Flash News

ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ, ബെൻപോൾ വൈസ് ചെയർമാൻ, സജി എം.പോത്തൻ സെക്രട്ടറി

August 11, 2020 , ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പുതിയ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി പ്രമുഖ നേതാവ് ഫിലിപ്പോസ് ഫിലിപ്പിനെയും വൈസ് ചെയർമാനായി ബെൻ പോളിനെയും തെരഞ്ഞെടുത്തു. സജി എം. പോത്തനാണ് സെക്രട്ടറി. വെള്ളിയാഴ്‌ച ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡോ. മാമ്മൻ സി. ജേക്കബ്‌ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഫിലിപ്പോസ് ഫിലിപ്പിനെ പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തത്. നേരത്തെ അദ്ദേഹം വൈസ് ചെയർമാൻ ആയിരുന്നു. മുൻ സെക്രട്ടറി ആയിരുന്ന വിനോദ്‌ കെയർക്കേയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ട്രസ്റ്റി ബോർഡ് സെക്രട്ടറിയായി സജി എം. പോത്തനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ രണ്ടു വർഷമായി ഫൊക്കാനയുടെ ഭരണഘടനയുടെ സഹ സംരക്ഷകനായി പ്രവർത്തിച്ച അദ്ദേഹത്തെത്തേടി ട്രസ്റ്റി ബോർഡ് ചെയർമാൻ സ്ഥാനം എന്ന മഹനീയ പദവിയെത്തിയത് ഫിലിപ്പോസ് എന്ന സംഘടന നേതാവിന്റെ കഴിവിനുള്ള അംഗീകാരം കൊണ്ട് മാത്രമാണ്. ഇന്ന് ഫൊക്കാനയിൽ ഫിലിപ്പോസിനോളം സമസ്ത മേഖലയിലും പ്രവണ്യമുള്ള മറ്റൊരു നേതാവ് ഉണ്ടെന്ന് തോന്നുന്നില്ല.

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് വർഷങ്ങൾക്കു മുൻപ് തന്നെ സംഘടന രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ ഫിലിപ്പിന്റെ അനുഭവ സമ്പത്ത് അദ്ദേഹത്തിന് ഫൊക്കാനയുടെ നേതൃ നിരയിൽ തിളങ്ങി നിൽക്കുന്ന താരമായി മാറാൻ സഹായകരമായിട്ടുണ്ട്. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ്‌ കോളേജ് യൂണിയൻ ചെയർമാൻ ആയി രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന ഫിലിപ്പോസ് അമേരിക്കയിൽ എത്തിയ ശേഷം റോക്‌ലാൻഡിലെ മലയാളികളുടെ ഇടയിലെ പ്രിയങ്കരനായ നേതാവായി മാറി.

ഹഡ്സൺ വാലി മലയാളി അസോസിയേഷൻ (എച്ച്.വി.എം.എ.) യുടെ പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട്, ചീഫ് എഡിറ്റർ, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുള്ള ഫിലിപ്പോസ് നിലവിൽ ഡയറക്ടർ ബോർഡ് മെമ്പർ ആണ്. എച്ച്.വി.എം.എയിലൂടെ അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത് പ്രവർത്തനം ആരംഭിച്ച അദ്ദേഹം അതോടൊപ്പം തന്നെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയിലും നിലയുറപ്പിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, നാഷണൽ കമ്മിറ്റി മെമ്പർ, അൽബനിയിൽ നടന്ന ഫൊക്കാന കൺവെൻഷൻ ചെയർമാൻ, ഫൊക്കാന സോവിനീർ കോർഡിനേറ്റർ, ചീഫ് എഡിറ്റർ എന്നീ നിലകളിൽ സ്തുത്യർഹ്യമായ സേവനം ചെയ്തിട്ടുള്ള അദ്ദേഹം കഴിഞ്ഞ രണ്ടുവർഷമായി ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാൻ ആയിരുന്നു.

മലങ്കര ഓർത്തഡോക്സ് ചർച്ച് മാനേജിങ്ങ് കമ്മിറ്റി മെമ്പർ, ഡയോസീഷ്യൻ കൗൺസിൽ മെമ്പർ, ചർച്ച് സെക്രട്ടറി, ട്രഷറർ, ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ, ബിൽഡിങ് കമ്മിറ്റി കൺവീനർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. റോക്‌ലാൻഡ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി മെമ്പർ കൂടിയായ ഫിലിപ്പോസ് ഫിലിപ്പ്‌ ഒരു തികഞ്ഞ മനുഷ്യ സ്‌നേഹികൂടിയാണ്. മികച്ച പ്രഭാഷകനും സംഘാടകനുമായ ഫിലിപ്പോസ് ഫിലിപ്പിന് ഏതു പ്രശ്നങ്ങളെയും അനായാസം കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവുണ്ട്.

