കൊച്ചി: സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ വിവിധ ബാച്ചുകളിലെ ആകെ സീറ്റുകളുടെ 10 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സംവരണേതരവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന് പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ 103-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക സംവരണം എല്ലാ തലങ്ങളിലും മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. 11.08.2020ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ 137/2020 ഉത്തരവിലെ മുന്നോക്കവിഭാഗമെന്ന പദപ്രയോഗം തെറ്റാണ്. ഭരണഘടനാഭേദഗതിയിലും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലും സംവരണേതരവിഭാഗമെന്നു പറഞ്ഞിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവില്‍ തിരുത്തല്‍ വരുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടരയേക്കര്‍ ഭൂപരിധി മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 5 ഏക്കറായി ഉയര്‍ത്തി നിശ്ചയിക്കണം.
നേഴ്സിംഗ്, പാരാമെഡിക്കല്‍ പ്രവേശനത്തിലും ഉടന്‍തന്നെ സംവരണ ഉത്തരവിറക്കണം. കെ.എസ്.എസ്.ആറില്‍ ഭേദഗതി ത്വരിതപ്പെടുത്തി പി.എസ്.സി.നിയമനങ്ങളിലൂടെ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റിയന് അഭ്യര്‍ത്ഥിച്ചു.
അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply