- Malayalam Daily News - https://www.malayalamdailynews.com -

എതിരഭിപ്രായം പ്രകടിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ തായ്‌വേര് തേടിപ്പോക്കുന്നവര്‍ സ്വന്തം തായ്‌വേര് ഇളകിപ്പോകാതെ സൂക്ഷിക്കുക: സിപി‌ഐ

വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ സിപിഐയുടെ വിമര്‍ശനം. പാര്‍ട്ടി പത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് സിപി‌എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. തങ്ങളെ വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിച്ച് പോകുന്ന നേതൃത്വവും അണികളും തങ്ങളുടെ അടിമണ്ണ് ഇളകി പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. മാധ്യമങ്ങളും സംവാദകരും മാന്യത മറക്കുന്നു. അനിഷ്ടം തോന്നിയാല്‍ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുന്നത് ഉചിതമല്ലെന്നും ജനയുഗം വിമര്‍ശിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ അണികള്‍ നല്‍കുന്ന അനാരോഗ്യകരമായ ആവേശത്തെ ചാനലുകളില്‍ നേതാക്കള്‍ ആയുധമാക്കുന്നത് ദോഷകരമാണെന്നും ജനയുഗം ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

മാധ്യമ സമൂഹം മഹാത്മാ ഗാന്ധിയുടെ വാക്കുകൾ മറക്കുന്നു. കേട്ടറിവുകൾ വാർത്തയാക്കുന്നതല്ല മാധ്യമപ്രവർത്തനം. വ്യക്തികളെയും സമൂഹത്തെയും അവഹേളിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുത്. സത്യസന്ധമായ വാർത്തകളായിരിക്കണം പ്രസിദ്ധീകരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അതേതെന്ന് സ്വീകരിക്കുന്നത് വിവേകത്തോടെയാവണം. ഗോസിപ്പുകൾക്ക് പിന്നാലെ പോകരുത്. പുറത്തേക്കിറങ്ങുമ്പോൾ സ്വദേശാഭിമാനിയെയും കേസരി ബാലകൃഷ്ണപിള്ളയെയും ഒന്ന് ഓർക്കണം’. — കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിലെ പരാമര്‍ശമാണിത്.

ഇന്നലെയും ഇതേകോടതി മാധ്യമവിചാരണക്കെതിരെ വിമർശനം നടത്തി. ഇന്ന് കോടതികൾ മാത്രമല്ല, പൊതുസമൂഹമാകെ മാധ്യമങ്ങളെ വിലയിരുത്തുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ് ആണെന്ന ബോധ്യം നഷ്ടപ്പെടുകയോ തങ്ങൾ വിമർശനങ്ങൾക്കതീതരല്ല എന്ന തോന്നലുണ്ടാകുകയോ ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ നിരീക്ഷിക്കാൻ ജനങ്ങൾ തയ്യാറാവുന്നത്. മാധ്യമങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്ന ആ ഇടത്തിൽ വിമർശനങ്ങൾ വന്ന് കുമിഞ്ഞുകൂടുകയും ചെയ്യും. സ്വയം വിമർശനത്തിന് തയ്യാറാവുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും നിൽക്കാതെ തങ്ങളുടെ ശരിയിൽ കടിച്ചുതൂങ്ങുന്ന ശൈലി ആവര്‍ത്തിക്കപ്പെമ്പോൾ മാധ്യമ ധർമ്മം കാത്തുസൂക്ഷിക്കുന്നവരടക്കം സമൂഹത്തിന് അനഭിമതരായി തുടരേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നു.

മാധ്യമങ്ങളിൽ പലതും സമൂഹമാധ്യമങ്ങളിൽ പ്രത്യേക വിഭാഗങ്ങളും ഇന്ന് സഞ്ചരിക്കുന്നത് അനഭിലഷണീയമായ പഥത്തിലൂടെയാണ്. രണ്ടും ചേർത്തുകെട്ടി നിഗൂഢ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നതും വലിയ ദോഷങ്ങളുണ്ടാക്കുന്നുണ്ട്. ചാനൽ ചർച്ചകളിലെ പരദൂഷണവിശേഷങ്ങൾ വലിയ വിവാദങ്ങളിലേക്കും കൂടുതൽ തർക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയാണിന്ന് സമൂഹമാധ്യമങ്ങൾ. അരമണിക്കൂറിലും ഒരുമണിക്കൂറിലും ഒതുങ്ങിപ്പോകുന്ന ആനുകാലിക വിഷയങ്ങളിലെ തർക്കങ്ങളെ സമൂഹത്തിന്റെ മുന്നിലേയ്ക്കെറിഞ്ഞുകൊടുക്കുന്നത് സൈബർ കുറ്റകൃത്യമാണെന്ന് പറയുന്നില്ല. അതിന്റെ പേരിൽ പക്ഷം ചേർന്ന് അതിരുകടന്ന പദപ്രയോഗങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതൃത്വങ്ങളേയും അപഹാസ്യരാക്കപ്പെടുന്നത് നിയന്ത്രിക്കപ്പെടണം. രാജ്യത്തിന്റെ പൊതുസ്ഥിതി ചൂണ്ടിക്കാട്ടിയാൽ ആർഎസ്എസ്-ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിന്ന് പുറംതള്ളപ്പെടുന്ന കമന്റുകളും അതിനെ നേരിടുന്ന ശൈലിയും നിരീക്ഷിക്കപ്പെടേണ്ടതാണ്. കോൺഗ്രസിന്റെ നിയമസഭാസാമാജികർ പോലും തങ്ങൾക്ക് തല്പരരല്ലാത്ത സ്ത്രീകൾക്കെതിരെയും അഭിപ്രായങ്ങൾക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്.

മോർഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാൻ ഡിസിസി പ്രസിഡ‍ന്റുമാർ പോലും സോഷ്യൽ മീഡിയ ഉപയോഗിച്ചതെല്ലാം കേരളം ചർച്ചചെയ്ത വിഷയമാണ്.

സമൂഹമാധ്യമങ്ങളിലൂടെ അണികൾ നൽകുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ട്. ചർച്ചനയിക്കുന്ന മാധ്യമപ്രവർത്തകരാകട്ടെ അതിഥികളേക്കാൾ കൂടുതൽ രാഷ്ട്രീയം പയറ്റുന്നതും അമിതമാകുന്നു. ചർച്ചയ്ക്കുള്ള വിഷയം തിരഞ്ഞെടുക്കുന്നതിലും അവരുടെ രാഷ്ട്രീയലക്ഷ്യമുണ്ട്. തർക്കങ്ങളിലൂടെയാണെങ്കിലും രാഷ്ട്രീയത്തിലൂന്നിയ ചർച്ചകളിലേക്ക് തിരിച്ചുവരേണ്ടതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന് പൊതുസമൂഹത്തെയും സമൂഹമാധ്യമങ്ങളെയും പ്രാപ്തരാക്കണം. മാധ്യമങ്ങളിൽ അതിനുള്ള വേദികൾ സൃഷ്ടിക്കപ്പെടണം. അതത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമായി അത് മാറുകയും വേണം. എന്നാലിവിടെ അണികൾ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീർണതയായേ സമൂഹം വിലയിരുത്തൂ.

മാധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു. അനിഷ്ടം തോന്നിയാൽ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന്. വിമർശനങ്ങൾക്ക് പാത്രമായവരാകട്ടെ അതിലേക്ക് നയിച്ച സാഹചര്യത്തിൽ തന്റെ പങ്ക് എന്താണെന്ന് പിന്തിരിഞ്ഞന്വേഷിക്കുന്നുമില്ല. വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലംമുതലിങ്ങോട്ട് നോക്കിയാൽ നയങ്ങളുടെയും തത്വങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞോ എതിർത്തോ സ്വാർത്ഥതകൊണ്ടോ രാഷ്ട്രീയനിറം മാറുകയും ഭിന്നാഭിപ്രായത്തെ ഏകോപിപ്പിച്ച് പുതിയ സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതെല്ലാം തുടരുകയാണ്. അത് ചികഞ്ഞുപോകുന്നതൊന്നും ഇന്നിന്റെ അജണ്ടയേയല്ലെന്ന് തിരിച്ചറിയുക.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]