ഫിലഡൽഫിയയിൽ രണ്ടു വർഷം മുൻപ് നടന്ന ഫൊക്കാന കൺവെൻഷനിൽ ഏറ്റവും തിളങ്ങിയ അന്നത്തെ ജനറൽ സെക്രെട്ടറി കൂടിയായിരുന്ന ഫിലിപ്പോസ് ഫിലിപ്പ് ഉദ്‌ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും നടത്തിയ പ്രസംഗങ്ങൾ കേട്ട് നാട്ടിൽ നിന്നെത്തിയ രാഷ്ട്രീയക്കാർ വരെ അത്ഭുതസ്തബ്ധരായി നിന്നിരുന്നു. അന്നത്തെ അതിഥികളായിരുന്ന മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചറും കടകംപിള്ളി സുരേന്ദ്രനും നടത്തിയ പ്രസംഗത്തിൽ ഇത്ര സുന്ദരമായി അമേരിക്കൻ മലയാളികൾ മലയാളത്തിൽ പ്രസംഗം നടത്തുന്നത് തങ്ങളെ അതിശയിപ്പിച്ചുകളഞ്ഞുവെന്ന് തുറന്നുപറഞ്ഞിരുന്നു.

നാവുകള്‍ക്ക് പിഴവു സംഭവിക്കാത്ത വാക് ചാരുതി , വിഷയങ്ങളെക്കുറിച്ച് സമഗ്രാവതരണം, കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ മടികാണിക്കാതിരിക്കല്‍, എതിരാളികളെ വേദിയിരുത്തിക്കൊണ്ടുപോലും സൗമ്യമായ ഭാഷയില്‍ ഒരു ചെറുപുഞ്ചിരി പടര്‍ത്തി വിമര്‍ശിക്കുന്ന വ്യക്തി. – ഇതൊക്കെയാണ് ഫിലിപ്പോസ് ഫിലിപ്പ് എന്ന വ്യക്തിയെക്കുറിച്ച് ഓർക്കുമ്പോൾ ഏവരുടെയും മനസ്സിൽ വരിക. ഫൊക്കാനയിലായാലും ഫോമയിലായാലും ഫീലിപ്പോസിനുള്ള സുഹൃദ്ബന്ധം ഏറെയാണ്. കാരണം എതിരാളികളെപ്പോലും സുഹൃദ് വലയത്തിലാക്കാന്‍ ഇത്ര മിടുക്കനായ സംഘടന പ്രവര്‍ത്തകന്‍ മറ്റേതെങ്കിലും അമേരിക്കന്‍ സംഘടനകളിലുണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ ഫോമയിലെ അനിയൻ ജോർജിനെപ്പോലെയാണ് ഫിലിപ്പോസ്. പക്ഷെ രണ്ടുപേരുടെയും ശൈലി വ്യത്യസ്തമാണെന്ന് മാത്രം.

ഫൊക്കാനയുടെ ഔദ്യോഗിക വക്താവായി മിക്കവാറുമുള്ള പൊതു വേദികളില്‍ പ്രസംഗിക്കാറുള്ളത് ഫിലിപ്പോസ് ഫിലിപ്പ് എന്ന വാക് ചാരുതയുള്ള നേതാവായിരുന്നു. ഇനിമുതൽ ബി.ഒ.ടി. ചെയർമാൻ എന്ന നിലയിൽ ഫിലിപ്പോസ് ഫിലിപ്പ് എന്ന നേതാവിന്റെ അതേ ചാരുതയാർന്ന പ്രസംഗങ്ങൾ കേൾക്കാൻ കഴിയും. ഫിലിപ്പോസ് ഫിലിപ്പ് എന്ന നേതാവിന്റെ പ്രത്യേകത, വാക്കുകളെക്കാളുപരി പ്രവര്‍ത്തിപഥത്തിലാണ് അദ്ദേഹം കൂടുതലും ചരിക്കുന്നതെന്നതാണ്. വശ്യമായ ഒരു പുഞ്ചിരിയോടെ ആരെയും സമീപിക്കുന്ന ഫിലിപ്പോസ് ആർക്കും ഏതു കാര്യത്തിനും സമീപിക്കാവുന്ന വ്യക്തിയാണ്.

അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികള്‍ ആലോചനയില്‍ മാത്രമല്ല പ്രവര്‍ത്തിപഥത്തില്‍ എത്തിപ്പെട്ടതിനാലാണ് അമേരിക്കൻ മലയാളികള്‍ അദ്ദേഹത്തെ ഏറെ ആദരിക്കുന്നത്. ഫൊക്കാന എന്ന സംഘടനയെ വളര്‍ച്ചയുടെ മറ്റൊരു ഏടിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഈ സംഘടനാ പ്രവര്‍ത്തകനിലെ നേതൃത്വത്തിന്‌ കഴിഞ്ഞു. ഫിലിപ്പോസ് മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയ എക്സിക്യൂട്ടീവ് അധികാര പരിധിയിലെ ഭരണഘടന ഭേദഗതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.

ഫൊക്കാനയില്‍ ഒരു എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് ഒരിക്കല്‍ ജയിച്ച് കയറിയ വ്യക്തിക്ക് രണ്ടാമത് ആ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന ഭരണഘടനാ ഭേദഗതിയാണ് അടുത്ത കാലത്ത് തെരഞ്ഞെടുപ്പുകളിൽ പുതിയ മുഖങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ കാരണമായത്. ഒരിക്കല്‍ ഒരു സ്ഥാനത്ത് എത്തുന്നവന്‍ മാത്രം സ്ഥിരമായി അവിടെ പ്രതിഷ്ഠിച്ചിരുന്ന അവസ്ഥ ഇതോടെ മാറി. ഉദാഹരണത്തിന് ഫൊക്കാനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അസോ.സെക്രട്ടറി, അസോ.ട്രഷറര്‍, അസി. അസോ. സെക്രട്ടറി, അഡി. അസോ. ട്രഷറര്‍ എന്നീ സ്ഥാപനങ്ങളില്‍ ഒരിക്കല്‍ എത്തപ്പെട്ടവര്‍ക്ക് പിന്നീട് ആ സ്ഥാനത്ത് എത്തിച്ചേരാന്‍ പുതിയ ഭരണഘടന ഭേദഗതി അനുവദിക്കുകയില്ല. ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ ഭേദഗതി സംഘടനയില്‍ പുതുമുഖങ്ങള്‍ക്ക് നേതൃനിരയിലേക്ക് അവസരമൊരുക്കുകയാണുണ്ടായത്.

ഫൊക്കാനയുടെ നേതൃത്വത്തില്‍ മലയാളികളുടെ ഇമിഗ്രേഷന്‍ സംബന്ധമായ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ നേതൃത്വം വഹിക്കാനും കഴിഞ്ഞതാണ് മറ്റൊരു പ്രത്യേകത.വിദേശ മലയാളികളുടെ നാട്ടിലുള്ള വസ്തുക്കള്‍ സംരക്ഷിക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനുമുള്ള തടസ്സങ്ങള്‍ നീക്കി കിട്ടാന്‍ ഫാമിലി പ്രൊപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട് നടപ്പില്‍ വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേലും വിദേശകാര്യ-പ്രവാസികാര്യ മന്ത്രാലയങ്ങള്‍ക്കുമേലും നടത്തിവരുന്ന ശ്രമങ്ങളും ശ്ലാഘനീയമാണ്. ഇതില്‍ ഫിലിപ്പോസിന്റെ നേതൃപാഠവം എടുത്തു പറയേണ്ടതാണ്.

പ്രതിസന്ധികളിലെ ക്രൈസിസ് മാനേജര്‍, യുവനേതാക്കന്മാരുടെ ഉപദേശകന്‍, തര്‍ക്കങ്ങള്‍ക്കു ത്വരിതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നവന്‍, എല്ലാ അസോസിയേഷനുകളുടെയുംഏതു പരിപാടികളിലും ഓടി നടന്നു പങ്കെക്കുകമാത്രമല്ല കാണുന്ന അതിഥികളെയെല്ലാം കരം കവര്‍ന്ന് ആശംസ നേരുന്നവന്‍.,ചുരുങ്ങിയ സമയംകൊണ്ട് പരമാവധി വാക്കുകളാല്‍ ഹ്രസ്വമായ പ്രസംഗം കൊണ്ട് ഏവരുടെയും കൈയ്യടി വാങ്ങുന്ന നേതാവ്.മലയാളികളുടെ പ്രിയങ്കരനായ ഒരു നേതാവ് … എന്നിങ്ങനെ നിരവധി വിശേഷങ്ങൾക്ക് അവകാശിയായ ഫിപ്പോസ് ഫിലിപ്പ് ആയിരിക്കും ഇനി മുതൽ ഫൊക്കാനയുടെ ഭരണഘടനയുടെ മുഖ്യ സംരക്ഷകൻ.

