Flash News

സൂഫിസം (Sufism) – 12

August 11, 2020 , ബിന്ദു ചാന്ദിനി

ഡൽഹി സുൽത്താനേറ്റിൻ്റെ കാലം മുതൽതന്നെ ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിൽ പരസ്പരധാരണയും സൗഹാർദ്ദവും വളർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. നിരവധി സംസ്കൃതഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജുമ ചെയ്യപ്പെട്ടു. മദ്ധ്യകാലഘട്ടത്തിൽ ഹിന്ദുസ്ഥാനിൽ വളർന്നു വികസിച്ച വിവിധ സംഗീത ശാഖകൾ, കബീർദാസിനെ പോലുള്ള ഭക്തിപ്രസ്ഥാനക്കാർ ഈ രണ്ടു മതങ്ങളുടെ അടിസ്ഥാനപരമായ ഐക്യത്തെക്കുറിച്ചും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമുപരി സ്നേഹത്തിനും ഭക്തിക്കുമുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രചരിപ്പിച്ചു. ഇതിൻ്റെയെല്ലാം ഫലമായി പരസ്പരധാരണയുടെയും വിശാലവീക്ഷണത്തിൻ്റെയും മതസഹിഷ്ണുതയുടേതുമായ ഒരന്തരീക്ഷം സംജാതമായി. സൂഫി ഭക്തനായ അക്ബറുടെ മതവീക്ഷണത്തെ വിശാലവും ഉദാരവുമായി മാറ്റാൻ സഹായിച്ച പല സ്വാധീനങ്ങളും കാണാൻ കഴിയും. ഒരു പേർഷ്യൻ പണ്ഡിതൻ്റെ പുത്രിയായിരുന്ന അദ്ദേഹത്തിൻ്റെ അമ്മ കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിൻ്റെ മനസ്സിൽ മതസഹിഷ്ണതയുടെ വിത്തു പാകി. ചിഷ്തി സുഫിചിന്തകരുമായുള്ള സമ്പർക്കവും അടുത്ത സുഹൃത്തുക്കളും സുഹ്റവർദ്ദി സൂഫികളുമായ അബുൾ ഫാസൽ, ഫൈസി എന്നീ സഹോദരന്മാരുടെ സ്വാധീനവും അദ്ദേഹത്തിൻ്റെ മതവീക്ഷണത്തെ ഗണ്യമായി സ്വാധീനിച്ചു. ഇതിനെല്ലാം പുറമെ ഹിന്ദു ഭാര്യന്മാരും മക്കളും, ബീർബൽ മുതലായ ഹിന്ദു ഉദ്യോഗസ്ഥരുടെയും സ്വാധീനവും മതപരമായി വിശാലവും ഉദാരവുമായ മനോഭാവം വളർത്തിയെടുക്കുന്നതിനു സഹായിച്ചു. അക്ബറുടെ ഉദാരമായ മതനയം മുഗൾ സാമ്രാജ്യത്തിൻ്റെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തി. ഉദാഹരണമായി രാജാവ് പ്രജകൾക്ക് ദർശനമരുളുന്ന (ജരോക ദർശൻ) പതിവ്, തുലാഭാരം തുടങ്ങി പല ആചാരങ്ങളും മുഗൾ കൊട്ടാരത്തിൽ അംഗീകാരം നേടി.

ജരോക ദർശൻ
അതിരാവിലെ പ്രാർത്ഥനയോടെയാണ് രാജാവിൻ്റെ ദിവസം ആരംഭിക്കുന്നത്. അതിനുശേഷം കിഴക്കോട്ട് ദർശനമുള്ള ചെറിയ മട്ടുപ്പാവിൽ അഥവാ ജരോകയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. പുറത്ത് സൈനീകർ, വ്യാപാരികൾ, കരകൗശല വിദഗ്ധർ, കർഷകർ, രോഗബാധിതരായ കുട്ടികളോടൊപ്പുള്ള അമ്മമാരും രാജാവിനെ കാണുന്നതിനു വേണ്ടി കാത്തു നില്‍ക്കുന്നുണ്ടാവും. സാധാരണ ജനങ്ങൾക്ക് രാജാവിനെ കാണാനും സഹായങ്ങൾ ലഭിക്കുന്നതിനുമുള്ള അവസാരമാണിത്. ജനവിശ്വാസം ആർജിച്ചുകൊണ്ട് രാജകീയാധികാരത്തിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്ബറായിരുന്നു ജരോക ദർശന (Jharoka darshan) ത്തിന് തുടക്കം കുറിച്ചത്. ജരോകയിൽ ഒരു മണിക്കൂർ ചെലവഴിച്ചതിന് ശേഷം തൻ്റെ ഭരണകൂടത്തിൻ്റെ പ്രാഥമിക പ്രവർത്തനങ്ങൾ നിർവഹിക്കാൻ പൊതു സദസ്സി (Diwan – i – Am) ലേക്ക് പോകുന്നു.

