Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 10)

August 13, 2020 , ഹണി സുധീര്‍

ഓർമ്മപൂക്കളിൽ മഴക്കാലം എന്നും നൊമ്പരം ഉണർത്തുന്നതാണ്. തിരിമുറിയാത്ത മഴയും, വെള്ളക്കെട്ടും തണുപ്പും കഷ്ടപ്പാടും എല്ലാം.

പഴയ കാലങ്ങളിലെ അടുക്കളക്കെട്ടുകൾ ഇന്നത്തെ പോലെ ഗ്യാസ് അടുപ്പിന്റെയും ഇൻഡക്ഷൻ കുക്കറിന്റെയും ഓവന്റെയും പോലെ സൗകര്യം ഉള്ളതായിരുന്നില്ലലോ. ഏതു പേമാരിയിലും ഓലകണ്ണിക്കു തീ പിടിപ്പിക്കുന്നത് ഒരു കഥയാണ്‌.

വിറകടുപ്പുകൾ മാത്രം ഉണ്ടായിരുന്ന അടുക്കള കാലങ്ങൾ . ഇന്നത്തെ പോലെ അന്നും തിരക്കുകൾ ഉണ്ടായിരുന്നു. സമയവും ഒരുപോലെ. എങ്കിലും കൃത്യസമയത്തു ഭക്ഷണം ഉണ്ടാക്കി അമ്മ സമയം പാലിക്കും.

അതിനിടയിൽ അമ്മമാർ സ്വയം എരിഞ്ഞു തീരുന്നത് ആരും അറിയില്ല. അന്നൊക്കെ വേനലിന്റെ ആരംഭത്തിൽ തന്നെ വിറകുകൾ ശേഖരിച്ചു വെക്കുമായിരുന്നു . ഓരോ വീടിന്റെയും അടുക്കളപുറങ്ങളിൽ വിറക്പുരകൾ ഉണ്ടാകും. ചൂട്ടും, മടലും, ചകിരിയും, ചിരട്ടയും, ഒക്കെ ആയി ഉണങ്ങിയ വിറകുകൾ.

“വെക്കാൻ അരി മാത്രം ഉണ്ടായിട്ട് കാര്യല്ല വേവിക്കാൻ ഉണക്ക വിറകു കൂടി വേണം”

കട്ട പിടിച്ച ഇരുട്ട് കുത്തിയ മഴയിൽ എന്നും ഒരമ്മ അടുപ്പൂതി തീ പിടിപ്പിക്കുന്ന കാഴ്ചകൾ സാധാരണം.

“നാഴി അരി കടം തെരി. രണ്ട് കൊള്ളി വിറകും കൂടി.”

ഓരോ പട്ടിണി കാഴ്ചകളും അങ്ങനേം ആയിരുന്നു. മഴ നനഞ്ഞ സന്ധ്യകളിൽ മാനത്തുയരുന്ന പുക കുഴലുകൾ…

ഏതു മഴക്കാലത്തും അടുപ്പിന് മുകളിൽ ഒരയകെട്ടി തുണികൾ ഉണക്കുന്ന കാഴ്ചകളും സാധാരണം. നനച്ചു പിഴിഞ്ഞ് വിരിച്ചിടുന്ന തുണികൾ ഏറെ ദിവസം കഴിഞ്ഞാലും അതുപോലെ തന്നെ ഇരിക്കും.

സ്കൂൾ കാലങ്ങളിൽ ചിരട്ട കത്തിച്ചു കനൽ ചൂടാക്കി ഇസ്തിരി പെട്ടി ഏറെ നേരം പിടിച്ചു വേണമായിരുന്നു യൂണിഫോം ഉണക്കി എടുക്കാൻ. എത്ര ഉണങ്ങിയതാണേലും ഈറൻ വിട്ടു മാറാൻ ഇതേ മാർഗം ഉള്ളു. അന്ന് കറന്റ് ഉപയോഗിക്കുന്നത് റേഷൻ പോലെ ആണ്‌. വളരെ സൂക്ഷിച്ചു അത്യാവശ്യം മാത്രം ലൈറ്റ്കൾ.

യൂണിഫോം ഇടാൻ ഇല്ലാത്തതിനാൽ മഴക്കാല ലീവുകൾ ക്ലാസ്സ്‌കളിൽ സാധാരണം.

അന്നൊക്കെ കുടുംബനാഥൻ മാത്രം ജോലി ചെയ്തു സമ്പാദിച്ചു കൊണ്ട് വരുന്ന കാലം. ഇന്ന് ഭാര്യയും ഭർത്താവിനോപ്പം ജോലി ചെയ്തു കുടുംബം മുന്നോട്ടുകൊണ്ട് പോകുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നു.

അന്നത്തെ വീട്ടമ്മമാർ അനുഭവിച്ച ജോലിഭാരങ്ങളുടെ കാൽ ഭാഗം ഇന്നില്ല. അന്നൊക്കെ വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ അരി വെള്ളത്തിൽ ഇട്ടു വച്ചിട്ടുണ്ടാകും ഇടിക്കാൻ. പുട്ടിനോ പത്തിരിക്കോ എന്തായാലും ഉരലിൽ ഇടിച്ചു പൊടിക്കണം. വൈകുന്നേരത്തെ സ്കൂൾ വിശേഷങ്ങൾ പറഞ്ഞു തീരുമ്പോഴേക്കും അരി ഇടിച്ചു തീർന്നു കാണും.  ചില ദിവസങ്ങളിൽ ചോറിന്റെ കൂടെ ചമ്മന്തി അരക്കാൻ യൂണിഫോമിൽ അമ്മിയുമായി ഒരു മല്ലയുദ്ധം നടത്തി ഇലവാട്ടി പൊതിഞ്ഞെടുത്തു ഓടുന്ന സുഖം. ഉച്ചക്ക് ഞാൻ അരച്ചതാണെന്നു അഭിമാനത്തോടെ പറഞ്ഞു പങ്ക് വച്ചു കഴിക്കുമ്പോൾ ഉള്ള സന്തോഷം. ആധുനിക തിരക്ക് ജീവിതങ്ങളിൽ ഫാസ്റ്റ് ഫുഡ്‌ ഫാമിലി സംസ്‍കാരങ്ങളിൽ ഒന്നും ഇല്ലാത്ത തൃപ്തി അന്നുണ്ടായിരുന്നു.

ജീവിതം തൃപ്തിയായി ജീവിച്ചു തീർക്കണം. അതിനായി എന്തൊക്കെ ത്യാഗങ്ങളിലൂടെയും പ്രതിസന്ധികളുലൂടെയും നടക്കേണ്ടി വരുമോ അതൊക്കെ വേണ്ടി വന്നേക്കാം.

തളർന്നു പോകാതെ മുന്നോട്ടു പോകുക. ഗ്രാമവിശുദ്ധിയോടെ മനസുകൾ പച്ചപിടിച്ചു നിൽക്കട്ടെ. തിന്മയുടെ പുഴുകുത്തലുകൾ വരാതെ നമുക്കു കാത്തു സൂക്ഷിക്കാം.

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top