ത്രൂ വേ അതോറിറ്റിയിൽ എഞ്ചിനീയർ ആയ ലിസി ഫിലിപ്പ് ആണ് ഭാര്യ. ജോൺ ഫിലിപ്പ് (എഞ്ചിനീയർ), ഡോ. ലിജു ഫിലിപ്പ് എന്നിവർ മക്കളാണ്.

ബി.ഒ.ടി. വൈസ് ചെയർമാൻ -ബെൻ പോൾ

ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ബെൻപോൾ കഴിഞ്ഞ രണ്ടു വർഷമായി ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. മെരിലാന്‍ഡില്‍ നിന്നുള്ള ഈ പ്രമുഖ സംഘടനാ നേതാവ് ബെന്‍ പോള്‍ മൂന്നു തവണയായി (6 വര്‍ഷം) തുടർച്ചയായി ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായിരുന്നു.

സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ബെന്‍ പോള്‍ വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ഗ്രെയ്റ്റർ മെട്രോ വാഷിംഗ്‌ടൺ .(കെ.സി.എസ്.എം. ഡബ്ള്യു ) ന്റെ സജീവ പ്രവര്‍ത്തകനാണ്. കെ.സി.എസ് എം. ഡബ്ള്യു പ്രസിഡന്റ്, സെക്രട്ടറി, എസ്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് കോളേജില്‍ പ്രീഡിഗ്രിയും കോതമംഗലം എം.എ. കോളേജില്‍ നിന്ന് ബി.എസ്സിയും പഠിക്കുന്ന കാലത്തു സ്‌പോര്‍ട്‌സിന്റെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. പഠിക്കുന്ന കാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ബെന്‍ പോള്‍ 1988 ലാണ് അമേരിക്കയില്‍ കുടിയേറുന്നത്.

വാഷിങ്ങ്ട്ടന്‍ ഡി.സിയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ നേതൃ പാടവം തെളിയിച്ച ബെന്‍ പോള്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ സൈന്റ്‌റ് മേരീസ് സിറിയന്‍ ഓര്‌ത്തോഡോക്‌സ് പള്ളിയുടെ വൈസ് പ്രസിഡന്റ്,സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌.ഫൊക്കാനയുടെ റീജിയണൽ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിലും സ്പെല്ലിംഗ് -ബി മത്സരം സംഘടിപ്പിക്കുന്നതിലും നേതൃത്വം വഹിച്ചിട്ടുണ്ട്.വാഷിംഗ്‌ടൺ മെട്രോ മേഖലകളിലെ മലയാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലും ഇടപെട്ടിട്ടുള്ള ബെൻ ട്രസ്റ്റി ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചിരുന്ന കാലത്ത് ഭരണഘടനയുടെ സംരക്ഷണത്തിനായി സ്വതന്ത്രമായ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിച്ച നേതാവാണ്.

നീതിന്യായ വകുപ്പില്‍ ( department of justice ) ആല്‍ക്കഹോള്‍,ടുബാക്കോ,ആന്‍ഡ് ഫയര്‍ ആംമസ് (A T F ) വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മെരിലാന്‍ഡ് ബെല്‍റ്‌സ്വില്‍ സ്വദേശിയായ ബെന്‍പോള്‍. പെരുമ്പാവൂര്‍ കുറുപ്പംപടി മരങ്ങാട്ട് പരേതരായ പൗലോസ് അന്നമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനാണ്. ഭാര്യ: ബാങ്ക് ഉദ്യോഗസ്ഥയായ മാരീകുഞ്ഞ.മക്കള്‍ \: മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥികളായ രോഷ്മാ, റോഷിത.

