Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (തുടര്‍ക്കഥ)

August 18, 2020 , ജയശങ്കർ പിള്ള

ജയശങ്കർ പിള്ളയുടെ തുടര്‍ക്കഥ ആരംഭിക്കുന്നു

(ഈ ചെറിയ കഥകളുടെ സമാഹാരത്തിലെ എല്ലാ കഥാപാത്രങ്ങളും സാങ്കല്പീകം മാത്രമാണ്)
………
നെൽവയലുകളെയും, കോണത്തു പുഴയെയും വേർതിരിച്ചു എക്കലും, ചെളിയും കൊണ്ട് തീർത്ത തെങ്ങിൻ ചിറയാണ്. വെളിച്ചം തേടി ഉയരത്തിലേക്കും, പടിഞ്ഞാറോട്ടും ചാഞ്ഞ ചില്ലി തെങ്ങുകൾ. വാഴനാരും, നേർത്ത ചകിരി നാരിലും തീർത്ത തൂങ്ങിയാടുന്ന കുഞ്ഞാറ്റകളുടെ ആവാസ കേന്ദ്രം. തുലാവർഷം കരകവിയുമ്പോൾ നിറഞ്ഞു കവിഞ്ഞ വയലിൽ പൊൻകിരണം തേടി എത്തി നോക്കുന്ന മുണ്ടക നാമ്പുകൾ. ഈ വെള്ളപാച്ചിൽ കര ഒഴിയുമ്പോൾ ബാക്കി വയ്ക്കുന്ന കടും ചുവപ്പും, പച്ചയും നിറമുള്ള ഉരുണ്ട മരുന്ന് കുപ്പികൾ. ആ കുപ്പികളിൽ ചിലതു നല്ല പളുങ്കു പോലെ വെട്ടിത്തിളങ്ങുവാന്‍ പാകത്തിന് കഴുകി വെടിപ്പാക്കി വെയിലത്ത് വച്ച് ഈറൻ കളഞ്ഞെടുത്ത ഒരു കാലം. ഈ കുപ്പികളിൽ അമ്മൂമ്മയുടെ പഴകി ഇഴപൊട്ടി തുടങ്ങിയ പുളിയിലക്കരയുടെ അരികു കീറി തിരി തെറുത്തു വിവിധ വർണങ്ങൾ ഉള്ള പളുങ്കു കുപ്പികളിൽ തീർത്ത മണ്ണെണ്ണ വിളക്കിൽ വീട് മുഴുവൻ വെളിച്ചം വിതറിയ അമ്മ.

പടിഞ്ഞാറേ ചായ്‌പിൽ തഴപ്പായിൽ ഇരുന്നു ആദ്യം പഠിച്ച മലയാളത്തിലെ ദുർഘടമായ വാക്ക് “തറ” ചുവന്ന നാളത്തെ നിന്നും ഉയരുന്ന കറുത്ത പുക ജയദേവന്റെ നാസികയിൽ കറുത്ത ചായം തീർക്കുന്ന നാളിൽ മുതൽ ഉത്തരം ലഭിയ്ക്കാത്ത ഒന്നാണ്. എന്താണ് മലയാളത്തിലെ ആദ്യ വാക്കു ‘അമ്മ എന്നായില്ല !?

പരമേശ്വരൻ നായർ നയിച്ച വഴിയേ നടക്കുമ്പോൾ കരകവിഞ്ഞ പുഴയും, ചില്ലിതെങ്ങുകളിൽ കളകളാരവം ഉയർത്തുന്ന കിളികളെയും ഇരുട്ടിൽ ദീപം തെളിക്കുന്ന ‘അമ്മമാരെയും ഇന്ന് കാണുന്നില്ല. എങ്ങും സിമന്റു ചുവരുകൾ മാത്രം. അന്തി മയക്കത്തിൽ കൂടണയാൻ വൈകിയ ഒറ്റപ്പെട്ട കിളികളും കാകനും കരഞ്ഞില്ല. ഇടയ്ക്കു മലവണ്ടുകൾ പോലെ പായുന്ന ഇരുചക്ര, ത്രിചക്ര വാഹനങ്ങൾ. എൽ ഇ ഡി യുടെ വർണ്ണ പ്രഭയിൽ മുങ്ങിയ ഗ്രാമം.

ജയദേവൻ ഓർക്കുന്നു ഈ കീൽ റോഡിനു മുൻപ് ഇവിടെ ഒരു വീതി ഉള്ള നടവരമ്പ് ആയിരുന്നു. വേലിയേറ്റത്തിൽ പലപ്പോഴും മുട്ടറ്റം വരെ വെള്ളത്തിൽ ആണ് യാത്ര. ഇന്ന് ഫ്ളക്സ് ബോർഡുകൾ നിറഞ്ഞ സിന്തറ്റിക് വഴിയിൽ ആണ് 1977ലെ കർഷക ജാഥ നടന്നത്. ഒരു ക്രിസ്മസ് കാലത്താണ് അത്. സ്വർണ്ണ വിരിപ്പണിഞ്ഞ പാടവരമ്പത്തു കൂടി ചുവപ്പു കൊടികൾ നടന്നു നീങ്ങിയ കാഴ്ച. അന്ന് സമരം നയിച്ച പലരും ഇന്ന് ഈ സിമന്റു കോട്ടയുടെ അധികാരികൾ ആണ് .

പളുങ്കു വിളക്കുകളിലെ കരിനാളങ്ങൾ മനസ്സിലും, പടിഞ്ഞാറ്റയിലും വെളിച്ചം നൽകുമ്പോൾ പത്തായ പുരയിലെ ഓട്ടു വിളക്കുകളും, നിലവിളക്കുകളും ഒരു ദിനചര്യപോലെ ചാരവും, പിഴി പുളിയും ചേർത്ത് വാല്യക്കാരി ദേവകി നിറം കൂട്ടി എടുതത്തുകൊണ്ടേ ഇരുന്നു.

പുലർച്ചെ മുതൽ അത്താഴ ശേഷം നാളത്തേയ്ക്കുള്ള വിറകു അടുപ്പുകല്ലുകൾക്കു മുകളിൽ അടുക്കി വച്ച്, അടുക്കള ചായ്‌പിൽ ജാലികൾക്കു ഇടയിലൂടെ അരിച്ചിറങ്ങുന്ന രാവെളിച്ചത്തിൽ ഒറ്റ മുണ്ടും, പുള്ളിയും, പൂക്കളും ഉള്ള റൗക്കയും ഇട്ട് ദേവകി ആകാശത്തെ പുൽകി ഉറങ്ങുന്നത് ജയദേവനിൽ എന്നും അത്ഭുതവും, ആകാംഷയും വളർത്തിയിരുന്നു.

(തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top