലും മെച്ചം സ്വന്തം വീടുകളിൽ കഴിയാൻ പാടുപെടുന്നതാണ് നല്ലത് എന്ന് സാധാരണക്കാർ പോലും യുക്തിസഹജമായി ചിന്തിക്കാൻ ആരംഭിച്ചു. തീവ്രവാദികളല്ലാത്ത എല്ലാ മതസ്ഥരും ഇന്ന് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

2020-ലെ മിണ്ടാപ്രാണിയായ ഭീകരൻ കോവിഡ്-19 ക്രിസ്ത്യാനികളുടെ മരണാനന്തര ശേഷക്രിയയായ മരിച്ചടക്കിനു പോലും ബ്രേക്കിട്ടിരിക്കുകയാണ്. ഭൂമിയിൽ അടക്കം ചെയ്തിരുന്ന ക്രിസ്ത്യാനിയുടെ ഭൗതിക ശരീരം ദഹിപ്പിക്കാനുള്ള അനുവാദവുമായി ചില രൂപതാ നേതാക്കന്മാർ മുമ്പോട്ടു വന്നിരിക്കുകയാണിപ്പോൾ. വളരെ ശ്ലാഘനീയമായ നീക്കം.

ചാക്കോ കളരിക്കല്‍

1963-ൽ പരമ്പരാഗതമായ സിമിത്തേരിയിലുള്ള ശവസംസ്‌കാരം എന്ന നയത്തിന് ഇളവുവരുത്തി ശവദാഹം വത്തിക്കാനിലെ പരമോന്നത അധികാരം അനുവദിച്ചതാണ്.1966-ല്‍ കത്തോലിക്ക പുരോഹിതര്‍ക്ക് ശാവദാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കാനും മാര്‍പാപ്പ അനുവാദം നല്‍കി. യാഥാസ്ഥിതിക ചിന്തകരായ കേരളത്തിലെ മെത്രാന്മാർ ആ വിവരം വിശ്വാസികളെ അറിയിക്കുക പോലും ചെയ്തില്ല. എൻറെ അറിവിൽ കേരള കത്തോലിക്ക സഭയിൽ നടന്ന ആദ്യത്തെ ശവദാഹം 2007-ല്‍ ഇടമറ്റംകാരനും CGH-Earth Group (Casino Hotel Group)-ൻറെ ഉടമയുമായിരുന്ന ശ്രീ. ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേലിന്റേതാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾത്തന്നെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ നിന്നും ശവദാഹത്തിനുള്ള അനുവാദം വാങ്ങിയിരുന്നു. കത്തോലിക്ക സഭയിലെ പരമാധികാരം അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് എന്തിന് വീണ്ടും അനുവാദം വാങ്ങിക്കണം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

ഈ അടുത്ത കാലത്ത് ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ ഭൗതിക ശരീരം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ദഹിപ്പിക്കുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിൻറെ ഭാര്യയെയും സ്വന്തം സ്ഥലത്തുവെച്ച് ദഹിപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും കുറഞ്ഞ ചിലവിന് ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit) പൊതുപ്രദര്‍ശനമോ (funeral visitation or wake) പുരോഹിത സാന്നിധ്യമോ പ്രാര്‍ത്ഥനകളോ ഒന്നുമില്ലാതെ കഴിവതും വേഗം – സാധിക്കുമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ – എൻറെ ഭൗതികശരീരം ദഹിപ്പിക്കണമെന്നാണ് ഞങ്ങളുടെ ഫാമിലി ട്രസ്റ്റില്‍ ഞാന്‍ എഴുതി വെച്ചിരിക്കുന്നത്. എൻറെ അനവധി സുഹൃത്തുക്കളും ശവദാഹം നടത്തുവാൻ അവരുടെ വിൽപത്രത്തിൽ എഴുതിവച്ചിരിക്കുന്ന വിവരം എനിക്കറിയാം. ശ്രീ സാമുവേല്‍ കൂടല്‍ അദ്ദേഹത്തിൻറെ സ്വന്തം ഭവനത്തില്‍ വെച്ച് മൂത്ത മകനെകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ഭാര്യയെയും അവരുടെ വീട്ടുവളപ്പില്‍ വെച്ച് ശവദാഹം നടത്തിക്കൊള്ളാമെന്ന് ക്ഷണിക്കപ്പെട്ട അനേകരുടെ മുന്‍പില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് യൂട്യൂബില്‍ കാണാൻ സാധിക്കും