ബി.ഒ.ടി. സെക്രട്ടറി-സജി എം. പോത്തൻ

സ്ഥാനമാനങ്ങൾക്കതീതമായി കഴിഞ്ഞ 20 വർഷമായി ഫൊക്കാനയുടെ സജീവ പ്രവർത്തകനായി എല്ലാ കാര്യങ്ങളിലും അൽമാർത്ഥമായി പ്രവർത്തിച്ചു വരുന്ന സജി എം. പോത്തന്റെ കൈകളിൽ ഭരണഘടനയുടെ സംരക്ഷണത്തിന് നിർണായക സ്ഥാനമായ ട്രസ്റ്റി ബോർഡ് സെക്രെട്ടറി സ്ഥാനം ഏറെ സുരക്ഷാമാണ്. കഴിഞ്ഞതവണ നാഷണൽ കമ്മിറ്റി അംഗമായിരുന്ന സജി എം. പോത്തൻ ഫൊക്കാനയിൽ അതിനു മുൻപു കാര്യമായ സ്ഥാനമാനങ്ങളൊന്നും തന്നെ വഹിച്ചിരുന്നില്ല. എങ്കിലും ഫൊക്കാനയുടെ കൺവെൻഷനുകൾ ഉൾപ്പെടെ എല്ലാ പ്രവർത്തങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുള്ള ഫൊക്കാനയെ അൽമാർത്ഥമായി സ്നേഹിക്കുന്ന ഈ യുവ നേതാവ് ഫൊക്കാനയുടെ തകർച്ചയ്ക്ക് കാരണമാകുന്ന പ്രവൃത്തികൾ ആരുതന്നെ ചെയ്‌താലും അതിനെ ചെറുത് തോൽപ്പിക്കാൻ മുൻ നിരയിൽ നിൽക്കുന്ന പോരാളിയാണ്. സത്യസന്ധതയ്ക്ക് ഒരു പര്യായമുണ്ടെങ്കിൽ അതിന് സജി എം.പോത്തൻ എന്ന് പേര് അന്യര്ത്ഥമാകില്ല.ഫൊക്കാനയുടെ ന്യൂയോർക്കിൽ നിന്നുള്ള മികച്ച സംഘാടകരിൽ ഒരാളായ സജി ചെയ്യുന്ന കാര്യങ്ങൾ നൂറു ശതമാനം അൽമാർത്ഥതയോടെ ചെയ്യുന്ന ഒരു നേതാവാണ്.

കഴിഞ്ഞ രണ്ടു വര്ഷമായി ഹഡ്‌സണ്‍ വാലി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 15 വര്‍ഷമായി ഈ സംഘടനയില്‍ സജീവ പ്രവര്‍ത്തകനാണ്. റോക്ലാന്‍ഡിലേക്കു താമസം മാറുന്നതിനു മുന്‍പ് ന്യൂജേഴ്‌സിയിലെ ബെര്‍ഗെന്‍ ഫീല്‍ഡില്‍ ആയിരുന്നപ്പോള്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വ്റ്റ് കമ്മിറ്റി കോര്‍ഡിനേറ്ററും ആയിരുന്നു.

ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നാല് കൗണ്‍സില്‍മാരില്‍ ഒരാളായ സജി പോത്തന്‍ ഡയോസിസിന്റെ ഫാമിലി കോണ്ഫറന്‌സുകളുടെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.സഭയുടെ കോളേജ് യൂത്ത് വിഭാഗമായ മാര്‍ ഗ്രീഗോറിയോസ് ക്രിസ്ത്യന്‍ സ്റ്റുഡന്റസ് മൂവ്‌മെന്റിന്റെ (എം.ജി.സി.എസ്.എം.) അലുമ്നി അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളാണ്.റോക്ക്ലാന്റ കൗണ്ടിയിലെ 11 ക്രിസ്ത്യന്‍ പള്ളികളുടെ സംയുക്ത സംഘടനയായ എക്യുമിനിക്കല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ റോക്ലാന്‍ഡ് സജീവ പ്രവര്‍ത്തകന്‍ കൂടിയ സജി ഇ. പോത്തന്‍ ഈ സംഘടന വിജയകരമായി നടത്തിവരുന്ന രക്തദാന ക്യാമ്പുകളുടെ സ്ഥാപക സെക്രട്ടറികൂടിയാണ്.

ഒരു പ്രമുഖ ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗം മാനേജര്‍ ആണ്. ഭാര്യ:റബേക്ക (നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍:നെവിന്‍ പോത്തന്‍ അക്കൗണ്ടന്റ് , സെറ പോത്തന്‍ (കോളേജ് വിദ്യാര്‍ത്ഥിനി)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top