തുലാഭാരം
നമ്മുടെ മതത്തിൻ്റെ ആചാരങ്ങളായി കരുതുന്ന പല ചടങ്ങുകളും മററു സംസ്കൃതിയിലും കാണാൻ കഴിയുന്നു. ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തിവരാറുളള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണ് തുലാഭാരം. ഒരാളുടെ തൂക്കത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം ക്ഷേത്രത്തിന് സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്ന് പറയുന്നത്. ക്രിസ്തുമതത്തിൽ ചില വിശ്വാസികൾ പളളികളിൽ തുലാഭാരം നടത്താറുണ്ട്. ഇന്ന് കാണുന്ന ജൂത, ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു, ജൈന, ബുദ്ധ, സൊറാസ്ട്രിയൻ, ബഹായി, ഷാമൻ തുടങ്ങിയ മതങ്ങളുടെ ഉത്ഭവം പൗര്യസ്ത്യ ദേശത്താണ്. ആചാരങ്ങളിലെ സാദ്യശ്യം ദർശിക്കാൻ കഴിയുന്നത് ഇത് കൊണ്ടായിരിക്കാം.

മുഗളരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് രാജാവിന്റെ ജന്മദിനാഘോഷം. സോളാർ-ലൂണാർ കലണ്ടറുകൾ അനുസരിച്ച് വർഷത്തിൽ രണ്ട് ജന്മദിനങ്ങൾ ആഘോഷിച്ചിരുന്നു. ജന്മദിനത്തിൽ രാജാവ് സ്വർണ്ണം, വെളളി, വിലപിടിപ്പുളള കല്ലുകൾ എന്നിവ ഉപയോഗിച്ച് കൊണ്ട് തുലാഭാരം നടത്താറുണ്ട്. അവ പിന്നിട് പാവപ്പെട്ടവർക്ക് ദാനമായി വിതരണം ചെയ്യും. ദാനം ആയുസ്സിനെ വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

ജന്മദിനാഘോഷം ഇസ്ലാമിൽ നേരത്തെ തന്നെ ഉണ്ട്. മുഹമ്മദ് നബിയുടെ ജന്മദിനാഘോഷമാണ് നബിദിനം അഥവാ മിലാദ് ഇ ശരീഫ് (റബീ-ഉൽ-അവ്വൽ 12). അദ്ദേഹം മരിച്ചതും റബീഉൽ അവ്വൽ 12നാണ്. നബിദിനം സുന്നി വിഭാഗം ആഘോഷിക്കുമ്പോൾ മററു വിഭാഗങ്ങൾ അംഗീകരിക്കുന്നില്ല.

മുഗൾ കൊട്ടാരത്തിലെ ജസ്യൂട്ട്സ്
ക്രിസ്തുമത കാര്യങ്ങളിൽ ജിജ്ഞാസുവായ അക്ബർ ഗോവയിലേക്ക് ഒരു എംബസിയെ അയക്കുകയും ജസ്യൂട്ട് പാതിരിമാരെ തൻ്റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.1580 ലാണ് ഫത്തേപൂർ സിക്രിയിലെ മുഗൾ കൊട്ടാരത്തിൽ ആദ്യത്തെ ജസ്യൂട്ട് മിഷൻ എത്തിയത്. രണ്ടു കൊല്ലം അവരവിടെ തങ്ങുകയും ചെയ്തു.1591ലും 1595 ലും രണ്ടു മിഷനുകൾ കൂടി ലാഹോറിലെ മുഗൾ കൊട്ടാരത്തിലേക്ക് കടന്നു വന്നു. പൊതു അസംബ്ലികളിൽ ജസ്യൂട്ടുകൾക്ക് ചക്രവർത്തിക്കു തൊട്ടരികെ ഇരിപ്പിടം നൽകിയിരുന്നു. അക്ബറുടെ യുദ്ധവേളകളിൽ ജസ്വൂട്ട്സ് അദ്ദേഹത്തെ അനുഗമിക്കാറുണ്ടായിരുന്നു. ചക്രവർത്തിയുടെ കുട്ടികൾക്ക് അവർ പലപ്പോഴും ട്യൂഷൻ നൽകിയിരുന്നു. വിശ്രമവേളകളിൽ അവർ അദ്ദേഹത്തിൻ്റെ ഉറ്റതോഴരുമായിരുന്നു. യൂറോപ്പിൽ അന്നു നിലനിന്നിരുന്ന മതപരമായ അസഹിഷ്ണുതയുടെ പശ്ചാത്തലത്തിൽ വേണം ഇതിനെ വിലയിരുത്താൻ. പേർഷ്യൻ ആഖ്യാനങ്ങൾ മുഗൾ കാലത്തെ ജീവിതത്തെക്കുറിച്ചു നൽകുന്ന വിവരങ്ങളുമായി ഏറെക്കുറെ യോജിച്ചു പോകുന്നവയാണ് ജസ്യൂട്ടുകൾ നൽകുന്ന വിവരങ്ങളും.