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മൃതശരീരത്തെ ക്രെമറ്റോറിയം (Crematorium) ഉപയോഗിച്ചു ദഹിപ്പിക്കുന്ന രീതിയെ നാം പ്രോത്സാഹിപ്പിക്കണ്ടതാണ്. ഈ കോവിഡ് കാലത്ത് ശവം മറവു ചെയ്യുന്നതിന് ശവം ദഹിപ്പിക്കലാണ് കരണീയമായ കാര്യം. അത് ഭാരതീയ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു പാരമ്പര്യവുമാണ്. ഉദാഹരണത്തിന് ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിക്കുകാര്‍, ജൈനമതക്കാര്‍ എല്ലാം ശവദാഹമാണ് അവരുടെ സമുദായങ്ങളില്‍ കാലാകാലങ്ങളായിട്ട് നടത്തികൊണ്ടിരിക്കുന്ന സമ്പ്രദായം. ലോകത്തിലെ പല പ്രാചീന സംസ്‌ക്കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആസ്‌ട്രേലിയയില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യന്‍, യൂറോപ്യന്‍, ഹിന്ദുതട സംസ്‌കാരങ്ങളിലെല്ലാം മൃതശരീരം ദഹിപ്പിക്കല്‍ ഉണ്ടായിരുന്നു.

അഞ്ചാം നൂറ്റാണ്ടോടു കൂടി ശവം മണ്ണില്‍ സംസ്‌ക്കരിക്കുന്നതിലേക്ക് പാശ്ചാത്യ രാജ്യങ്ങള്‍ തിരിഞ്ഞത്ക്രിസ്ത്യന്‍ സ്വാധീനം കൊണ്ടു മാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാര്‍ ശവദാഹം നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികള്‍ ശവദാഹം ചെയ്യാന്‍ പാടില്ലെന്ന് 789-ല്‍ വിശുദ്ധ റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തി ചാര്‍ലി മെയ്ന്‍ കല്പന പുറപ്പെടുവിച്ചതു കൂടാതെ നിയമവിരുദ്ധമായി പെരുമാറുന്നവര്‍ക്ക് വധശിക്ഷയും പ്രഖ്യാപിച്ചു. മരണശേഷം പുന:രുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവ മുന്‍പാകെ പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് മൃതശരീരം മണ്ണില്‍ സംസ്‌ക്കരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. കൂടാതെ, ശാസ്ത്രീയ അറിവിൻറെ പോരായ്മകൊണ്ടും ആകാം. നിത്യരക്ഷയുടെ അതീന്ദ്രിയമായ അഥവാ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം. സൃഷ്ടിയായ ആത്മാവ് സൃഷ്ടാവില്‍ (ബ്രഹ്മനില്‍) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ തിരിച്ചറിവിൻറെയും മൃതശരീരം ദാഹിപ്പിക്കുന്നതിലെ ശാസ്ത്രീയ ഗുണത്തിൻറെയും അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്ക സഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കല്‍ അനുവദിച്ചത്.

ശാസ്ത്രീയമായും സാമൂഹ്യമായും മതപരമായും മൃതശരീരം അഗ്‌നിക്കിരയാക്കുന്നതാണ് മണ്ണില്‍ സംസ്‌ക്കരിക്കുന്നതിലും അഭികാമ്യം. അതിന് പല കാരണങ്ങൾ ഉണ്ട്. മണ്ണില്‍ സംസ്‌ക്കരിച്ചാല്‍ മൃതശരീരം ജീര്‍ണിക്കുമ്പോള്‍ അതില്‍ നിന്നും ഒഴുകിവരുന്ന ദ്രാവകം കുടിവെള്ളത്തില്‍ കലര്‍ന്ന് അശുദ്ധമാകാന്‍ ഇടയുണ്ട്. ശവസംസ്‌കാരത്തിന് സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിധിയുള്ളതിനാല്‍ മൃതശരീരം ദഹിപ്പിക്കുന്നതാണ് പ്രായോഗികം. തന്നെയുമല്ല, ജനസംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇക്കാര്യത്തിൽ പരിസ്ഥിതി വിഷയം നാം പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്. ശവസംസ്‌കാര ചടങ്ങിലെ ആൾക്കൂട്ടത്തിൻറെ ഫലമായി രോഗങ്ങള്‍ പടർന്നു പിടിക്കാൻ സാധ്യതകൾ ഏറെയാണ്, പ്രത്യേകിച്ച് കോവിഡ് താണ്ഡവം നടത്തികൊണ്ടിരിക്കുന്ന ഇപ്പോൾ. സാമ്പത്തികമായി ചിന്തിച്ചാൽ ശവദാഹത്തിന് മരിച്ചടക്കിനേക്കാൾ ചിലവും ബുദ്ധിമുട്ടും കുറവാണ്; പാശ്ചാത്യനാടുകളിൽ പ്രത്യേകിച്ചും.

