- Malayalam Daily News - https://www.malayalamdailynews.com -

നിയമസഭാ സമ്മേളനം ആഗസ്റ്റ് 24-ന് നടക്കും, സ്പീക്കര്‍ക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷം

തിരുവനന്തപുരം: കേരള നിയമസഭ ആഗസ്റ്റ് 24ന് ചേരുമെന്ന മന്ത്രിസഭാ തീരുമാനം പുറത്തുവന്നയുടനെ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം പടയൊരുക്കം തുടങ്ങി. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ തീരുമാനം. 24ന് നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.

ജൂലൈ മാസം 27-ന് നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ് അന്നേ ദിവസം നല്‍കിയിരുന്നു. കൂടാതെ, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് ഉയര്‍ത്തിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധത്തെ ചൊല്ലിയാണ് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുന്നത്.

രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും 24ന് നടക്കുകയാണ്. എംപി വീരേന്ദ്രകുമാരിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. എല്‍ജെഡിയിലെ എംവി ശ്രേയാംസ്‌കുമാറാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]