ദീൻ-ഇ-ലാഹി
എല്ലാ മതങ്ങളുടേയും സാരാംശം മനസിലാക്കാൻ ശ്രമിച്ച അക്ബർ ഫത്തേപ്പൂർ സിക്രിയിൽ ഇബാദത്ത് ഖാന (House of Worship) നിർമിച്ചു. അവിടേക്ക് അക്ബർ ഹിന്ദു, മുസ്ലീം, ജൈന, സൊറാസ്ട്രിയൻ, ക്രിസ്ത്യൻ മതപണ്ഡിതരെ ക്ഷണിച്ചു വരുത്തി. അവർ തമ്മിൽ നടന്ന സംവാദം അക്ബർ ശ്രദ്ധയോടെ കേട്ടു. ഓരോ മതത്തിൻ്റേയും സൈദ്ധാന്തിക വശങ്ങളെക്കുറിച്ച് അക്ബർ അവരോടു ചോദിച്ചു മനസിലാക്കി. ഇസ്ലാം ഉൾപ്പെടെയുള്ള എല്ലാ മതങ്ങളിലേയും യാഥാസ്ഥിതിക വശങ്ങളെ ഉപേക്ഷിച്ച അക്ബർ അവയിലെ നല്ലതും പുരോഗമനാത്മകവുമായ ആശയങ്ങളെ സ്വാംശീകരിച്ചു കൊണ്ട് ഏകദൈവ വിശ്വാസത്തെ അടിസ്ഥാനമാക്കി സൂഫിസത്തോട് സാമ്യം കാണിക്കുന്ന ഒരു പുതിയ മതത്തിന് രൂപം നൽകി. അതാണ് ‘ ദീൻ-ഇ-ലാഹി ‘ (Divine Faith ).

അബുൾ ഫാസൽ ഇതിനെ വിശേഷിപ്പിക്കുന്നത് ‘തൗഹിദ് – ഇ – ഇലാഹി ‘ എന്നാണ്. 80 വർഷത്തിന് ശേഷമാണ് മതം എന്നർത്ഥം വരുന്ന ദീൻ എന്ന പദം ഇതിനുപയോഗിക്കുന്നത്. ഇത് ഒരു പുതിയ മതമായിരുന്നില്ല. തൻ്റെ മതം മറ്റുള്ളവരെ അടിച്ചേല്പിക്കാന്‍ ശ്രമിച്ചതേയില്ല.

സാർവലൗകിക സഹിഷ്ണതയെപ്പറ്റിയുള്ള അക്ബറിൻ്റെ സങ്കല്പം നിശ്ചയമായും അത്യുൽക്യഷ്ടമായ ഒന്നായിരുന്നു. ഖുർആൻ്റെ പ്രാമാണികത്വത്തെ അദ്ദേഹം ഒരിക്കലും നിഷേധിച്ചില്ല. വിഭിന്ന മതങ്ങളിലെ ഉത്തമമെന്നു താൻ കരുതിയ എല്ലാറ്റിൻ്റെയും മഹത്തായ ഒരു സമവായമായിരുന്നു അദ്ദേഹത്തിൻ്റെ ആദർശം – പ്രഥമവും പ്രധാനവുമായി ദേശീയമായ ഒരു ആദർശം. ഈ മഹത്തായ ആദർശം അദ്ദേഹത്തിന് ലോകചരിത്രത്തിൽ മഹാനായ അക്ബർ (Akber the Great) എന്ന പദവി നേടികൊടുത്തത്. ഈ ആദർശത്തെ സംബന്ധിച്ചിടത്തോളം ഭാവിതലമുറകളുടെ കൃതജ്ഞതയ്ക്ക് അദ്ദേഹം ന്യായമായും അവകാശിയാണ്.