അമേരിക്കയിലെ Funeral Directors Association Cremation and Burial Report 2017 അനുസരിച്ച് 50.2% അമേരിക്കക്കാർ ശവദാഹം നടത്തുകയാണ് ചെയ്തത്. അതിൽ 32% ശവസംസ്കാരവും ശവസംസ്കാര ചടങ്ങുകളോ (funeral services) ഓർമ ആചരണങ്ങളോ (memorial services) ഇല്ലാതെയാണ് ശവദാഹം നടത്തിയത്. 2035 ആകുമ്പോഴേയ്ക്കും 78.8%-മായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കത്തോലിക്കരുടെ ഇടയില്‍പോലും, അമേരിക്കയില്‍ ഇന്ന്40-45% വരെ ശവം ദഹിപ്പിക്കലാണ് ചെയ്യുന്നത്. മൃതശരീരം ദഹിപ്പിക്കല്‍ അമേരിക്കന്‍ സംസ്‌കാരത്തില്‍ പെട്ടതല്ലെങ്കിലും അതിൻറെ ശാസ്ത്രീയമായ ഗുണങ്ങളാണ് (സുരക്ഷിതവും ആരോഗ്യപരവും ഏറ്റവും ചിലവു കുറഞ്ഞതും) അവരെ അതിന് പ്രേരിപ്പിക്കുന്നത്. യൂറോപ്പില്‍ നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ (crematorium) നിര്‍മിച്ചു തുടങ്ങിയിരുന്നു.

മൃതശരീരം അഗ്നിക്കിരയാക്കുന്ന ഭാരത സംസ്‌ക്കാരം നിലനിൽക്കുകയും ആഗോള കത്തോലിക്ക സഭ മൃതശരീരം ദഹിപ്പിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുപോലും എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്ക സഭാധികാരം കോവിഡ് എന്ന മഹാമാരി പ്രത്യക്ഷപ്പെടുന്നതുവരെ ശവം ദഹിപ്പിക്കുന്നതിമുള്ള ‘അനുവാദകല്പന’-യുമായി പ്രത്യക്ഷപ്പെടാൻ കാത്തിരുന്നു എന്ന ചോദ്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അതില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ തീര്‍ച്ചയായും നാം കാണണം. സഭാപൗരര്‍ക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി) പള്ളിപറമ്പിലെ ശവസംസ്‌ക്കാരം വഴി ഇടവകാംഗങ്ങളെ സാമ്പത്തികമായി കുത്തിപ്പിഴിയാനും (കല്ലറ വില്പന) അത് ഏറെപ്രയോജനപ്പെടും. മേല്പറഞ്ഞ പലവിധ കാരണങ്ങൾ കൊണ്ട് ശവദാഹത്തിന് വിശ്വാസികള്‍ മുന്‍പോട്ടു വരേണ്ടതാണ്.

