Flash News

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 5)

August 17, 2020 , മൊയ്തീന്‍ പുത്തന്‍‌ചിറ

“Every Action has an Equal and Opposite Reaction?” – സർ ഐസക് ന്യൂട്ടന്റെ ഭൗതികശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രത്യക്ഷ ഉദാഹരണം. ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് താത്ക്കാലികമായി അസാധുവാക്കിയ കോടതി ഉത്തരവ് അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഫൊക്കാനയില്‍ നാളിതുവരെ നടന്ന വിശ്വാസ വഞ്ചനകളുടേയും കുതികാല്‍ വെട്ടിന്റേയും ഉള്ളുകള്ളികള്‍ ക്വീന്‍സ് സുപ്രീം കോടതി മുറിയില്‍ അഴിഞ്ഞു വീഴുമെന്ന് പ്രതീക്ഷിക്കാം. വര്‍ഷങ്ങളോളം സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച, സംഘടനയോട് കൂറു പുലര്‍ത്തിയിരുന്നവരെ തഴഞ്ഞ് പണമുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനം കൈമാറ്റം ചെയ്യുന്ന ട്രസ്റ്റീ ബോര്‍ഡിന്റെ കച്ചവട തന്ത്രത്തിന് ഒരുപക്ഷെ ഇതോടെ തിരശ്ശീല വീണേക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സംഘടനയില്‍ നടന്നുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ ഒന്നൊന്നായി പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, ഫൊക്കാന ആയതുകൊണ്ടും അതിലെ പ്രവര്‍ത്തകരായതുകൊണ്ടും ഒന്നും വിശ്വസിക്കാന്‍ കഴിയില്ല. ഒടുവില്‍ പൊതുജനം വീണ്ടും കഴുതകളായേക്കാം. കേസ് കൊടുക്കുകയും അവസാനം വാദികളും പ്രതികളും കൈകോര്‍ത്ത് നടക്കുകയും ചെയ്യുന്നതാണ്  ഫൊക്കാനയുടെ ചരിത്രം.  2006ല്‍ ഫൊക്കാന പിളരാനുണ്ടായ കാരണവും അന്നത്തെ കോടതി രേഖകളും പരിശോധിച്ചാല്‍ അത് വ്യക്തമാകും. അന്ന് ഫൊക്കാന പിളര്‍ത്തിയവര്‍ ഇപ്പോഴും തലപ്പത്തിരിപ്പുണ്ട്. അന്ന് കേസ് കൊടുത്ത വാദിയും അതിലെ പ്രതികളും പിന്നീട് ഒരുമിക്കുകയും ഫൊക്കാനയില്‍ ഇപ്പോഴും പ്രവത്തിക്കുന്നുമുണ്ട്. ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ള പരാതിക്കാരില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് നേരത്തെ റോക്ക്‌ലാന്റ് കൗണ്ടി സുപ്രീം കോടതിയില്‍ മറ്റൊരു കേസ് കൊടുത്തിരുന്നു. എന്നാല്‍, കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ലീല കേസ് പിന്‍‌വലിച്ചു. നാനാവശത്തു നിന്നും ‘പ്രഷര്‍’ ഉണ്ടായിരുന്നു എന്നും, ലീലയുടെ പാനലില്‍ മത്സരിക്കാനിരുന്നവര്‍ വരെ കേസ് പിന്‍‌വലിക്കാന്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ലീല പറയുന്നു. ആ കേസ് റോക്ക്‌ലാന്റ് സുപ്രീം കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൂട്ടു പരാതിക്കാരനായ ജോസഫ് കുരിയപ്പുറം ഭീഷണിക്ക് വഴങ്ങാതെ പിടിച്ചു നില്‍ക്കുന്നു.

‘NAMAM’ എന്ന മത സംഘടനയ്ക്ക് ഫൊക്കാനയില്‍ അംഗത്വം കൊടുത്തതും അതിന്റെ സ്ഥാപകന്‍ മാധവന്‍ നായരെ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചതിനെതിരെയുമാണ് ലീലാ മാരേട്ട് കേസ് കൊടുത്തത്. ഫൊക്കാന ഭരണഘടനയുടെ നഗ്നലംഘനമാണ് ട്രസ്റ്റീ ബോര്‍ഡ് നടത്തിയതെന്ന് മാധവന്‍ നായരുടെ ഫൊക്കാന പ്രവേശനത്തിന്റെ നാള്‍‌വഴി പരിശോധിച്ചാല്‍ മനസ്സിലാകും. ‘ചെരുപ്പിന്റെ അളവില്‍ കാല് മുറിയ്ക്കരുത്’ എന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. എന്നാല്‍, ഫൊക്കാനയില്‍ അതും നടന്നു. ‘നാമ’ത്തിനെ തിരുകിക്കയറ്റാന്‍ ട്രസ്റ്റീ ബോര്‍ഡ് അവരുടെ കാല്‍ തന്നെ മുറിച്ചു. ഇപ്പോള്‍ ക്വീന്‍സ് കോടതിയില്‍ കൊടുത്തിരിക്കുന്ന കേസിലും ലീല അവസാന നിമിഷം പിന്മാറുമോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല എന്നാണ് അവര്‍ പറഞ്ഞത്.

ഫൊക്കാനയുടെ ആരംഭകാലം മുതല്‍ അതിലെ സജീവ പ്രവര്‍ത്തകരും, അംഗസംഘടനകളില്‍ പെട്ടവരും ആത്മാര്‍ത്ഥതയോടെ സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചവരുമായ നിരവധി പേര്‍ ലേഖകനെ ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ബന്ധപ്പെട്ട് അവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചിരുന്നു. എല്ലാവര്‍ക്കും ഒന്നേ ചോദിക്കാനുള്ളൂ…. എന്തിനാണ് ഇങ്ങനെ ധൃതിപ്പെട്ട് ഒരു തിരഞ്ഞെടുപ്പ് നടത്തിയത്? ‘നേരെ ചൊവ്വേ വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് കല്ല്യാണമുറപ്പിച്ച് വിവാഹത്തീയതിയും നിശ്ചയിച്ച പെണ്ണിനെ കല്യാണത്തലേന്ന് രാത്രിയില്‍ വരന്‍ വന്ന് അടിച്ചോണ്ടു പോകേണ്ട കാര്യമെന്ത്’ എന്നാണ് ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനായിരുന്ന, 2006-ല്‍ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച, ഫിലഡല്‍‌ഫിയയില്‍ നിന്നുള്ള വിന്‍സെന്റ് ഇമ്മാനുവേലിന്റെ ചോദ്യം. ജൂണ്‍ 11-ന് ചേര്‍ന്ന നാഷണല്‍ കമ്മിറ്റിയില്‍ എടുത്ത തീരുമാനത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ ജോര്‍ജി വര്‍ഗീസിന് പ്രസിഡന്റ് സ്ഥാനം അനായാസം ലഭിക്കുമായിരുന്നു എന്നാണ് നിരവധി അഭ്യുദയകാംക്ഷികളുടെ അഭിപ്രായം. പിന്നെ എന്തിനാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് ആര്‍ക്കും അറിയില്ല. അതിനുള്ള ഉത്തരവും ക്വീന്‍സ് സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

2006-ല്‍ ഫൊക്കാന പിളരാനുണ്ടായ കാരണക്കാര്‍ തന്നെയാണ് ഫൊക്കാനയില്‍ അടുത്തിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഭാഗീയതക്കും കാരണക്കാരെന്നാണ് പലരുടേയും അഭിപ്രായം. തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ചരടു വലിക്കുന്നത് അവരാണത്രേ. പ്രത്യക്ഷത്തില്‍ അത് തോന്നുകയില്ലെങ്കിലും മുന്‍‌കാല അനുഭവങ്ങള്‍ ഫൊക്കാന പ്രവര്‍ത്തകര്‍ തന്നെ പങ്കു വെച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയടക്കം പല തസ്തികകള്‍ക്കും അംഗ സംഘടനകള്‍ കൂടിയാലോചിച്ച് നാമനിര്‍ദ്ദേശം നല്‍കിയാലും ട്രസ്റ്റീ ബോര്‍ഡിലെ ചിലര്‍ അവസാന നിമിഷം കാലു വാരുമെന്നാണ് അവര്‍ പറയുന്നത്. ഫൊക്കാനയിലെ ചില മുന്‍ പ്രസിഡന്റുമാര്‍ അങ്ങനെ കയറിക്കൂടിയവരാണെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ഫൊക്കാന പ്രവര്‍ത്തകര്‍ പറയുന്നത്.  എതിരഭിപ്രായം പറയുന്നവരെ ‘ഒതുക്കുകയോ’ പുകച്ചു പുറത്തു ചാടിക്കുകയോ ചെയ്യുമെന്നും പറയുന്നു.  അതുകൊണ്ടുതന്നെ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് തിരിച്ചറിഞ്ഞ് പലരും സ്വയം പിന്മാറിയതാണെന്ന് പറയുന്നു. ഈ തിരഞ്ഞെടുപ്പിലും അതു തന്നെയാണ് സംഭവിച്ചത്.

ജൂണ്‍ 11-ന് കൂടിയ നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം ട്രസ്റ്റീ ബോര്‍ഡാണ് അട്ടിമറിച്ചതെന്ന് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ പറയുന്നു. നിരവധി സംഘടനകളെ ഒഴിവാക്കി, ജോര്‍ജി വര്‍ഗീസ് ടീമിനെ അനുകൂലിക്കുന്ന സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി ഓണ്‍‌ലൈന്‍ വോട്ടിംഗ് നടത്തിയതു തന്നെ തെറ്റ്. ആളെക്കൂട്ടാന്‍ വ്യാജ അസ്സോസിയേഷനുകള്‍ സൃഷ്ടിക്കാനും ട്രസ്റ്റീ ബോര്‍ഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും കൂട്ടുനിന്നു. തികച്ചും ജനവിരുദ്ധമായ നടപടിയാണത്. ഇങ്ങനെ ധൃതിയിലൊരു തിരഞ്ഞെടുപ്പ് നടത്താന്‍ ഡോ. മാമ്മന്‍ സി ജേക്കബ്ബിന് എങ്ങനെ തോന്നി എന്നാണ് പലരും അത്ഭുതപ്പെടുന്നത്. കാരണം, ഫൊക്കാനയുടെ ചരിത്രമറിയാവുന്ന വ്യക്തിയാണ് അദ്ദേഹം. 1983-ല്‍ സ്ഥാപിതമായ ഫൊക്കാനയുടെ 2008-ലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്മിറ്റിയിലെ അംഗമായിരുന്നു അദ്ദേഹം. അങ്ങനെയൊരാള്‍ ഉള്‍പ്പെട്ട് കടഞ്ഞെടുത്ത ഭരണഘടനയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തരേണ്ടത് അദ്ദേഹം തന്നെയാണ്. ആരുടെ പ്രേരണ കൊണ്ടായാലും സ്വന്തം മനഃസ്സാക്ഷിയെ വഞ്ചിക്കരുതായിരുന്നു. (കു)തന്ത്രത്തിലൂടെ അധികാരം അടിച്ചു മാറ്റിയതും പിന്നീട് ഫൊക്കാനയില്‍ സ്ഥിരപ്രതിഷ്ഠ നേടിയതും ആരൊക്കെയാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇപ്പോള്‍ നടത്തിയ ‘വഞ്ചനാപരമായ തിരഞ്ഞെടുപ്പ്’ ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹവും, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുരിയന്‍ പ്രക്കാനം, ജോര്‍ജി വര്‍ഗീസ് എന്നിവരും, നിയമവിരുദ്ധമായി ഫൊക്കാനയുടെ പണം ബാങ്കില്‍ നിന്ന് പിന്‍‌വലിച്ച മുന്‍ ട്രഷററും ഇപ്പോള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സജി മോന്‍ ആന്റണിയും കോടതിയില്‍ ഉത്തരം പറയേണ്ടി വരുന്നത് അവരുടെ സല്‍‌പേരിനു കളങ്കം ചാര്‍ത്തുമെന്ന് മാത്രമല്ല ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും കോട്ടം തട്ടും.

