Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 9): ഹണി സുധീർ

August 12, 2020

ഓർമ്മപൂക്കളിൽ ഇന്ന്‌ വെളിച്ചപാടിന്റെ ഓർമ്മകളിലൂടെ ആണ്‌ സഞ്ചരിക്കുന്നത്.

ഓരോ വെളിച്ചപ്പാടിനും പറയാൻ വെളിച്ചപെട്ടതിനേക്കാൾ കൂടുതൽ കഥകൾ ഉണ്ടാകും. സാധാരണ കുംഭം, മേടം മാസങ്ങളിൽ ആണ്‌ ഭഗവതി ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ വരാറുള്ളത്. ഓർമ്മകളിൽ ഒരു കാൽ ചിലമ്പൊലി…

നാട്ടിലെ വെളിച്ചപ്പാട് അഥവാ കോമരം എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അച്ഛൻ ആയിരുന്നു. അതുകൊണ്ട് തന്നെ വിളിച്ചപ്പാടിന് കിട്ടുന്ന എല്ലാ ഭയഭക്തി ബഹുമാനം അവനും കൊടുക്കും. ഇല്ലേൽ ദേവി കോപിക്കും എന്നായിരുന്നു ക്ലാസ്സിലെ ഒളി സംസാരം.

നടു പകുത്തു നീട്ടി വളർത്തിയ മുടിയും കാൽച്ചിലമ്പും മണികൾ കിലുങ്ങുന്ന അരപട്ടയും ചെമ്പട്ടും വാളും ആയി ഇടക്കിടക്കു വെളിച്ചപ്പാട് പോകുന്നത് ഇത്തിരി പേടിയോടെ ആയിരുന്നു അന്നൊക്കെ കണ്ടിരുന്നത്.

ദേവിയിൽ നിന്നും വെളിപാടുകൾ ഭക്തജനങ്ങൾ അരുളി ചെയ്യുന്ന ആളാണല്ലോ വെളിച്ചപ്പാട്.

വീട്ടിൽ ഇരുന്നെങ്ങാനും ദേഷ്യപെട്ടു സംസാരിച്ചാലോ പിടിച്ചാലോ അമ്മ പറയുന്ന ഒരു വാക്കുണ്ടായിരുന്നു വെളിച്ചപെടണ്ടാന്ന്.

കൃത്യമായ വൃതശുദ്ധിയോടെ ക്ഷേത്രങ്ങളിൽ എത്തുന്ന വെളിച്ചപാടുകൾ പലപ്പോഴും നിശ്ശബ്ദതയുടെ പര്യായം പോലെ തോന്നും. ചിലപ്പോൾ നേരെ തിരിച്ചും. കാൽച്ചിലമ്പൊലിയുടെ സംഗീതം… ദൈവവിളി കേട്ട് ഉറയുന്ന ചിലമ്പൽ വേറെ.

കാര്യങ്ങൾ ഇങ്ങനെ പോകുമ്പോഴും പകൽ സമയം വീട് വീടാന്തരം കയറി ഇറങ്ങി കിട്ടുന്ന ദക്ഷിണ വാങ്ങിയും മറ്റും ഒക്കെ ആയിരുന്നു വെളിച്ചപ്പാടിന്റെ ഉപജീവനം മുന്നോട്ടു പോയിരുന്നത്.

തെയ്യവും തിറയും നടക്കുമ്പോൾ വെളിച്ചപ്പാടിന്റെ ഉറഞ്ഞുതുള്ളൽ ഒടുവിൽ വാള് കൊണ്ട് നെടുനീളത്തിൽ വെട്ടി മുറിച്ചു മുറിയിൽ മഞ്ഞൾ പൊടിതൂവി കാവിലെ മൂലയിൽ പായയിൽ കിടത്തിയിരിക്കുന്നത് കാണാം. വീണ്ടും കൊട്ട് മുറുകുമ്പോൾ വെളിച്ചപ്പാട് വീണ്ടും എഴുന്നേറ്റു വരും.

പലപ്പോഴും തോന്നിയിട്ടുണ്ട് ആത്മപീഡ കൊണ്ടാണോ വെളിച്ചപ്പാട് ഇങ്ങനെ വെട്ടുന്നതെന്ന്. ദൈവ വിളിയുടെ ഓരോ ഉന്മാദഅവസ്ഥകളിലും സ്വയം വെട്ടി മുറിവേൽപ്പിക്കുന്ന വെളിച്ചപ്പാട് ഒരുപാട് സ്വാധീനം ഉണ്ടാക്കിയിരുന്നു.

ഒന്നും കെട്ടിയില്ലേൽ തലക്കു തല്ലി കാര്യം നേടുന്ന ഒരു കുട്ടിക്കാലം.. ഒരുപക്ഷെ ആഴത്തിൽ പതിഞ്ഞു പോയ ചില ചിന്തകൾ ആണെന്നോ എന്തോ അറിയില്ല.

ഒരുപാട് ജീവിതപ്രശ്നങ്ങളിൽ പെട്ടുഴലുള്ളവർ ആയിരിക്കും ബഹുഭൂരി ഭാഗം കോമരങ്ങളും സ്വയം മറന്നു നിമിഷനേരത്തേക്കെങ്കിലും ജീവിക്കാൻ വേണ്ടി.

നമുക്കിടയിലും കാണും ഇതുപോലെ ഉള്ള ആളുകൾ. കാൽതളയോ, ചിലമ്പൊ, പട്ടോ, അരമണികളോ ഒന്നും ഇല്ലാതെ നിശ്ശബ്ദരായ വെളിച്ചപാടുകൾ.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കൂടി ചൂട്ടു കറ്റകൾ മിന്നിച്ചു കൊണ്ട് ഉത്സവങ്ങൾ കൂടാൻ പോയ രാത്രികളിൽ തിരിച്ചു നടക്കുമ്പോൾ വെറുതെ വെറുതെ തിരിഞ്ഞു നോക്കും.. ചോര പൊട്ടിയൊലിക്കുന്ന മുഖത്തോടെ ഉള്ള വെളിച്ചപ്പാടിന്റെ ദൈന്യഭാവം പിന്നലെ വരുന്ന പോലെ വെളിച്ചപാട് വെളിച്ചപ്പെടണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top