അബ്ദുൽ ഖാദിർ ബദൗനിയുടെ മുന്തഖാബ്- ഉത്- തവാരിഖിയിൽ നിന്നുള്ള ഒരു ഭാഗമാണ് താഴെ പറയുന്നത് :

“ചെറുപ്പകാലം മുതൽ ഹിന്ദിയിലെ രാജാക്കന്മാരുടെ പെൺമക്കളായ തൻ്റെ ഭാര്യമാരോടുള്ള അഭിനന്ദന സൂചകമായി ചക്രവർത്തി തിരുമനസ് ഹറമിൽ (Haram അന്തഃപുരം) അഗ്നി ആരാധന (ആതിഷ് – പരസ്തി) യിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു ആഘോഷമായ ഹോം അനുഷ്ഠിച്ചിരുന്നു….. പേർഷ്യൻ പുതുവത്സരത്തിൽ (Nauroz festival) വൈകുന്നേരം വിളക്കുകളും മെഴുകുതിരികളും കത്തിക്കമ്പോൾ രാജസദസ് മുഴുവനും ആദരവു കാണിക്കുന്നതിനായി എഴുന്നേറ്റ് നിൽക്കണമായിരുന്നു…”

മുഗൾ രാജസഭാദിനവൃത്താന്ത രചിതാക്കളുടെ വീക്ഷണങ്ങളോട് യോജിക്കുന്നവയായിരുന്നു ഈ ആശയങ്ങൾ. ചില പ്രക്രിയകളിലൂടെ സാമ്രാജ്യ സൗധത്തിനുള്ളിൽ വൈവിധ്യമാർന്ന ഒരു ജനതയെ സഫലമായി ഉൾക്കൊള്ളാൻ മുഗൾ ഭരണാധികാരികൾക്ക് കഴിഞ്ഞുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സാമ്രാജ്യത്തിൻ്റെ ഭൂമിശാസ്ത്ര വിസ്തൃതിയും രാഷ്ട്രീയ നിയന്ത്രണങ്ങളും ഗണ്യമായി കുറഞ്ഞതിനു ശേഷവും ഒന്നര നൂറ്റാണ്ടോളം ഈ ഉപഭൂഖണ്ഡത്തിൽ മുഗൾ രാജവംശം അതിൻ്റെ പേരും പ്രതാപവും നിയമാനുസൃതമായി തന്നെ നിലനിർത്തി.

മുഗൾ സാമ്രാജ്യം ദുർബലമായത്തോടെ ശക്തരായ പ്രാദേശിക ഗവർണ്ണർമാർ ഓരോരുത്തരായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇങ്ങനെയുണ്ടായ രാജ്യങ്ങളിലും മതസഹിഷ്ണത നിലനിർത്തിയിരുന്നുയെന്നതിന് ഒരു ഉദാഹരണം പറയാം .

സാഞ്ചി സ്തൂപം
സാഞ്ചി സ്തൂപം പഴയ ഭോപാൽ സ്റ്റേറ്റിലെ (ഇന്നത്തെ മധ്യപ്രദേശ്) സാഞ്ചി കനഖേര എന്ന ചെറിയ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധൻ്റെ ഭൗതികാവശിഷ്ടങ്ങളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങളും സംസ്കരിച്ചതിനു മുകളിൽ പണിയുന്ന നിർമിതികൾക്കാണ് സ്തൂപങ്ങൾ എന്നു പറയുന്നത്. മൗര്യ ചക്രവർത്തിയായ അശോകനാണ് സ്തൂപങ്ങൾ നിർമ്മിക്കാൻ നിർദ്ദേശം നൽകിയത്.

ആദ്യം സ്തൂപത്തിൻ്റെ ഘടന മനസ്സിലാക്കാം. കമഴ്ത്തിവെച്ചിരിക്കുന്ന ബൗളിൻ്റെ ആകൃതിക്ക് അണ്ട (anda) എന്ന് പറയുന്നു. ഉയർന്ന പരന്ന മുകൾ ഭാഗമാണ് ഹർമിക (Harmika) അതിൻ്റെ മധ്യത്തിൽ ഒരു മരവടി യഷ്ടി (yashti) ഘടിപ്പിച്ചിരിക്കുന്നു. കിഴക്കേ കവാടം വഴിയാണ് ആരാധകർ അകത്ത് പ്രവേശിക്കുന്നത്. അവർ സ്തൂപത്തിനും ചുറ്റും വലതു വശത്തേക്ക് (സൂര്യൻ്റെ പ്രയാണം നോക്കി) പ്രദക്ഷിണം ചെയ്യുന്നു. നാല് ഭാഗത്തും കൊത്തുപണി കൊണ്ട് അലങ്കരിച്ച പ്രവേശന കവാടങ്ങൾ ഉണ്ട്.