ഫൊക്കാനയുടെ സജീവാംഗങ്ങളായ പ്രാദേശിക സംഘടനകളില്‍ പലരേയും ഒഴിവാക്കി ട്രസ്റ്റീ ബോര്‍ഡിന്റെ ‘ശിങ്കിടി’കളായ ചില സംഘടനകളേയും വോട്ടിനുവേണ്ടി തട്ടിക്കൂട്ടിയ ചില ‘കടലാസ്’ സംഘടനകളുടേയും പിന്‍‌ബലത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് മുന്‍ ട്രസ്റ്റീ ബോര്‍ഡിന്റെ കരുനീക്കങ്ങളില്‍ മനസ്സിലാകുന്നത്. ഫൊക്കാനയുടെ ഭരണഘടന നഗ്നമായി ലംഘിച്ചുകൊണ്ടാണ് ട്രസ്റ്റീ ബോര്‍ഡ് ഈ നീക്കം നടത്തിയതെന്ന് കോടതി രേഖകളില്‍ (ഭരണഘടനയിലും) പറയുന്നുണ്ട്. ഒരുപക്ഷേ, ഈ കേസ് ഫൊക്കാനയെ മറ്റൊരു ദിശയിലേക്ക് നയിച്ചേക്കാം.

2017 ഡിസംബര്‍ 8-ന് രൂപീകരിച്ച മാധവന്‍ നായരുടെ സംഘടനയ്ക്ക് ഫൊക്കാന അംഗത്വം കൊടുത്തതും 2018 ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാധവന്‍ നായരെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചതുമൊക്കെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ട്രസ്റ്റീ ബോര്‍ഡ് ആണ് അതിനുത്തരം നല്‍കേണ്ടത്. ‘നാമം’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘നായര്‍ മഹാമണ്ഡലം’ എന്ന ഈ സംഘടനയുടെ പേരിനോടൊപ്പം ഫൊക്കാനയില്‍ അംഗത്വമെടുക്കാന്‍ ഒരു വ്യാജ പേര് (full name) എഴുതിച്ചേര്‍ത്ത് 2017-ല്‍ ന്യൂജെഴ്സിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്ന് രേഖകളില്‍ കാണുന്നു. North American Malayalees & Associated Members എന്ന് വ്യാജമായി നല്‍കിയത് ‘NAMAM’ ചുരുക്കപ്പേരിനോട് ചേര്‍ച്ച നല്‍കാനാണ്. പക്ഷെ, ന്യൂജെഴ്സി റവന്യൂ ഡിവിഷനില്‍ 2011 ഏപ്രില്‍ 24ന് രജിസ്റ്റര്‍ ചെയ്തതാണ് (രജിസ്‌ട്രേഷന്‍ ഐഡി: 0400413254) നായര്‍ മഹാമണ്ഡലമെന്നും (NAMAM), 2017ല്‍ അപര നാമത്തിനായുള്ള അപേക്ഷയാണ് മാധവന്‍ നായര്‍ നല്‍കിയതെന്നും രേഖകളില്‍ വ്യക്തമാണ്. ഈ കൃത്രിമം കണ്ടെത്താന്‍ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡിന് കഴിഞ്ഞില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ വഞ്ചനാപരമായ നീക്കത്തിനെയാണ് ലീലാ മാരേട്ട് റോക്ക്‌ലാന്റ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. അത് മനസ്സിലാക്കാതെയാണ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചതെന്ന് ലീല പറയുന്നു. ഏതായാലും ക്വീന്‍സ് കോടതിയില്‍ മാധവന്‍ നായരും അദ്ദേഹത്തെ ഫൊക്കാനയിലേക്ക് കൊണ്ടുവന്ന ട്രസ്റ്റീ ബോര്‍ഡും ഉത്തരം നല്‍കേണ്ടി വരും.

ഒരു സംഘടന രൂപീകൃതമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഫൊക്കാനയില്‍ അംഗത്വമെടുക്കാന്‍ അര്‍ഹത നേടൂ. അപേക്ഷയോടൊപ്പം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഭരണഘടനയുടെ പകര്‍പ്പ്, ഭാരവാഹികളുടെ പേര്, തസ്തിക, അവരുടെ പൂര്‍ണ്ണ വിലാസം, സംഘടനയിലെ അംഗങ്ങളുടെ ലിസ്റ്റ്, സംഘടനയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ എല്ലാം സമര്‍പ്പിക്കണമെന്ന് ഫൊക്കാന ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട് (Article III, Section I, vi). അങ്ങനെ വരുമ്പോള്‍ 2011-ല്‍ ന്യൂജെഴ്സി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ‘നാമം’ അഥവാ നായര്‍ മഹാമണ്ഡലം എന്ന സംഘടനയുടെ രേഖകളാണ് ഫൊക്കാനയുടെ പരിഗണനയ്ക്കായി നല്‍കേണ്ടത്. അഥവാ അങ്ങനെ നല്‍കിയില്ലെങ്കില്‍ തന്നെയും 2017 ഡിസംബറില്‍ അപര നാമം സ്വീകരിച്ച് ഫൊക്കാനയില്‍ അംഗത്വമെടുത്താല്‍ തന്നെ എങ്ങനെ നാമം ഒരു ‘റഗുലര്‍’ അംഗമാകും? ആറു മാസത്തിനകം എങ്ങനെ മാധവന്‍ നായര്‍ പ്രസിഡന്റ് സ്ഥാനത്തെത്തി എന്ന ചോദ്യവും അവശേഷിക്കുന്നു. ഇതിനെല്ലാം കോടതിയില്‍ ഉത്തരം നല്‍കേണ്ടത് ട്രസ്റ്റീ ബോര്‍ഡാണ്.

