Flash News

ഓർമയിലെ കർക്കിടക കാഴ്ചകൾ – 8

August 11, 2020 , ഹണി സുധീർ

ഓർമ്മപൂക്കൾ ഇന്ന്‌ കുട്ടിക്കാലത്തേക്ക് തന്നെ തിരിച്ചു പോയി.

ഞാൻ ചെറിയ കുട്ടി ആയിരുന്ന സമയത്ത് വീട്ടിൽ അടിച്ചു വാരാനും അത്യാവശ്യം പുറം പണികൾ ചെയ്യാനും ഒക്കെ ആയി വന്നിരുന്ന മാതയേകുറിച്ചാണ്.

അവരുടെ പേര് തന്നെ എനിക്കന്നു വളരെ രസകരമായിരുന്നു “മാത” അവരെ കാണുമ്പോഴേക്കും അമ്മമ്മയോടു പറയും മാതാവ് വന്നിട്ടുണ്ടെന്ന്. അടുക്കള കോലായിൽ ഇരുന്നു മടിയിലെ പൊതി കെട്ടഴിച്ചു ചുളുങ്ങിയ കൈ കൊണ്ട് അതിലേറെ ചുക്കി ചുളുങ്ങിയ പൊകല എടുക്കും. പുകയില എന്നത് പൊകല എന്നായിരുന്നു ഒരു കാലം വരെ ഞാനും ഓർത്തു വച്ചത്. മാത പറഞ്ഞു തന്നത്.

പേരിൽ മാത്രം അല്ല മാതയുടെ പ്രത്യേകത. ജീവിതത്തിൽ ആദ്യവും അവസാനവും ആയി ഞാൻ കണ്ട മേൽവസ്ത്രം ഇല്ലാത്ത സ്ത്രീയും അവരായിരുന്നു. ബ്ലൗസ് ഇടില്ല. തോളിൽ ഒരു മുഷിഞ്ഞ തോർത്ത്‌ കാണും. കഴുത്തിൽ നിറയെ പല നിറത്തിൽ ഉള്ള കല്ല് മാലകളും. മാലകൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് മാറിടങ്ങൾ മറഞ്ഞിരിക്കും. മുണ്ടാണെങ്കിൽ കുറച്ചു കയറ്റി ഉടുക്കുകയും ചെയ്യും.

മാത വന്നുകഴിഞ്ഞാൽ ഏറെ കൗതുകത്തോടെ ഞാൻ ചുറ്റി പറ്റി നിൽക്കും. കൂടുതലും ഇഷ്ടം മാതയുടെ മാലകളുടെ ചരിത്രം അറിയാനും തൊട്ടു നോക്കാനും ഒക്കെ ആയിരുന്നു.

“കുളിക്കുമ്പോൾ ഈ മാലകൾ എല്ലാം അഴിച്ചു വെക്കുമോ ”

എന്നും എന്റെ സംശയം ഇതായിരുന്നു. ഇതു കേൾക്കുമ്പോൾ അച്ഛൻ പറയും

“അതിനു ആരു പറഞ്ഞു മാത കുളിക്കും എന്ന്? ”

തൊണ്ണ കാട്ടി മാത പറയും “തബ്രാങ്കുട്ടി” വെറുതെ പറയും ഞാള് കുളിക്കും എന്ന്.

അന്ന് പറമ്പിൽ തേങ്ങ വലിക്കാൻ വന്നിരുന്നത് മാതയുടെ മകൻ ആയിരുന്നു. മകന്റെ കൂലി മുൻകൂറായി മാത പൊകല വാങ്ങിക്കാൻ കടം വാങ്ങി പോകും.

തള്ള പൊകല വാങ്ങി തിന്നുന്ന നേരത്ത് നാഴി അരി വാങ്ങികൊണ്ട് പോകില്ലെന്നു മകൻ പരാതിയും പറയും.

കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. പല പല വീടുകളിൽ പോയി പണി ചെയ്തിരുന്ന അവരായിരുന്നു അന്ന് കുടുംബം പോറ്റിയിരുന്നത്. കിട്ടുന്നതൊക്കെയും കുടിച്ചു തീർക്കുന്ന മകന്റെ ഭാര്യയെയും കുട്ടികളെയും പോറ്റുന്നത്, അവരുടെ ഭാഷയിൽ
“ചപ്പുന്തി കിട്ടണത് കൊണ്ട് ഞാള് അരി വാങ്ണ്.” (ചപ്പുന്തി എന്ന് പറഞ്ഞാൽ ചപ്പു ചവറുകൾ അടിച്ചു വാരുക എന്നർത്ഥം.)