ശവം ദഹിപ്പിച്ചുകിട്ടുന്ന ചിതാഭസ്മം വായുവിൽ ചിതറുകയോ വെള്ളത്തിൽ ഒഴുക്കുകയോ കുടുംബങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യരുതെന്നും അത് സിമിത്തേരിയിൽ അടക്കം ചെയ്യണമെന്നുമാണ് സഭയുടെ നിയമം അനുശാസിക്കുന്നത്. ആ നിയമത്തിൽ ദൈവശാസ്ത്രം ഒന്നുമില്ലെങ്കിലും മുഴുത്ത സാമ്പത്തിക ശാസ്ത്രം ഉണ്ടെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയാം. ചിതാഭസ്മം എന്തു ചെയ്യണമെന്നുള്ള കാര്യം വ്യക്തികളുടെയൊ കുടുംബത്തിൻറെയൊ തീരുമാനത്തിന് വിട്ടുകൊടുക്കേണ്ടതാണ്. സഭാധികാരികൾ ആ വിഷയത്തിൽ ഇടപെടുന്നത് തെറ്റാണ്. വിശ്വാസികളിൽ അന്ധവിശ്വാസം കുത്തിവെയ്ക്കാൻ പുരോഹിതർ എന്നും തത്രപ്പെട്ടുകൊണ്ടേയിരിക്കും. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികളെ നാം ബോധവല്‍ക്കരിക്കണ്ടിയിരിക്കുന്നു.

ചിതാഭസ്മം അതർഹിക്കുന്ന ബഹുമാനത്തോടെ സൂക്ഷിക്കാൻ അനേകം മാർഗങ്ങളുണ്ട്. ചിതാഭസ്മം ചിതാഭസ്മ കലശത്തിൽ (Urns) സ്വീകരിച്ച് മരിച്ച വ്യക്തിയുടെ കുടുംബങ്ങളിൽ സൂക്ഷിക്കാം; ചിതാഭസ്മകലശം പൊതു സൂക്ഷിപ്പു കെട്ടിടങ്ങളിൽ, അതായത് കൊളംബേറിയത്തിൽ (Columbarium) സൂക്ഷിക്കാം; ശവക്കല്ലറകൾ അടങ്ങിയ വലിയ കെട്ടിടത്തില്‍ (Mausoleum) സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ഭാഗത്ത് സൂക്ഷിക്കാം. കേരള കത്തോലിക്ക സഭയിലെ പ്രശ്നം ശവം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങളോ ചിതാഭസ്മം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ചാപ്പലുകളോ ഒന്നുമില്ല എന്ന ദുരവസ്ഥയാണ്. മെഗാപള്ളികളും പള്ളിമുറികളും ആശുപത്രികളും ഷോപ്പിംഗ് കോംപ്ലക്സുകളും പണിയാനെ സഭാധികാരത്തിന് താത്പര്യമൊള്ളു. വിശ്വാസികൾക്ക് ഗുണപ്രദമായവയ്ക്ക് സമയമോ പണമോ ഇല്ല. അതിനുള്ള വിശാല ഹൃദയം അവർക്കില്ല. സർക്കാറിൻറെ വനം കൈയ്യേറി മലമുകളിൽ കുരിശു നാട്ടാനും ഭൂമി കള്ളക്കച്ചവടം ചെയ്യാനും ബലാത്സംഗകേസിൽ പ്രതികളാകാനുമെ അവർക്ക് സമയമൊള്ളു. വിശ്വാസികളെ നിങ്ങൾ ഉണരുവിൻ. രൂപതാടിസ്ഥാനത്തിലെങ്കിലും ശവദാഹകെട്ടടങ്ങൾ പണിയാനും ചിതാഭസ്മ കലശങ്ങൾ നിർമിക്കാനും അവ സൂക്ഷിക്കാനുള്ള ചാപ്പലുകൾ പണിയാനും സഭാധികാരത്തോട് ആവശ്യപ്പെടുവിൻ. അങ്ങനെ എങ്കിലും കല്ലറകൾക്ക് ലക്ഷങ്ങൾ നല്‍കേണ്ട ഗതികേട്‌ വിശ്വാസികൾക്ക് ഉണ്ടാകുകയില്ലല്ലോ. മരിച്ചവർക്കായി ദിവ്യബലി പട്ടക്കാരന് പണം കൊടുത്ത് അർപിക്കുന്നതിൽ അർത്ഥമില്ലെന്ന് വിശ്വാസി തിരിച്ചറിയണം. സുവിശേഷാധിഷ്ഠിതമായി ഒരു ക്രിസ്ത്യാനി ജീവിക്കാൻ പഠിക്കണം.

ശവദാഹം തീരുമാനിച്ചു വെച്ചിരിക്കുന്ന വ്യക്തികള്‍ അവരുടെ തീരുമാനം പരസ്യപ്പെടുത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top