2016 ല്‍ ഫൊക്കാനയില്‍ അംഗത്വം നേടാനും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അന്ന് ഫൊക്കാനയുടെ സ്ഥാപക നേതാക്കളെല്ലാം മാധവന്‍ നായരെ അനുകൂലിച്ചത് ജനങ്ങളില്‍ അത്ഭുതമുളവാക്കിയിരുന്നു. 2006-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ തമ്പി ചാക്കോ മാധവന്‍ നായരുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായതും പലരേയും ചൊടിപ്പിച്ചിരുന്നു. തമ്പി ചാക്കോയെ പരാജയപ്പെടുത്താനും ചിലര്‍ ശ്രമിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി 2016-18ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാധവന്‍ നായര്‍ക്ക് പിന്മാറേണ്ടി വന്നു. എതിര്‍പ്പുകളായിരുന്നു കാരണം. പക്ഷെ, 2017 ഡിസംബറില്‍ നാമത്തിന്റെ മേല്പറഞ്ഞ പേരു മാറ്റം നടത്തി വീണ്ടും തിരിച്ചുവരാന്‍ അദ്ദേഹത്തിന് കുബുദ്ധി ഉപദേശിച്ചു കൊടുത്തത് ട്രസ്റ്റീ ബോര്‍ഡാണെന്നും സംസാരമുണ്ട്.

ഇപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് അദ്ദേഹത്തെ ഫൊക്കാനയിലേക്ക് കൂട്ടിക്കൊണ്ടുവന്നതും അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചതുമെന്നത് മറ്റൊരു സത്യം.  അന്ന് ലേഖകനും അതിനെ എതിര്‍ത്തിരുന്നു. പക്ഷെ, വ്യക്തമായ ഒരു ഉത്തരം അന്ന് ആരും തന്നില്ല.  അദ്ദേഹത്തിന്റെ സാമ്പത്തികം കണ്ടുകൊണ്ടാണ് അവര്‍ അദ്ദേഹത്തിന്റെ കൂടെ കൂടിയതെന്നും പറയുന്നവരുണ്ട്.

2006-08 ഫൊക്കാന തിരഞ്ഞെടുപ്പ് ആരാണ് അട്ടിമറിച്ചതെന്നും അന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും പലര്‍ക്കും ഇപ്പോഴും അജ്ഞാതമാണ്. ആ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന, അന്നത്തെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിരുന്ന പലരോടും ലേഖകന്‍ ചോദിച്ചപ്പോള്‍ ആര്‍ക്കും വ്യക്തമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. ചിലര്‍ക്ക് കേട്ടു കേള്‍‌വി, അതുമല്ലെങ്കില്‍ അന്നത്തെ ട്രസ്റ്റീ ബോര്‍ഡിലെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചത്… അത്രമാത്രം. എന്നാല്‍, മലയാളികള്‍ക്കൊരു ദേശീയ സംഘടന വേണമെന്ന ആശയം ചര്‍ച്ച ചെയ്ത് ‘ഫൊക്കാന’ എന്ന സംഘടനക്ക് രൂപം കൊടുത്ത 1983-ല്‍ സംഘടനയില്‍ കയറിപ്പറ്റിയവര്‍ ഈ 2020ലും ഫൊക്കാനയില്‍ തുടരുന്നത് വിരോധാഭാസമായി തോന്നുന്നു.

ശുഭം

FOKANA BY-LAW


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top