Flash News

മാതാപിതാക്കള്‍ക്കും സഹോദരിക്കും വിഷം നല്‍കി, സഹോദരി മരിച്ചു; യുവാവിന്റെ വഴിവിട്ട ജീവിത കഥ കേട്ട് ഞെട്ടിയ പോലീസും നാട്ടുകാരും

August 14, 2020 , ആന്‍സി

കാസർഗോഡ്: കുടുംബ സ്വത്ത് തട്ടിയെടുക്കാനും ആര്‍ഭാട ജീവിതം നയിക്കാനും ആല്‍ബിന്‍ എന്ന യുവാവ് കണ്ടെത്തിയ മാര്‍ഗം കേട്ട് അവിശ്വസനീയതയോടെ പോലീസും നാട്ടുകാരും. കുടുംബത്തെ ഇല്ലാതാക്കാന്‍ എലിവിഷമാണ് ഈ യുവാവ് നല്‍കിയത്. മാതാപിതാക്കൾക്കും സഹോദരിക്കുമാണ് ഇയ്യാള്‍ ഐസ്ക്രീമിൽ എലിവിഷം ചേർത്തു നല്‍കിയത്. സഹോദരിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും തന്റെ പ്രണയവിവാഹം നടക്കാനും സ്വത്തുക്കൾ തട്ടിയെടുക്കാനുമാണ് കുടുംബത്തിന് വിഷം നൽകിയതെന്നുമാണ് ആൽബിൻ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 31 നാണു വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ ആൽബിൻ വിഷം കലർത്തിയത്.

രണ്ടാഴ്ച മുമ്പാണ് കുടുംബാംഗങ്ങളെ കൊല്ലാന്‍ ആല്‍ബിന്‍ പദ്ധതിയിട്ടത്. അന്ന് കോഴിക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 29ന് തൊട്ടടുത്ത കടയില്‍ നിന്നും ആല്ബിന്‍ എലിവിഷം വാങ്ങി. പിറ്റേദിവസം വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ ആല്‍ബിന്‍ ഈ വിഷം കലര്‍ത്തി കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് ആല്‍ബിന്റെ സഹോദരി ആന്‍മരിയയെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആല്‍ബിന്റെ പിതാവിനും ഭക്ഷ്യവിഷബാധയേറ്റു.

ആല്‍ബിന്റെ ശരീരത്തില്‍ മാത്രം വിഷാംശം കണ്ടെത്തിയിട്ടില്ലായെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായത്. സഹോദരിയുടെ മരണാനന്തര ചടങ്ങിലും ഗുരുതരാവസ്ഥയിലായ പിതാവിനെ സന്ദര്‍ശിക്കാനുമൊക്കെ യാതൊരു കൂസലുമില്ലാതെയാണ് ആല്‍ബിന്‍ പോയിരുന്നതെന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വോഷണത്തിലാണ് ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. സുഖലോലുപതയ്ക്കും തന്റെ രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസ്സമായതിനാലുമാണ് ഇത്തരമൊരു കൊലപാതകം ആല്‍ബിന്‍ നടത്തിയത്.

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് ആല്‍ബിന്റെ പിതാവ്. ആല്‍ബിനെ ഇന്ന് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച രാത്രിയാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top