വീട്ടിൽ വരുമ്പോഴെല്ലാം മാത കുറച്ചു സമയം കുട്ടികൾക്കായി മാറ്റി വക്കും. അവരുടെ വിശേഷങ്ങൾ ചോദിക്കാനും അറിയുന്ന കഥകൾ പറയാനും.

മാത മരിച്ചാൽ ആ മാലകൾ ഒക്കെ എനിക്ക് തരാം എന്നായിരുന്നു കരാർ.

വീട്ടിൽ പണികൾ ഒന്നും ഇല്ലെങ്കിലും അവർ വന്നിരിക്കും. എന്തേലും കഥകൾ പറഞ്ഞു ഭക്ഷണം കഴിച്ചിട്ടു പോകും.

കുറച്ചു കൂടി മുതിർന്നതിനു ശേഷം ഞാൻ മാതയെ കണ്ടിരുന്നില്ല. വീട്ടിൽ വരുന്നതും നിന്നു. ഒരു ദിവസം കോളേജിൽ പോകുന്ന വഴി അവരുടെ മകന്റെ ഭാര്യയെ മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ വച്ചു കാണുകയുണ്ടായി. അമ്മക്ക് വായ്പ്പുണ്ണ് വന്നു ഇവിടെ അഡ്മിറ്റ്‌ അക്കിട്ടുണ്ട് എന്ന് പറഞ്ഞു.

മനസ്സിൽ അപ്പോഴും പഴയ മാതയുടെ ചിരി ആയിരുന്നു. ഇനിയും ബസ് ഉണ്ടാകും നമുക്കു ഒന്ന് പോയി കണ്ടാലോ എന്നും പറഞ്ഞു ഞാനും എന്റെ ഒരു കൂട്ടുകാരിയും ചായ വാങ്ങൻ വന്ന മരുമകളുടെ കൂടെ മെഡിക്കൽ കോളേജിൽ കയറി. നിന്നാൽ തിരിയാൻ പറ്റാത്ത കോളേജിലെ ജനറൽ വാർഡിൽ കറുത്തു മെല്ലിച്ച ഒരു രൂപം.

എന്നെ കണ്ടതും മനസിലായിട്ടാണോ എന്നറിയില്ല പുതച്ച തുണി മാറ്റി ബ്ലൗസ് കാണിച്ചു തന്നു. അങ്ങനെ ആദ്യമായി അവർ ബ്ലൗസ് ഇട്ടതും കണ്ടു. മാലകൾ എവിടെ എന്ന് ചോദിച്ചപ്പോൾ എന്തോ പറയാൻ ചുണ്ടനക്കി.

കാൻസർ ആയിരുന്നു അവർക്ക്‌.

മുറുക്കി മുറുക്കി ജീവച്ച അവരെ ഒടുവിൽ കാൻസർ പിടിമുറുക്കി.

അമ്മക്ക് നിങ്ങളെ ഒക്കെ വല്യ ഇഷ്ടം ആയിരുന്നു.

“തമ്പ്രാങ്കുട്ടിന്റെ കുട്ട്യോളെ കണ്ടാൽ ഇച്ചിരി സുഗണെന്ന്” അവർ പറയുമായിരുന്നത്രെ.

ഒരുപക്ഷേ ജീവിതത്തിൽ അവരെ കേൾക്കാനും പറയാനും ശ്രദ്ധ കൊടുത്തത് കൊണ്ടാകും.

നമ്മളെ കേൾക്കാനും പറയാനും അറിയാനും ഒക്കെ ആളുകൾ ഉണ്ടാകുന്നുന്നു വച്ചാൽ അതിലും കൂടുതൽ ഒന്നുല്യാ.
പ്രത്യേകിച്ചും പ്രായമായി വരുന്ന ആളുകളോടും, കുട്ടികളോടും…

ഒരുപക്ഷെ മരുന്നുകൾക്ക് മാറ്റാൻ കഴിയാത്ത മുറിവുകൾ സാന്ത്വനം കൊണ്ടും കിട്ടിയേക്കാം..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top