കിഴക്കേ പ്രവേശന കവാടത്തിൽ കൊത്തിവെച്ചിരിക്കുന്ന സാലഭഞ്ജിക (സുന്ദരിയായ സ്ത്രീയുടെ രൂപം) ബുദ്ധ പാരമ്പര്യവും ഹിന്ദു പാരമ്പര്യവും കോർത്തിണക്കുന്ന കണ്ണിയാണ്. സാലഭഞ്ജിക സ്പർശിച്ചാൽ സസ്യജാലങ്ങളും മരങ്ങളും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇതൊരു മംഗളചിഹ്നമായി കരുതുന്നത് കൊണ്ടാണ് സ്തൂപ നിർമ്മാണത്തിൽ സ്ഥാനം ലഭിച്ചത്.

അശോകൻ്റെ കാലത്ത് നിർമ്മിച്ച സ്തൂപം 1818 ൽ വീണ്ടും കണ്ടെത്തിയപ്പോൾ കിഴക്കേ പ്രവേശന കവാടം താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു (Eastern gatéway). ഫ്രാൻസിലേക്കോ ഇംഗ്ലണ്ടിലേക്കോ കൊണ്ടുപോകാൻ യൂറോപ്യന്മാർ ശ്രമിച്ചപ്പോൾ അന്നത്തെ ഭോപാൽ നവാബായ ഷാജഹാന ബീഗം അനുവാദം നൽക്കാത്തത് കൊണ്ടാണ് സാഞ്ചി സ്തൂപ അങ്ങനെ അവിടെ തന്നെ നിലനിന്നത്. യൂറോപ്യന്മാർ ‘പ്ലാസ്റ്റർ കാസ്റ്റ് ‘ മാതൃക കൊണ്ട് തൃപതിയടയേണ്ടി വന്നു. സ്തൂപം സംരക്ഷിക്കാൻ ബീഗം ഫണ്ട് അനുവദിക്കയും ചെയ്തു. തുടർന്ന് വന്ന പിൻഗാമി സുൽത്താൻ ജഹാൻ ബീഗം അവിടെ ഒരു ലൈബ്രറിയും വിശ്രമകേന്ദ്രവും സ്ഥാപിച്ചു. ജോൺ മാർഷലിനെ പോലെയുളളവർ അവിടെ താമസിച്ച് ഗവേഷണങ്ങൾ നടത്തിയിരുന്നു . ജോൺ മാർഷൽ അദ്ദേഹത്തിൻ്റെ സാഞ്ചിയെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ഒരു പ്രധാന വോള്യം സുൽത്താനായ ജഹാനാണ് സമർപ്പിച്ചിട്ടുള്ളത്. ഭോപാൽ രാജകുടുംബത്തിെൻറ ശ്രമഫലമായാണ് സ്തൂപം സാഞ്ചിയിൽ തന്നെ നിലനിർത്താൻ കഴിഞ്ഞത്.

ഭോപാൽ രാജ കുടുംബാംഗങ്ങളെ നമുക്ക് സുപരിചിതമാണ്. അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൺസൂർ അലി ഖാൻ പട്ടോടി, ഭാര്യ ഹിന്ദി ചലച്ചിത്ര താരം ഷർമിള ടാഗോർ, മകൻ സെയഫ് അലി ഖാൻ പട്ടോടി അങ്ങനെ പോകന്നു നിര. ഏത് മതപാരമ്പര്യത്തിൽ പെട്ടാലും ചരിത്ര സ്മാരകങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് ഒരു ജനതയുടെ കടമയാണയെന്ന് ഭോപാൽ രാജ കുടുംബം നമുക്ക് മാതൃക കാണിച്ച് തന്നു. സാഞ്ചിയിലെ മഹാചൈത്യം വരുംതലമുറക്ക് വേണ്ടി കാത്ത് സൂക്ഷിച്ച് വെച്ചതിന് ഷാജഹാന ബീഗത്തിനെയും, ജഹാൻ ബീഗത്തിനെയും കൃതജ്ഞതയോടെ അനുസ്മരിക്കുന്നു !!!

(തുടരും….)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top